പയ്യന്നൂർ: വെള്ളൂരിന്റെ സാമൂഹിക, സാംസ്കാരിക, ആത്മീയരംഗത്തെ സൗമ്യസാന്നിധ്യം മുഹമ്മദലി ഹാജി ഇനി ഓർമ. ജാതിമതത്തിനതീതമായി മാനവികതയുടെ സൗന്ദര്യം തിരിച്ചറിഞ്ഞ ഒരു സാമൂഹിക പ്രവർത്തകൻ കൂടിയാണ് ഇല്ലാതായത്. വെള്ളൂരിലെ പൗരമുഖ്യനായിരുന്ന മൂപ്പന്റകത്ത് മമ്മു ഹാജിയുടെ പുത്രനായി ജനിച്ച് പിതാവിന്റെ പാതയിൽ തന്റെ ജീവിതം സമർപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
ദീർഘകാലം വെള്ളൂർ ജമാഅത്തിന്റെ പ്രസിഡന്റായ അദ്ദേഹം വെള്ളൂരിന്റെ ആത്മീയ മേഖലക്ക് നൽകിയ സംഭാവന നാടിന് മറക്കാനാവില്ലെന്ന് വിശ്വാസികൾ പറയുന്നു. നിരവധി വർഷം ജമാഅത്തിന്റെ പ്രസിഡന്റും ഇതര ഭാരവാഹിയുമായി തുടർന്ന അദ്ദേഹം പൊതുരംഗത്ത് ചരിത്രമെഴുതി. ജീവിതാവസാനം വരെ സേവനനിരതമായിരുന്നു ആ ജീവിതം.
ആദർശപരമായ അഭിപ്രായ ഭിന്നതകൾ നിലനിൽക്കുമ്പോഴും നല്ല ബന്ധം സ്ഥാപിക്കാനും സൗഹൃദങ്ങൾ പങ്ക് വെക്കുന്നതിലും ഒരു കുറവും വരുത്തിയില്ലെന്ന് സഹപ്രവർത്തകർ പറയുന്നു. അഭിപ്രായ ഭിന്നതകൾ ഉണ്ടാകുമ്പോൾ നീതിമാനായ ഒരധ്യക്ഷനെയാണ് പ്രസീഡിയത്തിൽ കാണാറുള്ളത്. എന്ത് അഭിപ്രായ ഭിന്നതകൾ ഉണ്ടെങ്കിലും യോഗം പിരിഞ്ഞ ഉടൻ അത് അവിടെ തന്നെ തീർത്തശേഷമെ അദ്ദേഹം പോകാറുള്ളൂ. 30 വർഷത്തോളം വെള്ളൂർ മുസ്‍ലിം ജമാഅത്ത് കമ്മിറ്റി നേതൃനിരയിലുണ്ടായിരുന്നു അദ്ദേഹം.
സി. മുഹമ്മദലി ഹാജിയുടെ നിര്യാണത്തിൽ വെള്ളൂർ ജമാഅത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന അനുശോചനയോഗത്തിൽ എൻ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കാറമേൽ ജമാഅത്ത് പ്രസിഡന്റ് എൻ. അബ്ദുൽ അസീസ്, വി.കെ.പി. ഇസ്മാഈൽ, എം. അബ്ദുല്ല, എൻ.എ. മജീദ്, എം.ടി.പി. മുഹമ്മദ്‌കുഞ്ഞി, എം.ടി. നൂറുദ്ദീൻ ഹാജി, എം. സാലി, എ.കെ. ഇല്ല്യാസ് തുടങ്ങിയവർ സംസാരിച്ചു. സാദിഖ് ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. ടി.പി. ഖാദർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.