തൃശൂർ: വിജയദശമി നാളിൽ 'രാം ലീല' നാടകം അവതരിപ്പിക്കാൻ ഭോപ്പാൽ സ്കൂൾ ഓഫ് ഡ്രാമക്ക് ഹിന്ദുത്വശക്തികൾ നിയന്ത്രിക്കുന്ന മധ്യപ്രദേശ് സർക്കാർ നിർദേശം നൽകിയപ്പോൾ 'എനിക്ക് പറ്റില്ല' എന്ന് പറഞ്ഞ് മാറി നിന്ന മലയാളി നാടകാധ്യാപകനെ ആരും മറന്നുകാണില്ല. നേരത്തെ ആദിവാസികളെകൊണ്ട് 'ദശാവതാരം' അവതരിപ്പിക്കാൻ ആവശ്യപ്പെട്ടപ്പോഴും അയാൾ തലയുയർത്തിപ്പറഞ്ഞിരുന്നു 'എനിക്ക് പറ്റില്ല' എന്ന്. സർക്കാരിെൻറ കണ്ണിലെ കരടായ കെ.കെ.രാജൻ എന്ന മലയാളിക്ക് നിലപാടിെൻറ പേരിൽ നേരിട്ട ദുരനുഭവങ്ങൾ ഏറെയായിരുന്നു. സ്കൂൾ ഓഫ് ഡ്രാമ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുകയും വെറും അധ്യാപകനായി തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു. മാത്രമല്ല, ക്ലാസുകൾ അനുവദിക്കാതെ വെറും നോക്കുകുത്തിയായി മാസങ്ങളോളം കഴിയേണ്ടിവന്നു. കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ഭോപ്പാലിൽ മരിച്ച കെ.കെ. രാജൻ എന്ന തൃശൂർ സ്വദേശി , സ്വന്തം നാട് അംഗീകരിക്കാൻ മടിച്ചെങ്കിലും രാജ്യം മുഴുവൻ അറിയപ്പെടുന്ന നാടകക്കാരനായിരുന്നു. സ്വന്തം നാട്ടിൽ ഒരു നാടക സംഘം തുടങ്ങണമെന്ന ആഗ്രഹം ഈയടുത്ത കാലം മുമ്പുവരെ 'മാധ്യമ'വുമായി പങ്കുവെക്കുകയും ചെയ്തു.
ജോസ് ചിറമ്മലിെൻറ നാടക കളരിയിൽ നിന്ന് നാടകാഭ്യസനം തുടങ്ങി നാഷണൽ സ്കൂൾ ഓഫ്ഡ്രാമയിൽ നാടകാഭിനയ േകാഴ്സ് പൂർത്തിയാക്കി പശ്ചിമ ബംഗാൾ, മുംബൈ, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് ഡ്രാമ സ്കൂളുകളിലെ മാതൃക അധ്യാപക സ്ഥാനമായിരുന്നു രാജന്. അവസാന ആറുവർഷത്തിലേറെ ഭോപ്പാലിലെ സ്കൂൾ ഓഫ് ഡ്രാമയിലെ സംഭവബഹുലമായ സേവനത്തിന് ശേഷം തൃശൂരിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ചേർപ്പ് കേന്ദ്രീകരിച്ച നാടകക്കൂട്ടായ്മയെന്ന വളരെക്കാലത്തെ ആഗ്രഹ പൂർത്തീകരണത്തിെൻറ ചർച്ചകളും ഏറെ മുന്നോട്ടുപോയിരുന്നു. 86ൽ 'ക്രിസ്തുവിെൻറ ആറാം തിരുമുറിവ്' വിവാദത്തിന് ശേഷമുള്ള ആവിഷ്കാര സ്വാതന്ത്ര്യ സമരക്കാലത്ത് 'കുരിശിെൻറ വഴി' എന്ന നാടകം കളിച്ച് ആലപ്പാട് വെച്ച് അറസ്റ്റ് വരിച്ചു. ന്നീട് ഒറ്റയാൾ നാടകവുമായി കേരളത്തിെൻറ അങ്ങോളമിങ്ങോളം സഞ്ചരിച്ചു. സംവിധായകൻ പവിത്രൻ ഇദ്ദേഹത്തിന് പേരിട്ടത് 'പ്ലാസ്റ്റിക് സഞ്ചി നാടകക്കാരൻ' എന്നായിരുന്നു.കാരണം ഒരു പ്ലാസ്റ്റിക് കവറിനകത്ത് ഒരു വെള്ള ജുബ്ബയും പാൻറും സൂക്ഷിച്ച് കേരളത്തിെൻറ അങ്ങോളമിങ്ങോളമുള്ള നാടകപരിസരത്ത് എത്തുമായിരുന്ന 'രാജേട്ടനെ' 80-90കളിലെ നാടകലോകം മറന്നിട്ടില്ല.
നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠന ശേഷം പാരിസിലെത്തി നാടകഗ്രൂപ്പിെൻറ ഭാഗമായി.ഫ്രാൻസിസ് കോളിൻസ് എന്ന പ്രശസ്ത നാടക സംവിധായകെൻറ കൂടെ മൂന്ന് വർഷം അസിസ്റ്റൻറ് ആയി. പിന്നീട് നാട്ടിൽ തിരിച്ചെത്തി ഒരുമ എന്ന കേരളത്തിലെ നാടകപ്രവർത്തകരുടെ കൂട്ടായ്മ രൂപവത്കരിച്ചു. ചേർപ്പിലെ നാട്ടരങ്ങ് തിയറ്റർ ഗ്രൂപ്പുമായി സഹകരിച്ച് രണ്ട് നാടകം ചെയ്തെങ്കിലും അതിന് വിജയിക്കാനായില്ല. അക്കാലത്ത് ചെയ്ത 'ജങ്ഷൻ'എന്ന നാടകത്തിന് സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
പാബ്ലോ പരൽമാൻ എന്ന ചിലിയൻ സംവിധായകെൻറ വിദേശ ചിത്രത്തിൽ അഭിനയിച്ചു. അതിൽ മലയാളി നാടകക്കാരൻ ആയീട്ടായിരുന്നു അഭിനയിച്ചത്. കെ. സത്യജിത്ത് സംവിധാനം ചെയ്ത 'നോ...നോ...മദർ ' എന്ന ടെലിഫിലിമിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചു. വിനയ് കുമാർ സംവിധാനം ചെയ്ത കുട്ടുമണിപ്പൂക്കൾ, വസന്തം ,പവിത്രെൻറ കുട്ടപ്പൻ സാക്ഷി സിനിമയിലും 'നിഴലുകൾ' എന്ന ടെലിഫിലിമിലും അഭിനയിച്ചു. പവിത്രനുമായി നല്ല ബന്ധമായിരുന്നു.സിനിമാ സ്ക്രിപ്റ്റ് ചിലത് എഴുതിയിട്ടുണ്ട്. നിഴലുകൾ, മുകുന്ദൻ കഥകൾ എന്നീ ടെലിഫിലിം, നാച്ചിയ എന്ന മറാത്തി സിനിമ എന്നിവക്ക് വേണ്ടി തിരക്കഥ എന്നിവയെഴുതി. പശ്മ ബംഗാളിലെ വിവിധ തിയറ്റർ ഗ്രൂപ്പുകളുമായി സഹകരിച്ച് വിവിധ നാടകങ്ങൾ ചെയ്തു. അതേ സമയം ദെൽഹിയിൽ ജനസംസ്കൃതി എന്ന സംഘടനയുമായി ബന്ധപ്പെട്ട് സജീവമായി. ദെൽഹിയിൽ എൻ.ആർ.എ സൊസൈറ്റി ( നൂ റെറ്റിന ആർട്സ് ആൻറ് തിയറ്റർ കൾചറൽ സൊസൈറ്റി) എന്ന ഗ്രൂപ്പ് തുടങ്ങി. തുടർന്നാണ് ഭോപ്പാൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഡയറക്ടറായത്.
തൃശൂരിൽ വർഷം തോറും നടക്കാറുള്ള രാജ്യാന്തര നാടകോത്സവം കാണാൻ എത്തുന്നത് രാജൻ മുടക്കിയിട്ടില്ല. നാട്ടിൽ തിരിച്ചെത്തി 'തിയറ്റർ ഓഫ് ഡിഫറൻസ്' എന്ന ലക്ഷ്യത്തിൽ റപ്പർട്ടറി തിയറ്റർ സ്ഥാപിക്കാനുള്ള നടപടികൾക്കിടെയായിരുന്നു കോവിഡ് രോഗബാധിതനാകുന്നത്. സ്വന്തം നാട്ടിൽ തിരിച്ചെത്തി സജീവമാകാനുള്ള മോഹം ബാക്കിയാക്കിയാണ് കെ.കെ. രാജൻ എന്ന നാടകക്കാരൻ യാത്രയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.