പാരിസ് ചന്ദ്രൻ: നാട്ടുജീവിതത്തിന്‍റെ സംഗീതം

കോ​ഴി​ക്കോ​ട്: ചെതലി മലയുടെ താഴ്വാരങ്ങളിൽനിന്ന് ഖസാക്കിലേക്ക് ആത്മാക്കൾ ഇറങ്ങിവരുന്ന ഒരു രംഗമുണ്ട് ദീപൻ ശിവരാമന്റെ 'ഖസാക്ക്' നാടകത്തിന്റെ തുടക്കത്തിൽ. പള്ളിമിനാരങ്ങളിൽ മുഴങ്ങുന്ന ബാങ്കുവിളിയുടെ ഈണത്തിൽ കുതിരക്കുളമ്പടിയൊച്ചകൾ മുഴങ്ങുന്ന അപൂർവമായ സംഗീതമാണ് അതിന്റെ പശ്ചാത്തലത്തിൽ.

നാടകം അവസാനിക്കുന്നതും അതേ ആത്മഘോഷയാത്രയിൽ. അപ്പോഴും അതേ സംഗീതം. നാടകംകണ്ട് കാലങ്ങൾ കഴിഞ്ഞിട്ടും ആ സംഗീതം മനസ്സിൽനിന്ന് പിടിവിടാതെ നിൽക്കും. അത്രയും ഹൃദ്യമാണ് നാടോടിസംഗീതത്തിലേക്ക് ചേർത്തുവെച്ച ആ താളം. ഒ.വി. വിജയന്റെ നോവലിനോട് അത്രകണ്ട് ഹൃദയം ചേർത്തുവെച്ചായിരുന്നു ചന്ദ്രൻ വേയാട്ടുമ്മൽ എന്ന പാരിസ് ച​ന്ദ്രൻ ആ നാടകത്തിന് സംഗീതമൊരുക്കിയത്.

ബി. അജിത് കുമാർ സംവിധാനം ചെയ്ത 'ഈട' എന്ന ചിത്രത്തിനായി അൻവർ അലി രചിച്ച് സിതാര ആലപിച്ച 'മാരിവിൽ മായണ്, കാർമുകിൽ മൂടണ്..' എന്ന ഒറ്റഗാനം മതി പാരിസ് ചന്ദ്രനെ മറക്കാതിരിക്കാൻ. തെയ്യത്തിന്റെ വാദ്യസംഗീതമാണ് ചോരപ്പകയിൽ പുകയുന്ന കണ്ണൂരിന്റെ കഥപറയാൻ ചന്ദ്രൻ തിരഞ്ഞെടുത്തത്. രാജീവ് രവിയുടെ 'ഞാൻ സ്റ്റീവ് ലോപസ്' എന്ന ചിത്രത്തിൽ ​ജെൻസി ഗ്രിഗറി ആലപിച്ച 'പോകരുതെൻ മകനേ...'എന്ന ഗാനത്തിലും മുഴങ്ങിയതും അതേ മണ്ണിന്റെ താളമായിരുന്നു.

1956 ഏപ്രിൽ 30ന് കോഴിക്കോട് ജില്ലയിലെ നരിക്കുനിയിൽ കോരപ്പൻ -അമ്മാളുക്കുട്ടി ദമ്പതികളു​ടെ മകനായി ജനിച്ച ചന്ദ്രന് അപാരമായ ഒരു സിദ്ധിയുണ്ടായിരുന്നു.

ഏത് സംഗീത ഉപകരണവും അനായാസം മെരുക്കിയെടുക്കാനുള്ള മിടുക്ക്. സുഷിരവാദ്യമായാലും തന്ത്രിവാദ്യമായാലും കീ ബോർഡായാലും അത് ച​ന്ദ്രൻ സ്വയം പഠിച്ചെടുക്കുമായിരുന്നു. നാടകാചാര്യൻ ജി. ശങ്കരക്കുറുപ്പാണ് നാടകത്തിന്റെ അനന്തസാധ്യതകളിലേക്ക് ചന്ദ്രനെ ആനയിച്ചത്. അത് വിദേശ രാജ്യങ്ങളിലെ വേദികളിലേക്കുള്ള അവസരവുമേകി. തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ പഠനം പൂർത്തിയാക്കിയിട്ടുണ്ട് ചന്ദ്രൻ.കച്ചവടസിനിമയുടെ ട്രാക്കിലായിരുന്നില്ല ചന്ദ്രന്റെ സംഗീതം. സമാന്തര സിനിമകളിലായിരുന്നു ആ സംഗീതം ​പതിഞ്ഞത്.

ചായില്യവും ബയോസ്കോപും ഈടയും സ്റ്റീവ് ലോപസുമൊക്കെ അങ്ങനെയായിരുന്നു. 'മാധ്യമം' ഫോട്ടോഗ്രാഫർ പി. അഭിജിത്ത് ആദ്യമായി സംവിധാനം ചെയ്ത 'അന്തരം' ആണ് ചന്ദ്രൻ ഒടുവിൽ സംഗീതം നൽകിയ ചിത്രം. അവസാന കാലത്ത് അട്ടപ്പാടിയിലായിരുന്നു ചന്ദ്രൻ താമസമാക്കിയത്. 

Tags:    
News Summary - Paris Chandran: Folk music legend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.