തൊടുപുഴ: തൊടുപുഴയാർ പോലെ രാഷ്ട്രീയജീവിതം കലങ്ങിയും തെളിഞ്ഞും ഒഴുകിയപ്പോഴും ശാന്തയായി കൂടെ നിന്ന ഭാര്യ ശാന്തയാണ് തന്റെ ബലമെന്ന് പി.ജെ. ജോസഫ് പലതവണ പറഞ്ഞിട്ടുണ്ട്. അരനൂറ്റാണ്ടത്തെ ദാമ്പത്യത്തിനൊടുവിൽ പ്രിയതമ വിടപറയുമ്പോൾ കേരള രാഷ്ട്രീയത്തിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫിന്റെ മനസ്സിൽ ഓർമകളുടെ കടലിരമ്പുന്നുണ്ടാകണം.
പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ 1971 സെപ്റ്റംബർ 15നാണ് ശാന്തയെ ജോസഫ് മിന്നുകെട്ടിയത്. സഹോദരിയുടെ കൂട്ടുകാരിയായി പുറപ്പുഴയിലെ വീട്ടിലെത്തിയ ശാന്തയുമായുള്ള സൗഹൃദം പിന്നീട് പ്രണയത്തിലും തുടർന്ന് വിവാഹത്തിലുമാണ് കലാശിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ജോസഫിന്റെ മൂത്ത സഹോദരി ത്രേസ്യാമ്മയുടെ ജൂനിയർ ആയാണ് ശാന്ത പഠിച്ചത്. പുറപ്പുഴയിൽ ഡോക്ടറായി വന്നപ്പോൾ ശാന്തക്ക് ത്രേസ്യാമ്മ സ്വന്തം വീട്ടിൽ താമസസൗകര്യം ഒരുക്കി. അന്ന് എം.എ കഴിഞ്ഞ് പൊതുപ്രവർത്തനവും കൃഷിയുമൊക്കെയായി നടക്കുകയാണ് ജോസഫ്. പുതിയ അതിഥി വന്നതൊന്നും അറിയാതെ ഒരുദിവസം വീട്ടിലേക്കെത്തുമ്പോൾ മുറ്റത്ത് ഒരു പെൺകുട്ടി നിൽക്കുന്നു. പറമ്പിൽനിന്ന് പെറുക്കിയെടുത്ത മാമ്പഴവും കൈയിലുണ്ട്. അതായിരുന്നു ആദ്യ കൂടിക്കാഴ്ച.
തന്നെ വളരെയധികം സ്വാധീനിച്ച ഒരു കത്തിനെക്കുറിച്ചും ഒരിക്കൽ പി.ജെ പറഞ്ഞിട്ടുണ്ട്. അതെഴുതിയതും ശാന്തയായിരുന്നു. ഇരുവരും പ്രണയത്തിലായിരിക്കെയാണ് ജോസഫിന് തൊടുപുഴയിൽ മത്സരിക്കാൻ അവസരം വരുന്നത്. പ്രചാരണം തുടങ്ങാനിരിക്കെ ശാന്തയുടെ കത്തെത്തി. ‘രാഷ്ട്രീയത്തിൽ ഇറങ്ങരുത്, എനിക്കതിൽ താൽപര്യമില്ലെ’ന്നായിരുന്നു ഉള്ളടക്കം. അപ്പോഴേക്കും ഒരുക്കം ഒരുപാടായിരുന്നു. ഒരുമാസത്തിനകം ജോസഫ് തൊടുപുഴയുടെ എം.എൽ.എയുമായി. ഒരുപാട് പറഞ്ഞാണ് ശാന്തയുടെ മനസ്സ് മാറ്റിയെടുത്തത്. ഒടുവിൽ കുടുംബകാര്യത്തിൽ രാഷ്ട്രീയം തടസ്സമാകില്ലെന്ന് വാക്ക് നൽകി. എക്കാലവും അത് പാലിച്ചിരുന്നെന്നും ജോസഫ് ഒരിക്കൽ മനസ്സു തുറന്നു.
‘എല്ലാം ദൈവാനുഗ്രഹം’- ദാമ്പത്യവിജയത്തിന്റെ രഹസ്യത്തെക്കുറിച്ച് 50ാം വിവാഹ വാർഷിക വേളയിൽ ഇരുവരും ചിരിച്ചുകൊണ്ട് പറഞ്ഞതിതാണ്. ആരോഗ്യ വകുപ്പ് അഡീഷനൽ ഡയറക്ടറായാണ് ഡോ. ശാന്ത വിരമിച്ചത്. ദാമ്പത്യജീവിതത്തിൽ ഒരിക്കൽപോലും ജോസഫ് ദേഷ്യപ്പെട്ടിട്ടില്ലെന്ന ശാന്തയുടെയും ഏത് കാര്യത്തെയും ചിരിച്ചുകൊണ്ട് കൈകാര്യം ചെയ്യുന്ന ആളാണ് ശാന്തയെന്ന ജോസഫിന്റെയും വാക്കുകൾ ആ ബന്ധത്തിലെ പിളർപ്പില്ലാത്ത രാഷ്ട്രീയത്തിന്റെ അടയാളമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.