പുന്നയൂർക്കുളം (തൃശൂർ): ഓഡിറ്റ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട ഫയൽ നൽകാനാവാത്തതിന്‍റെ മാനസിക സമർദത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ചു. അടാട്ട് പഞ്ചായത്ത് അസി. സെക്രട്ടറിയും ആറ്റുപുറം പരേതനായ ചിറ്റഴി പത്മനാഭൻ നായരുടെ മകനുമായ സുരേഷ് ബാബുവാണ് (56) മരിച്ചത്.
ആറ് മാസം മുമ്പാണ് ഇദ്ദേഹം ദീർഘകാലമായി സേവനമനുഷ്ടിച്ചിരുന്ന പുന്നയൂരിൽ നിന്ന് അടാട്ട് പഞ്ചായത്തിലേക്ക് മാറിയത്. തദ്ദേശ ഭരണ വകുപ്പിലെ ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏതാനും ദിവസങ്ങളായി പുന്നയൂർ പഞ്ചായത്തിൽ സുരേഷ് ബാബു ഉണ്ടായിരുന്ന കാലത്തെ ഓഡിറ്റ് നടക്കുകയായിരുന്നു.
സുരേഷ് ബാബു കൈകാര്യം ചെയ്ത മൂന്ന് ഫയലുകൾ കാണാതായതുമായി ബന്ധപ്പെട്ട് ഓഡിറ്റ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് മെമ്മോ അയച്ചിരുന്നു. വ്യാഴാഴ്ച രാവിലെ 11ഓടെ എത്തിച്ചുതരാമെന്ന് സുരേഷ് ബാബു മറുപടി നൽകുകയും ചെയ്തു. പറഞ്ഞ സമയത്ത് സുരേഷ് എത്താത്തതിനാൽ വിളിച്ചിട്ട് കിട്ടാതായതിനെ തുടർന്ന് ഒന്നരയോടെ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പരിസരവാസികൾക്കൊപ്പം വീടിന്‍റെ പിൻഭാഗത്ത് ചെന്ന് നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.
ഇദ്ദേഹത്തിന്‍റെ പോക്കറ്റിൽനിന്ന് ലഭിച്ച കുറിപ്പിൽ മരണത്തെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. അടുത്ത മാസം വിരമിക്കാനിരിക്കേയാണ് മരണം. വടക്കേക്കാട് പൊലീസെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹം കുന്നംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. ചമ്മന്നൂർ അമൽ സ്കൂൾ അധ്യാപിക ഗീതയാണ് ഭാര്യ. മക്കൾ: സ്വാതി (എം.ബി.എ വിദ്യാർഥി, അങ്കമാലി), ശ്വേത (വിദ്യാർഥി, ഡൽഹി യൂനിവേഴ്സിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.