പാരിസ്​ ആക്രമണവും പ്രതികാരയുദ്ധവും

ചരിത്രം പരിഹാസ്യമാംവിധം ആവർത്തിക്കപ്പെടുകയാണ്. ഫ്രാൻസിലെ ജനങ്ങൾ പുഷ്പാഞ്ജലികൾ അർപ്പിച്ചും മൗനമാചരിച്ചും പരസ്പരം കെട്ടിപ്പുണർന്നും പാരിസ് ഏറ്റുവാങ്ങേണ്ടിവന്ന മഹാദുരന്തത്തിെൻറ വേദന പങ്കുവെക്കുമ്പോൾ ഭരണനേതൃത്വം ‘ദാഇശ് കാടന്മാരെ’ പാഠംപഠിപ്പിക്കാൻ സിറിയയിലെ റാഖൈനിൽ പ്രതികാരയുദ്ധത്തിന് തുടക്കമിട്ടിരിക്കുന്നു. ജനുവരി ഏഴിന് ഷാർലി എബ്ദോ വാരികയുടെ ഓഫിസിനുനേരെ തീവ്രവാദി ആക്രമണമുണ്ടായപ്പോഴും ഇതേനാടകങ്ങൾ ലോകം കണ്ടതാണ്. ആദ്യം രോഷപ്രകടനം; പിന്നീട് യൂറോപ്യൻ നാഗരികതയെ കുറിച്ചുള്ള വീമ്പുപറച്ചിൽ; ഒടുവിൽ, നശീകരണത്തിലേക്കുള്ള മടക്കം. തുർക്കിയിൽ ജി20 ഉച്ചകോടിയിൽ ഒത്തുചേർന്ന വൻശക്തി തലവന്മാർ എല്ലാ ഭിന്നതകളും മറന്ന് ഒരുകാര്യത്തിൽ യോജിപ്പിലെത്തിയത്രെ;  ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ ഉന്മൂലനം ചെയ്യുന്നതിന് സിറിയയിൽ ഏകോപിത ആക്രമണം ശക്തമാക്കാൻ. അതോടെ, അറുപിന്തിരിപ്പൻ എന്ന് യൂറോപ്പിലെയും അമേരിക്കയിലെയും രാഷ്ട്രീയനേതാക്കൾക്ക് തോന്നാവുന്ന ഒരു എതിരഭിപ്രായം ബ്രിട്ടനിലെ പ്രതിപക്ഷനേതാവ് ജെർമി കോർബിനിൽനിന്നുണ്ടായി.  ‘ഈ ബോംബുവർഷം ഐ.എസിെൻറ ഭീഷണിക്ക് മാറ്റംവരുത്തുമെന്ന് തോന്നുന്നുണ്ടോ? ഒരിക്കലും ഉണ്ടാവാൻ സാധ്യതയില്ല. രാഷ്ട്രീയപരിഹാരമാണ് സിറിയക്ക് അഭികാമ്യം എന്നതിൽ സംശയമില്ല. നാം വളരെ സൂക്ഷിക്കേണ്ടതുണ്ട്. ഒരുയുദ്ധം ഒരിക്കലും സമാധാനം കൊണ്ടുവരില്ല; കൂടുതൽ ഏറ്റുമുട്ടലുകളും കൂടുതൽ ഭയാനകതകളും കൂടുതൽ നാശങ്ങളും മാത്രമേ അത് കൈമാറുകയുള്ളൂ. ഐ.എസിനോടൊപ്പം മേശക്കുചുറ്റും ഇരിക്കൂ എന്നല്ല ഇപ്പറഞ്ഞതിനർഥം. ഏതെങ്കിലും തരത്തിലുള്ള ഐക്യസർക്കാർ സ്ഥാപിക്കുന്നതിന് സിറിയയിൽ രാഷ്ട്രീയ ഒത്തുതീർപ്പുണ്ടാക്കാൻ ശ്രമിക്കൂ എന്നാണ് ഞാൻ പറയുന്നത്.’

‘യൂറോപ്യൻ മൂല്യങ്ങളുടെ സിരാകേന്ദ്രമായ’ പാരിസിനുനേരെ ഭീകരവാദികൾ അഴിച്ചുവിട്ട ആസൂത്രിത ആക്രമണങ്ങൾ ഏൽപിച്ച പ്രഹരം കുത്തിയിളക്കിവിട്ട രോഷത്തിനിടയിൽ വിവേകത്തിെൻറ ഈ സ്വരം കേൾക്കാൻ കൂടുതൽ ആളെ കിട്ടണമെന്നില്ല. 129 പേരുടെ മരണവും അത് തുറന്നുവിട്ട നടുക്കവും ആറു കേന്ദ്രങ്ങളിൽ ഒരേസമയം ആസൂത്രണംചെയ്ത നിഷ്ഠൂരതയുമൊക്കെ ഫ്രഞ്ച്ജനതയെ ഒന്നാകെ അമ്പരപ്പിച്ചിരിക്കുന്നു. ‘അപരിഷ്കൃതരും കാടന്മാരുമായ ഒരുകൂട്ടർ നമ്മുടെ നാഗരികതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു’ എന്ന് ഫ്രഞ്ച് പ്രസിഡൻറ് ഓലൻഡ് രോഷപ്രകടനം നടത്തുമ്പോൾ അദ്ദേഹം വിവക്ഷിക്കുന്നതെന്താണെന്ന് ലോകം തിരിച്ചറിയുന്നുണ്ട്. മുമ്പ് ജോർജ് ഡബ്ല്യൂ. ബുഷ് പ്രചരിപ്പിച്ച തിന്മയുടെ അച്ചുതണ്ട് സിദ്ധാന്തത്തിെൻറ മറ്റൊരു വകഭേദം. മുൻകരുതൽ യുദ്ധങ്ങളാണ് അമേരിക്കയുടെ ഭാഗത്തുനിന്ന് ലോകമിതുവരെ കണ്ടതെങ്കിൽ പുതുതായി തുടക്കമിടുന്ന പ്രതികാരയുദ്ധങ്ങൾ  എവിടെക്കൊണ്ടാണ് അവസാനിക്കാൻ പോകുന്നതെന്ന ചോദ്യമായിരിക്കും ഇനി ലോകത്തെ തുറിച്ചുനോക്കുക.

ജെർമി കോർബിൻ ചൂണ്ടിക്കാട്ടിയതുപോലെ ഇസ്്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ അവരുടെ സ്വാധീനമേഖലക്ക് പുറത്ത് ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. ഒക്ടോബർ 11ന് തുർക്കിയിലെ അങ്കാറയിൽ സമാധാനറാലിക്കിടെ നടത്തിയ ആക്രമണത്തിൽ 128 പേർ കൊല്ലപ്പെടുകയും (പാരിസിൽ കൊല്ലപ്പെട്ടത് 129)  250 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. ആരാണ് ഈ കൂട്ടക്കൊലയുടെ സൂത്രധാരൻ എന്നോ ചാവേറായി പൊട്ടിത്തെറിച്ചത് ഏത് നാട്ടുകാരെന്നോ ആരും അന്വേഷിച്ചില്ല. ആർക്കുമത് അറിയാനുള്ള ആകാംക്ഷയുമുണ്ടായിരുന്നില്ല. നവംബർ 13ന് ബൈറൂതിലുണ്ടായ സ്ഫോടനത്തിൽ 45ഓളം പേർ കൊല്ലപ്പെടുകയും 240 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. മാധ്യമങ്ങളിൽ അത് വാർത്തപോലുമായില്ല. പാരിസിലെ ആക്രമണം ഇത്രമാത്രം വാർത്താമൂല്യം നേടിയത് അത് യൂറോപ്പിെൻറ ഹൃദയഭാഗത്തായതുകൊണ്ടാണ്. ഇറാഖിലും സിറിയയിലും ദിനേന ഇമ്മാതിരി ആക്രമണങ്ങളും കൂട്ടക്കൊലകളും അനവധ്യം തുടരുന്നുണ്ട്. അത് ആ ജനത അർഹിക്കുന്നതാണെന്ന ഒരാഗോളബോധം കാലം വളർത്തിയെടുത്തതുപോലെ. ഹിംസയുടെ വഴിയിൽ ഐ.എസിന് മതമോ വംശമോ വിശ്വാസമോ തടസ്സമല്ല.

ഹിംസയിലൂടെ ലോകത്തെ വിറപ്പിക്കുകയാണ് അതിെൻറ രീതി. ചാവേറാക്രമണങ്ങളാണ് മുഖ്യ ആയുധം. എന്നാൽ, ചാവേറുകളെ കുറിച്ച് കേൾക്കുമ്പോൾ പടിഞ്ഞാറ് കിടിലംകൊള്ളും. ജീവിക്കുന്നതിനെക്കാൾ ഉത്തമം മരണമാണെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ജീവിതാവസ്ഥ പടിഞ്ഞാറൻജനത അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ലായിരിക്കാം. അൽഖാഇദയാവട്ടെ, ഐ.എസാവട്ടെ അവരുടെ കൈയിലെ ഏറ്റവുംവലിയ ആയുധം പ്രാണനാണ്. അതെടുത്താണ് തങ്ങൾ ശത്രുക്കളാണെന്ന് വിശ്വസിക്കുന്നവർക്ക് എതിരെ പോരാടുന്നത്. പരമാവധി നാശംവിതക്കുകയാണ് ലക്ഷ്യം. ഇതുവരെ ഇറാഖിലും സിറിയയിലും അവർ നടത്തുന്ന കൂട്ടക്കൊലയുടെയും കഴുത്തറുക്കലിെൻറയും വിഡിയോ മാത്രമേ നമുക്കു കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഇപ്പോൾ സംഗീതക്കച്ചേരി നടത്തുന്ന നൃത്തശാലയിലും ഹോട്ടലുകളിലും കളിക്കളത്തിലും ഇരച്ചുകയറി നിരപരാധികളെ കൊന്നൊടുക്കി തങ്ങളെ കൊന്നൊടുക്കാൻ ഇറങ്ങിത്തിരിച്ച ഭരണാധിപന്മാരോട് പ്രതികാരംചെയ്യുന്നു.  

യു.എസ് ബുദ്ധിജീവിയും ചലച്ചിത്രപ്രവർത്തകനുമായ ജോൺ കുസാക്കുമായുള്ള സംഭാഷണത്തിനിടയിൽ അരുന്ധതി റോയി മർമത്തിൽ കൈവെച്ചു ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്: ‘2001നുശേഷം നാം എത്ര യുദ്ധങ്ങൾക്ക് തുടക്കംകുറിച്ചു? എത്ര രാജ്യങ്ങൾ നാം തകർത്തെറിഞ്ഞു? ഇപ്പോൾ ഐ.എസ് ആണ് തിന്മ. എങ്ങനെയാണ് ആ തിന്മ ഉടലെടുത്തത്? മനുഷ്യരെ, വിശിഷ്യ ശിയാക്കളെ, കഴുത്തറുത്ത് കൊല്ലുന്ന, ലോകത്താകമാനം കൂട്ടക്കുരുതി നടത്തുന്ന ഐ.എസിെൻറ ചെയ്തിയാണോ കൂടുതൽ രാക്ഷസീയം? അമേരിക്കയുടെ പിന്തുണയുള്ള സായുധസംഘങ്ങൾ അതേ കാര്യങ്ങൾ ചെയ്യുന്നുണ്ട്; വെള്ളക്കാരെ കൊല്ലുന്നത് അവർ ടി.വിയിൽ കാണിക്കില്ലെന്നുമാത്രം!.. സിറിയയിൽ നിങ്ങൾ അസദിനെ സ്ഥാനഭ്രഷ്ഠനാക്കാൻ പ്രവർത്തിക്കുന്നവരുടെ കൂടെയല്ലേ? എന്നാൽ, പെട്ടെന്ന് നിങ്ങൾ അസദിനോടൊപ്പമായി;  ഐ.എസിനെതിരെ പോരാടുന്നതിന്’. ഏറ്റവുമൊടുവിലതാ, ബശ്ശാർ അൽഅസദിനെ പുറത്താക്കി ആറുമാസത്തിനിടയിൽ ഒരു താൽക്കാലിക സർക്കാറിനെ പ്രതിഷ്ഠിക്കാൻ ജി20 ഉച്ചകോടിക്കിടയിൽ ഒബാമയും പുടിനും തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. പാരിസിെൻറ തെരുവുകളിൽ കുറെ നിരപരാധികളെ ബലികൊടുക്കേണ്ടിവന്നു ലോകനേതാക്കൾക്ക് വൈകിയെങ്കിലും തിരിച്ചറിവിെൻറ വെളിച്ചംകിട്ടാൻ. സിറിയയിൽ മാത്രം മൂന്നാലുലക്ഷം മനുഷ്യരെ കൊന്നൊടുക്കേണ്ടിവന്നു. ഒരു കോടി ജനങ്ങളെ അവരുടെ ആവാസവ്യവസ്ഥയിൽനിന്ന് പിഴുതെറിയുകയും 40 ലക്ഷം നിരപരാധികളെ അഭയാർഥികളായി തള്ളിവിടേണ്ടിയും വന്നു; സമാധാനത്തിെൻറ വഴിയെക്കുറിച്ച് ചിന്തിക്കാൻ.

ഇപ്പോഴിതാ ഐ.എസിനെതിരെ ആഗോളയുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ബശ്ശാർ അൽഅസദിെൻറ തിരോധാനത്തോടെ ഉടലെടുക്കുന്ന വിടവ് നികത്താൻ അബൂബക്കർ അൽ ബഗ്ദാദിയുടെ ശിഷ്യന്മാർ റാഖൈനിൽനിന്ന് പൽമീറവഴി ഡമസ്കസിൽ എത്തുമ്പോൾ ഇതേ ഒബാമയും പുടിനും അവരുമായി സന്ധിസംഭാഷണത്തിന് വരില്ലെന്ന് ആർക്ക് ഉറപ്പുനൽകാനാവും. അഫ്ഗാനിസ്താനിൽ സംഭവിച്ചത് അതല്ലേ? കാൽനൂറ്റാണ്ടുകാലം അവിടത്തെ ജനതക്ക് അധിനിവേശകരോട് യുദ്ധം ചെയ്യേണ്ടിവന്നു. 10 വർഷം സോവിയറ്റ് ചെമ്പടയോട്. 15 വർഷം യു.എസ് താർത്താരികളോട്. താലിബാനെ നശിപ്പിക്കാനായിരുന്നുവത്രെ അമേരിക്ക ഇക്കാലമത്രയും ഇക്കണ്ട ഭയാനകയുദ്ധം നടത്തിയത്. ശത്രുനിഗ്രഹം അസാധ്യമാണെന്നുവന്നപ്പോൾ താലിബാൻ നേതാക്കളെ വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചിരിക്കുന്നു, സന്ധിസംഭാഷണത്തിന്. ഐ.എസ് ഭീകരവാദികളെയും നാളെ ക്ഷണിച്ചേക്കാം. ഭീകരവിരുദ്ധ പോരാട്ടത്തിെൻറ മറവിൽ സിറിയയുടെ ചരിത്രമണ്ണിൽ കുരുതികൊടുത്ത ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് പകരംവെക്കാൻ അപ്പോൾ ഫ്രാൻസ് അടക്കമുള്ള വൻശക്തികളുടെ കൈയിൽ എന്താണുണ്ടാവുക?

ഷാർലി എബ്ദോക്ക് നേരെ നിരന്തരം ഭീഷണിയുണ്ടായിട്ടും മതിയായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താത്ത ഈ വൻശക്തി, തുർക്കിപോലുള്ള രാജ്യങ്ങൾ പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ഭീകരാക്രമണം തടയാൻ പാരിസ് നഗരത്തിൽപോലും വേണ്ടത്ര സുരക്ഷ സജ്ജീകരിക്കാതിരുന്നത് വലിയ പാളിച്ചതന്നെയാണ്. ഏത് പടിഞ്ഞാറൻനഗരവും തങ്ങളുടെ പദ്ധതിക്കു വഴങ്ങുമെന്ന് ആത്യന്തിക ചിന്താഗതിക്കാർക്ക് ബോധ്യം വന്ന സ്ഥിതിക്ക് നൂറുമടങ്ങ് ജാഗ്രത അനിവാര്യമായി വന്നിരിക്കുന്നു.

ഐ.എസ് തുറന്നുവിട്ട കിരാതത്വം യൂറോപ്പിലെ 44 ദശലക്ഷം മുസ്ലിം പൗരാവലിയുടെ ഭാഗധേയത്വത്തെയാണ് പ്രതികൂലമായി ബാധിക്കാൻപോകുന്നത്. ഈ ദുർഭൂതത്തെ എങ്ങനെ കുടത്തിനകത്താക്കാം എന്നതിനെ കുറിച്ച് മുസ്ലിംലോകത്ത് നടക്കുന്ന സംവാദങ്ങൾപോലും അപ്രസക്തമാക്കുന്നത്  സാമ്രാജ്യത്വഭീമന്മാരുടെ ഓരോ ചെയ്തിയും ഇക്കൂട്ടർക്ക് അനുകൂലമായി ഭവിക്കുന്നു എന്നതുകൊണ്ടാണ്. അൽ ജസീറ ഓൺലൈൻ ചർച്ചയിൽ മൊറോക്കയിൽനിന്നുള്ള ഒരു വിദ്യാർഥിനി മുന്നോട്ടുവെക്കുന്ന ഒരു നിർദേശമുണ്ട്: കഴിഞ്ഞ നൂറുകൊല്ലമായി മിഡിൽ ഈസ്റ്റിൽ ഇറങ്ങിക്കളിക്കുന്ന ബാഹ്യശക്തികളായ വൻശക്തികൾ അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോകട്ടെ. മേഖലയുടെ ഭാഗധേയം ആ മണ്ണിെൻറ മക്കൾ തീരുമാനിക്കട്ടെ. കുറെ സ്വേച്ഛാധിപതികൾ നിലംപൊത്തിയാലും കാലാന്തരേണ സമാധാനം പുലരാതിരിക്കില്ല. പക്ഷേ, ‘അബ്രഹാമിെൻറ സന്തതികൾ’ തമ്മിലുള്ള കലഹം തീരരുത് എന്ന് വാശിപിടിക്കുന്നവരോട് ആർക്കാണ് ജയിക്കാൻകഴിയുക?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT