ആര്‍.എസ്.എസിന്‍െറ വാളും ടിപ്പുവിന്‍െറ ചരിത്രവും

സാംസ്കാരിക ദേശീയതയുടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ സം ഘ്പരിവാരത്തിന്‍െറ ഫാഷിസ്റ്റ് അജണ്ട ചരിത്രത്തെയും ചരിത്രപുരുഷന്മാരെയും ‘വരത്തന്മാരുടെ’ ഗണത്തില്‍പെടുത്തി ദേശത്തിന്‍െറ ശത്രുക്കളായി പ്രഖ്യാപിക്കുകയാണ്. ഒരു ജനതയില്‍ അപരത്വം അടിച്ചേല്‍പിച്ച് അവരെ പുറന്തള്ളാനും ഉന്മൂലനം ചെയ്യാനും പുതിയ ‘ചരിത്ര’ങ്ങള്‍ സൃഷ്ടിക്കുകയാണ്. 1973ല്‍ ആര്‍.എസ്.എസ് പ്രചാരക് ആയിരുന്ന മോറോപന്ത് പിഗ്ളയുടെ ആശയമാണ് ‘അഖില ഭാരതീയ ഇതിഹാസ് സങ്കലന്‍ യോജന’ (എ.ബി.ഐ.എസ്.വൈ) എന്ന പഠനസംഘത്തിന്‍െറ രൂപവത്കരണത്തിലേക്ക് നയിച്ചത്. ദേശീയതയുടെയും ഇതിഹാസപുരാണ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചരിത്രാനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ‘നവചരിത്ര നിര്‍മിതി’യായിരുന്നു എ.ബി.ഐ.എസ്.വൈയുടെ ലക്ഷ്യം. മറ്റൊരര്‍ഥത്തില്‍, ആര്‍.എസ്.എസിന്‍െറ അജണ്ടയായ ‘ഹിന്ദുത്വരാഷ്ട്രം’ സ്ഥാപിക്കാനും ആവശ്യമായ ഘടകങ്ങള്‍മാത്രം പുരാണേതിഹാസങ്ങളില്‍നിന്നും ദേശീയപ്രസ്ഥാനത്തില്‍നിന്നും തെരഞ്ഞെടുത്ത് അവയെ ജനകീയവത്കരിക്കുകയായിരുന്നു ഈ സംഘവും. ഇതിനായി വീരപുരുഷന്മാരെയും ദേശദ്രോഹികളെയും ‘തെരഞ്ഞെടുത്തു’. അക്കാദമിക ചരിത്രകാരന്മാര്‍ ‘മതേതര അന്താരാഷ്ട്രവാദി’യെന്ന് മുക്തകണ്ഠം പ്രശംസിച്ച ടിപ്പുസുല്‍ത്താന്‍ ഈ തെരഞ്ഞെടുപ്പില്‍ ദേശവിരുദ്ധനും ഹിന്ദുവിരുദ്ധനും ക്ഷേത്രധ്വംസകനുമായി.
അക്കാദമിക ചരിത്രത്തെയും ജനകീയചരിത്രത്തെയും നിഷേധിച്ചുകൊണ്ട് തെരഞ്ഞെടുത്തതും കൃത്രിമമായി സൃഷ്ടിച്ചതുമായ സംഭവങ്ങളെ മുന്‍നിര്‍ത്തി ടിപ്പുവിന്‍െറ ചരിത്രം പറയുകയും അത് സംഘ്പരിവാരത്തിന്‍െറ നിരവധിയായ പ്രചാരണോപാധികളിലൂടെ ജനകീയമാക്കുകയും ചെയ്യുകവഴി കര്‍ണാടകയില്‍ വര്‍ഗീയഅജണ്ട ആര്‍.എസ്.എസ് തൃണമൂലതലത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നു. മുസ്ലിമായ ടിപ്പുവിന്‍െറ ‘ഹിന്ദുവിരുദ്ധതക്ക്’ വര്‍ത്തമാനകാലത്ത് മുസ്ലിം മതവിശ്വാസികള്‍ മറുപടി പറയണമെന്ന വിതണ്ഡവാദമാണ് എ.ബി.ഐ.എസ്.വൈയുടെ ‘ചരിത്രകാരനായ’ ഡോ. ശിവപ്രസാദ് ഉയര്‍ത്തിയത്. ടിപ്പുവിന്‍െറ വില്ലനാകുകവഴി ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തെ വികലമാക്കാനും മുസ്ലിംകളെ ചരിത്രത്തില്‍ വേരുകളില്ലാത്തവരും വരത്തന്മാരുമായി പ്രഖ്യാപിക്കാനും ആര്‍.എസ്.എസ് ഫാഷിസ്റ്റ് മീഡിയ മെഷീന്‍ ലക്ഷ്യംവെക്കുന്നു.
ടിപ്പുസുല്‍ത്താന്‍ ഇന്നത്തെ ബംഗളൂരുവിലെ ദേവനഹള്ളി ഗ്രാമത്തില്‍ നവംബര്‍ 20, 1750ല്‍ ജനിച്ചു. സംഭവബഹുലമായ അദ്ദേഹത്തിന്‍െറ ജീവിതം 1799 മേയ് നാലിന് ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് അവസാനിച്ചു. മഹാഭൂരിപക്ഷം കന്നഡികരും ടിപ്പുസുല്‍ത്താനെ തങ്ങളുടെ ദേശീയനായകനായാണ് കാണുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഏറ്റവും ധീരവും ഉജ്ജ്വലവുമായ ചെറുത്തുനില്‍പുയര്‍ത്തിയ അദ്ദേഹത്തെ ഇന്ത്യന്‍ ദേശീയപ്രസ്ഥാനം ധീരദേശാഭിമാനികളുടെ പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്. ടിപ്പുവിന്‍െറ ജീവിതവും പ്രവര്‍ത്തനങ്ങളും ഇതിനെ സാധൂകരിക്കുന്നതാണ്.
80 മുതല്‍ 90 ശതമാനംവരെ ഹിന്ദുക്കള്‍ അധിവസിക്കുന്ന വിശാലമായ മൈസൂര്‍ സാമ്രാജ്യത്തിന്‍െറ അധിപനായിരുന്നു അദ്ദേഹം. ശൃംഗേരി ക്ഷേത്രത്തില്‍ പൂജ ചെയ്ത് പടയോട്ടം തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്‍െറ രീതി. മൈസൂര്‍ ഗസറ്റിയേഴ്സ് പ്രകാരം 156 ക്ഷേത്രങ്ങള്‍ക്ക് വാര്‍ഷിക ഗ്രാന്‍റ് അനുവദിക്കുകയും കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നിര്‍വഹിക്കാന്‍ ഖജനാവില്‍നിന്ന് തുക നല്‍കുകയും ചെയ്തിരുന്നു. ശൃംഗേരി മഠാധിപതിക്ക് അദ്ദേഹമയച്ച ആദരസൂചകമായ 30 കത്തുകള്‍ ടിപ്പുവിന്‍െറ സഹിഷ്ണുതയുടെ ഉത്തമോദാഹരണമാണ്. 1791ല്‍ പരശുറാം ഭാവെയുടെ (ബാവു) നേതൃത്വത്തില്‍ മറാത്തക്കാര്‍ സമ്പല്‍സമൃദ്ധമായ ബഡ്നൂര്‍ ആക്രമിച്ച് കൊള്ളയടിച്ചു. രഘുനാഥറാവു പട്വര്‍ധന്‍െറ നേതൃത്വത്തില്‍ മറാത്തസൈന്യം ശൃംഗേരിമഠം ആക്രമിച്ച് വിലപ്പെട്ടതെല്ലാം കൊള്ളചെയ്ത് സന്യാസിമാരെ കൊലപ്പെടുത്തി. ശാരദാദേവിയുടെ അമ്പലം തകര്‍ത്തു. മഠാധിപതി ജഗദ്ഗുരു സച്ചിദാനന്ദ ഭാരതി മൂന്നാമന്‍ പ്രാണരക്ഷാര്‍ഥം ക്ഷേത്രനഗരമായ കാര്‍ക്കളയിലേക്ക് പലായനംചെയ്തു. ജഗദ്ഗുരു ടിപ്പുവിനോട് പരാതിപ്പെട്ടു. ഉടന്‍ പ്രതികരിച്ച ടിപ്പു ശൃംഗേരിമഠവും ക്ഷേത്രങ്ങളും സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചു. ശാരദാദേവി ക്ഷേത്രം പുനര്‍നിര്‍മിച്ചു. 1791 ജൂലൈ ആറിന് ടിപ്പു ജഗദ്ഗുരുവിനയച്ച കത്ത് അദ്ദേഹത്തിന്‍െറ മതേതരമനോഭാവത്തിന് അടിവരയിടുന്നു.
മൈസൂരിന്‍െറ ഹിന്ദുപാരമ്പര്യത്തിന് പരിപൂര്‍ണ സംരക്ഷണം നല്‍കിയ ഭരണാധികാരിയാണ് ടിപ്പു. കുടക്, മലബാര്‍, ദക്ഷിണകാനറ എന്നിവിടങ്ങളില്‍ പടയോട്ടക്കാലത്ത് ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അധികാരത്തിന്‍െറയും സമ്പത്തിന്‍െറയും കേന്ദ്രങ്ങളായിരുന്ന ക്ഷേത്രങ്ങള്‍ ഏതൊരു പടയോട്ടത്തിലും ലക്ഷ്യമായിരിക്കും. പടയോട്ടത്തിനിടയില്‍ നടത്തിയ അന്യരാജ്യങ്ങളിലെ ക്ഷേത്രധ്വംസനങ്ങളുടെ പേരില്‍ ടിപ്പുവിനെ മതഭ്രാന്തനായി ചിത്രീകരിക്കുകയാണ് ഫാഷിസ്റ്റുകള്‍.
ടിപ്പുവിന്‍െറ പടയോട്ടങ്ങള്‍ക്കും ഭരണപരമായ നടപടികള്‍ക്കും നേതൃത്വം നല്‍കിയത് ഹിന്ദു പടനായകരും ഉദ്യോഗസ്ഥന്മാരുമായിരുന്നുവെന്നത് ശ്രദ്ധേയമായ കാര്യമാണ്. ടിപ്പുവിന്‍െറ പ്രധാനമന്ത്രി ബ്രാഹ്മണശ്രേഷ്ഠനായ പൂര്‍ണയ്യയായിരുന്നു. മുഖ്യ പേഷ്കാര്‍ സുബ്ബറാവു. പടത്തലവന്‍ കൃഷ്ണറാവു. പൊലീസ് മന്ത്രി ഷാമയ്യ അയ്യങ്കാര്‍. മാത്രമല്ല, പിള്ളാജി മൊഹ്ത് എന്ന ശൈവഭക്തന്‍െറ നേതൃത്വത്തിലുള്ള സംഘമായിരുന്നു ടിപ്പുവിന്‍െറ അംഗരക്ഷകര്‍. മലബാര്‍ കീഴടക്കിയ ടിപ്പു ഭരണച്ചുമതല നല്‍കിയത് മദ്ദണ്ണക്കാണ്. 1782 മുതല്‍ 1799വരെ ഭരിച്ച ടിപ്പു മൈസൂരുവിലെ ഹിന്ദുപ്രജകളെയോ അവര്‍ ടിപ്പുവിനെയോ അവിശ്വസിച്ചിരുന്നില്ല. എ.ഡി 1000ത്തില്‍ നിര്‍മിച്ച വൈഷ്ണവരുടെ ക്ഷേത്രമായ ശ്രീരംഗനാഥ സ്വാമിക്ഷേത്രം ടിപ്പുവിന്‍െറ കൊട്ടാരത്തിനുസമീപം മോടിയോടെ തലയുയര്‍ത്തിനില്‍ക്കുന്നത് ക്ഷേത്രധ്വംസന കെട്ടുകഥക്കാര്‍ക്കുള്ള അര്‍ഥപൂര്‍ണമായ മറുപടിയാണ്.
ആഗോളരാഷ്ട്രീയത്തിലെ സ്ഥിതിഗതികള്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുകൊണ്ട് ആഭ്യന്തരനയം രൂപവത്കരിച്ച ഇന്ത്യയിലെ അത്യപൂര്‍വം ഭരണാധികാരികളിലൊരാളാണ് ടിപ്പു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍െറ ശക്തി തിരിച്ചറിഞ്ഞ അദ്ദേഹം ഫ്രാന്‍സുമായി സഖ്യം സ്ഥാപിച്ചു. ബ്രിട്ടീഷുകാരെ തോല്‍പിക്കാന്‍ സമാനശേഷിയുള്ള ഒരു കടല്‍ ശക്തിയുടെ പിന്തുണ അനിവാര്യമാണെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നില്‍. ഫ്രഞ്ച് വിപ്ളവം ഉയര്‍ത്തിയ മഹത്തായ മുദ്രാവാക്യങ്ങളുടെ ആരാധകനുമായിരുന്നു ടിപ്പു. ഒരു ‘മതേതര-ജനാധിപത്യ റിപ്പബ്ളിക്കിന്‍െറ’ സമ്പൂര്‍ണ മാതൃകയായിരുന്നു വിപ്ളവ ഫ്രാന്‍സ്. ജാക്കോബിയന്മാരുടെ ആശയങ്ങളില്‍ ആകൃഷ്ടനായ ടിപ്പു ശ്രീരംഗപട്ടണത്ത് ‘ജാക്കോബിന്‍ ട്രീ’ നടുകയും ജാക്കോബിന്‍ ക്ളബ് രൂപവത്കരിക്കുകയും ചെയ്തു. അങ്ങിനെ ഭരണപരവും തന്ത്രപരവുമായ നയങ്ങളില്‍ തന്‍െറ കാലഘട്ടത്തിലെ ഏറ്റവും പുരോഗമനപരവും ഫലപ്രദവുമായ സമീപനം അദ്ദേഹം കൈകൊണ്ടു.
സംഘ്പരിവാരത്തിന്‍െറ തെരഞ്ഞെടുപ്പില്‍ ‘വില്ലന്‍പട്ടം’ ചാര്‍ത്തപ്പെട്ട ടിപ്പുവിനെ യഥാര്‍ഥ വില്ലനാക്കാന്‍ നിരവധി കഥകള്‍ മെനഞ്ഞെടുക്കപ്പെട്ടു. അതിലൊന്നാണ് 700 മെല്‍ക്കോട്ട് അയ്യങ്കാര്‍മാരെ മതപരിവര്‍ത്തനത്തിന് വിസമ്മതിച്ചതിന്‍െറ പേരില്‍ നവംബര്‍ 10ന് ടിപ്പു തൂക്കിക്കൊന്നു എന്നത്. മൈസൂര്‍ ഗസറ്റിയേഴ്സില്‍ പരാമര്‍ശമുണ്ട് എന്നുവാദിച്ച് ജനകീയവത്കരിച്ച പ്രസ്തുത ‘ചരിത്രം’ (പോപുലറൈസ്ഡ് ഹിസ്റ്ററി) സംഘ്പരിവാരത്തിന്‍െറ നിര്‍മിതിയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ടിപ്പുവുമായി ബന്ധപ്പെട്ട സകലതിനേയും അയുക്തികമായി എതിര്‍ക്കുന്നതിന്‍െറ രാഷ്ട്രീയം വിഭജനത്തിന്‍െറ രാഷ്ട്രീയമാണ്. സഞ്ജയ്ഖാന്‍ സംവിധാനംചെയ്ത ടെലി-സീരിയല്‍ ‘ടിപ്പുവിന്‍െറ വാള്‍’ സംപ്രേഷണം ചെയ്യുന്നതിനെതിരെ ഹിന്ദുത്വശക്തികള്‍ കലാപമഴിച്ചുവിട്ടു. ഭഗവാന്‍ എസ്. ഗിദ്വാനി രചിച്ച ‘ടിപ്പുവിന്‍െറ വാള്‍’ (ദ സോഡ് ഓഫ് ടിപ്പു സുല്‍ത്താന്‍) ചരിത്രവസ്തുതകളെ ആധാരമാക്കിയ രചനയാണ്. ഇതിനെ നിഷേധിക്കുന്ന വാദങ്ങള്‍ ഉന്നയിക്കുന്നതിനുപകരം ഫാഷിസ്റ്റുകള്‍ കലാപമഴിച്ചുവിടുകയാണുണ്ടായത്. ടിപ്പുവിന്‍െറ ജീവിതം പ്രമേയമാക്കിയ ‘ദ ടൈഗര്‍ ഓഫ് മൈസൂര്‍’ എന്ന സിനിമയില്‍ ഹിന്ദുവായ രജനീകാന്ത് അഭിനയിക്കരുതെന്ന് ബി.ജെ.പിയും ഹിന്ദുത്വസംഘടനകളും ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപ്പെട്ടു. തികഞ്ഞ ഭക്തനും തമിഴ്മക്കളുടെ സൂപ്പര്‍സ്റ്റാറുമായ രജനീകാന്ത് ടിപ്പുസുല്‍ത്താനായി അഭിനയിക്കുമെന്ന് സധൈര്യം പ്രഖ്യാപിച്ചു. തമിഴ് നടികര്‍ സംഘവും അദ്ദേഹത്തിന് പിന്തുണ നല്‍കി.  
ടിപ്പുവിനെ  ഹിന്ദുവിരുദ്ധനാക്കാനുള്ള സംഘടിതപരിശ്രമം മടിക്കേരി സംഭവത്തോടെ പുതിയ തലത്തിലേക്കത്തെിയിരിക്കുകയാണ്. ടിപ്പുവിന്‍െറ ജന്മദിനാഘോഷങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത് ‘ഹിന്ദുവിരുദ്ധത’യാണെന്ന വാദം എത്രമാത്രം വികലമാണ്. പഴശ്ശിരാജ, വേലുത്തമ്പി ദളവ, കട്ടബൊമ്മന്‍ തുടങ്ങി ദക്ഷിണേന്ത്യന്‍ വീരന്മാരുടെ പട്ടികയില്‍ അഗ്രഗണ്യനായ ടിപ്പുസുല്‍ത്താന്‍ ഇപ്രകാരം അപമാനിക്കപ്പെടുന്നത് നമ്മുടെ സാമ്രാജ്യത്വവിരുദ്ധ പാരമ്പര്യത്തിന് ഭൂഷണമല്ല.
മൈസൂരിന്‍െറ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുന്ന ഏതൊരാള്‍ക്കും ടിപ്പുസുല്‍ത്താന്‍െറ ചരിത്രത്തിലെ സ്ഥാനം വ്യക്തമാകും. അക്കാദമിക ചരിത്രത്തിനുപുറത്ത് ഓര്‍മകളിലൂടെ കൈമാറിവരുന്ന ജനകീയചരിത്രത്തിലും അദ്ദേഹത്തിന്‍െറ സ്ഥാനം സുഭദ്രമാണ്. പടയോട്ടക്കാലത്ത് ക്ഷേത്രധ്വംസനമേ ഉണ്ടായിട്ടില്ല എന്നല്ല. മറിച്ച്, അദ്ദേഹം ഒരു മതഭ്രാന്തനായിരുന്നില്ല എന്നാണ് പറഞ്ഞുവരുന്നത്. മാത്രമല്ല, തന്‍െറ കാലഘട്ടത്തിന്‍െറ സ്റ്റാന്‍ഡേര്‍ഡ് വെച്ചുനോക്കുമ്പോള്‍ അത്യന്തം പുരോഗമനവാദിയുമായിരുന്നു. ഇക്കാര്യം അറിയാത്തവരല്ല സംഘ്പരിവാര ശക്തികള്‍. കന്നടയില്‍ താമര വിരിയിക്കാനുള്ള സോഷ്യല്‍ എന്‍ജിനീയറിങ്ങില്‍ അവര്‍ക്കുകിട്ടിയ ‘ഇര’യാണ് ടിപ്പു. എതിര്‍പ്പ് യഥാര്‍ഥത്തില്‍ ടിപ്പുവിനോടുമല്ല. മറിച്ച്, ടിപ്പുവിന്‍െറ ‘പിന്മുറക്കാരായ’ മുസ്ലിംകളോടാണ്. ഹിന്ദുത്വഏകീകരണം സാധ്യമാക്കാനും മുസ്ലിംവിരുദ്ധത തൃണമൂലതലത്തിലേക്ക് വ്യാപിപ്പിക്കാനും 1990കളില്‍ ‘ടിപ്പുസുല്‍ത്താന്‍ എന്ന ഹിന്ദുവിരുദ്ധ മതഭ്രാന്തന്‍െറ’ കൃത്രിമബിംബം സംഘ്പരിവാരം ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതാണ്.
ദേശീയപ്രസ്ഥാനത്തിലെ ഒട്ടുമിക്ക നേതാക്കളെയും സംഘ്പരിവാരം സ്വന്തമാക്കിക്കഴിഞ്ഞു. സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ ഹിന്ദുത്വ പ്രതീകമായി. ഈ പട്ടികയില്‍ നെഹ്റു മാത്രമാണ് കളത്തിനുപുറത്ത്. മുസ്ലിം നാമധാരികളെ മുഴുവന്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുകയാണ്. മഹാനായ അക്ബര്‍ എങ്ങനെ മഹാനായി എന്ന ചോദ്യം എ.ബി.ഐ.എസ്.വൈയുടെ ജനറല്‍ സെക്രട്ടറി ഈശ്വര്‍ ശരണ്‍ വിശ്വകര്‍മ ഉയര്‍ത്തിക്കഴിഞ്ഞു. അക്ബറും പ്രതിപ്പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടേക്കാം.
മൈസൂരിന്‍െറ  നാടോടിക്കഥകളിലും പാട്ടുകളിലും ടിപ്പുസുല്‍ത്താന്‍ ഇന്നും ഹീറോയാണ്. എച്ച്.എസ്. ശിവപ്രസാദിനെപ്പോലെയുള്ള കന്നടസാഹിത്യത്തിലെ അതികായര്‍ ടിപ്പുവിനെ നായകനാക്കി നിരവധി ജനപ്രിയനാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി വീരമരണംവരിച്ച ടിപ്പു കന്നടമക്കളുടെ സ്വകാര്യ അഹങ്കാരം തന്നെയാണ്. മതനിരപേക്ഷതയും പുരോഗമന സ്വഭാവവും പുലര്‍ത്തിയിരുന്ന ചരിത്രപുരുഷന്മാരെ വില്ലന്‍പരിവേഷം നല്‍കി പുനരവതരിപ്പിക്കുന്നത് രാജ്യത്തിന്‍െറ ആത്യന്തികമായ ഐക്യപ്പെടലിനെ തകര്‍ക്കാനുള്ള ഉപാധിയാണ്. കൃത്യമായ അര്‍ഥത്തില്‍ ലക്ഷണമൊത്ത രാജ്യദ്രോഹപ്രവര്‍ത്തനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT