ചരിത്രത്തോടൊപ്പം നടന്ന സീതി സാഹിബ്

കേരളീയ നവോത്ഥാനത്തിന്‍െറ സവിശേഷത, ചരിത്രപരമായി സൃഷ്ടിക്കപ്പെട്ട അതിന്‍െറ സാംസ്കാരിക-രാഷ്ട്രീയ പൈതൃകമാണ്. ആധുനിക കേരളത്തിന്‍െറ ശില്‍പികള്‍ ആ പൈതൃകത്തിന്‍െറ ചരിത്രപരമായ പ്രാധാന്യം അടയാളപ്പെടുത്തിയവരാണ്. കെ.എം. സീതി സാഹിബ് ആ പരമ്പരയിലെ സമുന്നത ചിന്തകനും പ്രയോക്താവുമായിരുന്നു.  ധൈഷണിക വ്യക്തിത്വത്തിന്‍െറ ഉടമയായിരുന്ന അദ്ദേഹം അന്തരിച്ചിട്ട് ഇന്നേക്ക് 55 വര്‍ഷം തികയുന്നു. നിയമജ്ഞനും എഴുത്തുകാരനും വാഗ്മിയും നിയമസഭാ സാമാജികനും പത്രപ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനും സര്‍വോപരി മതേതര നൈതികതയുടെ ഉപാസകനുമായിരുന്നു സീതിസാഹിബ്.

കേരള നിയമസഭയുടെ സ്പീക്കറായിരിക്കെ (1960-61) അന്തരിച്ച സീതി സാഹിബ് തന്‍െറ രാഷ്ട്രീയ-സാമൂഹിക ജീവിതം കരുപ്പിടിപ്പിക്കുന്നത് ദേശീയ പ്രസ്ഥാനത്തിന്‍െറ ഭാഗമായി നിന്നുകൊണ്ടാണ്. ജനാധിപത്യത്തിന്‍െറയും സ്വാതന്ത്ര്യത്തിന്‍െറയും മതനിരപേക്ഷതയുടെയും മൗലിക ധാരകള്‍ സ്വാംശീകരിച്ച ഒരു കര്‍മയോഗി. സ്വന്തം സമുദായത്തിന്‍െറ അവശതകളും ആവശ്യങ്ങളും കണ്ടറിഞ്ഞു അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന്‍െറ പൊതുനന്മക്കും പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ ദാര്‍ശനികന്‍. മത-ആത്മീയ കാര്യങ്ങളില്‍ തികഞ്ഞ ഉല്‍പതിഷ്ണിത്വം  ജീവിതത്തിലുടനീളം കാത്തുസൂക്ഷിച്ച ധീര വ്യക്തിത്വം.

1899ല്‍ കൊടുങ്ങല്ലൂരില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസ്, തിരുവനന്തപുരം മഹാരാജാസ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളില്‍ ഉന്നതപഠനം. 1921ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ ഒറ്റപ്പാലം സമ്മേളനത്തില്‍ വക്കം മൗലവിയോടൊപ്പം പങ്കെടുത്തു. 1920കളില്‍ കോണ്‍ഗ്രസ് ആദര്‍ശത്തില്‍ അടിയുറച്ചു വിശ്വസിച്ച സീതി സാഹിബ് ഗാന്ധിജിയും മൗലാന മുഹമ്മദലിയും ഉള്‍പ്പടെയുള്ള ദേശീയ നേതാക്കളുടെ കാഴ്ചപ്പാടില്‍ വളരെ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ചിരുന്നു.

ഒരു ഘട്ടത്തില്‍ മാപ്പിള കലാപത്തില്‍ മുസ്ലിംകളുടെ നിലപാടിനെ ഗാന്ധിജി വിമര്‍ശിച്ചിരുന്നുവെങ്കില്‍പോലും അദ്ദേഹത്തിന്‍െറ  ദേശീയ വീക്ഷണങ്ങളെ സീതി സാഹിബ് ഉള്‍ക്കൊണ്ടിരുന്നു. 1925ല്‍ ഗാന്ധിജി തിരുവനന്തപുരത്ത് പ്രസംഗിക്കുമ്പോള്‍ അത് പരിഭാഷപ്പെടുത്തിയത് വിദ്യാര്‍ഥിയായിരുന്ന സീതി സാഹിബ് ആയിരുന്നു. ആ വേദിയില്‍ വെച്ചുതന്നെ ഗാന്ധിജിയുടെ ആശ്ളേഷവും ഏറ്റുവാങ്ങി. ചരിത്രം കുറിച്ച അദ്ദേഹത്തിന്‍െറ പരിഭാഷകളിലൂടെയാണ് പിന്നീട് മലയാളനാട് പല ദേശീയ നേതാക്കളെയും മനസ്സിലാകുന്നത്.

അവരുടെയെല്ലാം പ്രസംഗവേദികളില്‍ സീതി സാഹിബ് ഒരു അനിവാര്യമായ ഘടകമായിരുന്നു. അക്കാലത്താണ്  കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച  ഐക്യ  സംഘത്തിലൂടെയും മറ്റും സമുദായ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. മുസ്ലിംകള്‍ ആധുനിക വിദ്യാഭാസം നേടേണ്ടതിന്‍െറയും പൊതു സമൂഹത്തിന്‍െറ ഭാഗമാകേണ്ടതിന്‍െറയും  അനിവാര്യത സീതി സാഹിബ്  ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു.

1927ലെ മദിരാശി കോണ്‍ഗ്രസ് സമ്മേളനാനന്തരം എറണാകുളത്തു സീതി സാഹിബ് തന്‍െറ അഭിഭാഷക ജീവിതം ആരംഭിച്ചു. 1928 മുതല്‍ 1934 വരെ അദ്ദേഹം കൊച്ചി നിയമസഭാംഗമായിരുന്നു. രാജ്യനന്മക്ക് ഉതകുന്ന എല്ലാ നടപടികളെയും പിന്തുണച്ചുകൊണ്ട് സാമൂഹികതിന്മക്കും ഉച്ചനീചത്വങ്ങള്‍ക്കും എതിരായി കൊച്ചി നിയമസഭയില്‍ പോരാടിയ സീതി സാഹിബിന്‍െറ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. ആധുനിക വിദ്യാഭ്യാസം സ്വന്തം സമുദായക്കാര്‍ ഉള്‍പ്പടെയുള്ള പിന്നാക്കക്കാര്‍ക്ക് നല്‍കി  അവരെ ഉദ്ധരിച്ചാലെ നാടിനു അഭിവൃദ്ധിയുണ്ടാകുകയുള്ളൂവെന്നു അദ്ദേഹം ശക്തമായി നിയമസഭയില്‍ വാദിച്ചു. തന്‍െറ സമുദായത്തിന്‍െറ പിന്നാക്കാവസ്ഥക്ക് കൂടുതല്‍ കാരണമായ, മതത്തില്‍ കടന്നുകൂടിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തുടച്ചുനീക്കാന്‍ സീതി സാഹിബ് തന്‍െറ കുടുംബത്തില്‍നിന്നുതന്നെ തുടക്കമിട്ടുകൊണ്ട് സമുദായ പ്രവര്‍ത്തനങ്ങള്‍ക്ക്  മുന്നിട്ടിറങ്ങി.

സൗജന്യ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസത്തിനു സ്വന്തം സമുദായത്തിലെ കണക്കുകള്‍ ഉദ്ധരിച്ചു ആവശ്യപ്പെടുക മാത്രമല്ല  അത് സാര്‍വത്രികമാക്കുന്നതിനു പ്രേരണയാകട്ടെയെന്നു കാര്യകാരണസഹിതം അദ്ദേഹം വാദിച്ചു. ആ നിലപാടിനുള്ള അംഗീകാരമായിരുന്നു 70 വര്‍ഷങ്ങള്‍ക്കു ശേഷമുള്ള 2002ലെ  ഇന്ത്യന്‍ ഭരണഘടനയിലെ  21 (എ),  45 വകുപ്പുകളില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതിയും തുടര്‍ന്ന്് 2010 ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍വന്ന 2009ലെ ‘വിദ്യാഭ്യാസ അവകാശ നിയമ’വും.  മത-ധാര്‍മികവിദ്യാഭ്യാസം, ശിശുപരിപാലനം തുടങ്ങിയവ സിലബസില്‍ ഉള്‍പ്പെടുത്താനും അതുവഴി പുതിയ തലമുറയെ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍നിന്നും അകറ്റി അവരില്‍ സമുദായ സൗഹാര്‍ദം ഉറപ്പിക്കാനും അദ്ദേഹം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അധ$കൃതര്‍ക്കും  പിന്നാക്ക സമുദായക്കാര്‍ക്കും  നിഷിദ്ധമാക്കിയ സാമൂഹികനീതി വീണ്ടെടുക്കാന്‍ ശക്തമായി മുന്നിട്ടിറങ്ങി.

മലയാളഭാഷയുടെ വികസനത്തിനും മദ്യനിരോധത്തിനും വേണ്ടി സഭയില്‍ അദ്ദേഹം ചെയ്ത പ്രസംഗങ്ങള്‍ ദശകങ്ങള്‍ കഴിഞ്ഞും പ്രസക്തമായി നില്‍ക്കുന്നു. ഇക്കാലത്താണ് ലാഹോറിലെ പ്രസിദ്ധമായ എ.ഐ.സി.സി സമ്മേളനത്തില്‍ (1929) നെഹ്റുവിനൊപ്പം പങ്കെടുക്കുന്നത്. 1932ല്‍ സീതി സാഹിബ് അഭിഭാഷക ജീവിതം തലശ്ശേരിയിലേക്ക് മാറ്റി. അക്കാലത്താണ് തന്‍െറ മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങള്‍ ശക്തമായി ആരംഭിക്കുന്നത്. സത്താര്‍ സേട്ടും ഉപ്പി സാഹിബും അദ്ദേഹത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണര്‍വ് നല്‍കി.

ഇതിനിടയില്‍ ദേശീയ പ്രസ്ഥാനത്തില്‍ രൂപമെടുത്ത പല പ്രവണതകളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിനോടെല്ലാം പ്രതികരിക്കുകയും ചെയ്തു. മലബാര്‍ മുസ്ലിംലീഗിന്‍െറ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം ഐക്യകേരളം സ്ഥാപിതമായശേഷം കേരള സ്റ്റേറ്റ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയായി. 1946ല്‍ മദിരാശി പ്രസിഡന്‍സി അസംബ്ളിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറത്തുനിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1947ല്‍ വിഭജനത്തിന്‍െറ മുറിവുകള്‍ രാജ്യത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുമ്പോള്‍ സീതി സാഹിബ് സാമൂഹിക സഹവര്‍ത്തിത്വത്തിനും സമാധാനത്തിനും വേണ്ടി നിലകൊണ്ടു.

തന്‍െറ നാടും ദേശീയതയും ഇന്ത്യ തന്നെയാണെന്ന് അടിവരയിട്ടു പറഞ്ഞ അദ്ദേഹം രാജ്യത്തിന്‍െറ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടി പൊരുതി. 1952ലെ ആദ്യത്തെ പൊതു തെരഞ്ഞെടുപ്പില്‍ മദിരാശി നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കേരളപ്പിറവിക്കു ശേഷം സീതി സാഹിബിന്‍െറ കര്‍മമണ്ഡലം എറണാകുളവും തിരുവനന്തപുരവുമായിരുന്നു. 1959ല്‍ വിമോചനസമര കാലത്ത് നെഹ്റുവുമായുള്ള  സീതി സാഹിബിന്‍െറ കൂടിക്കാഴ്ച കേരളരാഷ്ട്രീയത്തിലെ ഒരു വഴിത്തിരിവാകുകയാരുന്നു. 1960ല്‍ കുറ്റിപ്പുറത്തുനിന്നും കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സീതി സാഹിബിന്‍െറ രാഷ്ട്രീയ ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നു. ഐക്യ മുന്നണി ഭരണത്തിന്‍െറ  ശില്‍പിയായ അദ്ദേഹം മുസ്ലിം ലീഗിന്‍െറ നിയമസഭാ കക്ഷി നേതാവും പിന്നീട് 1960 മാര്‍ച്ച് 12ന് നിയമസഭയുടെ സ്പീക്കറുമായി.

ഒരു നിയമജ്ഞന്‍കൂടിയായ  സീതി സാഹിബ്  നിയമസഭാചരിത്രത്തില്‍ അവിസ്മരണീയമായ പല കീഴ്വഴക്കങ്ങളും സൃഷ്ടിച്ചു. നിഷ്പക്ഷതയും ഭരണഘടനാ പരിജ്ഞാനവും അദ്ദേഹത്തെ വ്യത്യസ്തനായ ഒരു സ്പീക്കറാക്കി. കേരളം അതിന്‍െറ ചരിത്രത്തിലെ നിര്‍ണായകമായ ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ സീതി സാഹിബ് ഈ ലോകത്തോട് വിടവാങ്ങി.

ആദ്യകാലം മുതല്‍ അവസാനം വരെ സീതി സാഹിബിന്‍െറ പ്രവര്‍ത്തനങ്ങളെ നേരിട്ടറിഞ്ഞ കൊച്ചി നിയമസഭയിലെ സഹപ്രവര്‍ത്തകനായ സഹോദരന്‍ അയ്യപ്പന്‍ അദ്ദേഹത്തിന്‍െറ  ദേശീയ സാമുദായിക വീക്ഷണത്തെ വിലയിരുത്തിയത്  ഇങ്ങനെയാണ്: ‘പരോക്ഷ സാമുദായികക്കാരുടെ സാമുദായിക താല്‍പര്യങ്ങള്‍ അവര്‍ സാമുദായികമല്ളെന്നു പറയുന്ന ദേശീയത്തില്‍കൂടി മറ്റു സമുദായങ്ങള്‍ക്ക് ചെല്ലാതെ അവരുടെ സമുദായങ്ങള്‍ക്ക്  ചെല്ലുന്ന സ്ഥിതികളാണിവിടെയുള്ളത്. അവര്‍ സാമുദായികത്വത്തിനു തന്നെയാണ് വാസ്തവത്തില്‍ ദേശീയം പറയുന്നത്. പ്രത്യക്ഷ സാമുദായികക്കാര്‍ക്ക്  ആ മാതിരി ദേശീയം പറയാന്‍ സാധിക്കയില്ല.

സാമുദായികങ്ങളുള്ള സാമുദായിക ഗണനകളോടുകൂടിയ ദേശീയമേ യാഥാര്‍ഥ്യവും പൂര്‍ണവുമായ ദേശീയമാകയുള്ളൂ എന്നാണു അവര്‍ പറയുക. ഈ പശ്ചാത്തലത്തില്‍ സാമുദായികവും ദേശീയവും അതായത് ദേശീയ സാമുദായികവും സാമുദായിക ദേശീയവും പൊതുവായ രാജ്യ നന്മക്കും സ്വസമുദായ നന്മക്കും വേണ്ടി പൊരുത്തപ്പെടുത്തിക്കൊണ്ടു പോകാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു നല്ല ദേശീയനും ഒരു നല്ല സാമുദായികനും ആയിരുന്നു സീതി സാഹിബ്’. 1961 ഏപ്രില്‍ 17ന്  അദ്ദേഹം അന്തരിക്കുമ്പോള്‍ ഈ നാടിനു  ഒസ്യത്തായി കിട്ടിയത് സീതി സാഹിബ് ബാക്കിയാക്കിയ ഒട്ടേറെ നന്മകളാണ്. നവോത്ഥാനത്തിന്‍െറയും  സാഹോദര്യത്തിന്‍െറയും ലാളിത്യത്തിന്‍െറയും മതനിരപേക്ഷതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും പാഠങ്ങള്‍. ഒരു ജനതക്ക് അതിന്‍െറ അതിജീവനം സാധ്യമാക്കുന്നതും ഈ പാഠങ്ങള്‍ ആണ്.

(കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയില്‍ പ്രഫസറായ ലേഖകന്‍ സീതി സാഹിബിന്‍െറ പൗത്രനാണ്)

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.