'എന്റെ കുഞ്ഞനുജത്തി...!'; ലതാ മങ്കേഷ്‌കറിന്റെയും ദിലീപ് കുമാറിന്റെയും അവസാന കൂടിക്കാഴ്ച

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ മരിച്ചിട്ട് ഇന്നേക്ക് ഏഴ് മാസം തികയുകയാണ്. ദലീപ് കുമാറിന്റെ ഏറ്റവും പ്രിയപ്പെട്ട 'ചോട്ടി ബഹന്‍...' ആയിരുന്നു ഇന്നലെ അന്തരിച്ച ലതാ മങ്കേഷ്‌കര്‍.

ലതാ മങ്കേഷ്‌കറും ദിലീപ് കുമാറും തമ്മില്‍ ഹൃദയഹാരിയായ ബന്ധം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ലത മങ്കേഷ്‌കറിന്റെ വിയോഗ വേളയില്‍ ദിലീപ് കുമാറിന്റെ ഭാര്യയും ബോളിവുഡ് നടിയുമായിരുന്ന സൈറ ബാനു ഇരുവരും തമ്മില്‍ മാസങ്ങള്‍ക്ക് മുമ്പ് നടന്ന അവസാന കൂടിക്കാഴ്ച ഓര്‍ത്തെടുത്തു.

ലതാജിയും ദിലീപ് സാഹിബും ഞങ്ങളുടെ വീട്ടില്‍ കണ്ടുമുട്ടിയ നിരവധി സന്തോഷകരമായ സന്ദര്‍ഭങ്ങളുണ്ട്, ഓര്‍മ്മകളുടെ പ്രളയം തന്നെയാണ് അത് -സൈറ ബാനു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. അതെല്ലാം മനസ്സില്‍ ഇപ്പോഴുമുണ്ടെങ്കിലും 2013ല്‍ ഇരുവരും അവസാനമായി കണ്ടതാണ് മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. സവിശേഷവും മാന്ത്രികവുമായി കൂടിക്കാഴ്ചയായിരുന്നു അത്... സൈറ ബാനു തുടര്‍ന്ന് പറയുന്നു:

അന്ന് വീട്ടില്‍ വന്ന് സാഹിബിനൊപ്പം കുറച്ച് സമയം ചെലവഴിക്കാന്‍ ലതാ ജി ആഗ്രഹം പറയുകയായിരുന്നു. എനിക്ക് വളരെ സന്തോഷം തോന്നി. ബാന്ദ്രയിലൂടെ പോകുമ്പോഴെല്ലാം ലതാ ജി വീട്ടിലേക്ക് വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ആഘോഷമായിരുന്നു അന്ന് അവരുടെ ഓരോ സന്ദര്‍ശനവും. എന്റെ മുത്തശ്ശി ഷംഷാദ് ബീഗത്തിനും ലതാ ജി ഏറെ പ്രിയപ്പെട്ടവളായിരുന്നു.

അന്ന് ദിലീപ് സാഹിബിന് അസുഖം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പലപ്പോഴും നേരത്തെ ഉറങ്ങുമായിരുന്നു അദ്ദേഹം. വൈകുന്നേരം ഏഴിന് ശേഷം മരുമകള്‍ രചനക്കൊപ്പമായിരിക്കും വരിക എന്നാണ് ലതാ ജി പറഞ്ഞത്. അതുകൊണ്ട് ഞാന്‍ ചെറിയ ആശങ്കയിലായിരുന്നു. ഇപ്പോഴും ആ അത്ഭുതകരമായ ഒത്തുചേരല്‍ എന്റെ മനസ്സിലുണ്ട്.

ദിലീപ് സാഹിബ് ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒരു സര്‍പ്രൈസ് സന്ദര്‍ശകയുണ്ടെന്ന് അദ്ദേഹത്തെ പരിചാരകന്‍ അറിയിച്ചിരുന്നു. ഒടുവില്‍ ലതാ ജി എത്തി. ദിലീപ് സാഹിബിന്റെ സിറ്റിങ് റൂമിലേക്ക് എത്താന്‍ ലതാ ജി തിടുക്കപ്പെട്ടു. ലതാ ജിയെ കണ്ടതും അദ്ദേഹത്തിന്റെ കണ്ണുകള്‍ പുഞ്ചിരിച്ചു, മുഖം ആഹ്ലാദത്താല്‍ തിളങ്ങി... 'മേരി ചോട്ടി ബഹന്‍ ആയി ഹേ' (എന്റെ കുഞ്ഞനുജത്തി വന്നിരിക്കുന്നു!) എന്ന് വിളിച്ച് പറഞ്ഞ് അദ്ദേഹം കൈകള്‍ നീട്ടി അവരെ ആലിംഗനം ചെയ്തു.


പണ്ടെത്തെ പോലെ തന്നെയായിരുന്നു അത്. പരസ്പരം എന്ത് പറയണം എന്നറിയാതെ കുറച്ചുനേരം അവര്‍ നിശബ്ദരായി. ആ രംഗം കണ്ട ഞങ്ങളെല്ലാവരും അതുപോലെ തന്നെയായിരുന്നു.

ചായയും പലഹാരങ്ങളും കൊണ്ടുവന്നു. എപ്പോഴത്തെയും പോലെ ലതാ ജി ഭക്ഷണം എടുത്ത് സാഹിബിന് നല്‍കി....

രാത്രി ഏറെ നേരം ലതാ ജി വീട്ടില്‍ ഉണ്ടായിരുന്നു. ആ സൗഹൃദത്തിന്റെ മാന്ത്രികത ദിലീപ് സാഹിബിലും പ്രതിഫലിച്ചു.

ആ രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ഒരിക്കല്‍ അഭിമുഖത്തില്‍ ലതാ ജി എന്നെക്കുറിച്ച് പറഞ്ഞ, ഞാന്‍ ഏറ്റവും വിലമതിക്കുന്ന വാക്കുകളായിരുന്നു മനസ്സ് നിറയെ. ലതാ ജിയുടെ ശബ്ദത്തിന് ഏറ്റവും യോജിച്ച നായികാ നടി ആരെന്നായിരുന്നു ചോദ്യം. 'സൈറ ബാനു' എന്നായിരുന്നു ലതാ ജിയുടെ മറുപടി. ആ അംഗീകാരം എന്നും എന്റെ മനസ്സിലുണ്ടാകും -സൈറ ബാനു പറഞ്ഞു നിര്‍ത്തി.

Tags:    
News Summary - Lata Mangeshkar's last meeting with Dilip Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.