കിണാശ്ശേരി (കോഴിക്കോട്): പ്രണയമാണ് യാത്രയോട്, യാത്രകൾ ആഘോഷമാക്കിയ മുഖ പുസ്തകത്തിൽ പലയിടങ്ങളിലും അൻസാർ ഇങ്ങനെ കുറിച്ചിട്ടിരുന്നു. യാത്രകൾ തന്നെയായിരുന്നു അൻസാറിെൻറ ജീവിതം. സ്വപ്നങ്ങൾ തേടിയുള്ള യാത്രകൾ ഒരിക്കലുമവസാനിക്കുന്നില്ലെന്ന് യാത്രാനുഭവങ്ങളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച് അവൻ ആവർത്തിച്ചുകൊണ്ടേയിരുന്നു.
കോടഞ്ചേരി ചാലിപ്പുഴയിൽ വ്യാഴാഴ്ച മലവെള്ളപ്പാച്ചിലിൽ പെട്ട് മരിച്ച കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദിന് യാത്രകൾ എന്നും ലഹരിയായിരുന്നു. കമ്പളക്കാട് പോയി തിരിച്ചുവരുമ്പോഴാണ് അൻസാറും ബന്ധുവായ ആയിശ നിഷിലയും ഒഴുക്കിൽപെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആയിശ നിഷിലയുടെ മൃതദേഹം വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
അൻസാറി െൻറ മുതദേഹം വെള്ളിയാഴ്ച രാവിലെയാണ് കണ്ടെടുക്കാനായത്. ഒഴുക്കിൽപെട്ട ആയിശയുടെ ഭർത്താവ് ഇർഷാദ്, ബന്ധു അജ്മൽ എന്നിവർ നീന്തി രക്ഷപ്പെടുകയായിരുന്നു. ഒറ്റക്കും കൂട്ടായുമുള്ള യാത്രകളുടെ അനുഭവ കുറിപ്പുകളാണ് അൻസാർ തച്ചറക്കൽ എന്ന ഫേസ്ബുക്ക് പേജ് മുഴുവൻ.
യാത്രക്കിടയിലെ കാഴ്ചകൾ പകർത്തുക മാത്രമല്ല, അവയുടെ ചരിത്രമടക്കം രേഖപ്പെടുത്തുകയും ചെയ്യും. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ തുടങ്ങി ആഴ്ചകൾ നീണ്ട ഹിച്ച് ഹൈക്ക് (കിട്ടുന്ന വാഹനത്തിൽ കയറിയുള്ള) യാത്ര ഡൽഹി, ഡാർജിലിങ്, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു.
നേരത്തെ രണ്ടുവർഷത്തോളം ഒമാനിൽ ജോലി ചെയ്തപ്പോഴും അൻസാർ ഒഴിവുസമയമെല്ലാം യാത്രകൾക്കായി മാറ്റി വെക്കുകയായിരുന്നു. നാട്ടിലെത്തി സുഹൃത്തിനൊപ്പം കൊടുവള്ളിയിൽ പുതിയ റെഡിമെയ്ഡ് കട തുടങ്ങിയ അൻസാറി െൻറ വിവാഹനിശ്ചയം കഴിഞ്ഞ ഞായറാഴ്ചയായിരുന്നു.
ഒക്ടോബറിൽ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. ഒന്നര വർഷം മുമ്പാണ് ആയിശ നിഷിലയും ഇർഷാദും വിവാഹിതരായത്. ഈയിടെയാണ് പുത്തൂർ മഠത്തിൽ താമസം തുടങ്ങിയത്. ഇർഷാദി െൻറ മാതൃസഹോദരിമാരുടെ മക്കളാണ് മരിച്ച അൻസാറും ഇർഷാദിനൊപ്പം രക്ഷപ്പെട്ട അജ്മലും.
ആയിശ നിഷിലയുടെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെ ചക്കുംകടവ് ജുമാമസ്ജിദ് ഖബർസ്ഥാനിലും അൻസാറി െൻറ മൃതദേഹം രാത്രിയോടെ കോന്തനാരി പള്ളി ഖബർസ്ഥാനിലും ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.