ശ്രീവത്സൻ ഡോക്ടറുടെ വേർപാടിൽ വിതുമ്പി ഒരുനാട്​

പെരുമ്പടപ്പ്​: പെരുമ്പടപ്പിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ തലമുറകളെ ചികിത്സിച്ച പ്രമുഖ ശിശുരോഗ വിദഗ്​ധൻ ഡോ. ശ്രീവത്സന്‍റെ (66) വേർപാടിൽ ഒരുനാട്​ മുഴുവൻ വിതുമ്പുന്നു. ​കാരുണ്യത്തിന്‍റെ കരസ്പർശമായി നാട്ടുകാർ വിശേഷിപ്പിക്കുന്ന ഡോ. ശ്രീവത്സൻ ചികിത്സിക്കാത്ത കുഞ്ഞുങ്ങൾ പൊന്നാനി, എടപ്പാൾ, കുന്നംകുളം, ഗുരുവായൂർ മേഖലകളിൽ ഉണ്ടാകില്ല എന്നത്​ ഒട്ടും അതിശയോക്​തിയല്ല. വിദൂര ദിക്കുകളിൽ നിന്നടക്കമുള്ളവർ കുട്ടികളുമായി ഡോക്ടറെ തേടിയെത്തിയിരുന്നു. ഡോക്ടറുടെ ചികിത്സയിലൂടെ ജീവിതത്തി​ലേക്ക്​ തിരികെ വന്ന കുഞ്ഞുങ്ങൾ നിരവധിയാണ്​. കുട്ടികളിലെ രോഗം മാത്രമല്ല ഒപ്പമെത്തുന്ന മുതിർന്നവരുടെയും രോഗങ്ങൾ ലക്ഷണം നോക്കി ഡോക്ടർ പറഞ്ഞിരുന്നതായി നാട്ടുകാർ ഓർത്തെടുക്കുന്നു.

പുത്തൻപള്ളി കെ.എം.എം ഹോസ്പിറ്റലിൽ മൂന്ന്​ പതിറ്റാണ്ടിലേറെ ഡോ. ശ്രീവത്സൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്​. രാപകൽ ഭേദമന്യേ കുട്ടികളെ ചികിത്സിക്കാൻ സന്നദ്ധനായി തലമുറകൾക്ക്​ താങ്ങും തണലുമായി നിന്നിട്ടുണ്ട്​ അദ്ദേഹം. മക്കളെയും പേരമക്കളെയും കാണിക്കാൻ വരുന്ന മുതിർന്നവരുടെ മുഖലക്ഷണം നോക്കി കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ നിർണയിച്ചിരുന്ന അദ്ദേഹത്തിന്‍റെ അകക്കണ്ണിനെ കുറിച്ചും​ നാട്ടുകാർക്ക്​ പറയാനേറെയുണ്ട്​. 'ഒന്ന്​ രക്​തം പരിശോധിച്ചിട്ട്​ വരൂട്ടോ' എന്ന്​ ഡോക്ടർ പറഞ്ഞാൽ പലർക്കും പേടിയായിരുന്നു. കാരണം, എന്തെങ്കിലും രോഗലക്ഷണങ്ങൾ കാണാതെ അദ്ദേഹം അത്​ പറയുമായിരുന്നില്ല. തന്‍റെ ശാരീരിക വെല്ലുവിളികൾ വകവെക്കാതെ നിസ്വാർഥമായി സേവനം ചെയ്തിരുന്ന ഡോക്ടറുടെ വേർപാട്​ തീരാനഷ്​ടമാണെന്ന്​ പറഞ്ഞാൽ അത്​ ആലങ്കാരികമാകില്ല.

കൊച്ചിയിലെയും കോഴിക്കോട്ടെയും സ്​പെഷലിസ്റ്റ്​ ആശുപത്രികളിലേക്ക്​ റഫർ ചെയ്ത കേസുകൾ പോലും ഡോ. ശ്രീവത്സൻ നോക്കിയാൽ ശരിയാകും എന്ന വിശ്വാസം നാട്ടുകാർക്കുണ്ടായിരുന്നു. പുത്തൻപള്ളിയിലും പരിസര പ്രദേശങ്ങളിലും കുട്ടികൾക്കു അപസ്മാരം വന്നാൽ ശ്രീവത്സൻ ഡോക്ടറുടെ പേരിൽ നാണയം ഉഴിഞ്ഞു അമ്മമാർ നേർച്ചവെക്കാറുണ്ടായിരുന്നു. കുട്ടികളുടെയും കൂടെയെത്തുന്നവരുടെയും അസുഖ ലക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടെത്തിയിരുന്നതിന്‍റെയും ആരോഗ്യമേഖലയിലെ ചികിത്സ മാറ്റങ്ങൾ സമയം കണ്ടെത്തി പഠിക്കുന്നതിന്‍റെയും അശാസ്ത്രീയ ചികിത്സകളെക്കുറിച്ച്​ ആളുകളെ ബോധവത്​കരിക്കുന്നതിന്‍റെയും നിരവധി കഥകളാണ്​ നാട്ടുകാർ ഓർത്തെടുക്കുന്നത്​.

അദ്ദേഹത്തിന് അസുഖമാണെന്ന്​ അറിഞ്ഞപ്പോൾ നാടൊന്നാകെ പ്രാർഥനയിലായിരുന്നു. ഒടുവിൽ അദ്ദേഹം ഈ ലോകത്തുനിന്ന്​ വിടപറഞ്ഞപ്പോൾ അത്​ നാടിന്‍റെ മുഴുവൻ വേദനയുമായി. പെരിങ്ങോട്ടുകര കുറ്റിക്കാട്ട്​ അയ്യപ്പൻ മാസ്റ്ററുടെയും സുലോചനയുടെയും മകനാണ്​ ഡോ. ശ്രീവത്സൻ. ഭാര്യ: സുമ. മക്കൾ: നന്ദു, അമിത. മരുമക്കൾ: സൂരജ്​, ലക്ഷ്​മി. സഹോദരങ്ങൾ: രഞ്​ജിത്​, സജി.

Tags:    
News Summary - Dr. Sreevalsan passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.