കുരമ്പാല: ഭാസ്കരനാശാന്‍ കുരമ്പാലയിലെ സകലകലാവല്ലഭനായിരുന്നു. ഭജന, കാക്കാരിശ്ശി നാടകം, പടയണി രംഗങ്ങളിലെ സജീവ കലാകാരന്. ഒപ്പം കവിയും. ഭജനയിലായിരുന്നു തുടക്കം. പിന്നെ മധ്യകേരളത്തിന്റെ തനത് അനുഷ്ഠാന നാടകമായ കാക്കാരിശ്ശിയിലേക്കെത്തി. നൂറുകണക്കിന് വേദികളിലാണ് സുന്ദരന്‍ കാക്കാനായി ഭാസ്കരനാശാന്‍ നിറഞ്ഞാടിയത്. സി.എല്‍. ജോസിന്റേതടക്കം 13 നാടകങ്ങളിലും പ്രധാന കഥാപാത്രമായി അരങ്ങിലുണ്ടായിരുന്നു.
അതിനിടയിലാണ് പടയണിയിലേക്ക് ചുവടുവെക്കുന്നത്. താളം ഉള്ളിലുണ്ടായിരുന്നു. ശേഷമെല്ലാം കണ്ടുപഠിച്ചു എന്നാണ് ഭാസ്കരനാശാന്‍ പറഞ്ഞിരുന്നത്. 1975-80 കാലത്ത് കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തിലെ പടയണിയിലെ പ്രധാന കലാകാരനായി. ആദ്യകാലത്ത് മരംവെട്ടായിരുന്നു തൊഴില്‍. പിന്നെ കൃഷിയിലേക്ക് തിരിഞ്ഞു.
പതിറ്റാണ്ടുകളായി വെറ്റിലകൃഷിയിലായിരുന്നു താല്പര്യം. അവസാനകാലം വരെയും വെറ്റില നുള്ളാനും അടുക്കാനും ആശാനുണ്ടായിരുന്നു. പണിയുടെ ഇടവേളകളില്‍ ആശാനൊരു കവിയായി മാറും. ഇനിയും വെളിച്ചം കാണാത്ത നൂറുകണക്കിന് കവിതകള്‍ ആശാന് നെഞ്ചോട് ചേര്‍ത്തുപിടിച്ച ബുക്കുകളിലുണ്ട്. എന്നെങ്കിലും തന്റെ കവിതകള്‍ വെളിച്ചം കാണുമെന്ന നേര്‍ത്ത പ്രതീക്ഷയിലായിരുന്നു ഭാസ്കരനാശാന്‍. വാർധക്യസഹജ അസുഖംമൂലം ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.