Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightദുരന്ത മേഖലകളിൽ...

ദുരന്ത മേഖലകളിൽ കാരുണ്യം കുത്തിയൊലിക്കും; വെറും യൂത്തന്മാരല്ല ഈ ‘യൂത്ത്​ അലൈവ്​’

text_fields
bookmark_border
ദുരന്ത മേഖലകളിൽ കാരുണ്യം കുത്തിയൊലിക്കും; വെറും യൂത്തന്മാരല്ല ഈ ‘യൂത്ത്​ അലൈവ്​’
cancel
camera_alt

വയനാട്ടിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കെത്തിയ യൂത്ത്​ അലൈവ്​ അംഗങ്ങൾ

മലപ്പുറം: വയനാട്ടിലെ മഹാദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും കൈമെയ്​ മറന്ന്​ മുന്നോട്ടുവന്ന അദ്ഭുത മനുഷ്യരെ നമ്മൾ കൺചിമ്മാതെ കണ്ടിരുന്നില്ലേ... ഒരു പ്രതിഫലവും ആഗ്രഹിക്കാതെ നാനാഭാഗത്തു​ നിന്ന്​ കുത്തിയൊലിച്ച്​ സ്​നേഹം അണപൊട്ടി ഒഴുക്കിയ മഹാ മനുഷ്യരാണവർ. ആ കൂട്ടത്തിൽ എന്നും മുമ്പേനിന്നു നയിക്കുന്നവരാണ്​ മലപ്പുറം ജില്ലക്കാരും. വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിലും ഈ നാട്ടിലെ ഒരു കൂട്ടം മനുഷ്യർക്ക്​ തങ്ങളുടെ വീടുകളിൽ സേഫായി ഇരിക്കാൻ മനസനുവദിച്ചില്ല. അതിന്​ ​ചെറിയൊരു ഉദാഹരണമാണ്​ മലപ്പുറം പുളിക്കൽ കേന്ദ്രീകരിച്ച്​ തുടങ്ങിയ ‘യൂത്ത്​ അലൈവ് കേരള​’ എന്ന കൂട്ടായ്മയും.

വയനാട്ടിലെയും ചാലിയാറിലെയും രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ഇവരുടെ പങ്ക്​ ചെറുതായിരുന്നില്ല. ദുരന്തം നാടറിഞ്ഞ ഉടനെ അവി​ടെ എന്തു സഹായ​മെത്തിക്കാൻ സാധിക്കുമെന്ന്​ കൺതുറന്നിരിക്കുകയായിരുന്നു യൂത്ത്​ അലൈവിലെ ഒരു കൂട്ടം യുവാക്കൾ. നാട്ടിൽ ശക്തമായ ഒരു കാ​റ്റോ മഴയോ വന്നാൽ ഈ സംഘത്തിന്​ ഉറക്കമുണ്ടാവാറില്ല. അർധരാത്രി വരെ നാടിന്​ കാവലായി ഇരിക്കാൻ തയാറായ സന്ദേശങ്ങളാവും യൂത്ത്​ അലൈവ്​ വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളിൽ നിറയുക. പതിവ്​ പോലെ വയനാട്​ ദുരന്തത്തിലും തങ്ങളുടെ 75 അംഗ വളണ്ടിയർമാരെ മുണ്ടക്കൈ, ചൂരൽമല ഭാഗത്തേക്ക്​ ഇവർ പറഞ്ഞയച്ചിരുന്നു. രക്ഷാപ്രവർത്തനത്തിന്​ ആവശ്യമായ എല്ലാ ടൂളുകളും വാഹനങ്ങളും വൈവിധ്യമായ മേഖലകളിൽ ജോലി ചെയ്യുന്നവരെയെല്ലാം ഒരുമിച്ച്​ കൂട്ടിയായിരുന്നു ഈ സംഘം ചുരം കയറിയത്​. മൃതദേഹങ്ങൾ കണ്ടെത്താനുള്ള തെർമൽ സ്കാനർ പോലുള്ള ആധുനിക ഉപകരണങ്ങളടക്കമായിരുന്നു സംഘത്തിന്റെ യാത്ര.

ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, ബിസിനസുകാർ, വിദ്യാർഥികൾ തുടങ്ങി എല്ലാ മേഖലകളിൽ നിന്നുള്ളവരും സജീവമായി രംഗത്തുണ്ടായിരുന്നു. വളണ്ടിയർമാർക്ക്​ താമസ സൗകര്യമൊരുക്കാൻ യൂത്ത്​ അലൈവിന്‍റെ അംഗങ്ങളിൽ ഒരാളുടെ തന്നെ സംരംഭമായ ‘വയനാട്​ കസീറ്റ’യുടെ കീഴിലുള്ള താമസ സ്ഥലങ്ങളും സൗജന്യമായി വിട്ടുനൽകിയിരുന്നു. വയനാട്​ ദുരന്തത്തിൽപ്പെട്ട്​ ക്യാമ്പുകളിലുള്ള ആയിരങ്ങൾക്ക് മരുന്നും വസ്​ത്രവും ഭക്ഷണവുമെല്ലാം എത്തിക്കുന്നവരിൽ യൂത്ത്​ അലൈവും​ ഉണ്ടായിരുന്നു. ഇതിനായി പുളിക്കൽ കേന്ദ്രീകരിച്ച്​ പ്രത്യേക കലക്ഷൻ സെന്‍റർ അടക്കം ആരംഭിച്ചു. ദുരന്തത്തിൽ​ പ്രയാസം അനുഭവിക്കുന്ന കുടുംബങ്ങൾക്കും ഒറ്റപ്പെട്ടവർക്കും താങ്ങായി നിൽക്കാൻ പ്ര​ത്യേക പദ്ധതികൾ ആവിഷ്കരിക്കാനുള്ള പ്രവർത്തനങ്ങളിലാണ്​ കൂട്ടായ്മ. 2018ലെ പ്രളയകാലം മുതൽ​ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ്​​ ‘യൂത്ത്​ അലൈവ്’​.

യൂത്ത് അലൈവ് വളണ്ടിയർമാർ സന്നദ്ധ പ്രവർത്തനത്തിനിടെ

അതിർത്തി കടന്ന സ്​നേഹ പ്രളയം

2018ലെ മഹാപ്രളയകാലത്താണ്​ പുളി​ക്കൽ കേന്ദ്രീകരിച്ച്​ ‘യൂത്ത്​ അലൈവ്​’ എന്ന കൂട്ടായ്മ ആരംഭിച്ചത്​. സ്വന്തം നാട്ടിലെ സേവനങ്ങൾക്ക്​ പുറമെ എറണാകുളം പറവൂർ, ആലുവ മേഖലയിൽ വെള്ളം കയറിയ വീടുകളും അമ്പലങ്ങളും മുസ്​ലീം, ക്രിസ്ത്യൻ പള്ളികളുമെല്ലാം ശുചീകരിച്ച്​ മാതൃക തീർത്തായിരുന്നു തുടക്കം. പ്രളയ ദുരിതാശ്വാസത്തിനായി അന്ന്​ നൂറിലധികം യുവാക്കളാണ്​ ‘മലപ്പുറത്തിന്റെ മക്കൾ എറണാകുളത്തേക്ക്​’ എന്ന​ ബാനറുമായി പുറപ്പെട്ടത്​​. വാട്ടർ ഗൺ, ജനറേറ്റർ, മരംമുറിക്കാർ, ഡോക്ടർമാർ തുടങ്ങി വിവിധ മേഖലകളിൽ കഴിവ്​ തെളിയിച്ചവരുമായാണ്​ സംഘം യാത്ര ചെയ്തത്​. ​​

2018ലെ പ്രളയക്കാലത്ത്​ ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി പോയ യൂത്ത്​ അലൈവ്​ സംഘം

യൂത്ത്​ അലൈവിന്‍റെ വളണ്ടിയേഴ്​സ്​ 300 ലധികം വീടുകളാണ്​ വിവിധ സംഘങ്ങളായി തിരിഞ്ഞ്​ വൃത്തിയാക്കിയത്​. ക്യാമ്പുകളിലുള്ളവർക്ക്​ ഭക്ഷണ സാധനങ്ങളും അവശ്യ വസ്തുക്കൾ എത്തിക്കുന്നതിലും ഇവർ മുന്നിലായിരുന്നു. ഈ പ്രവൃത്തികൾക്കെല്ലാം​​ നന്ദിയെന്നോണം പ്രളയകാലത്തിന്​​ ശേഷം മലങ്കര ഓർത്തഡോക്സ്​ സിറിയൻ ചർച്ച്​ മെത്രോപ്പോലീത്ത ഗീവർഗീസ്​ മാർ യുലിയോസ്​ വെള്ളിയാഴ്ച പുളിക്കൽ ജുമാ മസ്​ജിദിൽ എത്തി നാട്ടുകാർക്ക്​ നന്ദിയർപ്പിച്ചത്​ ഏറെ ശ്ര​ദ്ധ നേടിയിരുന്നു. ജാതിയും മതവും നോക്കാതെ മലപ്പുറത്തെ യുവാക്കൾ ചെയ്ത പ്രവൃത്തികൾ മറക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്​.

കവളപ്പാറയിലും ഒപ്പം

2019ലെ പേമാരി ദുരിതത്തിലും വിവിധ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യൂത്ത്​ അലൈവ്​ സജീവമായി. മലപ്പുറം ജില്ലയിലെ വെള്ളം കയറി ദുരിതത്തിൽപ്പെട്ട വാഴക്കാട്​ അടക്കമുള്ള മേഖലകളിൽ 15ലധികം ബോട്ട്​ സർവീസുകളുമായാണ്​ വളണ്ടിയർമാർ നിസ്വാർഥ സേവനം ചെയ്തത്​. കവളപ്പാറ ദുരന്തത്തിൽ 50 ഹിറ്റാച്ചിയും 15 ജെ.സി.ബിയും നിരവധി ലോറികളുമായാണ്​ സംഘം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചത്​. കൂടാതെ ദുരന്ത മേഖലകളിൽ അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന്​ പ്രത്യേക കലക്ഷൻ സെന്‍റർ തുടങ്ങിയും അന്ന്​ പ്രവർത്തനങ്ങളിൽ സജീവമായി. മതവും രാഷ്ട്രീയവും നോക്കാതെ മനം നിറഞ്ഞാണ്​ ഇവരുടെ പ്രവർത്തനങ്ങൾ. ആളുകളുടെ കൈയടി നേടാനല്ല ദുരിതബാധിതർക്ക്​ എന്നും തണലാവാനാണ്​ ഇവരുടെ ശ്രമം.

പുളിക്കൽ, ചെറുകാവ്​, കൊണ്ടോട്ടി മേഖലകളിലുള്ളവരാണ്​ കൂട്ടായ്മയിൽ ഭൂരിഭാഗവും. മലബാറിലെ വിവിധ ജില്ലകളിൽ നിന്നായി മൂവായിരത്തിലധികം അംഗങ്ങൾ കൂട്ടായ്​മയിലുണ്ട്​. ഇതിൽ നൂറോളം പേർ സജീവ പ്രവർത്തകരാണ്​. ദുരിതാശ്വാസത്തിന്​ പുറമെ പ്രദേശത്തെ സാമൂഹിക സേവനങ്ങളിലെല്ലാം ഇവർ മുന്നിലാണ്​. ഭിന്നശേഷിക്കാരായ കുട്ടികൾക്ക്​ കലാ-കായിക രംഗ​ത്ത്​ നൽകുന്ന സൗജന്യ പരിശീലനം ഇതിൽ ഒരു പ്രവൃത്തി മാത്രം. ഷമീർ പെരിയമ്പലം, ബഷീർ മാസ്റ്റർ, മഹബൂബ് കടവത്ത്, അൻസാരി പെരിയമ്പലം, നൗഷാദ്, ഫസ്‌ലു തേങ്ങാട്ട്, ഹസീബ്, ഒ.കെ മൻസൂർ , അഫ്സൽ ഐക്കരപ്പടി, ജസീം, അലി അക്ബർ തുടങ്ങിവരുടെ ​നേതൃത്വത്തിലാണ്​ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Landslide
News Summary - Youth Alive Organisation Extends Their Helping Hands in Wayanad
Next Story