ഫാറൂഖ് കോളജ് വിവാദം അവസാനിക്കുമ്പോള്‍ നമ്മുടെ പൊതുബോധത്തിനകത്ത് ഒരു കാര്യത്തില്‍ ഉറച്ച തീരുമാനമായി, മദ്റസയാണ് ഇവിടെയുള്ള മുസ്ലിംകളില്‍ സ്ത്രീ-പുരുഷ വിവേചന മന$സ്ഥിതിയും അസഹിഷ്ണുതയും അപരിഷ്കൃതത്വവും സൃഷ്ടിക്കുന്നത്! ഫാറൂഖ് കോളജിനെ ഒരു മദ്റസയാക്കിക്കളയുന്നു എന്നായിരുന്നുവല്ളോ അതിന്‍െറ പ്രിന്‍സിപ്പലിനെതിരെ കാര്യമായി ഉയര്‍ന്ന ആരോപണം. മഹത്തായ ഒരു സ്ഥാപനത്തെ അങ്ങനെ ഒരു മദ്റസയാക്കി മാറ്റാന്‍ വിടില്ളെന്ന് രാഷ്ട്രീയ നേതാക്കളും മതേതര ബുദ്ധിജീവികളും ലിബറലുകളും ഐക്യത്തോടെ കട്ടായംപറഞ്ഞു. മദ്റസകള്‍ മുസ്ലിംകളെ മധ്യകാലത്തെ മൂല്യങ്ങളിലേക്കും കാടന്‍നിയമങ്ങളിലേക്കും നയിക്കുന്നു എന്നൊക്കെ തട്ടിവിട്ട മാന്യമഹാ നേതാക്കന്മാര്‍ കേരളത്തിന്‍െറ മുക്കുമൂലകളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന ആയിരക്കണക്കിന് മദ്റസകള്‍ക്ക് അതുണ്ടാക്കുന്ന ഡാമേജ് എത്ര ഭീകരമായിരിക്കും എന്ന് ഓര്‍ത്തതുപോലുമില്ല.
ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ മദ്റസ പ്രസ്ഥാനത്തിന്‍െറ ചരിത്രം അനുസ്മരിക്കുന്നത് നന്നായിരിക്കും. 20ാം നൂറ്റാണ്ടിന്‍െറ ആദ്യപാദത്തിലാണ് കേരളത്തില്‍ മദ്റസ പ്രസ്ഥാനം ആരംഭിക്കുന്നത്. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ജനനം 1866) വാഴക്കാട്ട് ആരംഭിച്ച ദാറുല്‍ ഉലൂം എന്ന മദ്റസയാണ് ആധുനിക മദ്റസകളില്‍ പ്രഥമമായി ഗണിക്കപ്പെടുന്നത്. അതുവരെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഓത്തുപള്ളികളില്‍നിന്ന് രൂപത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമായിരുന്നു അത്. പൊതുവിദ്യാലയങ്ങളുടെ മാതൃകയില്‍ ക്ളാസ് തിരിച്ചു, ബെഞ്ചും ഡെസ്കും ബ്ളാക് ബോര്‍ഡുമൊക്കെ ആദ്യമായി ഉപയോഗിച്ചത് അവിടെയാണ്. മാത്രമല്ല, സാമ്പ്രദായിക മതപാഠശാലകളില്‍നിന്ന് ഭിന്നമായി മലയാള ഭാഷാ സാഹിത്യം, ഭൗതികശാസ്ത്രം, ഗണിതം തുടങ്ങിയവയും അദ്ദേഹം സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നു. മണിപ്രവാളവും ഇന്ദുലേഖയും ആ മദ്റസയില്‍ പഠിപ്പിച്ചിരുന്നു. മുസ്ലിംകള്‍ പൊതുവിദ്യാലയങ്ങളില്‍നിന്ന് അകന്നുനിന്ന ഒരു കാലത്താണിത് എന്നുകൂടി ഓര്‍ക്കണം. അപ്പോള്‍ കേരള മുസ്ലിംകളുടെ ചരിത്രത്തിലെ ഇരുണ്ട കാലത്തില്‍നിന്ന് ആധുനികതയിലേക്ക് ആനയിക്കുക എന്ന ചരിത്രപരമായ നിയോഗമാണ് മദ്റസ പ്രസ്ഥാനം നിര്‍വഹിച്ചത് എന്ന് ചുരുക്കം. ദേശീയ പ്രസ്ഥാനത്തിന് നായകത്വം വഹിച്ച ഇ. മൊയ്തു മൗലവിയും കേരള മുസ്ലിം നവോത്ഥാന ശില്‍പികളില്‍ പ്രമുഖനായ കെ.എം. മൗലവിയും ആ മദ്റസയിലെ പഠിതാക്കളായിരുന്നു. ആ സ്ഥാപനത്തിന്‍െറ വെളിച്ചം സ്വീകരിച്ചാണ് കേരള മുസ്ലിം ഐക്യ സംഘം ജന്മംകൊണ്ടത്. ഐക്യസംഘം പിരിച്ചുവിട്ടപ്പോള്‍ അതിന്‍െറ സ്ഥാവരജംഗമ വസ്തുക്കള്‍ ഫാറൂഖ് കോളജിനാണ് നല്‍കിയത് എന്നുകൂടി സാന്ദര്‍ഭികമായി ഓര്‍മിക്കണം. പഴയകാല മദ്റസകളില്‍ നിരവധി എണ്ണം ഹൈസ്കൂളുകളും കോളജുകളുമായി മാറിയിട്ടുണ്ട്. ആ നിലയില്‍ കേരള മുസ്ലിംകളുടെ ആധുനീകരണത്തിന്‍െറ ഏജന്‍സി എന്ന് വിശേഷിപ്പിക്കാവുന്ന സ്ഥാപനങ്ങളാണ് മദ്റസകള്‍.
മദ്റസകളെ ഒറ്റയടിക്ക് വിവേചന കേന്ദ്രങ്ങള്‍ എന്ന് വിധിയെഴുതിയവര്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ സീറ്റിങ് ഏര്‍പ്പെടുത്തിയതാണല്ളോ അതിനു കാരണമായി പറഞ്ഞത്. എങ്കില്‍ എം.എ. ബേബി സൂചിപ്പിച്ച, കോട്ടയത്ത് ശ്രീമതി മേരി റോയ് നടത്തുന്ന പള്ളിക്കൂടവും അതില്‍പെടുമല്ളോ. കേരളത്തിലെ സെമിനാരികളിലും കോണ്‍വന്‍റുകളിലും ഈ ‘വിവേചനം’ നിലവിലില്ളേ? അതിനെ മധ്യകാലത്തിലേക്ക് മടക്കിക്കൊണ്ടുപോകുന്ന നടപടിയായി ആര്‍ക്കും തോന്നാതിരുന്നത് എന്തുകൊണ്ടാണ്. ഈ വിവാദങ്ങള്‍ക്കിടയില്‍ ഉയര്‍ത്തപ്പെടാതെപോയ ഒരു ചോദ്യമുണ്ട്. ആരാണ് കേരളത്തില്‍ ആദ്യമായി വിദ്യാലങ്ങളില്‍ ആണ്‍-പെണ്‍ വേര്‍തിരിവ് കൊണ്ടുവന്നത്? മിഷനറികളാണ് ആണ്‍ പള്ളിക്കൂടങ്ങളും പെണ്‍ പള്ളിക്കൂടങ്ങളും വെവ്വേറെ ആരംഭിച്ചത്. നമ്മുടെ പൊതുവിദ്യാലയങ്ങള്‍വരെ സ്വാംശീകരിച്ച ആണ്‍-പെണ്‍ വകതിരിവ് മിഷന്‍ സ്കൂള്‍ പദ്ധതിയുടെ തുടര്‍ച്ചയായി വന്നതാണ് എന്നര്‍ഥം. അതേസമയം, മദ്റസകളിലും ധാരാളം ഉന്നതമത കലാലയങ്ങളിലും പണ്ടും ഇന്നും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്നുണ്ട്.
ഇതുപറയുമ്പോള്‍ സ്വാഭാവികമായും ഒരു ചോദ്യമുയരാം. ലോകത്തെല്ലായിടത്തും ഇങ്ങനെയല്ലല്ളോ. അഫ്ഗാനിലെ താലിബാനും അവരുടെ മദ്റസകളും സ്ത്രീവിരുദ്ധതയുടെ പര്യായമായി മാറിയിട്ടില്ളേ? തീര്‍ച്ചയായും താലിബാനും സ്വാത്തിലെ മദ്റസകളും അപരിഷ്കൃതത്വത്തിന്‍െറയും സ്ത്രീ വിരുദ്ധതയുടെയും പര്യായങ്ങള്‍തന്നെയാണ്. താലിബാനും അല്‍ഖാഇദയും അതിന്‍െറ സ്ഥാപനങ്ങളും പിന്തുടരുന്ന ഗോത്രമൂല്യങ്ങളെ അംഗീകരിക്കാന്‍ ഒരു പരിഷ്കൃത സമൂഹത്തിന് സാധിക്കില്ല.
അവയെ രൂപപ്പെടുത്തിയ രാഷ്ട്രീയ കാരണങ്ങള്‍ എന്തായാലും ശരി അവരുടെ ഇത്തരം സമീപനങ്ങള്‍ ന്യായീകരിക്കാനാകില്ല. മുസ്ലിംകള്‍ മഹാഭൂരിപക്ഷവും അവരെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. അല്‍ഖാഇദയുടെ ഹിംസയുടെ പേരില്‍ എല്ലാ മുസ്ലിംകളെയും തീവ്രവാദികള്‍ എന്ന് വിളിക്കുന്നതുപോലെയാണ് താലിബാന്‍െറ ചെയ്തിയുടെ പേരില്‍ എല്ലാ മദ്റസകളെയും കാടന്‍ സ്ഥാപനങ്ങള്‍ എന്ന് വിധിയെഴുതുന്നത്. ഈ വിധിയെഴുത്തില്‍ ആഗോളതലത്തില്‍ പടര്‍ന്നിട്ടുള്ള ഇസ്ലാമോഫോബിയയുടെ അംശങ്ങള്‍ കലര്‍ന്നിട്ടുണ്ട് എന്നു പറയുന്നത് അതുകൊണ്ടാണ്. അമേരിക്ക മദ്റസകളെ നേരത്തേതന്നെ നോട്ടമിട്ടിട്ടുണ്ട്. കുപ്രസിദ്ധരായ ഇസ്ലാമോഫോബുകള്‍ എഴുതിയ നിരവധി കൃതികളില്‍ മദ്റസകളില്‍ വേദങ്ങള്‍ പഠിപ്പിക്കുന്നു എന്നും അസഹിഷ്ണുതക്ക് അതാണ് കാരണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
‘ഭീകരത’വിരുദ്ധ യുദ്ധങ്ങള്‍ ആരംഭിച്ചത് മുതല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഇസ്ലാമിക ചിഹ്നങ്ങള്‍ അപരവത്കരിക്കപ്പെടുകയും രാക്ഷസവത്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട് എന്ന കാര്യത്തില്‍ ആഗോള രാഷ്ട്രീയം ശ്രദ്ധിക്കുന്ന ആര്‍ക്കും സംശയം ഉണ്ടാകില്ല. താടിയും തലപ്പാവും പര്‍ദയും അറബി ഭാഷയും മിനാരവും മദ്റസയും ഒക്കെ അതില്‍പെടുന്നു. ഇസ്ലാമോഫോബിക് പ്രചാരണങ്ങളെ ഇന്ത്യയില്‍ ഏറ്റുപിടിക്കുന്ന സംഘ്പരിവാര്‍ മദ്റസകള്‍ ഭീകരതയുടെയും തീവ്രതയുടെയും അസഹിഷ്ണുതയുടെയും കേന്ദ്രങ്ങളാണെന്നും അവ അടച്ചുപൂട്ടണമെന്നും വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. ഗോമാംസം സൂക്ഷിച്ചു എന്ന പേരില്‍ ഈയിടെ ദാദ്രിയില്‍ കൊല്ലപ്പെട്ട അഖ്ലാഖ് തീവ്രവാദി ആകാം എന്നതിന് സംഘ്പരിവാരം തെളിവ് പറഞ്ഞത് അയാള്‍ മദ്റസയില്‍ പഠിച്ചവനാണ് എന്നായിരുന്നു! മതപാഠശാലകള്‍ തീവ്രവാദകേന്ദ്രങ്ങളാണെന്ന ആരോപണം നിരന്തരമായി ഉയര്‍ത്തപ്പെട്ട സാഹചര്യത്തില്‍ മുസ്ലിംതീവ്രവാദികളുടെ പഠനപശ്ചാത്തലത്തെക്കുറിച്ച് ഒരു പഠനം നടക്കുകയുണ്ടായി. അതില്‍ കണ്ടത്തെിയത്, സെപ്റ്റംബര്‍ 11 ആക്രമണസംഭവങ്ങള്‍ ഉള്‍പ്പെടെ ആസൂത്രണം ചെയ്തു നടപ്പാക്കിയ തീവ്രവാദികള്‍ മിക്കവാറും സയന്‍സിലോ എന്‍ജിനീയറിങ്ങിലോ ഒക്കെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ളവര്‍ ആണെന്നാണ്, മതകലാലയങ്ങളില്‍ പഠിച്ചവരല്ല. എന്നു കരുതി അവര്‍ പഠിച്ച പാശ്ചാത്യ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ തീവ്രവാദ കേന്ദ്രങ്ങള്‍ ആണെന്ന് പറയാനാകുമോ?
ആധുനികവും പരിഷ്കൃതവുമായതെല്ലാം യൂറോകേന്ദ്രിതമാണെന്ന അന്ധവിശ്വാസം നമ്മുടെ ബുദ്ധിജീവികളെ വല്ലാതെ വഴിതെറ്റിച്ചിട്ടുണ്ട്. സഭയെ അഥവാ മതത്തെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍നിന്ന് പുറത്താക്കിയപ്പോഴാണ് യൂറോപ്പില്‍ ജ്ഞാനോദയം സാധ്യമായത് എന്നത് ഒരു വസ്തുതയാണ്. വിജ്ഞാനത്തോടും സ്വതന്ത്രചിന്തയോടും അസഹിഷ്ണുത കാണിച്ച ചര്‍ച്ച് 16ാം നൂറ്റാണ്ടില്‍ നടപ്പാക്കിയ ഇന്‍ക്വിസിഷന്‍ കുപ്രസിദ്ധമാണ്. ബൈബ്ളിന്‍െറ പുരോഹിത വ്യാഖ്യാനമാണ് പരമമായ സത്യമെന്നും അതിനപ്പുറത്തേക്ക് ചിന്തിക്കുന്നത് മതനിഷേധമാണെന്നുമായിരുന്നു സഭയുടെ നിലപാട്. ഈ നിലപാടിനെ വിമര്‍ശിച്ച അനേകം ശാസ്ത്രജ്ഞന്മാരെ ഇന്‍ക്വിസിഷന്‍ കോടതികള്‍ വിചാരണ നടത്തി വധിച്ചു. ശാസ്ത്രവും ശാസ്ത്രജ്ഞന്മാരും ക്രൂരമായി പീഡിപ്പിക്കപ്പെട്ട ആ ഇരുണ്ടകാലമാണ് മതം പ്രബുദ്ധതക്ക് എതിരാണെന്ന മൂഢധാരണ ഉണ്ടാക്കിയത്. എന്നാല്‍, ആ ഇരുണ്ട കാലഘട്ടത്തിന്‍െറ അജ്ഞതയില്‍നിന്ന് യൂറോപ്പിനെ വിജ്ഞാന വെളിച്ചത്തിലേക്കും പരിഷ്കാരങ്ങളിലേക്കും നയിച്ചത് അറബികളായിരുന്നു എന്നത് ചരിത്രത്തിലെ പലപ്പോഴും വിസ്മരിക്കപ്പെട്ട ഒരു അധ്യായമാണ്. യൂറോപ്പ് സ്വയം വികസിക്കാന്‍ പള്ളിയെ ഒഴിവാക്കിയെങ്കില്‍ അറബികള്‍ പള്ളിയില്‍തന്നെ തത്ത്വവിചാരം നടത്തി. വൈദ്യശാസ്ത്രത്തിന്‍െറ കുലപതിയായ ഇബ്നു സീന താമസിക്കുകയും ചികിത്സിക്കുകയും ഗവേഷണ കൃതികള്‍ രചിക്കുകയും ചെയ്തത് പള്ളിയിലായിരുന്നു എന്ന് ചരിത്രം പറയുന്നു. അത്തരത്തില്‍ ഏറ്റവും പ്രാചീനവും പ്രശസ്തവുമായ, ഈജിപ്തിലെ അല്‍അസ്ഹറില്‍ പഠിച്ചുവന്ന അബുസ്വബാഹ് മൗലവിയാണ് ഫാറൂഖ് കോളജ് സ്ഥാപിച്ചതെന്നും ഫാറൂഖ് കോളജിന്‍െറ മാതൃസ്ഥാപനം ഒരു മദ്റസ ആയിരുന്നു എന്നും നിഷേധിക്കാന്‍ കഴിയില്ല. ഫാറൂഖ് കോളജ് മാത്രമല്ല, കേരളത്തില്‍ മുസ്ലിംകളുടെ ഉന്നമനത്തിന് വെള്ളവും വളവും നല്‍കിയ എല്ലാ സ്ഥാപനങ്ങളും മതപശ്ചാത്തലമുള്ളതുതന്നെയായിരുന്നു. മദ്റസകള്‍ ഇരുണ്ട കാലത്തിന്‍െറ പ്രതീകമാണെന്ന് ധ്വനിപ്പിക്കുന്നത് ചരിത്രവിരുദ്ധമാണെന്ന് വിശദീകരിക്കാനാണ് ഇത്രയും പറയേണ്ടിവന്നത്.
ഫാറൂഖ് കോളജും സമാനമായ മറ്റെല്ലാ കോളജുകളും മദ്റസകളും എല്ലാം തികഞ്ഞ പത്തരമാറ്റ് സ്ഥാപനങ്ങളാണെന്ന് ഇപ്പറഞ്ഞതില്‍നിന്ന് ആരും അമിതവായന നടത്തരുത്. എല്ലാ സ്ഥാപനങ്ങള്‍ക്കും പുഴുക്കുത്തുകള്‍ ഏറ്റിട്ടുണ്ട്. അധാര്‍മികവും നീതിരഹിതവുമായ കാര്യങ്ങള്‍ അവിടെ നടന്നെന്നു വരാം. അതൊന്നും സമുദായത്തിന്‍െറ സ്വന്തം എന്ന കാരണംകൊണ്ട് ന്യായീകരിക്കാന്‍ കഴിയില്ല. തെറ്റ് ചൂണ്ടിക്കാണിക്കണം, തിരുത്തണം. എന്നാല്‍, സമൂഹത്തില്‍ സാര്‍വത്രികമായി നിലനില്‍ക്കുന്ന, സമൂഹം പൊതുവില്‍ സ്വീകരിച്ചുവരുന്ന ചട്ടങ്ങള്‍ ഫാറൂഖ് കോളജില്‍ അനുവര്‍ത്തിക്കുമ്പോള്‍ അതിനെ അസഹിഷ്ണുതയുടെ അക്വേറിയം എന്നൊക്കെ വിളിക്കുന്നത് വേറെ അസുഖംകൊണ്ടാണ്. ആര്‍ അംഗീകരിച്ചാലും ഇല്ളെങ്കിലും ശരി, ഫാറൂഖ് കോളജിനെ മദ്റസയാക്കരുത് എന്ന് പ്രസ്താവിച്ചതിന്‍െറയും മദ്റസയെ ‘താലിബാന്‍’ എന്ന് സമീകരിച്ചതിന്‍െറയും രാഷ്ട്രീയം ഇസ്ലാമോഫോബിയ തന്നെയാണ്. ഒരു പക്ഷേ, ആ പ്രയോഗം അശ്രദ്ധമായിട്ടാണെങ്കില്‍പോലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.