മായ്ക്കുമ്പോൾ തെളിയുന്നത്

അടിയന്തരാവസ്ഥ നടപ്പാക്കിയ ഇന്ദിര ഗാന്ധി നാംകണ്ട നല്ല ഭരണാധികാരിയൊന്നുമല്ല. തെൻറയും കുടുംബത്തിെൻറയും മേൽക്കോയ്മക്ക് എക്കാലവും കരുനീക്കിയ നേതാവെന്ന പ്രതിച്ഛായയാണ് ജനാധിപത്യ ഇന്ത്യയിൽ ഇന്ദിരക്ക്. ജനായത്തം ഇന്ത്യയിൽ പിച്ചവെക്കുമ്പോൾ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനുമുണ്ട്, മകളുടെ താൽപര്യങ്ങൾക്കൊത്ത് തുള്ളിയതടക്കം പിഴവുകൾ പലത്.  രാജീവ് ഗാന്ധിക്കും പിണഞ്ഞിട്ടുണ്ട് ചില അബദ്ധങ്ങൾ.  എങ്കിലും അവരെല്ലാം ഇന്ത്യയുടെ ചരിത്രമാണ്. ജനമനസ്സിൽ കാലാതീതമായി നിലനിൽക്കാൻ പാകത്തിൽ അസാധാരണമായ സ്വാധീനം നേടിയെടുത്ത പ്രതിഭകളാണ്. കാലം മുന്നോട്ടുചെല്ലുമ്പോൾ നിർബന്ധപൂർവം മറക്കുകയോ, അനാദരിക്കുകയോ ചെയ്യേണ്ടവരല്ല. നെഹ്റുവിനെയൊ ഇന്ദിരയെയോ മറച്ചുകളയാൻ സർദാർ വല്ലഭ ഭായ് പട്ടേലിനെ ഉപയോഗിക്കരുത്. നെഹ്റുമുതൽ കലാംവരെയുള്ളവരുടെ കാര്യത്തിലും വർത്തമാനം, ചരിത്രത്തോട് ചെയ്യേണ്ട നീതിയാണത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചിത്വ വിദഗ്ധനാണ്. ചപ്പുചവറുകൾ തുടച്ചുനീക്കാൻ ചൂലെടുത്തായിരുന്നു തുടക്കം. ശുചിത്വത്തിെൻറ വലിയൊരു സന്ദേശം അതിലുണ്ടെങ്കിലും, സ്റ്റേജിൽനിന്ന് മലിന കേന്ദ്രങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാത്ത സ്വച്ഛ് ഭാരത് മിഷൻ പരാജയമാണ്. ജീവിത പരിസരം ശുചിയാക്കുന്നതിനേക്കാൾ വേഗത്തിലാണ് പ്രധാനമന്ത്രി രാഷ്ട്രീയ പരിസരം ശുചിയാക്കാൻ ശ്രമിക്കുന്നത്. അതിെൻറ മറ്റൊരു ഏടാണ് ശനിയാഴ്ച ഡൽഹിയിലെ രാജ്പഥിൽ നടന്നത്. ഒക്ടോബർ 31 ഇന്ദിരഗാന്ധിയുടെ രക്തസാക്ഷിത്വദിനവും സർദാർ പട്ടേലിെൻറ ജന്മവാർഷികദിനവുമാണ്. ഇന്ദിര ഗാന്ധിയെ പിന്തള്ളി സർദാർ പട്ടേലിനെ മുന്നിലേക്ക് കൊണ്ടുവരുന്നതിന് കഴിഞ്ഞ വാർഷികത്തിൽ തുടങ്ങിവെച്ച ശ്രമം ഔദ്യോഗികമായി പൂർത്തിയാക്കുന്ന രാഷ്ട്രീയമായിരുന്നു രാജ്പഥിലേത്. രാജ്യത്തിെൻറ ഐക്യത്തിനുവേണ്ടി കൂട്ടയോട്ടം, പ്രതിജ്ഞയെടുക്കൽ എന്നിങ്ങനെയുള്ള മാമാങ്കങ്ങൾക്ക് റിപബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്പഥിൽ പ്രധാനമന്ത്രി നേതൃത്വം നൽകിയപ്പോൾ ഇന്ദിരയെ ശക്തിസ്ഥലിൽ പോയി സ്മരിക്കുന്നത് കോൺഗ്രസിെൻറ ഏർപ്പാടായി മാറി. പട്ടേലിെൻറ പിറന്നാൾ കെങ്കേമമായി ജനങ്ങളിലെത്തിച്ച സർക്കാർ നിയന്ത്രിത പ്രസാർഭാരതി, ഇന്ദിരാ അനുസ്മരണം കണ്ടില്ലെന്ന് ഭാവിക്കാൻ നിർബന്ധിക്കപ്പെട്ടു. ഇത്തരം ആചരണ മത്സരങ്ങൾക്ക് രാഷ്ട്രീയ താൽപര്യങ്ങൾക്കപ്പുറത്തെ വലിയ പ്രാധാന്യമൊന്നുമില്ല. ഇന്ദിരയേക്കാൾ പട്ടേൽ ഓർക്കപ്പെടണമെന്ന് മോദിയും ബി.ജെ.പിയും ആഗ്രഹിക്കുന്നത്, ഉരുക്കുമനുഷ്യന് ഇന്നും ഗുജറാത്തിലുള്ള രാഷ്ട്രീയസ്വാധീനം കൊണ്ടാണ്. ബി.ജെ.പിയെപ്പോലെ കോൺഗ്രസിനും പട്ടേലിനെ അവകാശപ്പെടാം. പക്ഷേ, പല കാരണങ്ങളാൽ ഗുജറാത്തിലെ പട്ടേലുമാർ കോൺഗ്രസിനെ കൈവിട്ട് ബി.ജെ.പിക്ക് പിന്നാലെപോയി. അവരെ വോട്ട് ബാങ്കായി ചേർത്തുനിർത്താൻ, സംവരണ പ്രക്ഷോഭം നടത്തിയതിനൊടുവിൽ രാജ്യദ്രോഹക്കുറ്റം ചാർത്തി ജയിലിലേക്ക് ഒതുക്കിയ ഹാർദിക് പട്ടേലിനൊപ്പം പോയവരെ തിരിച്ച് മോദിപക്ഷത്തേക്ക് എത്തിക്കാൻ അങ്ങനെയെല്ലാമുള്ള രാഷ്ട്രീയമാണ് യഥാർഥത്തിൽ പട്ടേൽ അജണ്ടയിലുള്ളത്.

നെഹ്റു കുടുംബത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിലുള്ള അപ്രമാദിത്തത്തിൽ കോൺഗ്രസിതര ചിന്താധാരയിലുള്ളവർക്ക് അമർഷമുണ്ട്. ആ വികാരം മുതലാക്കി, സ്വന്തം രാഷ്ട്രീയം മുന്നോട്ടുനീക്കാൻ ബി.ജെ.പി ഉപയോഗപ്പെടുത്തുന്നത് ഇതാദ്യമല്ല.  ഇന്ദിരയുടെയും രാജീവിെൻറയുമൊക്കെ തപാൽ സ്റ്റാമ്പുകൾ നിർത്തലാക്കി, ദീനദയാൽ ഉപാധ്യായയുടെയും മറ്റും ചിത്രം കൂടി സ്റ്റാമ്പുകളിൽ കൊണ്ടുവരുന്നതടക്കം കാവി ബിംബങ്ങൾ സമസ്തമേഖലകളിലേക്കും വ്യാപിപ്പിച്ചു. അതിനൊപ്പം സ്വന്തം ഇമേജും സംഘ്പരിവാർ അജണ്ടയും കൊണ്ട് ഒരുരാജ്യത്തിെൻറ ഈടുറ്റ പാരമ്പര്യം തന്നെ മായ്ചുകളയാൻ ശ്രമിക്കുന്ന മോദിയുടെ മുഖമാണ് ഇതിനെല്ലാമിടയിൽ തെളിഞ്ഞുവരുന്നത്. ആഫ്രിക്കൻ നാടുകളെ കൂട്ടുപിടിച്ച് അന്താരാഷ്ട്ര പ്രാമാണ്യം വർധിപ്പിക്കുകയെന്ന മോദിയുടെ രാഷ്ട്രീയതന്ത്രം അടുത്തിടെ ഡൽഹിയിൽ ഇന്ത്യആഫ്രിക്കൻ ഫോറം ഉച്ചകോടി സംഘടിപ്പിച്ചതിൽ തെളിഞ്ഞുകിടപ്പുണ്ട്. ആഫ്രിക്കയുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ നെഹ്റുവിനുണ്ടായിരുന്ന സ്വാധീനം അവഗണിക്കാൻ ചിത്രങ്ങളിൽ മുതൽ പ്രസംഗത്തിൽ വരെ ബോധപൂർവം മോദി നടത്തിയ ചുവടുകൾ പക്ഷേ, പിഴക്കുന്നതാണ് കണ്ടത്. ചേരിചേരാ പ്രസ്ഥാനത്തിന് സംഭാവനചെയ്ത നെഹ്റുവിനെയും മറ്റും പ്രത്യേകമായി എടുത്തുപറയാതെ ആഫ്രിക്കൻ നേതാക്കളാരുംതന്നെ പ്രസംഗം പൂർത്തിയാക്കിയില്ല. അതെ, തുടച്ചുനീക്കാൻ ശ്രമിച്ചാലെന്നപോലെ, മോദി ലോകംമുഴുവൻ പറന്നാലും നടക്കാത്ത ഒന്ന്.
ഡൽഹിയിൽ ഔറംഗസീബ് റോഡിെൻറ പേരുമാറ്റി മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ പേരെഴുതിയത് അടുത്തകാലത്താണ്.

മുഗൾ ഭരണാധികാരിയെ മറവിയിലേക്ക് പിന്തള്ളുകയും ബി.ജെ.പി ഭരണകാലത്ത് രാഷ്ട്രപതിയായ കലാമിെൻറ ഓർമക്ക് മറ്റൊരിടം കൂടി നൽകുകയുമാണ് അതുവഴി ചെയ്തതെന്ന് തോന്നിയവർക്ക് തെറ്റി. അതും മറികടന്ന സൂക്ഷ്മബുദ്ധി അതിനുള്ളിലുണ്ടായിരുന്നുവെന്നാണ് കലാമിെൻറ ഔദ്യോഗിക ബംഗ്ലാവ് ടൂറിസം സഹമന്ത്രി മഹേഷ് ശർമക്ക് കൊടുത്തപ്പോൾ തെളിഞ്ഞത്. ഡൽഹിയിലെ സർക്കാർ ബംഗ്ലാവുകൾ സ്മാരകങ്ങളായി പരിണമിക്കാൻ പാടില്ലെന്നതു നേര്. എന്നാൽ വിപുലമായ പുസ്തക ശേഖരം മുതൽ വീണ വരെ, കലാമിെൻറ നീക്കിബാക്കിയെല്ലാം രാമേശ്വരത്തേക്ക് കയറ്റി അയച്ച് ഡൽഹിയിൽനിന്ന് ഒഴിവാക്കേണ്ടവയാണെന്ന് നിശ്ചയിക്കപ്പെട്ടു. കലാമിെൻറ വീട് സ്മാരകമല്ല, ശാസ്ത്രലോകത്തിന് പ്രചോദനം പകരുന്ന മികവിെൻറ കേന്ദ്രമാക്കി മാറ്റണമെന്ന അഭിപ്രായങ്ങൾ വിലപ്പോയില്ല. കലാമിനെ ഓർക്കാൻ ഡൽഹിക്ക് ഇനിയുള്ളത് ഔറംഗസീബിെൻറ പേര് മായ്ച്ചെഴുതിയൊരു റോഡിെൻറ ബോർഡ് മാത്രം. ‘മുസ്ലിമാണെങ്കിലും കലാം നല്ല മനുഷ്യനും രാജ്യസ്നേഹിയുമായിരുന്നു’ എന്ന് പ്രസംഗിച്ച മന്ത്രിക്കുതന്നെയാണ് കലാം താമസിച്ച രാജാജി മാർഗിലെ 10ാം നമ്പർ ബംഗ്ലാവ് വിട്ടുകൊടുത്തത്.  
കൽബുർഗി, ദാദ്രി, ഫരീദാബാദ് തുടങ്ങിയ തീവ്രസംഭവങ്ങൾക്കിടയിൽ മുന്നേറുന്ന അസുഖകരമായ അജണ്ടകളുടെ മറ്റൊരു ചിത്രമാണിത്.

ഇന്ത്യയുടെ വൈവിധ്യവും പാരമ്പര്യവും ഒരേയൊരു ചിന്താധാരയിലേക്ക് ചുരുക്കാനുള്ള അസഹിഷ്ണുത നിറഞ്ഞ ചെയ്തികൾക്കെതിരായ പ്രതിഷേധവും മുന്നറിയിപ്പും പല കോണുകളിൽനിന്ന് വരുന്നുണ്ട്. ഉറ്റ ബന്ധമുള്ള കോർപറേറ്റ് മേഖലയിൽ നിന്നാണെങ്കിൽ മുന്നറിയിപ്പ് മോദിക്ക് വേഗം മനസ്സിലാകുമെന്നാണ് ഇതുവരെയുള്ള കാഴ്ച. അതുകൊണ്ട് കോർപറേറ്റുകൾക്കിടയിലെ ഗവേഷകരായ ‘മൂഡി’യുടെ വാക്കുകൾ കേൾക്കാം. സംഘ്പരിവാറിനെ നിയന്ത്രിക്കാൻ മോദിക്ക് കഴിഞ്ഞില്ലെങ്കിൽ നിക്ഷേപലോകത്ത് ഇന്ത്യയുടെ വിശ്വാസ്യത തകരുമെന്നാണ് മൂഡിയുടെ മുന്നറിയിപ്പ്. പ്രകോപനങ്ങൾ സംഘർഷാവസ്ഥ സൃഷ്ടിക്കുന്നു. അക്രമം വർധിക്കുന്നതിനൊത്ത്, രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സർക്കാർ പ്രതിപക്ഷത്തിെൻറ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും. ഉദ്ദേശിക്കുന്ന വിധത്തിൽ പരിഷ്കരണ കാര്യപരിപാടികൾ മുന്നോട്ടുനീക്കാൻ സർക്കാറിന് കഴിയാതെ വരുമെന്നും മൂഡി ഓർമപ്പെടുത്തുന്നു. ഇവിടെയാണ്, പട്ടേലിനെ മുന്നിൽനിർത്തിയുള്ള രാഷ്ട്രീയവുമായി ഐക്യത്തിെൻറ പേരുപറഞ്ഞ് മോദി ഓടുകയാണോ, അതല്ല, ഐക്യത്തിനുവേണ്ടി പ്രവർത്തിക്കുകയാണോ വേണ്ടതെന്ന ചോദ്യം ഉയരുന്നത്. പട്ടേൽ ദിനാചരണത്തിൽ സർക്കാർ മുന്നോട്ടുവെച്ച മുദ്രാവാക്യമെങ്കിലും വഴികാട്ടിയാൽ മതിയായിരുന്നു: ‘അനേകതാ മേം ഏകതാ, ഭാരത് കി വിശേഷത’ നാനാത്വത്തിലെ ഐക്യമാണ് ഭാരതത്തിെൻറ സവിശേഷത. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.