ഒരു ചായക്കടക്കാരന്‍െറ പാര്‍ട്ടി പദവി വിചാരങ്ങള്‍

ചായക്കടക്കാരന്‍ കമ്മദ് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന് അയച്ച കത്ത് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാണ്. രസികനായ  ഏതോ കോണ്‍ഗ്രസ് നേതാവിന്‍െറ ഭാവനയില്‍വിടര്‍ന്ന കഥാപാത്രമാണ് കമ്മദ്. ഡി.സി.സി ഓഫിസിനുസമീപം ചായക്കട നടത്തുന്ന കമ്മദിന്‍െറ പരാതി ഈയിടെ സുധീരന്‍ നടത്തിയ കോണ്‍ഗ്രസ് പുന$സംഘടനയില്‍ അയാളെയും ജനറല്‍ സെക്രട്ടറി ആക്കി എന്നാണ്. അതൊന്ന് ഒഴിവാക്കിത്തരണമെന്ന വിനീത അഭ്യര്‍ഥനയാണ് കത്തിലുള്ളത്.
ഒറ്റനോട്ടത്തില്‍തന്നെ സംഗതി സാങ്കല്‍പികമാണെന്ന് ബോധ്യംവരുമെങ്കിലും കേരളത്തിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുന$സംഘടിപ്പിച്ച് കെ.പി.സി.സി ഇറക്കിയ ലിസ്റ്റ് പരിശോധിച്ചാല്‍ കമ്മദ് പറയുന്നതില്‍ സത്യങ്ങള്‍ ഉണ്ടെന്നു ബോധ്യപ്പെടും.
ജനാധിപത്യപാര്‍ട്ടി എന്ന് മേനിനടിക്കുമെങ്കിലും മരുന്നിനുപോലും ജനാധിപത്യം ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഒരു പാര്‍ട്ടിയുടെ ജനാധിപത്യസ്വഭാവം ഏറ്റവും കൂടുതല്‍ തെളിഞ്ഞുകാണേണ്ടത് അതിന്‍െറ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നിടത്താണ്. സമഗ്രാധിപത്യം ആരോപിക്കപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അതിന്‍െറ താഴെ തട്ടില്‍ മുതല്‍ മുകളില്‍വരെ സമ്മേളനം നടത്തിയാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. പാര്‍ട്ടി അംഗങ്ങളാകെ ഈ പ്രക്രിയയില്‍ പങ്കാളികളാകും. നേരെമറിച്ച്  കോണ്‍ഗ്രസിലും  ബി.ജെ.പിയിലും ഭാരവാഹികളെ തലപ്പത്തുനിന്ന് നിശ്ചയിക്കുകയോ അടിച്ചേല്‍പിക്കുകയോ ആണ് ചെയ്യുന്നത്.
കേരള ബി.ജെ.പി പ്രസിഡന്‍റായി കുമ്മനം രാജശേഖരനെ നിയോഗിച്ചത് ഏറ്റവും ഒടുവിലത്തെ  ഉദാഹരണം. ബി.ജെ.പിയില്‍ ഒരു മിസ്ഡ് കാള്‍ അംഗം പോലുമല്ല കുമ്മനം. കേരളത്തിലെ പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ കേരള ബി.ജെ.പിയിലെ പത്തംഗ കോര്‍കമ്മിറ്റി അംഗങ്ങളെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി അവരുടെ യോഗത്തില്‍ പുതിയ പ്രസിഡന്‍റിനെ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. ഇത് ചോദ്യംചെയ്യാനോ മറ്റൊരാളെ നിര്‍ദേശിക്കാനോ ഉള്ള തന്‍േറടം കോര്‍കമ്മിറ്റിയിലെ ഒരാള്‍ക്കുപോലും ഇല്ലാത്തതിനാല്‍ തലകുലുക്കി സമ്മതിച്ച് അടുത്ത വിമാനത്തില്‍ തിരിച്ചുപോരുക മാത്രമായിരുന്നു  പോംവഴി. ബി.ജെ.പിയില്‍ അംഗമല്ലാത്ത താങ്കള്‍ എങ്ങനെ പ്രസിഡന്‍റായി എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് എന്നെവെച്ചവരോട് ചോദിക്കണം എന്ന കുമ്മനത്തിന്‍െറ  മറുപടിയില്‍  എല്ലാം അടങ്ങിയിട്ടുണ്ട്.
സംസ്ഥാന കോണ്‍ഗ്രസില്‍ ഏറ്റവുമൊടുവില്‍ ജനാധിപത്യരീതിയില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടന്നത് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന 1992ലാണ്.  ബൂത്ത് മുതല്‍ കെ.പി.സി.സിവരെ അന്ന് ഐ ഗ്രൂപ് കൈയടക്കി. കരുണാകരപക്ഷത്തേക്ക് കൂറുമാറിയ വയലാര്‍ രവി എ.കെ. ആന്‍റണിയെ തോല്‍പിച്ച് കെ.പി.സി.സി പ്രസിഡന്‍റായി. ആന്‍റണിയടക്കം എ ഗ്രൂപ്പുകാര്‍ പുറത്തായതോടെ ഹൈകമാന്‍ഡ് ഇടപെട്ടു. സംഘടനാ തെരഞ്ഞെടുപ്പില്‍ തോറ്റ എ ഗ്രൂപ്പുകാരെ ബൂത്തുതലം മുതല്‍ കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടി പുന$സംഘടിപ്പിച്ചു. അതിനുശേഷം കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പുതീയതികളും ഷെഡ്യൂളുമൊക്കെ പ്രഖ്യാപിക്കാറുണ്ടെങ്കിലും അതൊന്നും നടക്കാറില്ല. സ്ഥാനമാനങ്ങള്‍ വീതംവെക്കുകയാണ് പതിവ്.
വയലാര്‍ രവിക്കുശേഷം കെ.പി.സി.സി ക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഉണ്ടായിട്ടില്ല. തെന്നല ബാലകൃഷ്ണപിള്ളയും കെ. മുരളീധരനും രമേശ് ചെന്നിത്തലയും ഏറ്റവുമൊടുവില്‍ വി.എം. സുധീരനും ഹൈകമാന്‍ഡ് നോമിനികളായി വന്നവരാണ്.
കെ. കരുണാകരനും എ.കെ. ആന്‍റണിയും പതിറ്റാണ്ടുകള്‍ നിയന്ത്രിച്ച കോണ്‍ഗ്രസിലെ  എ-ഐ ഗ്രൂപ്പുകളുടെ പിന്തുടര്‍ച്ചാവകാശം രമേശ് ചെന്നിത്തലയിലേക്കും ഉമ്മന്‍ ചാണ്ടിയിലേക്കും സ്വാഭാവികമായി കൈമാറപ്പെട്ടു. ഒമ്പതുകൊല്ലം പ്രസിഡന്‍റായിരുന്നശേഷം ചെന്നിത്തല പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ് മന്ത്രിയായപ്പോള്‍ പകരക്കാരനായി ഹൈകമാന്‍ഡ് കണ്ടത്തെിയ വി.എം. സുധീരന്‍ ഗ്രൂപ്പുരഹിതനായി സ്വയം തുറന്നുകാട്ടി പരാജയപ്പെട്ട ആളാണ്. ഈ പരാജയത്തില്‍നിന്ന് കരകയറാന്‍ സുധീരന്‍ കണ്ടത്തെിയ മാര്‍ഗമാണ് കമ്മദിന്‍െറ കത്തിലത്തെിനില്‍ക്കുന്ന ഡി.സി.സി പുന$സംഘടന.
കോണ്‍ഗ്രസ് ഗ്രൂപ്പിസത്തെ ശക്തമായി തള്ളിപ്പറഞ്ഞും ഗ്രൂപ്പുകള്‍ക്ക് താക്കീതുനല്‍കിയുമായിരുന്നു സുധീരന്‍െറ അരങ്ങേറ്റം. എന്നാല്‍, ‘എ’യും ‘ഐ’യും ആയി നില്‍ക്കുന്ന പാര്‍ട്ടിയില്‍ സുധീരന്‍ വളരെ പെട്ടെന്ന് നിസ്സഹായനായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിനുമുമ്പ് പാര്‍ട്ടി പുന$സംഘടിപ്പിക്കാനുള്ള അദ്ദേഹത്തിന്‍െറ നീക്കം ഇരുഗ്രൂപ്പുകളും ചേര്‍ന്ന് പരാജയപ്പെടുത്തി. സ്വന്തമായി കുറച്ചാളുകള്‍ എല്ലാ ജില്ലകളിലുമില്ളെങ്കില്‍ പ്രസിഡന്‍റായി ഇരുന്നിട്ട് വലിയ കാര്യമൊന്നുമില്ളെന്ന് സുധീരന് അനുഭവങ്ങളിലൂടെ ബോധ്യംവന്നുകാണണം. ഡി.സി.സികള്‍ പുന$സംഘടിപ്പിക്കാന്‍ ഇരുഗ്രൂപ്പുകളും നല്‍കിയ ലിസ്റ്റിനൊപ്പം സ്വന്തം ലിസ്റ്റുകൂടി സുധീരന്‍ ഉള്‍ക്കൊള്ളിച്ചു. അതുകൂടി ചേര്‍ന്നപ്പോള്‍ എല്ലാ ജില്ലകളിലും ജംബോ ലിസ്റ്റായി. സുധീരനുവേണ്ടി ഗ്രൂപ് മാനേജര്‍മാരുടെ ജോലി ഏറ്റെടുത്ത കെ.പി.സി. സി ജനറല്‍ സെക്രട്ടറിമാര്‍ കണ്ടത്തെിയ ആളുകളുടെ കാര്യമാണ് മഹാകഷ്ടം. ഇരുഗ്രൂപ്പുകളും ഒഴിവാക്കിയവരും പാര്‍ട്ടിക്ക് ബാധ്യതയായവരും നേതാക്കളുടെ പെട്ടി പിടിക്കുന്നവരും ഡ്രൈവര്‍പണി എടുക്കുന്നവരുമൊക്കെയാണ്  സുധീരന്‍െറ നോമിനികളായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളില്‍ കയറിക്കൂടിയത്. ഗ്രൂപ് മാനേജര്‍മാര്‍ കാശുവാങ്ങി പാര്‍ട്ടി പദവികള്‍ വിറ്റെന്നുവരെ പറഞ്ഞുകേള്‍ക്കുന്നു. ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി. ജെ.പിക്കുവേണ്ടി പ്രവര്‍ത്തിച്ചയാള്‍ കെ. പി.സി.സി ലിസ്റ്റ് വന്നപ്പോള്‍ ഡി.സി.സി സെക്രട്ടറിയായി. എന്തൊരു മറിമായം !
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്നുപറയുന്നത് കഴിഞ്ഞയാഴ്ചവരെ അലങ്കാരമായിരുന്നെങ്കില്‍  ഇന്നതൊരു അപമാനമാണ്. ആര്‍ക്കും എളുപ്പത്തില്‍ വലിഞ്ഞുകയറാന്‍ പറ്റിയ പാര്‍ട്ടി പദവി. ഡി.സി.സി സെക്രട്ടറിമാരെ റോഡില്‍ തട്ടിവീഴുന്നകാലം! നാലാള്‍ ഇല്ലാത്ത ഈര്‍ക്കിലി പാര്‍ട്ടിപോലും ഇങ്ങനെ നാണംകെട്ടിട്ടില്ല.
 കോണ്‍ഗ്രസിലെ ഇരുഗ്രൂപ്പുകള്‍ക്കും അനഭിമതനായ വി.എം. സുധീരനെ  ഹൈകമാന്‍ഡ് കെ.പി.സി.സി പ്രസിഡന്‍റ് പദവിയില്‍ അവരോധിച്ചത് സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതിയ പ്രതിച്ഛായ സൃഷ്ടിച്ചെടുക്കാനും കോണ്‍ഗ്രസിന് അധികാരത്തുടര്‍ച്ച ഉറപ്പുവരുത്താനുമായിരുന്നു. സുധീരന്‍െറ അഴിമതിവിരുദ്ധ പെരുമയും പൊതുസമൂഹത്തിലെ സ്വീകാര്യതയും ആദര്‍ശരാഷ്ട്രീയത്തിന്‍െറ വക്താവ് എന്നപേരും  പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടായിരുന്നു. എന്നാല്‍, ഒരു തെന്നലയെങ്കിലും ആകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. രണ്ടു ഗ്രൂപ്പുകളെയും ഇടവും വലവും നിര്‍ത്തി പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ തെന്നല ബാലകൃഷ്ണപിള്ളക്ക് സാധിച്ചിരുന്നു. അദ്ദേഹം പ്രസിഡന്‍റായിരുന്നപ്പോള്‍ പാര്‍ട്ടി അഭിമാനാര്‍ഹമായ വിജയംനേടി അധികാരത്തിലത്തെി. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതിന്‍െറ ചൂടാറുംമുമ്പ് അദ്ദേഹത്തെ പ്രസിഡന്‍റ് പദവിയില്‍നിന്ന് വലിച്ചുതാഴെയിട്ടു എന്നതും ചരിത്രം.
അരുവിക്കര ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയവും മികച്ചവിജയവും കെ.പി.സി.സി പ്രസിഡന്‍റിന്‍െറ തൊപ്പിയില്‍ തൂവലായിരുന്നു. എന്നാല്‍,  തദ്ദേശ തെരഞ്ഞെടുപ്പിലെ തകര്‍ച്ച വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ മുന്നറിയിപ്പുകൂടിയാണ്. അഴിമതിയിലും വിവാദങ്ങളിലും മുങ്ങിയ ഒരു സര്‍ക്കാറിനെ മുന്നില്‍നിര്‍ത്തി ഭരണത്തുടര്‍ച്ച നേടാനുള്ള മാന്ത്രികവടിയൊന്നും സുധീരന്‍െറ പക്കലില്ല. പ്രസിഡന്‍റ് പദവിയില്‍ പിടിച്ചുനില്‍ക്കുകയാണ് അദ്ദേഹത്തിനിപ്പോള്‍ വേണ്ടത്. ഗ്രൂപ്പില്ലാതെ അതു സാധ്യമല്ല എന്ന തിരിച്ചറിവില്‍നിന്നാണ് ജംബോ ഡി.സി.സികള്‍ പിറന്നുവീണതെന്ന് സാരം. വ്യക്തി താല്‍പര്യങ്ങള്‍ക്കു നടുവില്‍ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടി ഇങ്ങനെ നാണംകെടണോ എന്നചോദ്യം സ്വാഭാവികം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT