കുട്ടികളുടെ സമഗ്ര പരിചരണവും സംരക്ഷണവും വാഗ്ദാനം നൽകിയാണ് 1986ലും 2000ത്തിലും ഉണ്ടായിരുന്ന ആക്ടുകൾ പരിഷ്കരിച്ച് 2015ൽ ബാലനീതി നിയമം (ജുവനൈൽ ജസ്റ്റിസ് ആക്ട്)നിലവിൽവന്നത്. ക്രൂരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാവുന്ന 16 മുതൽ 18 വരെ വയസ്സുള്ള കുട്ടികൾക്ക് മുതിർന്നവർക്കുള്ള ശിക്ഷനിയമങ്ങൾ ബാധകമാകുന്നതും ഏകീകൃത ദത്തെടുക്കൽ സംവിധാനവുമൊക്കെ പുതുക്കിയ നിയമത്തിന്റെ സവിശേഷതകൾ ആയിരുന്നു.
പ്രാബല്യത്തിൽ എത്തി ഒരു പതിറ്റാണ്ടിനോടടുക്കുേമ്പാഴും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ ഉത്തരം കിട്ടാത്ത ഒരു വിഷയമുണ്ട്: പെരുമാറ്റ വൈകല്യങ്ങൾ, സ്വഭാവ വൈകൃതങ്ങൾ, മാനസിക വൈകല്യങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികളുടെ സംരക്ഷണവും പുനരധിവാസവും. സർക്കാറിന് കീഴിലെ ചിൽഡ്രൻസ് ഹോമുകളും സന്നദ്ധ സംഘടനകൾ നടത്തുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളുമാണ് കുട്ടികളുടെ സംരക്ഷണതിനും പുനരധിവാസത്തിനും നിലവിൽ ലഭ്യമായ സംവിധാനങ്ങൾ.
പ്രതികൂല കുടുംബ-സാമൂഹിക സാഹചര്യങ്ങൾമൂലം ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ എത്തുന്ന സാധാരണ ബൗദ്ധിക നിലവാരമുള്ള കുട്ടികളുടെ സംരക്ഷണത്തിനും വികാസത്തിനുമുള്ള സൗകര്യങ്ങളാണ് പൊതുവിൽ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത്. പ്രത്യേക ശ്രദ്ധ വേണ്ട കുട്ടികളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനും പതിവ് സംവിധാനങ്ങൾ അപര്യാപ്തമാണ്.
പ്രത്യേക പരിശീലനം ലഭിച്ച സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ്, സ്പെഷൽ എജുക്കേറ്റർ, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തിന്റെ നിരന്തരമായ ഇടപെടൽ വഴി മാത്രമേ കുട്ടികൾക്ക് ആവശ്യമായ ശിക്ഷണം ഉറപ്പുവരുത്താനും സാധിക്കൂ. സംസ്ഥാനത്ത് നിലവിൽ ഇത്തരം ആവശ്യകതകൾ ഉള്ള കുട്ടികളെ സംരക്ഷിക്കാനും അവരുടെ സ്വഭാവ ക്രമീകരണത്തിനുമുള്ള സ്ഥാപനങ്ങൾ നിലവിൽ ഇല്ല എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
സാധാരണ ബൗദ്ധിക നിലവാരമുള്ള കുട്ടികളോടൊപ്പം ഇത്തരത്തിലുള്ള കുട്ടികളെയും പാർപ്പിക്കുന്നത് ആശാസ്യമല്ല. കുട്ടികളുടെ മനഃശാസ്ത്രത്തിൽ വൈദഗ്ധ്യം ഉള്ള മാനസികാരോഗ്യ വിദഗ്ധർ, സ്പെഷൽ എജുക്കേറ്റർ ഉൾപ്പെടെ കുട്ടികളുടെ വ്യക്തിത്വ രൂപവത്കരണത്തിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുന്ന സംവിധാനങ്ങൾ ഒരുക്കുകയാണ് ഈ വിഷയത്തിലുള്ള ഏക പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.