ദുബൈ: ഗർഹൂദിലെ പി.എ വില്ലയിലെത്തി സങ്കടം പറഞ്ഞവർക്കാർക്കും ഇന്നോളം നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ല. കടൽകടന്നെത്തി ദുരിതമനുഭവിച്ചവർക്ക് മുന്നിൽ ആ വാതിൽ എല്ലായ്പ്പോഴും തുറന്നുതന്നെ കിടന്നു. പ്രിയപ്പെട്ടവർക്കെല്ലാം ഹാജിക്കയായിരുന്നു പി.എ. ഇബ്രാഹീം ഹാജി. പ്രവാസത്തിലേക്ക് പ്രതീക്ഷയോടെയെത്തിയവർക്ക് പുതുജീവൻ നൽകിയ മനുഷ്യസ്നേഹി. ആർക്കും ഏത് കാര്യത്തിന്നും ഏത് സമയത്തും അദ്ദേഹത്തെ കാണാനെത്താമായിരുന്നു. ആതിഥ്യ മര്യാദയിൽ ഒരു വിട്ടുവീഴ്ചയുമില്ലാതിരുന്ന അദ്ദേഹം വീട്ടിലെത്തിയവരോടൊന്നും 'ഇല്ല' എന്ന വാക്ക് പറഞ്ഞിട്ടില്ല. നിഷ്കളങ്കമായ ആ പുഞ്ചിരി തന്നെയായിരുന്നു ഏറ്റവും വലിയ സമ്മാനം. ഗൾഫിലെ സാമൂഹിക-, സാംസ്കാരിക, -കാരുണ്യ പ്രവർത്തനങ്ങളുടെ ഊർജസ്രോതസ്സായിരുന്നു. ഗൾഫിൽ തൊഴില്‍ തേടിയെത്തുന്ന പ്രവാസികള്‍ക്ക് താങ്ങും തണലുമായി. അദ്ദേഹത്തിെൻറ സ്ഥാപനങ്ങൾ പാവപ്പെട്ടവരുടെ ആശാകേന്ദ്രമായി. കേരളീയരുടെ നീറുന്ന പ്രശ്നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കാണാനും ഒത്തുതീർപ്പുകൾക്കുമെല്ലാം അദ്ദേഹം നേരിട്ട് ഇറങ്ങിപുറപ്പെട്ടു.
സമ്പത്തിെൻറ അഹങ്കാരം ഒരിക്കലും ആരോടും കാണിച്ചിട്ടില്ല. സമ്പത്ത് കൂടുന്തോറും വർധിക്കുന്ന വിനയവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിെൻറ ഭാവം. കോവിഡ് കാലത്ത് പ്രവാസികൾക്ക് സഹായഹസ്തവുമായി മുന്നിട്ടിറങ്ങി. സംഘടനകളുടെ നേതൃത്വത്തിലും സ്വന്തമായും സേവന പ്രവർത്തനങ്ങൾ പ്രവാസികളിലെത്തിച്ചു. തുടക്കം മുതൽ 'ഗൾഫ് മാധ്യമത്തി'െൻറ വരിക്കാരനായിരുന്ന ഇബ്രാഹിം ഹാജി അതിലെ സഹായാഭ്യാർഥന വാർത്തകളും പരസ്യങ്ങളും കണ്ട് നിരവധി പേരിലേക്ക് സഹായം എത്തിച്ചു. കഴിവുണ്ടായിട്ടും സമ്പത്ത് ഇല്ലാത്തതിെൻറ പേരിൽ വിദ്യാഭ്യാസം മുടങ്ങിയ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അദ്ദേഹം വിദ്യാഭ്യാസം നൽകി. വിവിധ ചാരിറ്റി ട്രസ്റ്റുകളുടെ തലപ്പത്തുണ്ടായിരുന്നു. നാടിെൻറ പലഭാഗത്തുമുള്ള പാവപ്പെട്ട നിരാലംബരായ ജനങ്ങൾ താമസിക്കുന്ന വീടുകളിലേക്ക് അദ്ദേഹം ഓരോ മാസവും സാമ്പത്തിക സഹായം എത്തിക്കുന്നുണ്ട്. എല്ലാ സംഘടനകൾക്കും മുഖംനോക്കാതെ പണം നൽകി സഹായിച്ചിരുന്നു. ഇതിനെല്ലാമപ്പുറം, ആേരാരുമറിയാതെ ഇബ്രാഹീം ഹാജി ചെയ്ത ജീവകാരുണ്യ പ്രവർത്തനങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.