കോഴിക്കോട്: കെ.കെ.എസ് നമ്പ്യാരുടെ വേർപാടോടെ നഷ്ടമായത് രണ്ടു പതിറ്റാണ്ട് മുമ്പ് മുതൽ ഉത്തര കേരളത്തിലെ രോഗികൾക്ക് ലാഭേച്ഛയില്ലാതെ അത്യാധുനിക നേത്രചികിത്സ ലഭ്യമാക്കിയ ദീർഘദർശിയെ.
മലബാറിലെ മിക്ക ജില്ലക്കാരും നേത്രചികിത്സക്കായി മധുരയിലേക്കും കോയമ്പത്തൂരിലേക്കും ട്രെയിനുകളിൽ പോകുന്നതിെൻറ ദുരിതങ്ങൾ നേരിട്ടുകണ്ടതോടെയാണ് കെ.കെ. ശ്രീധരൻ നമ്പ്യാർ എന്ന കെ.കെ.എസ്. നമ്പ്യാർ പുതിയറയിൽ കോംട്രസ്റ്റ് എന്നപേരിൽ ആധുനിക സൗകര്യങ്ങളുടെ കണ്ണാശുപത്രി സ്ഥാപിച്ചത്.
പലരിൽനിന്നായി പണം സ്വരൂപിച്ചും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയും പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിെൻറ കീഴിലായിരുന്നു ആശുപത്രി സ്ഥാപിച്ചത്. ഇന്നിപ്പോൾ അത് രണ്ടേക്കറിൽ വളർന്നു. ആശുപത്രിയുെട വളർച്ചയിലും വിവിധയിടങ്ങളിൽ ആശുപത്രിയുെട സബ് സെൻററുകൾ തുടങ്ങുന്നതിനുമടക്കം മുന്നിൽനിന്നത് ഇദ്ദേഹമായിരുന്നു.
നിലവിൽ ദിനംപ്രതി 1200 പേർ ഒ.പിയിൽ എത്തുന്നുണ്ട്. നൂറിലധികം ശസ്ത്രക്രിയകളും നടത്തുന്നു. കണ്ണൂരും കാസർക്കോട്ടും വയനാട്ടിലും ശാഖകൾ തുറന്നു. നിരവധിയിടങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് ചികിത്സ നൽകിയതാണ് കോംട്രസ്റ്റിനെ വേറിട്ടുനിർത്തിയത്.
ഗ്രാമീണ മേഖലകളിൽപോലും ഇദ്ദേഹം മുൻകൈയെടുത്ത് കാഴ്ച പരിശോധന ക്യാമ്പുകൾ നടത്തി. മലപ്പുറത്തും കോംട്രസ്റ്റ് ആരംഭിക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാനാകാതെയാണ് മടക്കം. കോവിഡ്വ്യാപന ഘട്ടം മുതലാണ് ഇദ്ദേഹം ആശുപത്രിയിലെത്താതിരുന്നത്. കണ്ണൂർ ചെറുകുന്ന് സ്വദേശിയായ നമ്പ്യാർ കോഴിക്കോട്ട് സ്ഥിരതാമസമാക്കിയിട്ട് 73 വർഷമായി.
കോളജ് പഠനകാലത്താണ് ആദ്യമായി കോഴിക്കോട്ടെത്തുന്നത്. തുടർന്ന് ചാർട്ടേഡ് അക്കൗണ്ടൻറായി ജോലിയിൽ പ്രവേശിച്ചു. 98വരെ വർമ ആൻഡ് വർമ എന്ന അക്കൗണ്ടിങ് സ്ഥാപനത്തിലായിരുന്നു. അവിടെനിന്ന് വിരമിച്ച ശേഷമാണ് കോംട്രസ്റ്റ് സ്ഥാപിക്കുന്നത്. തുടർന്നിതുവരെ ചെയർമാനാണ്. നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.