അടൂര്‍: അശരണരുടെയും ആലംബഹീനരുടെയും അമ്മക്ക് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്കി.
സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകയും അടൂര്‍ മഹാത്മ ജനസേവന കേന്ദ്രം വൈസ് ചെയര്‍ പേഴ്സനുമായ പത്തനംതിട്ട മൈലാടുപാറ ഉപാസനയില്‍ എന്‍. പ്രിയദര്‍ശന (76)ക്കാണ് മഹാത്മ കുടുംബവും നാനാതുറകളിലുള്ളവരും ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
പത്തനംതിട്ട നഗരസഭ ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ച ശേഷം പ്രിയദര്‍ശന തന്റെ ജീവിതം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുകയായിരുന്നു.
സമീപ പ്രദേശത്ത് അംഗന്‍വാടി ഇല്ലാതിരുന്ന കാലഘട്ടത്തില്‍ സ്വന്തം സ്ഥലം സര്‍ക്കാരിന് വിട്ടുകൊടുത്ത് അംഗന്‍വാടി സ്ഥാപിച്ചു. 30 സെന്റ് വസ്തു മഹാത്മ ജനസേവന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ദാനം ചെയ്തു. ജനസേവന കേന്ദ്രത്തില്‍ അഗതികള്‍ക്കൊപ്പം താമസിച്ച് അവരെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്ത് വരികയായിരുന്നു.
കരള്‍ സംബന്ധമായ രോഗത്തിന് ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച പുലര്‍ച്ചെ 3.50 നാണ് മരിച്ചത്.
ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ 10 വരെ അടൂര്‍ മഹാത്മയില്‍ പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം 11ന് മഹാത്മ ചെയര്മാന് രാജേഷ് തിരുവല്ല, പ്രയദര്ശനയുടെ മക്കള്‍ രേഖ, റെനു, മരുമകന് മധു എന്നിവരുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൈലാടുപാറയിലെ വസതിയിലെത്തിച്ചു. വൈകിട്ട് നാലിന് മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു.
അനുശോചന യോഗത്തിൽ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, അടൂർ നഗരസഭ അധ്യക്ഷൻ ഡി.സജി, സി.പി.ഐ ജില്ല സെക്രട്ടറി എ.പി ജയന്, സി.പി.എം ജില്ല സെക്രട്ടറിയേറ്റംഗം പി.ബി. ഹര്‍ഷകുമാര്‍, അടൂരിലെ യു.ഡി. എഫ് സ്ഥാനാർഥി എം.ജി. കണ്ണൻ, മാധ്യമ പ്രവർത്തകരായ അന്‍വര്‍ എം. സാദത്ത്, സി.വി.ചന്ദ്രൻ, അടൂര്‍ പ്രദീപ് കുമാർ, പൊതുപ്രവർത്തകരായ അഡ്വ. ബിജു വര്‍ഗീസ്, സുരേഷ് ബാബു, ടി.ഡി.മുരളീധരൻ, ജനമൈത്രി പൊലീസ് സി.പി.ഒ അനുരാഗ് മുരളീധരന്, മഹാത്മ സ്റ്റാഫ് സെക്രട്ടറി മഞ്ജു ഷ വിനോദ് കോഓഡിനേറ്റിങ്ങ് സെക്രട്ടറി പ്രസന്ന, പ്രവർത്തകരായ രാജേന്ദ്രക്കുറുപ്പ്, ഷീബ അനില്‍, പ്രിയ തുളസീധരന്‍, അഞ്ജന, ബെഞ്ചമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.