കോതമംഗലം: അസീസ് റാവുത്തറുടെ നിര്യാണത്തിലൂടെ സംഘാടകനായ മുതിർന്ന നേതാവിനെയാണ് കോതമംഗലത്തിന് നഷ്ടമായത്. രോഗബാധകളെപ്പോലും അവഗണിച്ച് പാർട്ടിക്കായി നിരന്തരം പോരാടിയ നേതാവായിരുന്നു വ്യാഴാഴ്ച നിര്യാതനായ അസീസ് റാവുത്തർ.
വിദ്യാർഥി കാലഘട്ടം മുതൽ ഇടത് ആഭിമുഖ്യത്തിനൊപ്പം സഞ്ചരിക്കുകയും വിദ്യാർഥി യുവജന പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്തു.
ആഞ്ഞേലിയിൽ ഹമീദ് റാവുത്തറുടെയും മറിയം ബീവിയുടെയും രണ്ടാമത്തെ മകനാണ്. കേരള സ്റ്റുഡൻറ്സ് ഫെഡറേഷെൻറ പ്രവർത്തകനായിരിക്കെ 1970ൽ എസ്.എഫ്.ഐ രൂപവത്കരണ സമ്മേളനത്തിൽ പങ്കെടുക്കുകയും 1980ൽ ഡി.വൈ.എഫ്.ഐ രൂപവത്കരണ സമ്മേളനത്തിൽ പഞ്ചാബിലെ ലുധിയാനയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
1971ൽ സി.പി.എം കോതമംഗലം ടൗൺ ബ്രാഞ്ച് സെക്രട്ടറിയായി. ചെത്തുതൊഴിലാളി യൂനിയൻ, മോട്ടോർ തൊഴിലാളി യൂനിയൻ, മുനിസിപ്പൽ വർക്കേഴ്സ് യൂനിയൻ, കൽപന മാച്ച് ഫാക്ടറി വർക്കേഴ്സ് യൂനിയൻ, കെ.ബി.പി.എ, ചുമട്ടുതൊഴിലാളി യൂനിയൻ, കരിങ്കൽ തൊഴിലാളി യൂനിയൻ എന്നീ യൂനിയനുകളുടെ ഭാരവാഹിയായി പ്രവർത്തിക്കുന്നതിനിടയിൽ ദീർഘകാലം സി. പി.എം നെല്ലിക്കുഴി ലോക്കൽ സെക്രട്ടറിയുമായിരുന്നു.
അടിയന്തരാവസ്ഥക്കെതിരായ സമരം ഉൾപ്പെടെ കോതമംഗലത്ത് നടന്ന ലോറിത്തൊഴിലാളികളുടെയും ബീഡി തൊഴിലാളികളുടെയും സമരങ്ങൾ എന്നിവയിൽ പങ്കെടുക്കുകയും നേതൃത്വം നൽകുകയും ചെയ്തു. സി.പി.എം ഏരിയ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയെൻറ ജില്ല പ്രസിഡൻറുമായി പ്രവർത്തിച്ചു വരുകയായിരുന്നു.
നെല്ലിക്കുഴി പഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡൻറ്, ജില്ല പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പാർലമെൻററി രംഗത്തും കഴിവ് തെളിയിച്ചിരുന്നു. അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേർ എത്തി. പൊതുദർശനശേഷം രാത്രി നെല്ലിക്കുന്നത് ജുമാ മസ്ജിദിൽ ഖബറടക്കി. സി.പി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നെല്ലിക്കുഴി കവലയിൽ അനുശോചന യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.