കോഴിക്കോട്: എഴുത്തിലും ചിന്തയിലും പുതുമയുടെ യൗവനം കാത്തുസൂക്ഷിച്ച പ്രമുഖ സാഹിത്യ നിരൂപകൻ പ്രഫ. വി. സുകുമാരന്‍ (85) അന്തരിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ ഷൊർണൂരിനടുത്ത വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. വിശ്രമത്തിനായി വ്യാഴാഴ്‌ചയാണ് ഷൊർണൂർ കൈലിയാടുള്ള സഹോദരെൻറ വീട്ടിലെത്തിയത്. ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് ഗിരിനഗറിലെ സുരഭിയിലായിരുന്നു താമസം.
മലയാള സാഹിത്യ നിരൂപണത്തില്‍ ലളിതവും ഹൃദ്യവുമായ ഭാഷയില്‍ നര്‍മം കലര്‍ത്തിയുള്ള ഇദ്ദേഹത്തിെൻറ നിരൂപണങ്ങള്‍ക്ക് വായനക്കാര്‍ ഏറെയാണ്. ലോകസാഹിത്യത്തിലും പാരമ്പര്യ വിജ്ഞാനത്തിലുമുള്ള അറിവും ശ്രദ്ധേയമാണ്. 1936 സെപ്റ്റംബർ 30ന് മദ്രാസിലാണ് ജനനം. പാലക്കാട് ആലത്തൂരിലാണ് ഹൈസ്കൂള്‍ പഠനം. മദ്രാസ്, കേരള സര്‍വകലാശാലകളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം. 1960ല്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജില്‍ അധ്യാപകനായി. പിന്നീട് തൃശൂര്‍ കേരളവര്‍മ കോളജിലേക്ക് മാറി. പിന്നീട് കേന്ദ്ര സര്‍വിസിലേക്ക് മാറിയ ഇദ്ദേഹം 1996ല്‍ വിരമിച്ച ശേഷമാണ് ശ്രദ്ധേയ രചനകളെല്ലാം പുറത്തുവന്നത്.
നാലുപതിറ്റാണ്ട് ഇന്ത്യക്കകത്തും വിദേശ സര്‍വകലാശാലകളിലും ഇംഗ്ലീഷ് ഭാഷയും സാഹിത്യവും പഠിപ്പിച്ചു.
ഇംഗ്ലീഷിലും മലയാളത്തിലുമായി പുസ്തക നിരൂപണങ്ങള്‍ നടത്തിയ സുകുമാരന്‍ ഇരുപതോളം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം, നവസിദ്ധാന്തങ്ങള്‍, സ്ത്രീ: എഴുത്തും വിമോചനവും, വാക്കിെൻറ വജ്രസൂചി എന്നിവയാണ് പ്രധാന കൃതികള്‍. 2006ല്‍ സാഹിത്യ നിരൂപണത്തിനുള്ള ശക്തി തായാട്ട് അവാര്‍ഡ് നേടി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.
പാലക്കാട് സ്വദേശി എം.പി. നാരായണന്‍ നായരുടെയും വാവുള്ളിപ്പതി കല്യാണി അമ്മയുടെയും മകനാണ്. ചെറുകഥാകൃത്ത് പരേതയായ കുമുദം സുകുമാരനാണ് ഭാര്യ. മക്കള്‍: ഡോ. അജിത് സുകുമാരൻ (യു.കെ), അനൂപ് സുകുമാരൻ (ബാങ്കോക്ക്). മരുമക്കൾ: ഡോ. രജിത (യു.കെ), ദീപ (ബാങ്കോക്ക്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.