ചെറുതുരുത്തി: നെടുമ്പുര സ്വദേശിയായ യുവാവിനെ ഖത്തറിലെ ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലിക്കപ്പറമ്പിൽ അബുവിന്‍റെ മകൻ അബൂ ത്വാഹിർ (26) ആണ് മരിച്ചത്. ദോഹയിൽ ഷെറാട്ടൻ ഹോട്ടലിന്‍റെ പരിസരത്തെ ബീച്ചിലാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു.
പേഴ്സ്, മൊബൈൽ ഫോൺ തുടങ്ങിയവ കൈവശം ഉണ്ടായിരുന്നു. സാധാരണ ബീച്ച് സന്ദർശകർ കുളിക്കാറില്ലാത്ത പ്രദേശമാണിതെന്ന് പൊലീസ് പറയുന്നു. മരണം ഷോക്കേറ്റാകാനുള്ള സാധ്യതയും കാണുന്നുണ്ട്.
മരണം സംബന്ധിച്ച് അന്വേഷണം നടന്ന് വരികയാണ്. വെള്ളത്തിൽ വീണ് കേടായ ഫോണിലെ വിവരങ്ങൾ ശേഖരിച്ചാൽ അന്വേഷണത്തിന് പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂ.
ഒരു ദിവസം മുമ്പ് റൂമിൽ നിന്നും പോയതാണെന്ന് കൂടെ താമസിക്കുന്നവർ പറഞ്ഞു. ബീച്ചിൽ പോകുമ്പോൾ ഉപയോഗിക്കുന്ന വസ്ത്രം കരുതിയിരുന്നതായും പറയുന്നുണ്ട്.അവിവാഹിതനായ യുവാവ് ഏതാനും വർഷങ്ങളായി ഖത്തറിലുണ്ട്. സ്വകാര്യ എ.സി കമ്പനിയിലായിരുന്നു ജോലി. സഹോദരൻ സദഖത്തൂള്ള ഖത്തറിൽ തന്നെയുണ്ട്.
കോവിഡ് കാരണം വിമാന സർവീസുകൾക്ക് നിയന്ത്രണമുള്ളതിനാൽ ഖത്തറിൽ തന്നെ കബറടക്കാനാണ് സാധ്യതയെന്ന് ബന്ധുകൾ സൂചിപ്പിച്ചു. മാതാവ്: സുലൈഖ. സഹോദരങ്ങൾ: ജാഫർ, ഹസീന, റാബിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.