സിറിയൻ പ്രതിസന്ധി പരിഹരിക്കാൻ പഞ്ചരാഷ്ട്ര പദ്ധതി

സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദിനെ അദ്ദേഹം ലണ്ടനിൽ കോളജ് വിദ്യാർഥിയായിരുന്ന കാലം മുതൽക്കേ എനിക്കറിയാം. അധികാരത്തിലെത്തിയ ശേഷം മണിക്കൂറുകളോളം അദ്ദേഹവുമായി ഞാൻ സംഭാഷണം നടത്തിയിട്ടുണ്ട്. നയതന്ത്രപരമായ തർക്കങ്ങൾ കാരണം ഡമസ്കസിൽനിന്ന് ഞങ്ങളുടെ അംബാസഡറെ പിൻവലിച്ച കാലത്ത് യു.എസ് ഗവൺമെൻറിെൻറ അപേക്ഷപ്രകാരമായിരുന്നു ഈ സംഭാഷണങ്ങളിൽ മിക്കതും. പിണങ്ങിനിന്ന ആ കാലങ്ങളിൽ ബശ്ശാറും പിതാവ് ഹാഫിള് അൽഅസദും യു.എസ് എംബസിയിലുള്ള ആരോടും സംസാരിക്കുകയില്ല എന്ന നയമാണ് സ്വീകരിച്ചിരുന്നത്. എങ്കിലും എന്നോട് അവർ സംസാരിക്കുമായിരുന്നു. വിവരങ്ങൾക്കോ ഉപദേശത്തിനോ ബശ്ശാർ ഒരു കീഴുദ്യോഗസ്ഥനെയും റഫർ ചെയ്തില്ല എന്നത് ഞാൻ ശ്രദ്ധിച്ചു. പിടിവാശിയായിരുന്നു അദ്ദേഹത്തിെൻറ സ്ഥിരം സ്വഭാവപ്രകൃതം. നിലപാട് മാറ്റുക എന്നത് മിക്കവാറും മന$ശാസ്ത്രപരമായി അദ്ദേഹത്തിന് സാധിക്കാത്ത കാര്യമായിരുന്നു –സമ്മർദത്തിലാകുമ്പോൾ വിശേഷിച്ചും.

2011 മാർച്ചിൽ വിപ്ലവം നടക്കുന്നതിനുമുമ്പ് ശിയാക്കളും അലവികളും സുന്നികളും ജൂതരും ക്രിസ്ത്യാനികളുമായ അസീരിയക്കാർ, ഗ്രീക്കുകാർ, കുർദുകൾ, അറബികൾ എന്നിവർ ഉൾപ്പെടെ അനേകം വംശീയ–മതവിഭാഗങ്ങളുമായി സൗഹാർദപൂർവമായ ബന്ധങ്ങളുടെ ഒരു മാതൃക സൃഷ്ടിച്ചിരുന്നു സിറിയ. 1970 മുതൽ സിറിയ ഭരിച്ചുവരുന്ന അസദ് കുടുംബം ഈ ഭിന്ന വിഭാഗങ്ങൾ തമ്മിലുള്ള സൗഹാർദത്തിൽ വളരെ അഭിമാനം കൊണ്ടിരുന്നു. സിറിയൻ പ്രക്ഷോഭകാരികൾ രാഷ്ട്രീയ വ്യവസ്ഥയിൽ കാലങ്ങളായി മുടങ്ങിക്കിടക്കുന്ന പരിഷ്കരണങ്ങൾ ആവശ്യപ്പെട്ടപ്പോൾ തെൻറ ‘നിയമാനുസൃത’ ഭരണത്തെ അട്ടിമറിക്കാനുള്ള നിയമവിരുദ്ധ വിപ്ലവ പ്രവർത്തനമായാണ് പ്രസിഡൻറ് അസദ് അതിനെ കണ്ടത്. അനാവശ്യമായ ബലം പ്രയോഗിച്ച് അതിനെ തുടച്ചുനീക്കാനുള്ള അബദ്ധപൂർവമായ തീരുമാനമെടുക്കുകയും ചെയ്തു. സങ്കീർണമായ പല കാരണങ്ങളാലും അലവികളും ശിയാക്കളും ജൂതന്മാരും ക്രിസ്ത്യാനികളും അടങ്ങുന്ന സൈന്യത്തിെൻറ പിന്തുണ അദ്ദേഹത്തിന് കിട്ടുകയും ചെയ്തു. റാഡിക്കൽ സുന്നി മുസ്ലിംകൾ രാജ്യം പിടിച്ചടക്കുമെന്നായിരുന്നു സൈന്യത്തിെൻറ ഭയം. അങ്ങനെ അദ്ദേഹത്തെ അട്ടിമറിക്കുക എന്നത് വിദൂര സാധ്യതയായി അവശേഷിച്ചു.

80കളുടെ ആദ്യം മുതലേ കാർട്ടർ സെൻറർ സിറിയൻ പ്രശ്നത്തിൽ ആഴത്തിൽ ഇടപെട്ടിരുന്നു. അതിദ്രുതം സംഘട്ടനത്തിലേക്ക് നീങ്ങുന്ന അവസ്ഥക്ക് രാഷ്ട്രീയ പരിഹാരം കാണാനുള്ള അവസരം തേടിക്കൊണ്ട് വാഷിങ്ടണുമായി ഞങ്ങളുടെ ഉൾക്കാഴ്ചകൾ ഞങ്ങൾ പങ്കിടുകയുണ്ടായി. ഞങ്ങളുടെ സുദൃഢവും ആത്മവിശ്വാസഭരിതവുമായ എതിർപ്പുകളുണ്ടായിട്ടും തർക്കം പരിഹരിക്കാനുള്ള പ്രഥമ ചുവടുവെപ്പ് അസദിനെ അധികാരഭ്രഷ്ടനാക്കലാണെന്നായിരുന്നു അമേരിക്കയുടെ ആദ്യനിലപാട്. അതൊരു നിഷ്പ്രയോജനകരമായ ആവശ്യമാണെന്ന് അദ്ദേഹത്തെ അറിയുന്നവർക്കെല്ലാം ബോധ്യമുള്ള കാര്യമായിരുന്നു. പക്ഷേ, നാലു കൊല്ലത്തിലേറെ അത് അങ്ങനെത്തന്നെ തുടർന്നു. സമാധാന സംരംഭത്തിന് മുന്നോടിയായുള്ള ഞങ്ങളുടെ ആവശ്യങ്ങൾ അസാധ്യമായി അവശേഷിച്ചു.
മുൻ യു.എൻ ജനറൽ സെക്രട്ടറി കോഫി അന്നൻ, മുൻ അൽജീരിയൻ വിദേശകാര്യ മന്ത്രി അൽഅഖ്ദർ ഇബ്റാഹീം എന്നിവർ യു.എൻ പ്രത്യേക പ്രതിനിധികളായി സംഘട്ടനം അവസാനിപ്പിക്കാൻ പരിശ്രമിച്ചു. പക്ഷേ, അനുരഞ്ജന പ്രക്രിയക്കിടയിൽ അസദിെൻറ സ്ഥാനമെന്തായിരിക്കണമെന്ന വിഷയത്തിൽ അമേരിക്കക്കും റഷ്യക്കും ഇതര രാഷ്ട്രങ്ങൾക്കുമിടയിലെ പൊരുത്തക്കേടുകൾ കാരണം ആ സംരംഭങ്ങളൊന്നും ഫലപ്രാപ്തിയിലെത്തിയില്ല.

2015 മേയിൽ ‘മുതിർന്നവർ’ (Elders) എന്നറിയപ്പെടുന്ന ലോക നേതാക്കളുടെ ഒരു ഗ്രൂപ് മോസ്കോ സന്ദർശിച്ചു. റഷ്യയിലെ അമേരിക്കൻ നയതന്ത്ര പ്രതിനിധി, മുൻ റഷ്യൻ പ്രസിഡൻറ് മിഖായേൽ ഗോർബച്ചേവ്, മുൻ റഷ്യൻ പ്രധാനമന്ത്രി യഗ്നേവ് എം. പ്രിമിക്കോവ്, റഷ്യൻ വിദേശകാര്യ മന്ത്രി സർജി വി. ലാവ്റോവ്, കാർണീജ് സെൻററിെൻറ മോസ്കോ ബ്രാഞ്ചടക്കമുള്ള അന്താരാഷ്ട്ര ‘ തിങ് ടാങ്ക്’ പ്രതിനിധികൾ എന്നിവരുമായി അവിടെവെച്ച് ഞങ്ങൾ വിഷയം ചർച്ചചെയ്തു. റഷ്യയും അസദ് ഭരണകൂടവും തമ്മിൽ ദീർഘകാലമായുള്ള പങ്കാളിത്തവും 14 ശതമാനത്തോളം സുന്നി മുസ്ലിംകളുള്ള റഷ്യയുടെ നേരെയുള്ള ഇസ്ലാമിക് സ്റ്റേറ്റിെൻറ ഭീഷണിയും അവർ ചൂണ്ടിക്കാട്ടി. അസദിന് നൽകുന്ന പിന്തുണയെയും അക്കൊല്ലം സിറിയൻ വിഭാഗങ്ങളുടെ പ്രതിനിധികളുമൊത്ത് നടത്തിയ രണ്ട് യോഗങ്ങളെയും കുറിച്ച് പിന്നീട് പുടിനോട് ഞാൻ ആരാഞ്ഞു. ഒരു പുരോഗതിയുമുണ്ടായിട്ടില്ലെന്നും യഥാർഥത്തിൽ സംഘട്ടനം അവസാനിപ്പിക്കാനുള്ള ഒരേയൊരു പോംവഴി ഇറാൻ, തുർക്കി, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളുടെ കൂടി പങ്കാളിത്തത്തോടെ യു.എസും റഷ്യയും സമഗ്രമായൊരു സമാധാന പദ്ധതി തയാറാക്കുകയാണെന്നുമായിരുന്നു പുടിെൻറ മറുപടി. ഈ അഞ്ച് രാഷ്ട്രങ്ങളും ശക്തമായി മുന്നോട്ടുവെക്കുന്ന മിക്കവാറും ഏതൊരു പദ്ധതിയും ‘ഇസ്ലാമിക് സ്റ്റേറ്റ്’ ഒഴികെ, ഇറാനും റഷ്യയും പിന്താങ്ങുന്ന അസദ് ഭരണകൂടവും മറ്റുള്ളവർ പിന്താങ്ങുന്ന പ്രതിപക്ഷവുമടക്കം എല്ലാ വിഭാഗങ്ങളും അംഗീകരിക്കുമെന്ന് പുടിൽ പറഞ്ഞു. അദ്ദേഹത്തിെൻറ അംഗീകാരത്തോടെ ഞാൻ ഈ നിർദേശം വാഷിങ്ടണിന് എത്തിച്ചു.

കഴിഞ്ഞ മൂന്ന് വർഷമായി സിറിയൻ സായുധ പ്രതിപക്ഷ ഗ്രൂപ് നേതാക്കളും രാഷ്ട്രീയ കക്ഷികളും യൂറോപ്പിലെയും യു.എസിലെയും നയതന്ത്ര പ്രതിനിധികളുമായി ചേർന്നുകൊണ്ട് ഞങ്ങൾ സംഘട്ടനം അവസാനിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പോംവഴി കണ്ടെത്താൻ പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. സിറിയൻ ദുരന്തത്തെക്കുറിച്ച് ഗവേഷണം നടത്തി കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ. ഈ വിവരങ്ങളുടെ വെളിച്ചത്തിൽ പരിശോധിച്ചപ്പോൾ വിവിധ വിഭാഗങ്ങളുടെ പ്രവർത്തന കേന്ദ്രങ്ങൾ വ്യക്തമായി വെളിപ്പെടുത്തിയ ഒരു സംഗതി ഈ വിഭാഗങ്ങളിൽ ഒന്നിനുപോലും സായുധമായി നിലനിൽക്കാൻ സാധിക്കുകയില്ല എന്നാണ്.

അസദ് ഭരണകൂടത്തെ ആകാശാക്രമണവും മറ്റു സൈനിക ശക്തികളും ഉപയോഗിച്ച് പിന്തുണക്കാൻ അതിനിടെ റഷ്യ എടുത്ത തീരുമാനം പോരാട്ടം ശക്തിപ്പെടുത്തുകയും ആയുധക്കോപ്പുകളുടെ തലത്തിൽ വർധനയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. യൂറോപ്പിലേക്കും അയൽ രാജ്യങ്ങളിലേക്കുമുള്ള അഭയാഥിപ്രവാഹത്തിന് അത് ആക്കംകൂട്ടുകയുമുണ്ടായി. അതേസമയംതന്നെ, അസദ് ഭരണകൂടത്തിന് പങ്കാളിത്തം നൽകിക്കൊണ്ടുള്ള ഒരു രാഷ്ട്രീയ പ്രക്രിയക്കും ‘ഇസ്ലാമിക് സ്റ്റേറ്റ്’ ലോക സാമാധാനത്തിന് കൂടുതൽ ഭീഷണിയായി മാറുന്ന യുദ്ധത്തിനുമിടയിൽ ഏത് തെരഞ്ഞെടുക്കണം എന്നതിലേക്ക് വെളിച്ചം നൽകാൻ ഇത് സഹായകവുമായിട്ടുണ്ട്. വ്യക്തമായ ഈ ബദലുകളിലൂടെ മുൻചൊന്ന അഞ്ച് രാഷ്ട്രങ്ങൾക്ക് ഐകകണ്ഠ്യേനെ ഒരു നിർദേശത്തിന് രൂപംകൊടുക്കാവുന്നതാണ്. നിർഭാഗ്യവശാൽ അവക്കിടയിൽ ഇപ്പോഴും ഭിന്നിപ്പ് നിലനിൽക്കുന്നു.

വെടിനിർത്തൽ, ഒരു ഐക്യ സർക്കാറിെൻറ രൂപവത്കരണം, ഭരണഘടനയുടെയും തെരഞ്ഞെടുപ്പിെൻറയും പരിഷ്കരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു നാലിന നിർദേശത്തിെൻറ രൂപരേഖ കുറെ മാസങ്ങൾക്കു മുമ്പേ ഇറാൻ മുന്നോട്ടുവെച്ചിരുന്നു. യു.എൻ രക്ഷാസമിതിയുമായി ചേർന്ന് പ്രവർത്തിച്ചും പഞ്ച രാഷ്ട്ര പദ്ധതി പ്രയോജനപ്പെടുത്തിയും ഈ ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള ചില രീതികൾ കണ്ടെത്താൻ സാധിക്കും. റഷ്യയുടെയും ഇറാെൻറയും പങ്കാളിത്തം വളരെ അനിവാര്യമാണ്. നാലു വർഷമായി തുടരുന്ന യുദ്ധത്തിനിടയിൽ അസദ് കൈക്കൊണ്ട ഒരേയൊരു ഇളവ് രാസായുധങ്ങൾ ഉപേക്ഷിച്ചു എന്നത് മാത്രമായിരുന്നു. റഷ്യയുടെയും ഇറാെൻറയും സമ്മർദം മാത്രമായിരുന്നു അതിന് കാരണം. പടിഞ്ഞാറ് അടിച്ചേൽപിക്കുന്ന ഒരു യുദ്ധ വിരാമത്തിന് അദ്ദേഹം വഴങ്ങിക്കൊള്ളണമെന്നില്ല. മറിച്ച്, മുൻ സംഭവത്തിലെന്നപോലെ സ്വന്തം സഖ്യ കക്ഷികളുടെ സമ്മർദമുണ്ടായാൽ അദ്ദേഹം വഴങ്ങിയേക്കും.

ഇങ്ങനെ ക്രമപ്രവൃദ്ധമായൊരു പ്രക്രിയയിലൂടെ അസദ് വാഴ്ചക്ക് വിരാമമിടാനും സിറിയയിൽ സ്വീകാര്യമായൊരു ഭരണകൂടം സ്ഥാപിക്കാനും ഇസ്ലാമിക് സ്റ്റേറ്റിെൻറ ഭീഷണി തുടച്ചുമാറ്റാനും സാധിക്കും. ആവശ്യമായ  വിട്ടുവീഴ്ചകൾ ഉണ്ടാവേണ്ടത് സിറിയയിൽ പരസ്പര പൊരുത്തമുള്ള വിഭാഗങ്ങളിൽനിന്നല്ല; സമാധാനം ആഗ്രഹിക്കുകയും എന്നാൽ, പരസ്പരം സഹകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്ന വൻ രാഷ്ട്രങ്ങളുടെ ഭാഗത്തുനിന്നാണ്.

(മുൻ യു.എസ് പ്രസിഡൻറായ ലേഖകൻ ഇപ്പോൾ കാർട്ടർ പീസ് ഫൗണ്ടേഷെൻറ സ്ഥാപക ഡയറക്ടറാണ്)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.