ദുബൈ: വിജ്ഞാനത്തോട് അടങ്ങാത്ത സ്നേഹം പി.എ. ഇബ്രാഹീം ഹാജിയുടെ വലിയ സവിശേഷതയായിരുന്നു. ചെറുപ്പംമുതൽ തുടങ്ങിയതാണത്. കാസർകോട് പള്ളിക്കര ഗവ. ഫിഷറീസ് സ്കൂളിൽ 11ാം തരം പാസായ കാലത്ത് കോളജിൽ പോകുന്നതിന് വീട്ടിൽനിന്ന് വലിയ പ്രോത്സാഹനം ലഭിച്ചിരുന്നില്ല. പക്ഷേ, അറിവിെൻറ വഴികളെ ഉപേക്ഷിക്കാൻ അദ്ദേഹത്തിന് മനസ്സുവന്നില്ല. മൂത്തപെങ്ങളുടെ സ്വർണമാല പണയപ്പെടുത്തിയാണ് അന്ന് മംഗളൂരു കോളജിൽ ചേരുന്നത്. മംഗളൂരു കോളജിലെ ബി.എസ്സി പഠനം അങ്ങനെയാണ് തുടങ്ങുന്നത്. എന്നാൽ, എൻജിനീയറിങ് പഠിക്കാനുള്ള ആഗ്രഹം കാരണം കർണാടക സൂറത്ത്കൽ ആർ.ഇ.സിയിൽ ബി.ടെകിന് അഡ്മിഷന് ശ്രമിച്ചു. എന്നാൽ, 400 അപേക്ഷകരുണ്ടായിരുന്നതിൽ 25 പേരുടെ ചുരുക്കപ്പട്ടികയാക്കിയപ്പോൾ സീറ്റ് ലഭിച്ചില്ല. എങ്കിലും, എൻജിനീയറിങ്ങിനോട് സ്നേഹം വിട്ടില്ല. അന്നത്തെ മദിരാശിയിൽ, ഇന്നത്തെ ചെന്നൈയിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ പഠിക്കാൻ ചേർന്നത് അതിനാലാണ്. എങ്കിലും, ബി.ടെക് അഡ്മിഷൻ കിട്ടാത്ത വിഷമം ഇബ്രാഹീം ഹാജിയിൽ അവശേഷിച്ചു. വർഷങ്ങൾ പിന്നിട്ട് പ്രവാസത്തിലൂടെ വലിയ നേട്ടങ്ങളിലേക്ക് വളർന്ന ശേഷം മംഗളൂരുവിൽ എൻജിനീയറിങ് കോളജ് തുടങ്ങിയപ്പോഴാണ് ആ സങ്കടം മാറിയതെന്ന് പലപ്പോഴും അദ്ദേഹം പങ്കുവെക്കാറുണ്ടായിരുന്നു.
ബിസിനസിലൂടെ ഉന്നതങ്ങളിലേക്ക് വളരുേമ്പാൾ സമൂഹത്തിന് എന്ത് തിരിച്ചുനൽകുമെന്ന ചിന്ത അലട്ടിയതിെൻറ ഉത്തരമായിരുന്നു വിദ്യാഭ്യാസ മേഖലയിലേക്കുള്ള കാൽവെപ്പ്. 1999ലാണ് വിദ്യാഭ്യാസരംഗത്തേക്ക് പേസ് ഗ്രൂപ്പിെൻറ ജൈത്രയാത്ര തുടങ്ങുന്നത്. അറിവും ലക്ഷ്യബോധവുമുള്ളവരായി നാളത്തെ നേതാക്കളെ വളർത്തിയെടുക്കുക എന്നതാണ് ഗ്രൂപ് ലക്ഷ്യമായി സ്വീകരിച്ചത്. 2001ൽ കുവൈത്തിൽ ആരംഭിച്ച ഇന്ത്യ ഇൻറർനാഷനൽ സ്കൂളിലൂടെയാണ് പ്രാഥമിക വിദ്യാഭ്യാസരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്. അടുത്ത വർഷം ഷാർജയിൽ ഗൾഫ് ഏഷ്യൻ സ്കൂൾ ആരംഭിച്ചു. പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗൾഫ് മേഖലയിൽ ഉയർന്നുവന്നു. അവസാനമായി മാസങ്ങൾക്ക് മുമ്പ് ദുബൈ റാശിദിയ്യയിൽ പേസ് ബ്രിട്ടീഷ് സ്കൂൾ ഉദ്ഘാടനം ചെയ്യുേമ്പാഴും ഇബ്രാഹീം ഹാജിയുടെ സാന്നിധ്യമുണ്ടായിരുന്നു. അതിനിടയിൽ കേരളത്തിൽ മഞ്ചേരി ബ്ലോസം പബ്ലിക് സ്കൂൾ, പേസ് റെസിഡൻഷ്യൽ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളും വളർത്തിയെടുത്തു. അക്കാദമിക മികവ് പുലർത്തുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ രൂപവത്കരിച്ച പി.എം ഫൗണ്ടേഷന് ബന്ധപ്പെട്ടും ഇബ്രാഹീം ഹാജി പ്രവർത്തിക്കുകയുണ്ടായി.
വിവിധ രാഷ്ട്രങ്ങളിലായി സ്ഥിതിചെയ്യുന്ന പേസ് ഗ്രൂപ് സ്ഥാപനങ്ങളിൽ നിലവിൽ 64 രാഷ്ട്രങ്ങളിൽനിന്നുള്ള 23,000ൽ പരം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. യു.എ.ഇ റാസൽഖൈമയിലെ യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ, മംഗളൂരുവിലെ പി.എ കോളജ് ഓഫ് എൻജിനീയറിങ്, പി.എ പോളിടെക്നിക്, പി.എ കോളജ് ഓഫ് ഫാർമസി തുടങ്ങി ഉന്നത വിദ്യാഭ്യാസരംഗത്തും സ്കൂൾ വിദ്യാഭ്യാസരംഗത്തും പെയ്സ് ഗ്രൂപ് നിർവഹിക്കുന്ന ദൗത്യം നിസ്തുലമാണ്. അറിവ് പകരുന്നതിൽ മാത്രമായിരുന്നില്ല ഇബ്രാഹീം ഹാജിയുടെ താൽപര്യം. അറിവുനേടുന്നതിലും അടങ്ങാത്ത ആഗ്രഹം എന്നും കാത്തുസൂക്ഷിച്ചിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആനുകാലികങ്ങൾ വായിക്കുകയും ഓരോ വിഷയത്തിലും കൃത്യമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയും െചയ്യുമായിരുന്നു. വായിച്ച പുസ്തകങ്ങളെ കുറിച്ച് മറ്റുള്ളവരോട് പങ്കുവെക്കാൻ എന്നും ഇഷ്ടപ്പെട്ട അദ്ദേഹം എഴുത്തിലും തൽപരനായിരുന്നു. ഇബ്രാഹീം ഹാജിയുടെ വേർപാടോടെ കേരളത്തിൽനിന്ന് ലോകത്തോളം വളർന്ന പ്രഗത്ഭനായൊരു വിദ്യാഭ്യാസ പ്രവർത്തകനാണ് ഓർമയാകുന്നത്. ഇബ്രാഹീം ഹാജിയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങൾ കണക്കിലെടുത്ത് ഫ്ലോറിഡയിലെ അമേരിക്കന്‍ ഗ്ലോബല്‍ ഇൻറര്‍നാഷനല്‍ യൂനിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.