എം.ടിയെ കൊങ്കണി വിവർത്തനത്തിലൂടെയാണ് ആദ്യമായി ഞാൻ വായിക്കുന്നത്. വിഖ്യാത നോവൽ ‘നാലുകെട്ട്’ കൊങ്കണിയിൽ ‘ചൗകി’ എന്ന പേരിൽ വിവർത്തനം നിർവഹിച്ചത് കെ. ഗോകുൽദാസ് പ്രഭുവായിരുന്നു. ഗോവയിൽ നാലുകെട്ടും നടുമുറ്റവുമുള്ള പരമ്പരാഗത ഭവനങ്ങളേറെയുള്ളതിനാൽ നോവൽ എന്നെ ശരിക്കും ആകർഷിച്ചു. അപ്പുണ്ണിയുടെ അരിഷ്ടതകളും പ്രയാസങ്ങളും എന്റേതുകൂടിയായി. കഥ അവസാനത്തിലെത്തുമ്പോൾ പരകോടിയിലെത്തുന്ന ഉദ്വേഗം ഗ്രന്ഥകാരനോട് അഭിനിവേശം എന്നിൽ ഇരട്ടിയാക്കി. അദ്ദേഹത്തെ കാണാനുള്ള കാത്തിരിപ്പ് ഏറെ ദീർഘിച്ചില്ല.
30 വർഷങ്ങൾക്കപ്പുറത്ത് കൊച്ചിയിൽ നടന്ന മെഗാ പരിപാടിയായ ‘സുരഭി’യിൽ വെച്ചായിരുന്നു എം.ടിയുമായി മുഖാമുഖം. അന്തർമുഖനും ഏകാന്തനും ഉൾവലിഞ്ഞവനുമായ ഒരാളെന്നാണ് ആദ്യ കാഴ്ച നൽകിയ ചിത്രം. ആൾക്കൂട്ടവുമായി ഇടപഴകാൻ ഇഷ്ടമില്ലാതൊരാൾ. എന്നാൽ, ശുദ്ധ അബദ്ധമാണ് ഈ ധാരണയെന്ന് ബോധ്യം വരാൻ ഏറെയൊന്നുമെടുത്തില്ല. അഖിലേന്ത്യ കൊങ്കണി സാഹിത്യ സമ്മേളന ഉദ്ഘാടകനായി അദ്ദേഹം എത്തിയപ്പോഴായിരുന്നു ഞങ്ങളുടെ അടുത്ത കൂടിക്കാഴ്ച. ഒഴിഞ്ഞിരിക്കുമ്പോൾ ബീഡി എം.ടിക്ക് ഇഷ്ടമാണെന്ന് ഞാൻ മനസ്സിലാക്കി.
ഇടവേളകളിൽ മറയ്ക്കപ്പുറത്തിരുന്ന് ഒന്ന് പുകക്കണം. പിന്നീട് പലവട്ടം ഞങ്ങൾ ഒന്നിച്ച അവസരങ്ങളുണ്ടായി. അസാധാരണ വ്യക്തിത്വവും ഹൃദയഹാരിയായ രചനകളുടെ ഉടമയുമാണ് എം.ടിയെന്ന് ഞാൻ അടുത്തറിഞ്ഞു. ഡൽഹിയിൽ നടന്ന കഥ കോൺഫറൻസിൽ ഞങ്ങൾ കൂടുതൽ അടുത്തു. അവിടംമുതൽ അദ്ദേഹം എന്റെ മുന്നിൽ ഒരിക്കലും അന്തർമുഖനായില്ല. ഹിന്ദി എഴുത്തുകാരനായ സുഹൃത്ത് രാം കുമാർ തിവാരിക്കൊപ്പം മലയാളം, കൊങ്കണി സാഹിത്യങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു. ഇഷ്ട ബ്രാൻഡിലെ 500 ബീഡികളുമായി യു.എസിൽ പോയ കഥയൊക്കെ എം.ടി പങ്കുവെച്ചു.
‘‘ലോകത്തെ ഏറ്റവും മികച്ച ബ്രാൻഡുകൾ തന്നാലും എനിക്ക് എന്റെ ബീഡികൾ തന്നെ പ്രിയം’- അദ്ദേഹം പറഞ്ഞു. ഈ യോഗത്തിലായിരുന്നു മാസങ്ങൾ കഴിഞ്ഞ് ഗോവയിൽ വീണ്ടും കാണാമെന്ന് വാക്കു നൽകിയത്. അതദ്ദേഹം പാലിച്ചു. എന്റെ വീട്ടിലെത്തി. അദ്ദേഹത്തിനിഷ്ടപ്പെട്ട വിഭവങ്ങൾ നൽകി സൽക്കരിച്ചു. സമൃദ്ധമായ ഗോവൻ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. അതുകഴിഞ്ഞ്, എം.ടിയെത്തിയതറിഞ്ഞ് തൽക്കാലക്ഷണം സ്വീകരിച്ച് മഡ്ഗാവിൽ കൊങ്കണി എഴുത്തുകാരുടെ ചെറുസദസ്സിന് മുന്നിൽ എം.ടി പ്രഭാഷണം നിർവഹിച്ചു. ഹൃദയങ്ങൾ കൈമാറി നടന്ന ചർച്ചകൾ സദസ്സിൽ വലിയ സ്വാധീനം സൃഷ്ടിച്ചു.
തുഞ്ചൻ ഉത്സവത്തിൽ പങ്കെടുക്കാൻ പലവുരു അദ്ദേഹം എന്നെ തിരൂരിലേക്ക് ക്ഷണിച്ചു. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മനാട്ടിലായിരുന്നു പരിപാടി. പ്രവിശാല ലൈബ്രറിയോടെ അവിടെ തുഞ്ചൻ സ്മാരക ട്രസ്റ്റ് ആൻഡ് റിസർച് സെന്റർ സ്ഥാപിതമായിരുന്നു. പദ്ധതി സാക്ഷാത്കരിക്കാൻ എം.ടി തന്റെ സമയവും ശ്രമങ്ങളും പരമാവധി സമർപ്പിച്ചു. വിശുദ്ധ പരിവേഷമുള്ള തുഞ്ചത്ത് എഴുത്തച്ഛൻ എന്ന ആചാര്യൻ ഉപയോഗിച്ച എഴുത്താണി വഹിച്ച് പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി നൂറുകണക്കിന് പേർ അണിനിരക്കുന്ന പ്രകടനം മറക്കാനാവാത്ത കാഴ്ചയാണ്. ഇതിനെക്കുറിച്ച കഥകൾ എം.ടി എനിക്ക് പറഞ്ഞുതന്നു.
സംഭാവനകൾക്കായി എം.ടിക്ക് ഒരിക്കലും യാചിക്കേണ്ടിവന്നില്ല. തങ്ങളാലാവത് ചെയ്ത് ജനം സഹായങ്ങളുമായി മുന്നോട്ടുവന്നു. ഒരിക്കൽ അദ്ദേഹം വിമാന യാത്ര ചെയ്യവേ, ഇവിടെ കെട്ടിടം പണിയാനുള്ള ചെലവിലേക്ക് ചെക്ക് കൈമാറി. എം.ടി നയിച്ചത് ലളിത ജീവിതമായിരുന്നു. അനുവാചകർ അദ്ദേഹത്തെ ആരാധനയോടെ നോക്കിക്കണ്ടു. ഒരിക്കൽ ഭാര്യക്കൊപ്പം ഞാൻ തിരൂരിലായിരിക്കെ, ഗുരുവായൂർ ക്ഷേത്രം സന്ദർശിക്കാനുള്ള ആഗ്രഹം പറഞ്ഞു. ഒരു കുറിപ്പെഴുതി കൈയിൽ തന്നു. ശരിക്കും മായികശക്തിയുള്ളതായിരുന്നു ഈ എഴുത്ത്. ഞങ്ങളെ നേരിട്ട് ക്ഷേത്രത്തിനകത്തേക്ക് ദർശനത്തിനായി ആനയിക്കപ്പെട്ടു. അത്രക്കായിരുന്നു എം.ടിയുടെ വ്യക്തിപ്രഭാവം. 2003 മുതൽ 2007 വരെ കാലയളവിൽ ഡൽഹിയിൽ സാഹിത്യ അക്കാദമിയിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു.
വിജയകരമായ ഈ കാലയളവ് പൂർത്തിയാക്കി ശേഷം സമിതി അധ്യക്ഷ പദവിയിൽ എം.ടി വേണമെന്ന് ഞങ്ങൾ ആശിച്ചു. മത്സരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടു. വിമുഖതയോടെയാണെങ്കിലും അതിനു സമ്മതിച്ചു. കടുത്ത മത്സരമായിരുന്നു അത്തവണ. എം.ടി ഒരിക്കലും പ്രചാരണ കാമ്പയിനിനൊന്നും നിന്നില്ല. കാര്യമായി വോട്ടഭ്യർഥനയും നടത്തിയില്ല. തെരഞ്ഞെടുപ്പിൽ അദ്ദേഹം തോറ്റു. അത് അദ്ദേഹത്തിന്റെ നഷ്ടമായിരുന്നില്ല. സാഹിത്യ ലോകത്തിന്റെ നഷ്ടമായിരുന്നു. എനിക്ക് അരിശം തോന്നി. എം.ടി പക്ഷേ, ശാന്തനായിരുന്നു. വേണ്ടാത്തത് തലയിൽ വരാതെ മാറിക്കിട്ടിയ ആശ്വാസം.
2022ലെ ജ്ഞാനപീഠ പുരസ്കാര പ്രഖ്യാപനത്തിനു ശേഷം ഞാൻ എം.ടിയെ സന്ദർശിച്ചു. എന്നെ കണ്ടതിൽ അദ്ദേഹം സന്തോഷവാനായിരുന്നു. മാധ്യമങ്ങൾ പക്ഷേ, വിട്ടുനിൽക്കാനായിരുന്നു ഇഷ്ടം. ഹ്രസ്വമെങ്കിലും ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നു അന്ന്. ഗോവയിലേക്ക് ഒരിക്കൽക്കൂടി ഞാൻ ക്ഷണിച്ചു. പുഞ്ചിരി തൂകി സമ്മതവും മൂളി. 2023ൽ തിരുവനന്തപുരത്തുവെച്ച് മാതൃഭൂമി ലിറ്റററിഫെസ്റ്റിലാണ് അവസാനമായി അദ്ദേഹത്തെ കാണുന്നത്. മുഖ്യപ്രഭാഷണം നിർവഹിച്ചത് എം.ടിയായിരുന്നു. പ്രായം 90ൽ എത്തിയിട്ടും സമ്പൂർണമായ പ്രഭാഷണമായിരുന്നു അത്. എനിക്ക് അത്ഭുതം തോന്നി. എം.ടി വൈകാതെ ഗോവയിൽ വരുമെന്ന് ഞാൻ മനസ്സിന് ഉറപ്പുകൊടുത്തു. പക്ഷേ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.