തൊടുപുഴ: വെള്ളിയാഴ്ച വിടപറഞ്ഞ കൊട്ടുകാപ്പള്ളി ഐസക് ജോസഫ് എന്ന ലൂണാർ ഐസക് ഇടുക്കിയിൽനിന്ന് ലോകത്തോളം വളർന്ന വ്യവസായ സംരംഭകൻ ആയിരുന്നു. ചെറുകിട വ്യവസായമായി ആരംഭിച്ച ലൂണാറിനെ വളർത്തിയത് അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമമൊന്നുമാത്രമായിരുന്നു. അനുഭവങ്ങളിൽ നിന്ന് ഊർജവും തകർച്ചകളിൽനിന്ന് പാഠവും ഉൾക്കൊണ്ടാണ് ബിസിനസ് സംരംഭങ്ങളെ വിജയത്തിലേക്കുയർത്തിയത്.
കൊട്ടുകാപ്പള്ളി പുതുമനവീട്ടിലെ ഡോ.ജോസഫിന്റെയും റോസമ്മയുടെയും മകനായി ജനിച്ച ഐസക് പാലക്കാട് എൻ .എസ്.എസ് എൻജിനീയറിങ് കോളജിൽനിന്ന് 1970 ൽ മെക്കാനിക്കൽ വിഭാഗത്തിൽ ബിരുദമെടുത്തു. എൻജിനീയറായി അമേരിക്കയിൽ പോകണമെന്നായിരുന്നു വീട്ടുകാരുടെ ആഗ്രഹം. എന്നാൽ, ബോംബെയിൽ പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവിടേക്കാണ് വണ്ടികയറിയത്. വൈകാതെതന്നെ നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം തൊടുപുഴ മിനി ഇൻഡസ്ട്രിയൽ ഏരിയയിൽ വൈക്കിങ് റബേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. വീട്ടുകാരുടെയടക്കം എതിർപ്പുകളെ അവഗണിച്ചായിരുന്നു തുടക്കം. അന്ന് ബിസിനസ് ചെയ്ത് വിജയിച്ച മാതൃകകൾ കുറവായിരുന്നു. വ്യവസായത്തെക്കുറിച്ച അജ്ഞതയും പരിചയക്കുറവും മൂലം ആദ്യവർഷങ്ങളിൽ നഷ്ടമാണുണ്ടായത്. 1982ലായിരുന്നു ലൂണാർ റബേഴ്സിന്റെ തുടക്കം. വ്യവസായമാകുമ്പോൾ അതിരുകളില്ലാത്തതാകട്ടെ എന്ന ഉദ്ദേശ്യത്തിലായിരുന്നു അങ്ങനെയൊരു പേര് നൽകിയത്. നന്നേ ചെറുപ്പത്തിലേ ജീവിതപാഠങ്ങൾ പകർന്നുതന്ന അമ്മയാണ് തന്നിലെ സംരംഭകനെ വളർത്തിയതെന്ന് ഐസക് പലപ്പോഴും പറഞ്ഞിരുന്നു. രാജ്യത്തിന്റെ ആസ്തിയാണ് സംരംഭകൻ എന്നും ജീവിതത്തിന്റെ പ്രായോഗികതയാണ് ബിരുദങ്ങളെക്കാൾ നമ്മെ കരുത്തുള്ളവരാക്കുന്നതെന്നും ഐസക് വിശ്വസിച്ചിരുന്നു. വെള്ളത്തിലേക്ക് ഉന്തിയിട്ടതിനെത്തുടർന്ന് നീന്തൽ പഠിച്ചയാളാണ് താനെന്നും വന്നുപെട്ടത് അറിയാത്ത മേഖലയിലാണെങ്കിലും ജീവിച്ചേ മതിയാകൂ എന്ന വാശിയുമായാണ് അന്ന് മുന്നോട്ട് നീങ്ങിയതെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആ വാശി മനസ്സിൽവെച്ച് ദിവസം 18 മണിക്കൂർ വരെ ജോലി ചെയ്തിരുന്നു. ബിസിനസിനൊപ്പം വിവിധ എൻജിനീയറിങ്, മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവയിൽ ഫാക്കൽറ്റിയായും പ്രവർത്തിച്ചു. എല്ലാം പോസിറ്റിവായി കാണുകയും പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നവർക്കേ മികച്ച സംരംഭകനാകാൻ കഴിയൂവെന്ന് പുതുതലമുറയെ അദ്ദേഹം ബോധ്യപ്പെടുത്തി. ഇപ്പോൾ ആയിരക്കണക്കിന് തൊഴിലാളികളാണ് മൈസൂരുവിലും കോയമ്പത്തൂരിലും തൊടുപുഴയിലുമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നത്.
ഇവരുടെയും കുടുംബങ്ങളുടെയും പ്രാർഥനകളാണ് തന്നെ വഴി നടത്തിയതെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. കേരളത്തിനുള്ള സംഭാവനയാണ് തന്റെ വ്യവസായമെന്നും വ്യവസായ സൗഹൃദ സംസ്കാരം പകരാൻ കഴിയുന്നത് വലിയ ആനന്ദമാണെന്നും ഐസക് പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.