ജീവിത സ്വപ്നങ്ങൾ സഫലീകരിക്കാൻ യു.എ.ഇയിലേക്ക് കടന്നുവന്ന പ്രവാസികളുടെ കാരണവരായിരുന്നു പി.എ. ഇബ്രാഹീം ഹാജി. ഇമാറാത്ത് ചതുർവർണ പതാകക്ക് കീഴിൽ പ്രയാണം ആരംഭിക്കുന്നതിന് സാക്ഷിയായ അപൂർവ മലയാളി വ്യക്തിത്വമായിരുന്നു അദ്ദേഹം. രാജ്യം സുവർണ ജൂബിലി ആഘോഷിക്കുന്ന വർഷത്തിൽ അദ്ദേഹത്തിെൻറ വേർപാട് വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രവാസികൾക്കിടയിൽ സുഖത്തിലും ദുഃഖത്തിലും ചെറുപുഞ്ചിരിയുമായി സ്നേഹസാന്നിധ്യമായിരുന്നു അദ്ദേഹം. പാവപ്പെട്ടവരെയും നിസ്സഹായരെയും ചേർത്തുപിടിക്കുന്ന പ്രകൃതം. കോവിഡ് കാലത്തും സേവനസംരംഭങ്ങൾക്ക് വലിയ തുണയായിരുന്നു. വാണിജ്യ-വിദ്യാഭ്യാസ-ജീവകാരുണ്യ രംഗങ്ങളിൽ പകരംവെക്കാനില്ലാത്ത അടയാളപ്പെടുത്തലുകൾ തീർത്താണ് ആ മഹദ് വ്യക്തിത്വം വിടവാങ്ങിയിരിക്കുന്നത്. കാലം മറക്കാത്ത അനേകം സുകൃതങ്ങൾ പകർന്ന ഇബ്രാഹീം ഹാജിക്ക് പ്രാർഥനയോടെ വിട പറയുകയാണ് പ്രവാസം.
എം.എ. യൂസുഫലി അനുശോചിച്ചു
ദുബൈ: പി.എ. ഇബ്രാഹീം ഹാജിയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അനുശോചിച്ചു. സഹോദര തുല്യനായ ഹാജിക്കയുമായി വളരെ അടുത്ത സൗഹൃദവും സ്നേഹബന്ധവുമായിരുന്നു വെച്ച് പുലർത്തിയതെന്നും കഠിനാധ്വാനവും ദീർഘ വീക്ഷണവും സത്യസന്ധതയും കൊണ്ടാണ് നിരവധി വ്യവസായ സംരംഭങ്ങൾ അദ്ദേഹം വിവിധ രാജ്യങ്ങളിലായി കെട്ടിപ്പടുത്തതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
സത്കർമ്മങ്ങൾ നിറഞ്ഞ ജീവിതം –ഡോ. ആസാദ് മൂപ്പൻ
ദുബൈ: പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തിൽ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ അനുശോചിച്ചു. സൽകർമങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിേൻറത്. വിജയിയായ സംരംഭകൻ, വിദ്യാഭ്യാസ വിചക്ഷണൻ, മനുഷ്യസ്നേഹി, എന്നതിലെല്ലാമുപരിയായി അദ്ദേഹം നിരവധി സംരംഭങ്ങൾക്ക് നിശ്ശബ്ദനായ സഹായദാതാവായിരുന്നു. അദ്ദേഹത്തിെൻറ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു -അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എന്നും സ്മരിക്കപ്പെടും –എം.പി. അഹമ്മദ്
ദുബൈ: സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി ഡോ. പി.എ. ഇബ്രാഹിം ഹാജി നൽകിയ സംഭാവനകൾ എന്നും സ്മരിക്കപ്പെടുമെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മലബാറിെൻറ സഹചെയർമാൻ കൂടിയായ അദ്ദേഹത്തിെൻറ വേർപാട് കമ്പനിക്ക് വലിയനഷ്ടമാണ്. മലബാർ ഗ്രൂപ്പിെൻറ വളർച്ചയിൽ വലിയ സംഭാവന നൽകിയ അദ്ദേഹത്തിെൻറ പ്രവർത്തനം എന്നും പ്രചോദനമായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ജീവിതത്തിെൻറ ഭാഗമാക്കി. വേർപാടിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.