തുറവൂർ: പൊന്നാംവെളിയിൽ പഞ്ചറായ പിക്അപ് വാനിന്റെ ടയർ മാറ്റുന്നതിന് ഡ്രൈവറെ സഹായിക്കാനെത്തി മരണം കൂട്ടിക്കൊണ്ടുപോയ മോഴികാട്ട് നികർത്തിൽ വാസുദേവന്റെ വേർപാട് നാടിന് നൊമ്പരമായി.
പിക്അപ് വാൻ ഡ്രൈവർ ബിജു ഒറ്റക്ക് ടയർ മാറുന്നതിന്റെ പ്രയാസം മനസ്സിലാക്കിയാണ് റോഡരികിലേക്ക് സൈക്കിൾ മാറ്റിവെച്ച് ഒപ്പം ചേർന്നത്. ഇതിന് പിന്നാലെയാണ് സിമന്റ് ബ്രിക്സ് കയറ്റിവന്ന ലോറി ഇരുവരുടെയും ജീവനെടുത്തത്.
വാൻ ഡ്രൈവർ കാലടി സ്വദേശി ബിജുവിന്റെയും (47) സഹായിയായി ഒപ്പംചേർന്ന വാസുദേവന്റെയും (54) മരണവാർത്ത കേട്ടാണ് നാടുണർന്നത്. തുറവൂർ ക്ഷേത്രദർശനത്തിന് പുലർച്ച പതിവായി സ്വന്തം സൈക്കിളിൽ പോവാറുണ്ട് വാസുദേവൻ. ഇത് പഞ്ചറായതോടെ അയൽവാസി സജീവന്റെ സൈക്കിൾ വാങ്ങിയായിരുന്നു ഇന്നലത്തെ യാത്ര. അത് അവസാനയാത്രയാണെന്ന് ആരും കരുതിയില്ല.
നാട്ടുകാർക്ക് പ്രിയങ്കരനായ കാർപെന്റർ തൊഴിലാളിയാണ്. ജീവിതവും മാതൃകാപരം. തന്റെ ജോലിക്കുപോലും ന്യായമായ വേതനമാണ് വാങ്ങിയിരുന്നത്. ഇതിനൊപ്പം സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ് സഹായിക്കാൻ എപ്പോഴും മുന്നിലുണ്ടാകും. സമയം നോക്കാതെ ജോലി പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങുന്നത്.
ആരെയും സഹായിക്കുകയെന്ന മനഃസ്ഥിതിയാണ്. പുലർച്ച ഒറ്റക്ക് ടയർ മാറുന്ന ഡ്രൈവറിന്റെ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞാണ് സഹായഹസ്തം നീട്ടിയത്. ആ കരങ്ങൾ ഇനി കൂടെയില്ലെന്നതിന്റെ വേദനയിലാണ് കുടുംബം. നാട്ടുകാർക്കും അയൽവാസികൾക്കും ഈ ദുഃഖം താങ്ങാവുന്നതിലും അപ്പുറമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.