വി. ഉമ്മർകോയ ഹാജി-നാടിന് നഷ്ടമായത് സൗമ്യ സേവകനെ

മുക്കം: വി. ഉമ്മർകോയ ഹാജിയുടെ വിയോഗം വിദ്യാഭ്യാസ -മത-അനാഥ സംരക്ഷണ മേഖലക്ക് തീരാനഷ്ടം. സൗമ്യനും നിസ്വാർഥനുമായ സേവകനെയാണ് നാടിന് നഷ്ടമായത്. മുക്കം മുസ്‍ലിം ഓർഫനേജ് സ്ഥാപകനും സഹോദരനുമായ മൊയ്തീൻകോയ ഹാജിയുടെ നിര്യാണത്തിനു ശേഷം ഉമ്മർകോയ ഹാജി, സഹോദരന്റെ പാതയിൽ മുന്നേറുകയായിരുന്നു. അനാഥശാല മാനേജിങ് കമ്മിറ്റി പ്രസിഡന്റും നിരവധി മത- വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായിരുന്നു അദ്ദേഹം.

മുക്കത്തെ പ്രശസ്തമായ വയലിൽ കുടുംബത്തിൽ പരേതനായ വി. ബീരാൻ കുട്ടി ഹാജിയുടെ മൂന്നാമത്തെ മകനായി ജനിച്ച ഉമ്മർ കോയ ഹാജി ചെറുപ്പം മുതലേ പൊതുരംഗത്ത് സജീവമായിരുന്നു. മുക്കം പ്രദേശത്തെ ആദ്യകാല ബിരുദ പഠിതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. മെമ്പർഷിപ് അടിസ്ഥാനത്തിൽ രൂപവത്കരിക്കപ്പെട്ട പ്രഥമ കാരശ്ശേരി പഞ്ചായത്ത് മുസ്‍ലിം ലീഗ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായിരുന്നു. പഞ്ചായത്ത് മുസ്‍ലിം ലീഗിന്റെ സെക്രട്ടറി, പ്രസിഡന്റ് പദവികളിൽ പ്രവർത്തിച്ച അദ്ദേഹം തിരുവമ്പാടി നിയോജക മണ്ഡലം മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റയും സേവനമനുഷ്ടിച്ചു.

മുരിങ്ങാം പുറായി മഹല്ല് കമ്മിറ്റി പ്രസിഡൻറ്, മുക്കം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ, ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളജ് മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ്, ചേന്ദമംഗല്ലൂർ ഇഖാമത്ത് കമ്മിറ്റി മെംബർ തുടങ്ങി നിരവധി പദവികൾ വഹിച്ച ഹാജി, മത - രാഷ്ട്രീയ - വിദ്യാഭ്യാസ രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു.

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഞായറാഴ്ച വൈകീട്ട് നാലരയോടെ തണ്ണീർ പൊയിൽ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ നജീബ് കാന്തപുരം, ലിന്റോ ജോസഫ്, ഡി.സി.സി പ്രസിഡൻറ് അഡ്വ. പ്രവീൺകുമാർ, സമസ്ത നേതാക്കളായ കെ. ഉമർ ഫൈസി, കെ. മോയിൻകുട്ടി, മുൻ എം.എൽ.എ വി.എം. ഉമർ, സി.പി. കുഞ്ഞിമുഹമ്മദ്, അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി. കുഞ്ഞാലി തുടങ്ങി നനാതുറയിൽപെട്ട നിരവധി പേർ വീട്ടിലെത്തി അനുശോചനമറിയിച്ചു. 

അനുശോചിച്ചു

മുക്കം: മുക്കം അനാഥ ശാല പ്രസിഡൻറ് വി. ഉമ്മർകോയ ഹാജിയുടെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കെ. കോയ അധ്യക്ഷത വഹിച്ചു. ഇ.പി. അജിത്ത്, കുഞ്ഞാലി മമ്പാട്ട്, സി.പി. ചെറിയ മുഹമ്മദ്, വി.എൻ. ജംനാസ്,സി.കെ. കാസിം, ചാലുളി അബൂബക്കർ ,പി.എം. തോമസ്, പി. കൃഷ്ണകുമാർ, കെ. ഷാജികുമാർ, മുജീബ് മാസ്റ്റർ, യൂനുസ് മാസ്റ്റർ, കണ്ടൻ പട്ടർ ചോല, ആലിക്കുഞ്ഞി ഫൈസി, എന്നിവർ സംസാരിച്ചു.

മുക്കം: മുക്കം എജുക്കേഷൻ സൊസൈറ്റി സെക്രട്ടറിയായിരുന്ന വി. ഉമ്മർകോയ ഹാജിയുടെ നിര്യാണത്തിൽ സൊസൈറ്റി യോഗം അനുശോചിച്ചു. പ്രസിഡൻറ് എ.എൽ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.കെ. അബ്ദുറഹിമാൻ, കൊറ്റങ്ങൽ സുരേഷ് ബാബു, പെരുമ്പടപ്പിൽ വിജയൻ, പാലക്കടവത്ത് ധർമരാജൻ, മോഹൻരാജ്, പ്രവീൺ രാജ്, വി. മോയി എന്നിവർ സംസാരിച്ചു.

Tags:    
News Summary - remembering mukkam muslim orphanage managing committee president V Ummerkoya Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.