പ്ലീനത്തില്‍ തീരാത്ത വെല്ലുവിളി

സി.പി.ഐക്ക് 90 തികഞ്ഞതിന് പിറ്റേന്നാണ്, കാലാന്തരത്തില്‍ വല്യേട്ടനായി മാറിയ സി.പി.എമ്മിന്‍െറ പ്ളീനം കൊല്‍ക്കത്തയില്‍ തുടങ്ങുന്നത്. വിപ്ളവ, ജനാധിപത്യ, ആം ആദ്മി ബോധങ്ങളുടെ കലവറയെന്ന് അവകാശപ്പെടുമ്പോള്‍തന്നെ ഇത്തരമൊരു പ്ളീനം വിളിച്ചുചേര്‍ത്ത് പാര്‍ട്ടിനയങ്ങളുടെ അലകുംപിടിയും മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് 37 വര്‍ഷത്തിനിടയില്‍ നേതൃത്വത്തില്‍ ഇരുന്നവര്‍ക്ക് തോന്നിയില്ല. പാര്‍ട്ടി കോണ്‍ഗ്രസുകളടക്കം പ്രത്യയശാസ്ത്രചര്‍ച്ച, കരടുരേഖകള്‍, അടവുനയങ്ങള്‍ എന്നിങ്ങനെ വിവിധ കൊട്ടുകുരവകളോടുകൂടിയാണ് പാര്‍ട്ടി മുന്നോട്ടുനീങ്ങിയത്. അതിനു പുറമേ ഒരു പ്ളീനവുംകൂടി വേണ്ടിയിരുന്നില്ളെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. പക്ഷേ, 1978ല്‍ നടന്ന സാല്‍ക്കിയ പ്ളീനത്തിനും ഇപ്പോള്‍ കൊല്‍ക്കത്തയില്‍ തുടങ്ങുന്ന പ്ളീനത്തിനുമിടയില്‍ ഹുഗ്ളിയിലൂടെയും ഭാരതപ്പുഴയിലൂടെയുമൊക്കെ വെള്ളം ഒരുപാട് ഒഴുകിപ്പോയി. ഏറക്കാലം ചെങ്കൊടി അജയ്യമായി പാറിക്കളിച്ച പശ്ചിമബംഗാളില്‍ മാത്രമല്ല, പാര്‍ട്ടിയുടെ കരുത്ത് കീറിപ്പറിഞ്ഞത്. അരിവാള്‍ ചുറ്റിക നക്ഷത്രമുള്ള ചെങ്കൊടിക്ക് ദേശീയപാര്‍ട്ടി പദവി നിലനിര്‍ത്തുന്നത് സ്വതന്ത്ര എം.പിമാരുടെ താങ്ങുകൊണ്ടാണ്. ചുരുക്കിപ്പറഞ്ഞാല്‍, തിരസ്കരിക്കപ്പെട്ടുപോയവന്‍െറ മനോവ്യഥയുമായാണ് സി.പി.എമ്മിന്‍െറ നേതൃനിര കൊല്‍ക്കത്തയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ആ വികാരവും വിഭാഗീയമാണോ എന്നേ കണ്ടറിയേണ്ടൂ.
യഥാര്‍ഥത്തില്‍ 1978 മുതല്‍ 2015വരെയുള്ള കാലത്ത് ‘അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരു’മായ തൊഴിലാളിവര്‍ഗത്തിന്‍െറ പ്രയാസങ്ങളും ജീവിതപ്രതിസന്ധികളും വര്‍ധിച്ചുവരുക മാത്രമാണ് ചെയ്തിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യ നെയ്തുകൂട്ടിയ ഒരുകൂട്ടം സ്വപ്നങ്ങളും പേറി പതിറ്റാണ്ടുകള്‍ മുന്നോട്ടുപോയപ്പോഴത്തെ ദുരവസ്ഥ അതാണ്. സാമ്പത്തിക പരിഷ്കാരങ്ങളുടെ കെടുതി ഒരുവശത്ത്. വര്‍ഗീയതയുടെ രാഷ്ട്രീയക്കാരുണ്ടാക്കുന്ന ദുരന്തങ്ങള്‍ മറുവശത്ത്. രണ്ടിനുമിടയില്‍ ഞെരുങ്ങുന്നവര്‍ക്കുവേണ്ടി സംസാരിക്കാനും ബദല്‍ സാമ്പത്തികസമീപനങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും മതനിരപേക്ഷ ഇന്ത്യയുടെ നിലനില്‍പ് അപകടപ്പെടാതെ നോക്കുന്നതിലുമൊക്കെ സി.പി.എമ്മിനും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും ഒരുപാട് ചെയ്യാനുണ്ട്. യഥാര്‍ഥത്തില്‍ സി.പി.എമ്മിന്‍െറ ഇടം അതുതന്നെ. പലവിധ കെടുതികള്‍ നേരിടുന്ന ശരാശരിക്കാരന്‍െറ എണ്ണം ഇന്ത്യയില്‍ പെരുകിക്കൊണ്ടേയിരിക്കുമ്പോള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുപോകുന്നവര്‍ക്കിടയില്‍ പ്രവര്‍ത്തനം വിപുലപ്പെടുത്തേണ്ട ഉത്തരവാദിത്തവും അതുവഴിയുള്ള സാധ്യതകളുമാണ് മുമ്പെന്നത്തെക്കാള്‍ സി.പി.എമ്മിന് മുന്നിലുള്ളത്. എന്നാല്‍, അടിയന്തരാവസ്ഥ കഴിഞ്ഞുനടന്ന പ്ളീനത്തിനുശേഷം രാഷ്ട്രീയമായ സാധ്യതകള്‍ വികസിപ്പിക്കാനും ദേശീയശ്രദ്ധയില്‍ നിറഞ്ഞുനില്‍ക്കാനും കഴിഞ്ഞ ഒരു സി.പി.എമ്മല്ല നമുക്കുമുന്നില്‍. പാര്‍ട്ടിയുടെ കരുത്തും സ്വാധീനവും ചോര്‍ന്നുപോയിരിക്കെ, വീണ്ടെടുപ്പിനു വഴിയന്വേഷിക്കുന്ന നിവൃത്തികേടാണ് കൊല്‍ക്കത്ത പ്ളീനത്തിന്‍െറ അന്തര്‍ധാര.
2014വരെയുള്ള ഒരു പതിറ്റാണ്ടിനിടയില്‍ ലോക്സഭയിലെ അംഗബലം 40ല്‍നിന്ന് നാലിലൊന്നായി കുറയുക മാത്രമല്ല, സി.പി.എമ്മിന് സംഭവിച്ചത്. മൂന്നു സംസ്ഥാനങ്ങള്‍ ഭരിക്കാന്‍ കഴിഞ്ഞിരുന്ന പാര്‍ട്ടിക്ക് ഇപ്പോള്‍ ത്രിപുരയില്‍ ഒരു മണിക് സര്‍ക്കാര്‍ മാത്രമുണ്ട് മുഖ്യമന്ത്രി. മൂന്നു പതിറ്റാണ്ടിലേറെ അടക്കിഭരിച്ച പശ്ചിമബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാമെന്ന പ്രതീക്ഷ നേതൃനിരക്കില്ല. നന്ദിഗ്രാമും സിംഗൂരുമൊക്കെ വഴി വംഗനാട് തള്ളിക്കളഞ്ഞ സി.പി.എമ്മില്‍ വീണ്ടും വിശ്വാസമര്‍പ്പിക്കാന്‍ പാകത്തില്‍ നേതൃത്വം ഒന്നും ചെയ്തിട്ടില്ല. അഥവാ മമത, അതിന് വഴിവിട്ടുകൊടുത്തിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഭരണം എത്രമേല്‍ ദുര്‍ഗന്ധപൂരിതമാണെങ്കിലും കേരളത്തില്‍ അധികാരം പതിവുപോലെ ചാക്രികരീതിയില്‍ പിടിച്ചെടുക്കാമെന്ന ധൈര്യമില്ല. കുമ്മനവും വെള്ളാപ്പള്ളിയും ചേര്‍ന്ന് ചോര്‍ത്തിക്കൊണ്ടു പോവുന്നത് മൃദുഹിന്ദുത്വത്തിന്‍െറ യു.ഡി.എഫ് വോട്ടുകളാണെന്ന് മുമ്പ് ധൈര്യമായി പറയാമായിരുന്നുവെങ്കില്‍, ബി.ജെ.പിയുടെ വളര്‍ച്ച സി.പി.എമ്മിനാണ് കൂടുതല്‍ പാരയാവുകയെന്ന സ്ഥിതി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എങ്ങനെ വന്നുചേര്‍ന്നുവെന്ന് വിശദീകരിക്കാന്‍ അതിന്‍െറ നേതാക്കള്‍ക്ക് കഴിയുന്നില്ല.
ദേശീയതലത്തിലാകട്ടെ കോണ്‍ഗ്രസിതര, ബി.ജെ.പിയിതര ബദലിന്‍െറ വക്താക്കളായിനിന്ന സി.പി.എം ആ ചേരിയില്‍തന്നെ പിന്തള്ളപ്പെട്ടുപോയിരിക്കുന്നു. കരുത്തുറ്റ പ്രാദേശിക പാര്‍ട്ടികള്‍ക്ക് പരസ്പരസൗഹൃദത്തിന് സി.പി.എമ്മിന്‍െറ ഇടനില ഇന്ന് ആവശ്യമില്ല. അഥവാ, ഹര്‍കിഷന്‍സിങ്ങിന് ചെയ്യാന്‍ കഴിഞ്ഞത് പ്രകാശ് കാരാട്ടിന് കഴിഞ്ഞില്ല. തലപ്പത്ത് ആളു മാറിയിട്ടും പഴയറോള്‍ തിരിച്ചുപിടിക്കാന്‍ കഴിയാതെ ദേശീയസാഹചര്യം മാറിപ്പോവുകയും ചെയ്തിരിക്കുന്നു. യു.പി, ബിഹാര്‍, തമിഴ്നാടന്‍ കക്ഷികള്‍ക്കൊന്നും സി.പി.എമ്മിന്‍െറ ‘മൂന്നാംബദല്‍’ സേവനം ആവശ്യമില്ളെന്ന മട്ടായിട്ടുണ്ട്. മമതയാകട്ടെ, പ്രാദേശിക കക്ഷികളുടെ കൂട്ടായ്മകളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് റോളില്ളെന്നുറപ്പിക്കാന്‍ പ്രത്യേക ശ്രമവും നടത്തുന്നു. വര്‍ഗീയവിരുദ്ധ-മതനിരപേക്ഷ ചേരിയുടെ വിജയത്തെക്കുറിച്ച് പറയുമ്പോള്‍തന്നെ, സ്വന്തം ഈഗോയുടെ പിന്‍ബലത്തില്‍ മത്സരിച്ച് തോല്‍ക്കുകയെന്ന ‘അടവുനയം’ പുറത്തെടുത്ത് ബിഹാറിലും ഡല്‍ഹിയിലുമൊക്കെ മത്സരിച്ച് വോട്ടിന് വിലയില്ലാതാക്കിക്കളയുകയാണ് ഇടതുപാര്‍ട്ടികള്‍ ചെയ്തത്.
നിലപാടുകള്‍ രൂപപ്പെടുത്തുന്നതില്‍ മാത്രമല്ല, വിഭാഗീയതയെന്ന ഓമനപ്പേരിട്ട പോരും പാരയും നിയന്ത്രിക്കുന്നതിലും കേന്ദ്രനേതൃത്വം നോക്കുകുത്തിയായിപ്പോയെന്ന് നന്നേചുരുങ്ങിയത് ഒരു പതിറ്റാണ്ടിന്‍െറ ചരിത്രം വിളിച്ചുപറയും. സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ നയവൈകല്യങ്ങളും വിഭാഗീയതയും നിഷ്പക്ഷ വീക്ഷണത്തോടെ തിരുത്താന്‍ ബാധ്യതപ്പെട്ട ദേശീയനേതൃത്വം തെറ്റുവരുത്തിയവര്‍ക്കൊപ്പം നിന്നതുവഴിയുണ്ടായ കെടുതിയുടെ കഥ കൂടിയാണത്. കോര്‍പറേറ്റുകള്‍ക്കൊപ്പമല്ല, നന്ദിഗ്രാമിലെയും സിംഗൂരിലെയും ഗ്രാമീണര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണ് പാര്‍ട്ടി നില്‍ക്കേണ്ടതെന്ന് പകല്‍പോലെ വ്യക്തമായിരുന്നിട്ടും പാര്‍ട്ടി-ഭരണയന്ത്രം ചലിപ്പിച്ചവരുടെ വ്യാഖ്യാനങ്ങള്‍ക്കാണ് ദേശീയനേതൃത്വം വിലനല്‍കിയത്. പിണറായി-വി.എസ് പോര് കേരളത്തില്‍ പാര്‍ട്ടിയെ കുട്ടിച്ചോറാക്കുന്നതിന് അതീതമായ വിധത്തില്‍ ദേശീയനേതൃത്വം പെരുമാറിയില്ല. ഉള്‍പ്പോരിന് കൂച്ചുവിലങ്ങിടാന്‍ ഗ്രൂപ്പതീതമായ ഇച്ഛാശക്തി ഇല്ലാതെ വര്‍ഷങ്ങളോളം ദേശീയനേതൃത്വം പതറിയതിന്‍െറ ബാക്കിയാണ് കേരളത്തില്‍ പാര്‍ട്ടിക്കുണ്ടായ കെടുതി. ഇത്തരം ഘട്ടങ്ങളിലെല്ലാം പ്രത്യയശാസ്ത്രത്തിന്‍െറയും ധാര്‍മികതയുടെയും ഉന്നതമായ ബോധതലങ്ങള്‍ തകര്‍ന്നു. പാര്‍ട്ടി അംഗങ്ങളുടെ നിലവാരത്തെതന്നെ വിഭാഗീയത ബാധിച്ചു. പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പുകളും സ്ഥാപിതതാല്‍പര്യങ്ങളും വളര്‍ന്നു. സമൂഹത്തിലെ ദുഷ്പ്രവണതകളത്രയും ഒന്നിനൊന്ന് ശക്തിപ്രാപിച്ചു. എ-ടീമും ബി-ടീമുമായി മാറിയ ബി.ജെ.പിക്കും കോണ്‍ഗ്രസിനും പിന്നില്‍ കുറഞ്ഞപക്ഷം സി-ടീമെങ്കിലുമായി പരിണമിക്കുകയാണ് സി.പി.എം ചെയ്തത്.
പാര്‍ട്ടിയുടെ ശക്തി ക്ഷയിച്ച് മുരടിപ്പിലായെന്ന് പ്ളീനത്തെക്കുറിച്ച ആമുഖ ലേഖനത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിതന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. വിവിധ ജനവിഭാഗങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യമില്ലാത്തത് അടക്കമുള്ള പ്രശ്നങ്ങളും അദ്ദേഹം തുറന്നുസമ്മതിക്കുന്നു. അഞ്ചു ദിവസത്തെ പ്ളീനം പാര്‍ട്ടിയുടെ ദീനവും ദുര്‍നടപ്പുകളും മാറ്റിയെടുക്കുന്നതിന് എന്തൊക്കെ ചെയ്യാന്‍ പോകുന്നുവെന്നാണ് ദേശീയരാഷ്ട്രീയം ഉറ്റുനോക്കുന്നത്. ആശയവും ആദര്‍ശവുമൊക്കെ കൈമോശംവന്ന് മറ്റേതു പാര്‍ട്ടിയില്‍നിന്നും വ്യത്യസ്തമല്ലാത്തൊരു പരുവത്തിലാണിന്ന് സി.പി.എം. അത്തരമൊരു ഇടതുപ്രസ്ഥാനത്തിന് ഇനിയുള്ള നാളുകളില്‍ കൂടുതല്‍ അനാവശ്യ പ്രസ്ഥാനമായി മാറാനാണ് വിധി. അതു തിരിച്ചറിഞ്ഞാണ് ‘പ്ളീനം’ എന്ന ശ്രമം. എത്രയെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുള്ള ഇന്ത്യയില്‍ അഴിമതിയും ജാതീയതയും ദുര്‍നടപ്പും മുഖമുദ്രയായ മറ്റൊരു കോണ്‍ഗ്രസ് പാര്‍ട്ടിയായി സി.പി.എമ്മിനെ ആര്‍ക്കുവേണം? വിശാലമായ ജനപിന്തുണക്കപ്പുറം, നിലപാടുകളുടെ കരുത്തുള്ള കേഡര്‍ പാര്‍ട്ടിയും ബദല്‍ ചിന്താധാരയും പോര്‍മുഖവുമെന്ന നിലയിലാണ് സി.പി.എമ്മിന്‍െറ വിശ്വാസ്യത. തകര്‍ന്ന ആ വിശ്വാസ്യത തിരിച്ചുപിടിക്കുകയാകട്ടെ, ഒട്ടും എളുപ്പമല്ല. വഴിപിഴച്ച പോക്കുകള്‍ ശീലിച്ചവരെ പിന്തിരിപ്പിക്കുന്നതും എളുപ്പമല്ല. എങ്കിലും, അതിനുള്ള വ്യക്തമായ ചുവടുവെപ്പിന് കഴിഞ്ഞില്ളെങ്കില്‍ ഇത്രവലിയൊരു ഇടവേളയുള്ള മറ്റൊരു പ്ളീനംകൂടി നടത്താന്‍ സാധിച്ചേക്കാമെങ്കിലും, ഇത്ര വിപുലമാക്കാന്‍ ആളുണ്ടായെന്നുവരില്ല. പ്ളീനം കഴിയുമ്പോള്‍ സി.പി.എമ്മിനു മുന്നില്‍ ബാക്കിയാവുന്നത് ഈ വെല്ലുവിളിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.