എടപ്പാൾ: ബൊഹീമിയൻ ജീവിതം നയിച്ച എടപ്പാളിന്‍റെ സംസ്കാരിക മുഖമായ ലിയാഖത്ത് ഇനിയില്ല. എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, കായികതാരം, സാമൂഹിക പ്രവർത്തകൻ തുടങ്ങി ലിയാഖത്ത് മുഹമ്മദ് എന്ന നാട്ടുകാരുടെ സ്വന്തം ഭായിക്ക് വിശേഷങ്ങൾ ഏറെയുണ്ട്. വിവിധ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു. പ്രായഭേദമന്യേ സൗഹൃദ വലയംകൊണ്ട് സമ്പന്നനായിരുന്നു. സിനിമ-സാഹിത്യ രംഗത്ത് നിരവധി പേർ ലിയാഖത്തിന്‍റെ സൗഹൃദ വലയത്തിൽ ഉൾപ്പെട്ടവരായിരുന്നു. സംവിധായകൻ ജയരാജ്, നടൻ ജഗദീഷ്, വി.കെ. ശ്രീരാമൻ, പി. സുരേന്ദ്രൻ തുടങ്ങിയവർ അക്കൂട്ടത്തിൽ ഉൾപ്പെടും.
മഹാരാഷ്ട്രയിലായിരുന്നു ജനനം. പിന്നീട് നാട്ടിലെത്തി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. പൊന്നാനി എം.ഇ.എസ് കോളജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് എന്നിവിടങ്ങളിൽ തുടർ പഠനം.
മാധ്യമപ്രവർത്തകനായി ഖലീജ് ടൈംസിൽ ജോലി ചെയ്തു. പല ഉപജില്ല, ജില്ല സ്കൂൾ കലോത്സവങ്ങളിലും വിധികർത്താവായും കായിക മത്സരങ്ങളുടെ സംഘാടകനായും മൈതാനിയിൽ പരിശീലകനായും ഭായി ഉണ്ടായിരുന്നു.
പിതാവ് ആരംഭിച്ച എടപ്പാൾ ടൗണിലെ ഗ്രീൻ ലാൻഡ് ഹോട്ടലിന്‍റെ പിൽക്കാലത്തെ നടത്തിപ്പ് അദ്ദേഹത്തിനായിരുന്നു. ഹോട്ടലിനു മുൻവശത്തെ ചില്ലിൽ എല്ലാ ദിവസവും കവിതകൾ എഴുതി വെക്കുന്നത് അദ്ദേഹത്തിന്‍റെ പതിവായിരുന്നു. ജയരാജ് സംവിധാനം ചെയ്ത 'ക്യാമൽ സഫാരി' സിനിമക്ക് വേണ്ടി രണ്ട് ഉർദു ഗാനങ്ങൾ രചിക്കുകയുണ്ടായി. കൂടാതെ, തന്‍റെ ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങൾ ഉൾക്കൊള്ളിച്ച് 'ഒരു ബൊഹീമിയൻ ജീവിതം' നോവൽ കൂടി രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.