'സത്യം പറയുന്ന ഞാൻ ഒറ്റക്കാവാം. ഞാൻ പറയുന്നത് കേൾക്കാൻ ആളില്ലായിരിക്കാം. എന്നാൽ, മറ്റ് ശബ്ദങ്ങൾ തളർന്നാലും എന്‍റെ ശബ്ദം കേൾക്കാതിരിക്കില്ല'– രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഈ വാക്കുകളാണ് പി.ടി. തോമസിന്‍റെ വായനാമുറിയിലെത്തുമ്പോൾ ആദ്യം കണ്ണിലുടക്കുക. 'ഗാന്ധിജി ഇത് പറഞ്ഞത് എനിക്കുകൂടി വേണ്ടിയാണ്. നിലപാടുകളിൽ ഉറച്ചുനിൽക്കാൻ എന്നെ ഉത്തേജിപ്പിക്കുന്നതും ശക്തനാക്കുന്നതും ഈ വാക്കുകൾ തന്നെ'– തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒരവസരം നഷ്ടമായപ്പോൾ പാർട്ടി എഴുതിത്തള്ളിയെന്ന് കരുതിയവരോട് 'ഞാൻ കരുത്തോടെ ഇവിടെയുണ്ട്' എന്ന് വിളിച്ചുപറയാൻ പി.ടി ഒരിക്കലും മടി കാണിച്ചിരുന്നില്ല.
മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടെടുത്തപ്പോൾ അന്നത്തെ ഇടുക്കി സഭാ മേധാവിക്ക് അനഭിമതനായതോടെയാണ് 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എം.പിയായിരുന്ന പി.ടിക്ക് ഇടുക്കി സീറ്റ് നഷ്ടമാകുന്നത്. 'വിട്ടുവീഴ്ചക്ക് തയാറാകാൻ അന്നും ഇന്നും ഉപദേശിച്ചവരുണ്ട്. ശരിയെന്ന് തോന്നുന്നത്, മന$സാക്ഷി പറയുന്നത് ചെയ്യുന്നതാണ് എന്‍റെ സ്വഭാവം. മറ്റുള്ളവർ അത് അംഗീകരിക്കുന്നുണ്ടോയെന്ന് നോക്കാറില്ല. സ്ഥാനമാനങ്ങൾക്ക് പ്രതീക്ഷിച്ചാകാം ചിലർ അന്തസ്സും വ്യക്തിത്വവും കളഞ്ഞ് മതമേധാവികൾക്ക് മുന്നിൽ കുമ്പിടുന്നത്. അങ്ങിനെ ചെയ്തിട്ട് ഇരിക്കുന്ന ഇരിപ്പിൽ മരിച്ചുപോയാൽ എന്തെങ്കിലും കിട്ടുമോ? ഒരുദിവസം ആണ് ജീവിക്കുന്നതെങ്കിലും അന്തസ്സോടെ, വ്യക്തിത്വം നിലനിർത്തി, ആർക്കും അടിമപ്പെടാതെ ജീവിക്കാനാണ് തീരുമാനം. ഒരു മതമേധാവിയോടും ബഹുമാനക്കുറവില്ല. അവർ അവരുടെ മേഖലയിൽ നൽകുന്ന സംഭാവനകളെ മാനിക്കുന്നു. അതിന്‍റെ അർഥം അവരുടെ മുന്നിൽ മുട്ടിൽ ഇഴയും എന്നല്ല'– ആ നാളുകളിലൊരിക്കൽ കണ്ടപ്പോൾ, 12 കിലോമീറ്റർ അകലെയുള്ള സ്കൂളിൽ നടന്നുപോയി പഠിക്കാൻ തീരുമാനിച്ച ഉപ്പുതോടുകാരൻ പയ്യന്‍റെ കരളുറപ്പ് ഒട്ടുംചോരാതെ പി.ടി പറഞ്ഞ വാക്കുകളാണിത്.
എന്തുതരം വികസനത്തെക്കാളും പ്രാമുഖ്യം നൽകേണ്ടത് പരിസ്ഥിതി സംരക്ഷണത്തിനാണെന്ന് എന്നും ഉറച്ചുവിശ്വസിച്ചിരുന്നയാളാണ് പി.ടി. നമ്മൾ ജീവിക്കുന്ന മണ്ണിനോട് നൂറ് ശതമാനം പറ്റില്ലെങ്കിലും കഴിയുന്നത്ര നന്ദി കാട്ടണമെന്ന് പറഞ്ഞതിന്‍റെ പേരിൽ അദ്ദേഹം നേരിടേണ്ടി വന്ന എതിർപ്പുകൾ ചില്ലറയല്ല. കസ്തൂരി രംഗൻ റിപ്പോർട്ടിനെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. അതേസമയം, ഗാഡ്ഗിൽ നിർദേശങ്ങളെ കോൺഗ്രസ് അടക്കം മുഖ്യധാരാ പാർട്ടികൾ അവഗണിച്ചത് കേരള ചരിത്രത്തിലെ മൗഢ്യവും ദു$ഖപര്യവസാനിയുമായ അധ്യായമായി അവശേഷിക്കുമെന്ന് തുറന്നുപറഞ്ഞു. സഭക്കെതിരായി നിലപാടെടുത്തതിന് ഇടുക്കിയിൽ വിവിധ സ്ഥലങ്ങളിൽ പി.ടിയുടെ ശവഘോഷയാത്ര നടത്തിയാണ് എതിരാളികൾ പ്രതികരിച്ചത്. സാധാരണ വൈദിക വേഷധാരികളാണ് ഇത്തരം ടാബ്ലോകളിൽ അണിനിരക്കുക. അതിനുപകരം നാലഞ്ച് യഥാർഥ വൈദികർ വിശ്വാസി മരിച്ചാലെന്ന പോലെ ഒപ്പീസ് ചൊല്ലി പി.ടിയുടെഅന്ത്യയാത്ര നടത്തി. ഇരട്ടയാറിലും കട്ടപ്പനയിലുമൊക്കെ പി.ടിയുടെ 'മരണം' പോത്തിനെ വെട്ടി ആഘോഷിച്ചു.
'ഗാഡ്ഗിൽ പറഞ്ഞതിനേക്കാൾ ആയിരമിരട്ടി ശക്തിയിലാണ് പോപ് ഫ്രാൻസിസ് പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് പറഞ്ഞത്. യു.എന്നിൽ അവതരിപ്പിച്ച ലൗദതോസി (Laudatosi) എന്ന സന്ദേശത്തിൽ പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന പ്രവർത്തനങ്ങളെ പറഞ്ഞുകുമ്പസരിക്കേണ്ട പാപമായാണ് മാർപാപ്പ വിശേഷിപ്പിച്ചത്. അങ്ങനെ നോക്കുമ്പോൾ ഈ പാപം ചെയ്തവരാണ് എന്നെ കല്ലെറിഞ്ഞത്. പോപ്പിന്‍റെ ഈ ചാക്ലിയ ലേഖനം ഇടുക്കിയിലെ പല പള്ളികളിലും വായിച്ചിട്ടില്ലെന്നാണ് അറിവ്. വായിച്ചാൽ ജീവിച്ചിരിക്കുന്ന എന്‍റെ ശവഘോഷയാത്ര ഒപ്പീസ് ചൊല്ലി നടത്തിയ വൈദികർ തങ്ങളുടെ തെറ്റ് ഏറ്റുപറയേണ്ടി വരും' -ഇതിനോടൊക്കെ പി.ടി പ്രതികരിച്ചത് ഇങ്ങനെയാണ്.
പഠനം, പ്രണയം, രാഷ്ട്രീയം തുടങ്ങി ജീവിതയാത്രയിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടതിനാൽ ഈ എതിർപ്പുകളെല്ലാം പി.ടിക്ക് കരുത്തേകിയിട്ടേയുള്ളൂ. സ്കൂൾ പഠനമായിരുന്നു ജീവിതത്തിലെ ആദ്യ വെല്ലുവിളി. ജന്മനാടായ ഉപ്പുതോടിൽ സ്കൂളില്ലായിരുന്നു. 12 കിലോമീറ്റർ അകലെ പാറത്തോടുള്ള സെൻറ് ജോർജ് സ്കൂളിലേക്ക് നടന്നുപോയാണ് പഠിച്ചത്. 8,9,10 ക്ലാസുകളിൽ സ്കൂൾ ലീഡർ ആയിരുന്നു. കർഷകനും ചെറുകിട ബിസിനസുകാരനുമായിരുന്ന പിതാവ് പുതിയാപറമ്പിൽ തോമസ് സ്വാതന്ത്ര്യസമര സേനാനി ആർ.വി. തോമസിന്‍റെ അടുത്ത ബന്ധു ആയിരുന്നതിനാൽ കോൺഗ്രസ് രാഷ്ട്രീയത്തോടായിരുന്നു ചെറുപ്പം മുതലേ താൽപര്യം. ഇടുക്കി ജില്ലാ രൂപവത്കരണ സമരം നടക്കുന്ന കാലം. വിദ്യാർഥികൾ പഠിപ്പുമുടക്കി സമരത്തിൽ പങ്കെടുത്തിരുന്നു. പഠിപ്പുമുടക്കി കൊന്നത്തടി വില്ലേജ് ഓഫിസ് പിക്കറ്റ് ചെയ്യാൻ പോയി അറസ്റ്റ് വരിച്ചിട്ടൊക്കെയുണ്ടെങ്കിലും പി.ടിയിലെ രാഷ്ട്രീയക്കാരനെ രൂപപ്പെടുത്തിയെടുത്തത് തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ പ്രീഡ്രിഗ്രി കാലമാണ്.
അവിടെ കെ.എസ്.യുവിലുണ്ടായ ഭിന്നത പരിഹരിക്കാനെത്തിയ എൻ.എസ്.യു അഖിലേന്ത്യ നേതാവായിരുന്ന കെ.സി. ജോസഫ് യോഗം വിളിച്ചപ്പോൾ പി.ടിയുടെ നേതൃത്വത്തിലാണ് കുറച്ചുപേർ ചെന്നത്. അങ്ങനെ അവിടെ കെ.എസ്.യു യൂനിറ്റ് വൈസ് പ്രസിഡൻറായി സജീവ രാഷ്ട്രീയ ജീവിതം ആരംഭിച്ചു. പാർട്ടി നേതൃത്വം ഇടുക്കിയിലേക്ക് വിട്ടതോടെ തൊടുപുഴ ന്യൂമാൻസിലായി ഡിഗ്രി പഠനം. കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് ആയിരുന്നപ്പോൾ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനുമായുണ്ടായ ആശയപരമായ തർക്കം മൂലം പദവി ന്ഷടമായി. കരുണാകരൻ ഇടപെട്ട് കമ്മിറ്റി പിരിച്ചുവിട്ടതൊക്കെ പി.ടി പത്രത്തിലൂടെയാണ് അറിയുന്നത് പാർട്ടി ഗ്രാമം ആയിരുന്ന കാലത്താണ് മഹാരാജാസിൽ പി.ജിക്ക് പഠിക്കുന്നത്. മറ്റാരെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടായിരുന്നു എസ്.എഫ്.ഐയുടേത്. പലപ്പോഴും അവരുടെ ആക്രമണത്തിനിരയായി.
ഒരിക്കൽ ഹോസ്റ്റൽ വളപ്പിൽ വെച്ച് സംഘം ചേർന്ന് അവർ മൃഗീയമായി മർദിച്ചു. ചോരവാർന്നു കിടന്ന പി.ടി അവിടെ പുല്ലുവെട്ടിക്കൊണ്ടിരുന്ന ഒരു സ്ത്രീ കണ്ടെത്തിയില്ലായിരുന്നെങ്കിൽ മരിക്കുമായിരുന്നു. ഇടതുമുന്നണിയിൽ കോൺഗ്രസ് ചേരുന്ന സമയത്തായിരുന്നു ആക്രമണം. കോളജ് ജീവിതത്തിനിടെ ആക്രമിക്കപ്പെട്ട് മൂന്ന് തവണയായി 120 ദിവസത്തോളം ആശുപത്രിയിൽ കിടന്നിട്ടുണ്ട്. തേവര കോളജിൽ നടന്ന സംയുക്ത വിദ്യാർഥി സമരത്തിൽ പങ്കെടുത്ത പി.ടിയെ പൊലീസ് വളഞ്ഞിട്ട് മർദിച്ചതൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. മഹാരാജാസിൽ കെ.എസ്.യുവിൽ ഒപ്പം പ്രവർത്തിച്ച ഉമയുമായി വെല്ലുവിളികൾ നിറഞ്ഞ പ്രണയം ആരംഭിച്ചതും അക്കാലത്താണ്.
സമ്പന്ന ബ്രാഹ്മണ കുടുംബാംഗമായിരുന്ന ഉമയുടെ വീട്ടുകാർ ഈ ബന്ധത്തെ കഠിനമായി എതിർത്തു. പള്ളിയിൽവെച്ച് കല്യാണം നടത്തണം എന്ന ആഗ്രഹം മാത്രമേ പി.ടിയുടെ വീട്ടുകാർ പറഞ്ഞുള്ളൂ. ഉമയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മതം മാറ്റിക്കാതെ ക്നാനായ നിയമം അനുസരിച്ച് കോതമംഗലത്തെ പള്ളിയിൽവെച്ചാണ് വിവാഹം കഴിച്ചത്. കുറേക്കാലം കഴിഞ്ഞപ്പോൾ അവരുടെ വീട്ടിലെ എതിർപ്പും മാറി. മക്കളായ ഡോ. വിഷ്ണു, വിവേക് എന്നിവരെ മാമോദിസ മുക്കിയതുമില്ല.
എം.എൽ.എ സീറ്റ് ലഭിക്കും എന്ന് ഉറച്ച് വിശ്വസിച്ചിരിക്കുമ്പോളാണ് 1990ൽ ഇടുക്കി ജില്ലാ കൗൺസിൽ വാത്തിക്കുടി ഡിവിഷനിൽ മത്സരിക്കാൻ പി.ടിയോട് പാർട്ടി ആവശ്യപ്പെടുന്നത്. കേരള കോൺഗ്രസിന്‍റെ വിമത സ്ഥാനാർഥി ഉണ്ടായിരുന്നിട്ടും ജയിച്ചു. രണ്ടുതവണ ജയിച്ച റോസമ്മ ചാക്കോ മാറിയപ്പോൾ '91ൽ ഇടുക്കി മണ്ഡലം പി.ടിക്ക് കിട്ടുമെന്നാണ് കരുതിയത്. എന്നാൽ കരുണാകരന്‍റെ ഇടപെടൽ മൂലമാകാം, ആ സീറ്റ് കേരള കോൺഗ്രസിന് നൽകി. പി.ജെ. ജോസഫ് മത്സരിക്കുമെന്ന് ഉറപ്പായതിനാൽ ഒരിക്കലും ജയിക്കാൻ പറ്റാത്ത തൊടുപുഴയാണ് പി.ടിക്ക് ലഭിച്ചത്. തീരുമാനമെടുത്ത ദിവസം പുലർച്ചെ തിരുവനന്തപുരം ഗസ്റ്റ്ഹൗസിൽ വെച്ച് ഉമ്മൻ ചാണ്ടി, ആൻറണി, വയലാർ രവി എന്നിവർ പി.ടിയോട് പറഞ്ഞത് '5000 വോട്ടിന് തോറ്റാലും നേട്ടമാണ്' എന്നാണ്. പക്ഷേ, അവിടെ പി.ജെക്ക് പകരം പി.സി. ജോസഫ് മത്സരിച്ചതിനാൽ പി.ടി ജയിച്ചു.
'96ൽ പി.ടി പി.ജെ. ജോസഫിനോട് തോറ്റു. 'അന്ന് വോട്ടെണ്ണൽ തീരുക പുലർച്ചെയൊക്കെയാണ്. രാത്രി രണ്ട് മണിക്ക് തന്നെ തോൽവി ഉറപ്പിച്ചു. അന്നുമിന്നും വോട്ടെണ്ണൽ മുഴുവൻ കഴിഞ്ഞ് ഒപ്പിട്ട് കൊടുത്തിട്ടേ ഞാൻ കൗണ്ടിങ് സ്റ്റേഷൻ വിടൂ. അന്ന് പുറത്ത് ആൾക്കൂട്ടമുണ്ട്, ആക്രമിക്കാൻ സാധ്യതയുണ്ടെന്നൊക്കെ പൊലീസ് രഹസ്യവിവരം നൽകി. പിന്നിലൂടെ രക്ഷപ്പെടാൻ വഴിയൊരുക്കാമെന്നാണ് പൊലീസ് പറഞ്ഞത്. ഞാൻ സമ്മതിച്ചില്ല. പി.ജെ. ജോസഫ് ജയിച്ച ആവേശത്തിൽ നിൽക്കുന്ന അയ്യായിരത്തോളം പേരുടെ മുന്നിലൂടെ തന്നെ ഞാൻ നടന്നു. അവർ എന്നെ ചെരുപ്പൂരി അടിച്ചു. മുഖത്ത് കാർക്കിച്ച് തുപ്പി. അര ഫർലോങോളം നിലത്തുനിർത്താതെ വലിച്ചിഴച്ചു. ആ അപമാനം എന്നിൽ വാശി ഉണ്ടാക്കുകയാണ് ചെയ്തത്. പി.ജെ. ജോസഫിനെ തോൽപ്പിച്ചേ തീരൂ എന്ന വാശി'-പി.ടി ആ നാളുകൾ ഓർത്തെടുത്തത് ഇങ്ങനെ.
വേറെ മണ്ഡലം നോക്കാൻ സുഹൃത്തുക്കൾ ഉപദേശിച്ചിട്ടും 24 മണിക്കൂറും തൊടുപുഴയിൽ തന്നെ പി.ടി പ്രവർത്തിച്ചു. 2001ലെ തെരഞ്ഞെടുപ്പിൽ അത് ലക്ഷ്യം കണ്ടു. 2006ൽ പി.ജെ. വീണ്ടും തോൽപ്പിച്ചെങ്കിലും ജനിച്ചുവളർന്നിടത്ത് അദ്ദേഹത്തെ തോൽപ്പിക്കാൻ കഴിഞ്ഞത് അഭിമാനനേട്ടമായി പി.ടി എന്നും കരുതിപ്പോന്നു. പി.ജെ.യുമായി പരിധിവിട്ട് വ്യക്തിപരമായ വാശി ആയിരുന്നു പി.ടിക്ക്. എന്നാൽ ജോസഫ് വലതുമുന്നണിയിൽ വന്നപ്പോൾ അദ്ദേഹത്തിന്‍റെ ജയത്തിനായി 100 ശതമാനം ആത്മാർഥതയോടെ പി.ടി പ്രവർത്തിക്കുകയും ചെയ്തു.
സീറ്റ് നിഷേധിക്കപ്പെട്ട നാളുകളിൽ പാർട്ടി ഒറ്റപ്പെടുത്തിയെന്ന് പി.ടിക്ക് തോന്നിയിരുന്നു. പിന്നീടത് മാറുകയും തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറോളം ജില്ലകളിൽ സജീവമാകുകയും ചെയ്തു. 'എന്നെ എത്ര മാറ്റിനിർത്തിയാലും പാർട്ടി വിട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി തുടരുമ്പോഴും എന്‍റെ വിഷയത്തിൽ പാർട്ടിക്ക് തെറ്റുപറ്റിയെന്ന് തന്നെ വിശ്വസിക്കുന്നു. ഉമ്മൻചാണ്ടിയും സുധീരനുമെല്ലാം എടുത്ത നിലപാടിൽ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. ആൻറണിയടക്കമുള്ള നേതാക്കൾ വ്യക്തിപരമായി എന്‍റെ നിലപാടാണ് ശരിയെന്ന് പറഞ്ഞിട്ടുണ്ട്. പൊതുസമൂഹത്തിൽ അവർ എന്നെ എത്രമാത്രം അനുകൂലിച്ചു എന്ന് അറിയില്ല' -ആ നാളുകളിൽ പി.ടി പറഞ്ഞത് ഇതാണ്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയസാധ്യത ഇല്ലാത്ത മണ്ഡലം ആണെങ്കിൽ പോലും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തൃക്കാക്കരയിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്ത് പി.ടി നിലപാടുകൾ വിജയിക്കുമെന്ന് തെളിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.