കൊച്ചി: പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രങ്ങളുടെ ഭാഗമായി കരിയറിൽ തിളങ്ങിനിൽക്കെയാണ് നിഷാദ് യൂസഫ് എന്ന യുവസിനിമാ എഡിറ്ററുടെ അപ്രതീക്ഷിത വിയോഗം. ബുധനാഴ്ച പുലർച്ചെ എത്തിയ ആ വാർത്ത സഹപ്രവർത്തകർക്ക് അവിശ്വസനീയമായിരുന്നു. വരാനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ആത്മവിശ്വാസവും നിഷാദ് അവരോട് പങ്കുവെച്ചിട്ട് അധികം ദിവസങ്ങളായിരുന്നില്ല.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ നിഷാദ് മീഡിയവൺ ഉൾപ്പെടെ ചാനലുകളിൽ വിഷ്വൽ എഡിറ്ററായി പ്രവർത്തിച്ച ശേഷമാണ് സിനിമയിലെത്തിയത്. സിനിമ നിഷാദിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നുവെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. മാറുന്ന മലയാള സിനിമയുടെ ദൃശ്യഭാഷകൊണ്ട് ശ്രദ്ധേയമായ തല്ലുമാല, ഉണ്ട, ഓപറേഷൻ ജാവ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങൾ നിഷാദിന്റെ കൈയൊപ്പ് പതിഞ്ഞവയാണ്. 2022ൽ ‘തല്ലുമാല’യിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലും നിഷാദാണ് എഡിറ്റർ.
സൂര്യയുടെ ‘കങ്കുവ’യാണ് അതിൽ പ്രധാനം. നവംബർ 14ന് പുറത്തിറങ്ങാനിരിക്കുന്ന ഈ ചിത്രത്തിന്റെ ചെന്നൈയിൽ നടന്ന ഓഡിയോ റിലീസ് ഉൾപ്പെടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുത്ത് രണ്ടുദിവസം മുമ്പാണ് നിഷാദ് കൊച്ചിയിൽ മടങ്ങിയെത്തിയത്. ചടങ്ങിൽ സൂര്യ ഉൾപ്പെടെയുള്ളവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ നിഷാദ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ‘സൂര്യ 45’ എന്ന സിനിമയുടെയും എഡിറ്ററാണ്.
ഒരു സിനിമ നന്നായാൽ അതിന്റെ മുഴുവൻ ആവേശവും നിഷാദിന്റെ വാക്കുകളിലും തുടർന്നുള്ള ജോലികളിലും ഉണ്ടാകുമെന്ന് നിർമാതാക്കൾ പറയുന്നു. സിനിമയുടെ വിജയത്തെക്കുറിച്ച ആശങ്ക പങ്കുവെക്കുന്ന അണിയറ പ്രവർത്തകർക്ക് നിഷാദ് പകർന്നുനൽകിയിരുന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല. മമ്മൂട്ടി നായകനായ ‘ബസൂക്ക’യുടെ എഡിറ്റിങ് ജോലികൾ പകുതിയോളം പൂർത്തിയാക്കിയ വേളയിലാണ് നിഷാദിന്റെ ജീവിതത്തിന്റെ വിരാമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.