മുളങ്കുന്നത്തുകാവ് (തൃശൂർ): കോവിഡ് ബാധിച്ചതിനെ തുടർന്ന് വീട്ടിൽ കഴിയുകയായിരുന്ന ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മുളങ്കുന്നത്തുകാവ് കോഞ്ചേരി റോഡിൽ താമസിക്കുന്ന പണ്ടാരിപ്പറമ്പിൽ വീട്ടിൽ പരേതനായ രമേഷ് പണ്ടാരിയുടെ മകൻ ഗണേശൻ (57), ഭാര്യ സുമതി (53) എന്നിവരെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ 8.45 ഓടെയാണ് ഗണേശനെ കിടപ്പുമുറിയിലെ കട്ടിലിലും സുമതിയെ കുളിമുറിയിലും മരിച്ചു കിടക്കുന്നതായി കണ്ടത്. വീട്ടിൽ ഇവരുടെ മകൾ ഋതു (28), ഒരാഴ്ച പ്രായമുള്ള കുട്ടി, സുമതിയുടെ അമ്മ സുശീല (77) എന്നിവരും ഉണ്ടായിരുന്നു. ഗണേശനും ഋതുവിനും സുശീലക്കും ഏപ്രിൽ 30നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഋതുവിനെ പ്രസവത്തിനായി ഏപ്രിൽ 28 ന് മുളങ്കുന്നത്ത്കാവിലെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കോവിഡ് ടെസ്റ്റ് നടത്തിയത്. പ്രസവ ശേഷം ഇവർ വീട്ടിൽ എത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ഹോം ക്യാറന്‍റീനിൽ കഴിയുകയായിരുന്നു. സുമതിക്ക് കോവിഡിന്‍റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും പരിശോധന നടത്തിയിരുന്നില്ല.
കോവിഡ് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച ഇവരുടെ വീട്ടിൽ എത്തിയ ആശവർക്കർ ശാരി സുഖ വിവരം തിരക്കിയിരുന്നു. കാര്യമായ ബുദ്ധിമുട്ട് ഒന്നും ഇല്ല എന്നാണ് അറിയിച്ചത്. ഗണേശന്‍റെയും സുമതിയുടെയും മരണത്തെ തുടർന്ന് കുടുംബാംഗങ്ങളെ കില കോവിഡ് സെന്‍ററിലേക്ക് മാറ്റി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസും ആരോഗ്യ പ്രവർത്തകരും മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.