കരുനാഗപ്പള്ളി: തെക്കടത്ത് ഷാഹുൽ ഹമീദ് എന്ന ഷാ വൈദ്യൻ വിടവാങ്ങിയതോടെ ഓർമയായത് നാട്ടുചികിത്സാ രംഗത്തെ ഒരു കണ്ണികൂടി. കേരളത്തിന് അകത്തും പുറത്തും നിരവധി മാറാരോഗങ്ങൾ ചികിത്സിച്ച് ഭേദപ്പെടുത്തിയ നാട്ടുചികിത്സാവിധിയുടെ പഴയ തലമുറയിലെ പിന്തുടർച്ചയായിരുന്നു. മരുന്നുകൾക്ക് പരസ്യങ്ങളോ അമിതവിലയോ ഇല്ലാതെ സേവനസന്നദ്ധതയോടെയാണ് അദ്ദേഹം കൈവശമുള്ള ചികിത്സയും മരുന്നും നൽകിയിരുന്നത്.
കരുനാഗപ്പള്ളിയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ സാന്നിധ്യമായിരുന്ന തെക്കടത്ത് ഷാഹുൽ ഹാമിദ് എന്ന ഷാ വൈദ്യർ ഏറെക്കാലം ടൗണിൽ ഫാൻസി സ്ഥാപനവും നടത്തിയിരുന്നു. സോറിയാസിസ് എന്ന ചർമരോഗത്തിന് ഒറ്റമൂലിയായ 'സോറോ സോൺ' എന്ന മരുന്ന് അദ്ദേഹം സ്വന്തമായി നിർമിച്ച് വിപണനം നടത്തിവന്നിരുന്നു. പ്രമുഖ ത്വക്ക്രോഗ വിദഗ്ധനായിരുന്ന ഡോ.പി.ടി. പിള്ള ഈ മരുന്ന് രോഗികൾക്ക് ചികിത്സക്കായി നിർദേശിക്കുമായിരുന്നു. നിരവധി പുരസ്കാരങ്ങളും ബഹുമതിയും ഷാ വൈദ്യരെ തേടിയെത്തിയിട്ടുണ്ട്.
2018 ലെ ജൈവ വൈവിദ്യ ബോർഡിന്റെ നാട്ടുവൈദ്യ ചികിത്സാരംഗത്തെ മികവിനുള്ള അവാർഡിന് അദ്ദേഹം അർഹനായി. പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള നാട്ടുമരുന്ന് കണ്ടുപിടിച്ച് ജവഹർലാൽ ബൊട്ടാണിക്കൽ റിസർച്ച് സെന്ററിലെ ശാസ്ത്രജ്ഞരുമായി ഗവേഷണം നടത്തി. കഴിഞ്ഞ പത്തുവർഷത്തെ നിരവധി പരീക്ഷണങ്ങൾ നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തിൽ പേറ്റന്റിനായി സമർപ്പിച്ചു.
പേറ്റന്റ് സെലക്ഷൻ ലഭിച്ചതിന്റെ പ്രിലിമിനറി നോട്ടീസ് ലഭിച്ച സാഹചര്യത്തിലാണ് അദ്ദേഹം പെട്ടെന്ന് രോഗ ബാധിതനായത്. രണ്ടുമാസമായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചയായിരുന്നു അന്ത്യം. ഓഷധച്ചെടികൾ ശേഖരിക്കുന്നതിനായി ഹിമാലയസാനുക്കൾ ഉൾപ്പെടെ നിരവധി വനയാത്രകൾ നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.