മതേതരത്വം ഇന്ത്യയുടെ മനോഹാരിത

പേമാരിയും പ്രളയവും ചെന്നൈയില്‍ സൃഷ്ടിച്ച വിനാശങ്ങള്‍ അഭൂതപൂര്‍വമായിരുന്നു. എന്നാല്‍, മാരി വര്‍ഷിക്കാന്‍ തുറന്ന കവാടങ്ങള്‍ ആകാശം അടച്ചുകഴിഞ്ഞപ്പോള്‍ മറ്റൊരു തുറസ്സ് പ്രത്യക്ഷമായി. ജനഹൃദയങ്ങളുടെ വിഹായസ്സായിരുന്നു ദുരിതബാധിതര്‍ക്കായി കലവറകളില്ലാതെ തുറക്കപ്പെട്ടത്.
ദുരന്തത്തോടൊപ്പം സ്നേഹത്തിന്‍െറയും മാനുഷികതയുടെയും ഉത്സാഹജനകമായ വികാരവായ്പ് ടെലിവിഷന്‍ ദൃശ്യങ്ങള്‍ കണ്ടപ്പോഴും ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിച്ചപ്പോഴും ഫേസ്ബുക്കില്‍ പരതിയ നേരങ്ങളിലും ഞാന്‍ അനുഭവിക്കുകയുണ്ടായി. ഒരു ജനകീയ പ്രസ്ഥാനംതന്നെ അവിടെ രൂപംകൊണ്ടതുപോലെ ജനം ഒറ്റക്കെട്ടായി. കാറുകളെയും ഓട്ടോകളെയും കെട്ടിടങ്ങളെയും വെള്ളപ്പൊക്കം വിഴുങ്ങിയപ്പോള്‍ അതിജീവനത്തിനു വേണ്ടിയുള്ള ശ്രമങ്ങളില്‍ അവര്‍ ഏകമനസ്കരായി.

ജനങ്ങളിലെ ആവേശനാളങ്ങളെ അണയ്ക്കാന്‍ മഴക്കോളിനും കാറ്റിനും സാധിച്ചില്ല. പ്രകൃതികോപത്തില്‍നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ അവര്‍ പരസ്പരം കൈകോര്‍ത്തു. അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും എല്ലാവിഭാഗം വിശ്വാസക്കാരെയും സ്വീകരിച്ച് അഭയം നല്‍കി. വീടുകളും സര്‍ക്കാര്‍ ഓഫിസുകളും തുറന്ന ഹൃദയത്തോടെ ജനങ്ങളെ സ്വീകരിച്ചു. പരിമിതമായ വിഭവങ്ങള്‍ അവര്‍ പരസ്പരം പങ്കുവെച്ചു. രാമനാണോ റഹീമാണോ ജോസഫാണോ സിങ്ങാണോ എന്ന് ആരും പേരുചോദിച്ച് ഉറപ്പുവരുത്തിയില്ല. അതാണ് ഇന്ത്യയുടെ മനോഹാരിത. വിവിധ ഭാഷക്കാരും നാനാജാതി മതസ്ഥരും പുലരുന്ന വിശാല രാജ്യം. ദുരന്തഘട്ടങ്ങളില്‍ ഇന്ത്യക്കാരന്‍ എന്ന ബോധം സര്‍വരെയും ഒരുമിപ്പിക്കുന്നു. ചെന്നൈ ദുരന്തത്തില്‍ പ്രതിഫലിച്ച ഈ ഏകത രാജ്യത്തിന്‍െറ ഇതരഭാഗങ്ങളിലേക്ക് പടരേണ്ടിയിരിക്കുന്നു. വിദ്വേഷത്തിന്‍െറയും വിഭാഗീയതയുടെയും പ്രചാരണങ്ങള്‍ അരങ്ങേറുന്ന ദിക്കുകളിലേക്ക് ഈ മതേതര സന്ദേശം സംക്രമിക്കണം. അല്ലാത്തപക്ഷം ബഹുസ്വരതയിലെ ഈ മനോഹരമായ ഏകത നമുക്ക് നഷ്ടമാകും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

സര്‍വ വിഭാഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഇന്ത്യ. ഈ രാഷ്ട്രം ഒരാളുടെയും കുത്തകയല്ല. ഇന്ത്യന്‍ ഭരണഘടന അക്കാര്യം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. ഈ മതേതരത്വത്തിലാണ് ഇന്ത്യയുടെ മനോഹാരിത കുടികൊള്ളുന്നതും. എന്നാല്‍, ഇതെല്ലാം വിസ്മരിച്ച് ചില നേതാക്കള്‍ വിദ്വേഷത്തിന്‍െറ  പെരുമ്പറകള്‍ മുഴക്കുന്നത് വിചിത്രവും വേദനജനകവുമാണ്. ദേശസ്നേഹത്തിന്‍െറ പേരുപറഞ്ഞ് അവര്‍ കൊള്ളയും കൊള്ളിവെപ്പും നടത്തുന്നു. ദേശസ്നേഹമന്ത്രം ഉരുവിട്ടുകൊണ്ടാണവര്‍ നിരപരാധികളെ അടിച്ചുകൊല്ലുന്നത്. ‘തെമ്മാടികളുടെ അവസാന അഭയസങ്കേതമാണ് ദേശസ്നേഹം’ എന്ന സാമുവല്‍ ജോണ്‍സിന്‍െറ വിഖ്യാത വചനം അവര്‍ വിസ്മരിക്കുന്നു.
ഇന്ത്യയുടെ സമഗ്ര പുരോഗതിയുമായി ബന്ധപ്പെട്ട താല്‍പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഏത് വ്യക്തിയും -അയാള്‍ ഏത് വിശ്വാസക്കാരനായാലും -ഗാന്ധിജിയുടെ മഹത്തായ ആശയങ്ങളെയാണ് വഞ്ചിക്കുന്നത്. സ്വാതന്ത്ര്യ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് ജീവന്‍ ത്യജിച്ച രക്തസാക്ഷികളെ പരിഹസിക്കുകയാണവര്‍.
ചെന്നൈയില്‍ നാം പ്രകടമായിക്കണ്ട മനുഷ്യസ്നേഹം, കാരുണ്യം, സഹാനുഭൂതി, ഐക്യം എന്നിവയാണ് ഈ കാലഘട്ടത്തിന്‍െറ അടിയന്തരാവശ്യം.
രോഗങ്ങളും ദാരിദ്ര്യവും അഴിമതിയും പാരിസ്ഥിതിക തകര്‍ച്ചയുമാണ് ഇന്ത്യയുടെ യഥാര്‍ഥ വെല്ലുവിളി. ഇവ പരിഹരിക്കുന്നതിനുള്ള പോംവഴികളിലേക്കായിരിക്കണം സര്‍വശ്രദ്ധയും കേന്ദ്രീകരിക്കപ്പെടേണ്ടത്. തങ്ങള്‍ മഹത്തായ ഈ രാഷ്ട്രത്തിന്‍െറ ഭാഗമാണെന്ന അവബോധം സര്‍വരിലും അങ്കുരിച്ചാലേ പ്രതിസന്ധികള്‍ തരണംചെയ്യാന്‍ രാജ്യം പ്രാപ്തമാകൂ.
ഇന്ത്യയുടെ ഇതര ഭാഗങ്ങള്‍ അനുകരിക്കേണ്ട മഹത്തായ ഒരു മാതൃകയാണ് ജനങ്ങള്‍ ചെന്നൈയില്‍  കാഴ്ചവെച്ചത്. സര്‍വ ഇന്ത്യക്കാരും ഈ മഹത്തായ മാതൃക പ്രയോഗവത്ക്കരിക്കട്ടെ.
 

സൗദി ഗസറ്റ് ദിനപത്രത്തിന്‍െറ എഡിറ്റര്‍ അറ്റ് ലാര്‍ജ് ആണ് ലേഖകന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT