ചെന്നൈ: രണ്ടാം ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്, 'മരുതനായകം' സിനിമ ഷൂട്ടിങ്ങിന്‍റെ ഉദ്ഘാടനവേളയിലെത്തിയ ഓർമകൾ കുറിച്ച് നടൻ കമൽഹാസൻ. 'ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി അന്തരിച്ച വാർത്തയറിഞ്ഞ് താൻ ഏറെ ദുഃഖിതനാണ്. ബ്രിട്ടീഷുകാർ മാത്രമല്ല, ലോകം മുഴുവൻ അവരെ സ്നേഹിച്ചു. 25 വർഷം മുമ്പ് അവർ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് 'മരുതനായക'ത്തിന്‍റെ ചിത്രീകരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഒരുപക്ഷേ, അവർ പങ്കെടുത്ത ഒരേയൊരു സിനിമ ഷൂട്ടിങ് സെറ്റും ഇതാകാമെന്നും പ്രിയപ്പെട്ട രാജ്ഞിയുടെ നഷ്ടത്തിൽ ഇംഗ്ലണ്ടിലെ ജനങ്ങളോടും രാജകുടുംബത്തോടും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും' കമൽ ട്വീറ്റിൽ അറിയിച്ചു.
2017ൽ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരം സന്ദർശിച്ചപ്പോൾ രാജ്ഞിയെ സന്ദർശിച്ചതിന്‍റെയും മരുതനായകം സിനിമ സെറ്റിൽ രാജ്ഞി പങ്കെടുത്തതിന്‍റെയും ചിത്രങ്ങൾ കമൽ പങ്കിട്ടു. 1997 ഒക്ടോബർ 16ന് ചെന്നൈയിലെ എം.ജി.ആർ ഫിലിം സിറ്റിയിൽ നടന്ന 'മരുതനായകം' ചിത്രത്തിന്‍റെ ഉദ്ഘാടനവേളയിലാണ് എലിസബത്ത് രാജ്ഞി പങ്കെടുത്തത്. 20 മിനിറ്റോളം ഇവർ സെറ്റിൽ ചെലവഴിച്ചു. അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി, കോൺഗ്രസ് നേതാവ് ജി.കെ. മൂപ്പനാർ, ശിവാജി ഗണേശൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു. കമൽഹാസന്‍റെ മുൻ ഭാര്യ സരികയും രാജ്ഞിയെ വരവേൽക്കാനുണ്ടായിരുന്നു. ഈ സമയത്ത് ഒന്നര കോടി രൂപ ചെലവഴിച്ച് യുദ്ധസീനുകൾ ചിത്രീകരിച്ചു.
അക്കാലത്ത് 80 കോടി രൂപയുടെ ബജറ്റ് ഇട്ടിരുന്ന കമലിന്‍റെ സ്വപ്ന പദ്ധതിയായിരുന്ന മരുതനായകം സിനിമയുടെ നിർമാണം പാതിവഴിയിൽ നിർത്തിവെക്കുകയായിരുന്നു. നിർമാണ പങ്കാളിത്തം ഏറ്റെടുത്തിരുന്ന ബ്രിട്ടീഷ് കമ്പനി പിന്മാറിയതാണ് ഇതിന് മുഖ്യകാരണമായത്. കീഴാളനായി ജനിച്ച് ജാതിക്കെതിരെ പോരാടി പിന്നീട് മതംമാറി മുഹമ്മദ് യൂസുഫ്ഖാൻ ആയി മാറി ബ്രിട്ടീഷുകാർക്കെതിരെ പടപൊരുതി മരിച്ച മരുതനായകത്തിന്‍റെ വേഷമായിരുന്നു കമൽഹാസന്‍റേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.