കീര്‍ത്തിമാന്‍

ഐ.പി.എല്ലും ട്വന്‍റി20യുമൊക്കെ കാണുന്ന തലമുറക്ക് അത്ര പരിചയമില്ലാത്ത കളിക്കാരനാണ്. കപില്‍ദേവ് പുളച്ചുനടന്ന എണ്‍പതുകളിലാണ് കളിമൈതാനങ്ങളില്‍ നിറഞ്ഞുനിന്നത്. അന്നത്തെ ശരാശരി കളിക്കാരനിപ്പോള്‍ വയസ്സ് അമ്പത്താറ്. പ്രായമായെങ്കിലും കളിയാവേശമൊടുങ്ങിയിട്ടില്ല. അന്ന് കളി ക്രീസിലാണെങ്കില്‍ ഇന്ന് രാഷ്ട്രീയത്തിലാണ് എന്നുമാത്രം. കീര്‍ത്തിവര്‍ധന്‍ ഭഗവാന്‍ ഝാ ആസാദിന്‍െറ കീര്‍ത്തി ഇപ്പോള്‍ പരക്കുന്നത് അത്തരമൊരു കളിയുടെ പേരില്‍തന്നെ. അഴിമതിയാണല്ളോ നമ്മുടെ രാഷ്ട്രീയക്കാര്‍ എളുപ്പം സ്കോര്‍ ചെയ്യുന്ന കളി. രാഷ്ട്രീയക്കളിയില്‍ അഴിമതിക്കളി കളിച്ചതാണ് കളിക്കമ്പക്കാരനായ കീര്‍ത്തിയെ ചൊടിപ്പിച്ചത്. അഴിമതി നടത്തിയത് ക്രിക്കറ്റ് കളിയുടെ പേരിലായാല്‍ പഴയ ക്രിക്കറ്റര്‍ക്ക് അടങ്ങിയിരിക്കാനാവുമോ? പറ്റില്ല. അതാണിപ്പോള്‍ ഉണ്ടായത്. വലംകൈയന്‍ ഓഫ്സ്പിന്നര്‍ പന്തെറിഞ്ഞത് ടീംമോദിയിലെ ഏറ്റവും കരുത്തനായ അരുണ്‍ ജെയ്റ്റ്ലിയുടെ നെഞ്ചത്തേക്ക്. 1983 ജൂണില്‍ ഇന്ത്യ ലോകകപ്പ് നേടിയ മത്സരത്തിന്‍െറ സെമിഫൈനല്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് മൈതാനത്ത് നടക്കുമ്പോള്‍ ഇയാന്‍ ബോതത്തെ കടപുഴക്കിയെറിഞ്ഞ ആ പന്തിന്‍െറ പത്തിരട്ടി ഊക്കിലായിരുന്നു ഏറ്. അതിന്‍െറ വേഗസഞ്ചാരം ഇനിയും നിലച്ചിട്ടില്ല. പാര്‍ട്ടിനേതാക്കളുടെ നെഞ്ചത്ത് തട്ടിത്തെറിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ പ്രഹരശേഷി കൂടിയ ആ പന്ത്. അതിനിടെ സ്വന്തം നെഞ്ചത്തും കൊണ്ടു. അങ്ങനെ സസ്പെന്‍ഷനിലായി. ഒൗട്ടാവുമോ എന്ന് കാത്തിരുന്ന് കാണാം. കളിയില്‍ ലോകംകണ്ട എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാള്‍ ഇയാന്‍ ബോതമാണെങ്കില്‍ മോദിസര്‍ക്കാറില്‍ അത് അരുണ്‍ ജെയ്റ്റ്ലിയാണ്. അറിയാത്ത പണിയില്ല. നിയമമായാലും ധനകാര്യമായാലും പ്രതിരോധമായാലും എളുപ്പം വഴങ്ങും. അങ്ങനെയൊരാളെ പ്രതിരോധത്തിലാക്കിയതാണ് കീര്‍ത്തി ആസാദിന്‍െറ കളിമിടുക്ക്. പാരമ്പര്യമായി കിട്ടിയതാണ് രാഷ്ട്രീയക്കളിയിലെ ആ മിടുക്ക്. അച്ഛന്‍ ഭഗവത് ഝാ ആസാദ് കളിച്ചുകളിച്ച് ബിഹാര്‍ മുഖ്യമന്ത്രിവരെയായിട്ടുണ്ട്. ഇപ്പോള്‍ ടീമില്‍ കൂടെ കളിക്കാനുള്ളത് ശത്രുഘ്നന്‍ സിന്‍ഹയും സുബ്രമണ്യന്‍ സ്വാമിയും മാത്രമാണെന്ന് കാണികള്‍ക്ക് തോന്നാം. പക്ഷേ, അങ്ങനെയാണോ? ഗാലറിയിലിരുന്ന് കളിക്കുന്നവര്‍ കൂടെയില്ളേ? രാവിലെ പ്രാതല്‍ ഒരുമിച്ച് കഴിക്കാം, എന്നിട്ടൊരു ചര്‍ച്ചയാവാം എന്നു പറഞ്ഞ് വിളിച്ചത് മറ്റാരുമല്ല; അമിത് ഷാ ജി. കഴിക്കാന്‍ കിട്ടിയത് ആവി പറക്കുന്ന ഇഡലി. പ്രാതല്‍ കഴിഞ്ഞ് ‘നല്ല ഒന്നാന്തരം ഇഡലി’ എന്ന് കമന്‍റു പാസാക്കാന്‍ മറന്നില്ല കീര്‍ത്തി. അക്കാര്യം അഭിമാനത്തോടെയാണ് പറഞ്ഞത്. ഇനി മിണ്ടരുത് എന്ന് പറഞ്ഞ് അമിത് ഷാ ജി ഒന്നും വായില്‍ തിരുകിയിട്ടില്ല എന്ന് ഇതില്‍നിന്ന് അനുമാനിക്കാം. ഇനി അഥവാ മിണ്ടിപ്പോകരുത് എന്ന് ഉത്തരവിട്ടിട്ടുണ്ടെങ്കില്‍ അതിനെ നിര്‍ഭയം ലംഘിക്കുകയാണ് കീര്‍ത്തി എന്നും കരുതേണ്ടിവരും. പാര്‍ട്ടിയിലെ ഏതോ ഒരുപക്ഷം കളിക്കാന്‍ കൂടെയുണ്ട് എന്നു വ്യക്തമാണ്. സുഷമ സ്വരാജിന്‍െറ ടീമാണ് അത് എന്ന് പറയുന്നവരും കുറവല്ല (സുഷമ സ്വരാജ്-ലളിത് മോദി വിവാദത്തില്‍ സുഷമക്ക് ഒപ്പമായിരുന്നു, കീര്‍ത്തി). മോദി മൗനിയായി കളി കണ്ടുനില്‍ക്കുന്നു. സുഷമയെ ഇപ്പോള്‍തന്നെ ഒരു മൂലക്കിരുത്തിയിരിക്കുകയാണ്. അഴിമതി ആരോപണത്തിലൂടെ അരുണ്‍ ജെയ്റ്റ്ലിയെയും ‘അരികുവത്കരിച്ചു’കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടിയില്‍ പരമാധികാരം എളുപ്പമാവും. അത് കളി വേറെ.
ഇന്ദ്രപ്രസ്ഥത്തിലെയും തൊട്ടുകിടക്കുന്ന ജില്ലകളിലെയും ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനുള്ളതാണ് ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍. അരുണ്‍ ജെയ്റ്റ്ലി തലപ്പത്തിരുന്ന 13 കൊല്ലക്കാലത്ത് വ്യാജകമ്പനികള്‍ക്ക് കരാര്‍ കൊടുത്തുവെന്നാണ് കീര്‍ത്തിയുടെ ആരോപണം. വ്യാജവിലാസം നല്‍കിയ, കടലാസു കമ്പനികള്‍ക്ക് കോടികള്‍ കൊടുത്തു. ടെന്‍ഡര്‍ തുക പെരുപ്പിച്ചുകാട്ടി. ഓഫിസിലെ ലാപ്ടോപ്പിന് ഒരു ദിവസത്തെ വാടക 16,000. പ്രിന്‍ററിന് 3000. പൂജാതളികക്ക് 5000. ബില്ലുകള്‍ പാസാക്കാന്‍ നിര്‍വാഹകസമിതിയോഗം ചേര്‍ന്നില്ല. ഇങ്ങനെ വ്യാജരേഖ ചമച്ച് വന്‍കൊള്ള നടത്തിയതാണ് വിളിച്ചുപറഞ്ഞത്. അതിന് കിട്ടിയത് സസ്പെന്‍ഷന്‍. അഴിമതിക്കെതിരെ സംസാരിക്കുന്നത് പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനമാണ് എന്ന് മനസ്സിലായി. ഒരു മന്ത്രിക്കെതിരെ സ്വന്തം പാര്‍ട്ടിയിലെ എം.പി അഴിമതി ആരോപണമുന്നയിക്കുന്നത് ഒരുപക്ഷേ, ചരിത്രത്തില്‍ ആദ്യം. വസുന്ധര രാജെയെയും പങ്കജ മുണ്ടെയെയും ശിവരാജ് സിങ് ചൗഹാനെയുംപോലെ അഴിമതിക്കാരനാണ് അരുണ്‍ ജെയ്റ്റ്ലി എന്നു വന്നാല്‍ മോദി ഭരണത്തിന്‍െറ സ്തുതിപാഠകരുടെ വായടയും. അഴിമതി അവസാനിപ്പിക്കുമെന്നായിരുന്നല്ളോ മോദിവാദികളുടെ വാഗ്ദാനം.

1959 ജനുവരി രണ്ടിന് ബിഹാറിലെ പര്‍ണിയയില്‍ മിഥില ബ്രാഹ്മണ കുടുംബത്തില്‍ ജനനം. ഡല്‍ഹി മോഡേണ്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്കൂള്‍ ക്രിക്കറ്റ് ടീമില്‍ അംഗമായിരുന്നു. വര്‍ഷങ്ങളോളം ഡല്‍ഹിയിലെ ഓള്‍റൗണ്ടറായിരുന്നു. 95 രഞ്ജി ട്രോഫി മാച്ചുകളില്‍നിന്നായി നേടിയത്  4867 റണ്‍സും 162 വിക്കറ്റുകളും. ടെസ്റ്റ് മത്സരം തുടങ്ങിയത് വെലിങ്ടണില്‍. പിന്നീട് മൂന്ന് ടെസ്റ്റുകള്‍ കളിച്ചെങ്കിലും കാര്യമായ നേട്ടം കൊയ്യാനായില്ല. 1983ല്‍ ലോകകപ്പിനു തെരഞ്ഞെടുക്കപ്പെട്ടു. മാഞ്ചസ്റ്ററില്‍ ഇംഗ്ളണ്ടിനെതിരെ നടന്ന സെമി ഫൈനലില്‍ ഇയാന്‍ ബോതമിന്‍െറ വിക്കറ്റ് എടുത്തത് ഇന്ത്യക്ക് ഫൈനല്‍ പ്രവേശം എളുപ്പമാക്കി. 1983ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയെ ഒറ്റ വിക്കറ്റ് വിജയത്തിലേക്കു നയിച്ചു. പക്ഷേ, പിന്നീട് പാകിസ്താനും വെസ്റ്റിന്‍ഡീസിനുമെതിരായ മൂന്നു ടെസ്റ്റുകളിലും പ്രകടനം മോശമായിരുന്നു. 1980 മുതല്‍ 1986 വരെയുള്ള കാലയളവില്‍ ഏഴ് ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ശരാശരിക്കാരനായ കളിക്കാരന്‍ പിന്നീട് കളിമൈതാനത്തിനു പുറത്തായി. വെറുതെയിരിക്കുമ്പോള്‍ ഇനിയേതു ലാവണം എന്നാലോചിച്ച് കുണ്ഠിതപ്പെടേണ്ടിവന്നില്ല. അച്ഛന്‍ നയിച്ച വഴിയേ പോയി. 1993 മുതല്‍ 1999 വരെ ഡല്‍ഹി നിയമസഭയില്‍ അംഗമായിരുന്നു. പ്രതിനിധാനംചെയ്തത് ഡല്‍ഹി ഗോള്‍മാര്‍ക്കറ്റ് മണ്ഡലത്തെ. ബിഹാറിലെ ദര്‍ഭംഗയില്‍നിന്ന് ബി.ജെ.പി ടിക്കറ്റില്‍ ലോക്സഭയിലത്തെിയത് 1999ല്‍. ലോക്സഭയില്‍ ഇത് മൂന്നാമൂഴമാണ്.

ക്രിക്കറ്റ് കളിയില്‍ വലിയ കേമനൊന്നുമല്ലായിരുന്നെങ്കിലും സ്വന്തം ജീവിതം തിരശ്ശീലയില്‍ കണ്ട് ആത്മരതിയിലാറാടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ഹിന്ദി സിനിമയുടെ ചിത്രീകരണത്തിന് തുടക്കംകുറിച്ചത്. നായകന്‍ മറ്റാരുമല്ല, കീര്‍ത്തി ആസാദ്തന്നെ. ബിഹാറിലെ ക്രിക്കറ്റിന്‍െറ പരിമിതികളെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമുള്ള സിനിമയായി വിഭാവനംചെയ്യപ്പെട്ട ‘കിര്‍ക്കറ്റ്’ ഇന്നുവരെ പുറത്തിറങ്ങിയിട്ടില്ല. പൂനം ആണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടാളെയും ആദ്യം ക്രിക്കറ്റ് കളിയാണ് പഠിപ്പിക്കുന്നത്. അതില്‍ ശോഭിക്കാതെവന്നാല്‍ അവര്‍ക്ക് രാഷ്ട്രീയത്തില്‍ വരാം. മൂത്തവന്‍ സൂര്യവര്‍ധന്‍ 22 വയസ്സില്‍ താഴെയുള്ളവരുടെ ടീമില്‍ ഡല്‍ഹിക്കുവേണ്ടി കളിച്ചിട്ടുണ്ട്. ഇളയവന്‍ സൗമ്യവര്‍ധന്‍ 17ല്‍ താഴെയുള്ളവരുടെ ടീമിലും കളിക്കുന്നു. കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് ഭീഷണി. അടുത്ത നീക്കത്തിനായി കാത്തിരിക്കൂ എന്ന് പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടുമുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.