തിരുദൂതര്‍ –സഹിഷ്ണുതയുടെ സമദര്‍ശകന്‍

മുഹമ്മദ് നബിയുടെ തിരുപ്പിറവിയുടെ വസന്തമാസം സമാഗതമായതിന്‍െറ സന്തോഷത്തിലാണ് മുസ്ലിം ലോകം. നബിസന്ദേശത്തെ പരിചയപ്പെടുത്താനും തിരുജീവിതത്തിന്‍െറ ചര്യകള്‍ ആവേശപൂര്‍വം അനുധാവനം ചെയ്യാനുമുള്ള അവസരമായാണ് ഈ കാലയളവിനെ മുസ്ലിംകള്‍ കാണുന്നത്. അനുരാഗിക്ക് മുന്നില്‍ പ്രേമഭാജനത്തിന്‍െറ ഓര്‍മകള്‍ പ്രഫുല്ലമാകുന്ന ഏത് മുദ്രയും പ്രധാനമാണ്. കാലമോ ദേശമോ, അത്തരം സ്നേഹസ്മരണകളില്‍ പ്രഭാവം ഉളവാക്കാതിരിക്കില്ല.  കേവല യുക്തിയുടെയോ വ്യവസ്ഥാപിത സംഹിതകളുടെയോ അതിരുകള്‍ക്ക് അപ്പുറത്ത് ഒരു സ്നേഹപ്രപഞ്ചം തീര്‍ക്കാന്‍ കടലലപോലെ വരുന്ന സ്നേഹമുദ്രകള്‍ക്ക് സാധിക്കും. ദൗര്‍ഭാഗ്യവശാല്‍ വൃഥാവ്യായാമങ്ങളാകുന്ന തര്‍ക്കങ്ങള്‍ നമുക്കിടയില്‍ ബൗദ്ധിക മരവിപ്പുകളാണ് ഉണ്ടാക്കുന്നത്. പ്രകീര്‍ത്തനങ്ങള്‍ക്കും അപദാനങ്ങള്‍ക്കുമുള്ള സാമൂഹിക മന$ശാസ്ത്രം തിരുമേനിയുമായി വൈകാരികബന്ധം സ്ഥാപിക്കാന്‍ അതുവഴി സാധിക്കുന്നു എന്നതാണ്. അത്തരമൊരു വൈകാരിക ബന്ധത്തിലൂടെ പ്രവാചക ജീവിതത്തെ അനുധാവനം ചെയ്യാന്‍ അനുരാഗിയായ വിശ്വാസിക്ക് കഴിയുന്നു എന്നതാണ് ഇതിന്‍െറ അനന്തരഫലം. സമഗ്രതല സ്പര്‍ശിയായ പ്രവാചകന്‍െറ മാതൃകാ ജീവിതത്തെ കൂടുതല്‍ പ്രകാശിതമാക്കേണ്ട കാലമാണിത്.
മതത്തിന്‍െറയും ജാതിയുടെയും അതിരുകള്‍ കൂടുതല്‍ സങ്കുചിതമാക്കി മനുഷ്യത്വത്തെ കഴുത്തുഞെരിച്ച് കൊന്നും ദേശങ്ങളുടെ മതിലുകള്‍ ഉയര്‍ത്തിക്കെട്ടി അന്യരാജ്യങ്ങളെ ചുട്ടുകൊല്ലാന്‍ ആവുന്നത്ര സംഹാരശേഷിയുള്ള ആയുധങ്ങള്‍ അടക്കിവെച്ചും പുതിയ മനുഷ്യന്‍ ഹിംസ്രജന്തുക്കളെപ്പോലും നാണിപ്പിക്കുന്ന തരത്തില്‍ അധ$പതിച്ച വര്‍ത്തമാനകാലത്ത് തിരുമേനിയുടെ മാനവിക കാഴ്ചപ്പാടുകള്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. നബിയുടെ മാനവിക സ്നേഹത്തിന് ഭേദങ്ങള്‍ തടയിട്ടിരുന്നില്ല. മനുഷ്യരെ ഒന്നാകെ ആദമിന്‍െറ പുത്രനായി പരിചയപ്പെടുത്തുകയാണ് നബി ചെയ്തത്. കറുത്തവന്‍െറയും വെളുത്തവന്‍െറയും ഇടയില്‍ ദൈവഭക്തിയല്ലാത്ത ഒരു മാനദണ്ഡവും നബിതിരുമേനി കണ്ടിരുന്നില്ല. പ്രയോഗതലത്തില്‍തന്നെ അത്തരം വിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ നബി തിരുമേനി നടത്തിയിരുന്നു. അതുകൊണ്ടാണ് മക്കയില്‍ അടിമയായി ജീവിച്ച കാപ്പിരിയായ ബിലാല്‍ ഇസ്ലാമിക സമൂഹത്തില്‍ സര്‍വാദരണീയനായത്. പാരതന്ത്ര്യം പേറിയിരുന്ന ആ മഹാമനുഷ്യന്‍െറ  തോളില്‍ കൈയിട്ടാണ് പ്രവാചകന്‍ മക്കാവിജയസമയത്ത് കഅ്ബയെന്ന വിശുദ്ധ ഗേഹത്തിന്‍െറ കവാടങ്ങള്‍ തുറന്നത്. നബിയുടെ കാലത്തിനുശേഷവും ഇസ്ലാമിക ലോകത്ത് അടിമകള്‍ ഉടമയുടെ വരെ നേതൃസ്ഥാനത്ത് ഇരിക്കുന്ന അനന്യമായ കാഴ്ചകള്‍ നാം കണ്ടു. നബിയുടെ തന്നെ അടിമയായി, പിന്നീട് ദത്തുപുത്രനായി നബി  സ്വീകരിച്ച വ്യക്തിയാണ് സൈദ്. തിരുമേനിയുടെ സ്നേഹഭാജനമായാണ് അദ്ദേഹം വളര്‍ന്നതും അറിയപ്പെട്ടതും. അദ്ദേഹത്തിന്‍െറ പുത്രന്‍ ഉസാമ ആയിരുന്നു പ്രവാചകരുടെ വിയോഗകാലത്തും അബൂബക്കറിന്‍െറ ഭരണകാലത്തും ഇസ്ലാമിക രാഷ്ട്രത്തിന്‍െറ സര്‍വസൈന്യാധിപന്‍. അറബ് പ്രമുഖരില്‍ ചിലര്‍ക്കെങ്കിലും അസഹ്യമായ, ഇത്തരം ഒരു തീരുമാനം നബി എടുക്കാന്‍ കാരണം തന്നെ അടിമ-ഉടമ ബന്ധത്തിലെ ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനായിരുന്നു. യഥാര്‍ഥത്തില്‍ ലോക ചരിത്രത്തില്‍ എവിടെയും ദൃശ്യമാകാത്തവിധം മാനവ സമത്വത്തെ പ്രയോഗവത്കരിക്കുകയായിരുന്നു നബി. കറുത്തവര്‍ഗക്കാരന് പ്രത്യേകം ഹോസ്റ്റലും, കോളജും കാന്‍റീനും നിര്‍മിച്ചുനല്‍കി കറുത്തവനെ പാര്‍ശ്വവത്കരിക്കുകയാണ് ഇപ്പോഴും അമേരിക്കന്‍ സവര്‍ണ മനസ്സ്. വെളുത്തവന്‍െറ  വര്‍ണങ്ങളിലേക്ക് പ്രവേശമില്ലാത്തവിധം അരികുപറ്റി പോവേണ്ടവനായി കറുത്തവനെ മാറ്റിനിര്‍ത്തുന്ന വെള്ളക്കാരന്‍െറ ആഢ്യബോധം ഇപ്പോഴും അമേരിക്കയിലും ഇതര പാശ്ചാത്യ സമൂഹങ്ങളിലും പ്രകടമാണ്. ക്ഷേത്രാചാരങ്ങള്‍ക്ക് ബ്രാഹ്മണനപ്പുറത്തേക്ക് പോവാന്‍ ‘മേക്കിങ് ഇന്ത്യ’യുടെ കാലത്തും ഭാരതത്തിന് കഴിയുന്നില്ല. തിരുമേനി പ്രയോഗജീവിതത്തില്‍തന്നെ ഇത്തരം ധാരണകളെ മാറ്റിപ്പണിതു. നമസ്കാരത്തിനായി അണിചേരുമ്പോള്‍ പോലും വര്‍ണവിവേചനം അനുവദിക്കാതെ, സര്‍വരും സോദരബോധത്തോടെ അണിതിര്‍ക്കാന്‍ കല്‍പിക്കുകയായിരുന്നു നബിതിരുമേനി.
മതപരവും സാമുദായികവുമായ അസഹിഷ്ണുതകള്‍ പുതിയ ലോകത്തെ  അതീവ വിഹ്വലമാക്കി നിര്‍ത്തുകയാണ്. ഭരണകൂടങ്ങള്‍പോലും ഇത്തരം വിവേചനങ്ങള്‍ക്ക് സാധുത കണ്ടത്തൊനുള്ള ശ്രമത്തിലാണ്. എന്നാല്‍, പ്രവാചകരുടെ ജീവിതമാകെ വിശകലനം ചെയ്താല്‍ നിറപൗര്‍ണമിപോലെ തിളങ്ങുന്നത് നബിയുടെ മാനവിക സമദര്‍ശനമാണ്. മദീനയിലെ ജൂതന്മാര്‍ക്ക് നല്‍കപ്പെട്ട മതാചാര വിശ്വാസ സ്വാതന്ത്ര്യം ചരിത്രത്തില്‍ സുവിദിതമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് ലഭ്യമാകേണ്ട നീതിയുടെ കാര്യത്തില്‍ മദീനയുടെ ഭരണാധികാരിയുടെ ശ്രദ്ധ അദ്ഭുതകരമായിരുന്നു. ശത്രുവിനോടുപോലും നീതി കൈവിടാതെയാണ് നബി വര്‍ത്തിച്ചത്. മക്കയിലെ ശത്രുക്കള്‍ പരാജിതരായി തിരുമേനിയുടെ മുമ്പില്‍ നമ്രശിരസ്കരായി നില്‍ക്കുന്ന മുഹൂര്‍ത്തമാണ് മക്കാ വിജയം. പരാജിതരായ ശത്രുവിന് മാപ്പുനല്‍കുകയും അവര്‍ക്ക് നീതിലഭ്യമാക്കുകയും ചെയ്തുകൊണ്ട് നബി നടത്തിയ പ്രഖ്യാപനം ചരിത്രത്തില്‍ അനുപമമാണ്. മക്കയില്‍ ഒരു ജീവനുപോലും ഹാനിവരാതെ, ക്ഷമയുടെയും ഉദാരതയുടെയും ഉത്തമ മാതൃക കാണിക്കുന്നുണ്ട് പ്രവാചകന്‍. ജൈത്രയാത്രകളുടെയും ദിഗ്വിജയങ്ങളുടെയും ചരിത്രത്തില്‍ എവിടെയും ഇത്തരമൊരു മാതൃക താരതമ്യം ചെയ്യാന്‍ കാണില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് പ്രശസ്ത ചരിത്രകാരനായ ലെയിന്‍ പൂള്‍.
പെണ്ണുടല്‍ കാമദാഹം തീര്‍ത്തുതരുന്ന പാനപാത്രം മാത്രമായിരുന്നു പ്രാഗ് ഇസ്ലാമിക കാലത്തെ അറബിക്ക്. അവളുടെ  ആത്മാവിനുപോലും പുരുഷാത്മാവിന് സമം നില്‍ക്കാനുള്ള കരുത്തുനല്‍കിയിരുന്നില്ല അന്നത്തെ ലോകം. പ്രവാചകന്‍ മഹിളയുടെ മഹത്വം വാനോളം ഉയര്‍ത്തി.  ജീവിക്കാന്‍ അവകാശമില്ലാതിരുന്നവിധം സ്ത്രീജന്മം ശാപമായിക്കണ്ട അറബിതന്നെ, പെണ്‍കുഞ്ഞിന്‍െറ ജന്മവും പരിപാലനവും അഭിമാനമായി കാണുന്നവിധം മുഹമ്മദ് നബി അറബ് മനസ്സിനെ പരിവര്‍ത്തനവിധേയമാക്കി. മാതൃത്വത്തിന്‍െറ മഹത്വവും സ്ത്രീജീവിതത്തിന്‍െറ സാമൂഹിക പങ്കാളിത്തവും നബി കൃത്യമായി അടയാളപ്പെടുത്തി. ലിംഗനീതിയിലൂടെ സാമൂഹിക ജീവിതത്തിന്‍െറ നടപ്പുരീതികള്‍ക്ക് മാറ്റംവരുത്തുകയും നിര്‍ഭയയും സുരക്ഷിതയുമായി അവള്‍ക്ക് ജീവിക്കാന്‍ നബി അവസരം നല്‍കുകയും ചെയ്തു. സ്ത്രീപുരുഷ വ്യത്യാസങ്ങളുടെ പ്രകൃതിപരമായ യാഥാര്‍ഥ്യത്തെ ബോധ്യപ്പെടുത്തിക്കൊണ്ടുതന്നെ ഇരുജീവിതങ്ങളുടെയും ഇടങ്ങള്‍ പ്രവാചകന്‍ നിര്‍ണയിച്ചുതന്നു. അവള്‍ക്ക് അതുവരെ ലഭ്യമാവാതിരുന്ന സാമ്പത്തിക സ്വാതന്ത്ര്യവും അനന്തരാവകാശവും വകവെച്ചുനല്‍കുകവഴി ചരിത്രത്തിലെതന്നെ അനന്യമായ മാതൃകയാണ് നബി കാണിച്ചുതന്നത്.
സാമ്പത്തിക ചൂഷണവും ലൈംഗിക അരാജകത്വവും മദ്യാസക്തിയും കൊടികുത്തിവാണ കാലത്താണ് നബി പ്രബോധനമാരംഭിക്കുന്നത്. പ്രവാചകരുടെ വിയോഗകാലമാവുമ്പോഴേക്ക് സാമ്പത്തിക ഇടപെടലുകളില്‍ അതിസൂക്ഷ്മത പുലര്‍ത്തുന്നവരും, സാമൂഹികമായി തന്നിലര്‍പ്പിതമായ സാമ്പത്തിക ബാധ്യതകള്‍ നിര്‍വഹിക്കുന്നതില്‍ ശുഷ്കാന്തി പുലര്‍ത്തുന്നവരുമായി ആ ജനത പരിവര്‍ത്തിക്കപ്പെട്ടു. ഭോഗാസക്തര്‍ വിശുദ്ധ ജീവിതത്തിന്‍െറ അരികുപറ്റി നടന്നപ്പോള്‍ സന്യാസി ശ്രേഷ്ഠരെപ്പോലെ മനോശുദ്ധിയുള്ളവരായി മദ്യാസക്തിയില്‍നിന്ന് വിമോചിതരായി, ജീവിതപരിസരത്തെവിടെയും മദ്യത്തെ തൊട്ടുകൂടാത്തവിധം അത്യദ്ഭുതകരമായ വിമോചന വിപ്ളവമാണ് നബി നടപ്പാക്കിയത്.
നബിജീവിതം സമഗ്രതല സ്പര്‍ശിയായ മാതൃകയാണ്. സമൂഹ ജീവിതത്തിന്‍െറ ഏത് ശ്രേണിയിലും നബി ജീവിതത്തിന്‍െറ ഉജ്വലമായ മാതൃകകള്‍ കാണാനാവും. ഏകനായ ദൈവത്തില്‍ മനസ്സ് സമര്‍പ്പിച്ച്, സ്നേഹത്തിന്‍െറയും ഉദാരതയുടെയും നീതിബോധത്തിന്‍െറയും  ഉത്കൃഷ്ട ഭാവങ്ങളാണ് നബി കാണിച്ചുതന്നത്.
 വിമോചനത്തിന്‍െറ പോരാട്ടവീര്യവും കൃപയുടെ മഹാസൗന്ദര്യവും ഒരുപോലെ കാണുന്ന മാതൃകാ ജീവിതമാണ് മുഹമ്മദ് നബി. കോടിക്കണക്കിന് മനുഷ്യര്‍ തലമുറകളിലൂടെ ആ മഹദ്ജീവിത ചര്യകള്‍ തങ്ങളിലൂടെ ആവിഷ്കരിക്കുന്നു. അതുതന്നെയാണ് നമുക്ക് ചെയ്യാനുള്ളതും; പുതിയ ലോകത്തിന്‍െറ കാലുഷ്യത്തിന് പരിഹാരമായിട്ടുള്ളതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.