ഭീതി, അശാന്തി, ആശങ്ക

ഹൃദയത്തെ അഗാധമായി ഉലക്കുന്ന സംഭവവികാസങ്ങളാണ് ഇന്ത്യാ മഹാരാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദിനേന കരള്‍പിളര്‍ക്കുന്ന സംഭവങ്ങള്‍ക്കുമുന്നില്‍ ജനങ്ങള്‍ നിസ്സംഗരായി തീരുന്നു. ഞാന്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ആരും വ്യക്തമായി ഉത്തരം നല്‍കില്ല എന്നെനിക്കറിയാം. എങ്കിലും ഈ ചോദ്യങ്ങള്‍ ഉന്നയിക്കാതെ വയ്യ. ഭാരത് മാതാകീ ജയ് എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ മടിക്കുന്നവരെ ഒന്നടങ്കം താന്‍ കശാപ്പുചെയ്യുമെന്ന വിഷംവമിക്കുന്ന പ്രസ്താവന ഇറക്കിയിട്ടും രാംദേവ് ശിക്ഷാഭയമില്ലാതെ വിഹരിക്കുന്നതെന്തുകൊണ്ട്? നിയമത്തിന്‍െറ കരങ്ങള്‍ അയാളെ തൊടാന്‍ മടിക്കുന്നത് എന്തുകൊണ്ട്? അമിതാഭ് ബച്ചനെപോലുള്ള പ്രമുഖര്‍ കള്ളപ്പണം വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്നു എന്ന പാനമ പേപഴ്സ് വെളിപ്പെടുത്തല്‍ ആരിലും കാര്യമായ അമ്പരപ്പൊന്നും സൃഷ്ടിക്കുകയുണ്ടായില്ല. എന്താകാം കാരണം? നമ്മുടെ കാമ്പസുകളെ ഇപ്പോള്‍ അസ്വാസ്ഥ്യങ്ങളുടെ പുക ഗ്രസിച്ചുകൊണ്ടിരിക്കുന്നു, എന്തുകൊണ്ട്? രാഷ്ട്രീയ തല്‍പരകക്ഷികള്‍ എന്തുകൊണ്ടാണ് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിര്‍ബാധം കടന്നുകയറുന്നത്? വിദ്യാര്‍ഥികളെ എന്തിനവര്‍ ധ്രുവീകരിക്കുന്നു? ശ്രീനഗറിലെ എന്‍.ഐ.ടിയിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ ആസൂത്രിതമായി കുത്തിപ്പൊക്കിയതായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടുകള്‍ സ്പഷ്ടമാക്കുന്നു. എന്നിട്ടുപോലും നടപടികള്‍ക്ക് അറച്ചുനില്‍ക്കുകയാണ് അധികൃതര്‍. സംസ്ഥാനത്തിനും രാജ്യത്തിനും ഭൂഷണമാണോ ഈ അലംഭാവം? ഹന്ദ്വാരയില്‍ കശ്മീരി യുവാക്കളെ സൈന്യം പച്ചക്കു കൊല്ലുന്നു, പെണ്‍കുട്ടിയെ മാനഭംഗം ചെയ്യുന്നു, അവരുടെ കുടുംബത്തെ കേസുകളില്‍ കുരുക്കാന്‍ ശ്രമിക്കുന്നു, സിവിലിയന്മാര്‍ക്കു നേരെയുള്ള ഇത്തരം കുതിരകയറ്റങ്ങള്‍ ചിരപരിചിതമായിത്തീര്‍ന്നതുകൊണ്ടാണോ ആ വിഷയത്തോടും നാം നിസ്സംഗരായി തീര്‍ന്നത്? കശ്മീരിലെ സിവിലിയന്‍ പൗരന്മാരെ സംരക്ഷിക്കാന്‍ സര്‍ക്കാറിന് പര്യാപ്തമായ സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ളേ? പല മന്ത്രാലയങ്ങളിലും കൈയേറ്റത്തിനിരയാകുന്ന ഹതഭാഗ്യരായ കശ്മിരി വിദ്യാര്‍ഥികളുടെ പ്രശ്നത്തില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കേന്ദ്ര സര്‍ക്കാറുമായി സംഭാഷണം ആരംഭിക്കാന്‍ തയാറാകാത്തത് നീതീകരിക്കാനാകുമോ?
നഗരങ്ങളുടെയും തെരുവീഥികളുടെയും നാമങ്ങള്‍ പരിഷ്കരിക്കുന്നതിനു പിന്നിലെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അത്ര പരിശുദ്ധമാണോ? കാക്കിനിക്കര്‍ പാറാവു നില്‍ക്കുന്ന കൂറ്റന്‍ തടങ്കല്‍ പാളയമായി നമ്മുടെ രാജ്യം ചുരുങ്ങിപ്പോവുകയാണോ? നമ്മുടെ പ്രിയ നാടിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങളെ കൈവിടുകയാണോ ഭരണകര്‍ത്താക്കള്‍? വരള്‍ച്ചയും കൃഷിനാശവും വിലക്കുതിപ്പുംമൂലം ദുസ്സഹമായ ജീവിതപ്രതിസന്ധിയുടെ ഈ ഘട്ടത്തിലും വര്‍ഗീയതയെ താലോലിക്കുകയാണ് ഫാഷിസ്റ്റുകള്‍. കൂടുതല്‍ വിനാശങ്ങള്‍ മാത്രമാണ് അവര്‍ രാജ്യത്തിന് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.
ഭീതിയുടെ ഈ കരാളഘട്ടത്തിലും ധീരതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും ഉദാത്ത മാതൃകകളായി വിദ്യാര്‍ഥി സമൂഹം ഉയര്‍ന്നുവരുന്നു എന്നത് ശുഭ സൂചനയാണ്. ഫാഷിസ്റ്റ് പ്രവണതകളെ പ്രതിരോധിക്കുന്നതിന് വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച ‘പ്രതിരോധ്’ പരിപാടിയില്‍ കഴിഞ്ഞയാഴ്ച സംബന്ധിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഡല്‍ഹിയിലെ മവ്ലങ്കര്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങിനെ ഉമര്‍ ഖാലിദ്, ദൊന്ത പ്രശാന്ത്, ശഹ്ല റഷീദ്, കനയ്യ കുമാര്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു. രാജ്യത്തെ പൂര്‍ണമായി ശിഥിലീകരിക്കുകയാണ് ഫാഷിസ്റ്റ് ശക്തികളുടെ ലക്ഷ്യമെന്ന് അവരൊന്നടങ്കം ചൂണ്ടിക്കാട്ടി. സമകാലിക സംഭവങ്ങളുടെ ആകത്തുക ആവിഷ്കരിക്കുന്ന കനയ്യ കുമാറിന്‍െറ ഉപസംഹാര വാചകം ഇപ്രകാരമായിരുന്നു: ‘ഹിന്ദുസ്താനും സംഘിസ്താനും തമ്മിലുള്ള പോരാട്ട ഭൂമിയാണ് ഇന്ത്യയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്.’
പുസ്തകപ്പൊരുള്‍
സമകാലിക പ്രവണതകളുടെ ആഖ്യാനവുമായി ഒരുപിടി പുസ്തകങ്ങള്‍ പ്രകാശനം ചെയ്യപ്പെട്ട വാരമാണ് കടന്നുപോയത്. പ്രഫസര്‍ രാം പുനിയാനിയുടെ ‘ഇന്ത്യന്‍ നാഷനലിസം വേഴ്സസ് ഹിന്ദു നാഷനലിസം’ ആണ് പുതിയ കൃതികളില്‍ ഏറ്റവും ശ്രദ്ധേയം. ബാബരി മസ്ജിദ് ധ്വംസനം മുതല്‍ ആര്‍.എസ്.എസിന്‍െറ ഉദ്ഭവവും പ്രത്യയശാസ്ത്രവുംവരെ അപഗ്രഥിക്കുന്ന രാം പുനിയാനിയുടെ പുതിയ കൃതി ഫാഷിസത്തിന്‍െറയും ഹിന്ദുരാജ്യത്തിന്‍െറയും ഭീഷണാന്തരീക്ഷവും വിശദീകരിക്കുന്നു. ഹിന്ദുത്വ ഫാഷിസം ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഏല്‍പിക്കുന്ന ആഘാതങ്ങളും പഠനവിധേയമാക്കുന്നു.
യുദ്ധലേഖകനും പ്രഗല്ഭ മാധ്യമപ്രവര്‍ത്തകനുമായ ശ്യാം ഭാട്ടിയ രചിച്ച ‘ബുള്ളറ്റ് ആന്‍ഡ് ബൈലൈന്‍സ്’ അപൂര്‍വമായ വായനാനുഭവം സമ്മാനിക്കുന്നു. വൈദേശിക ഇടപെടല്‍, ആഭ്യന്തര സംഘര്‍ഷം എന്നിവ നിമിത്തം ശിരസ്സുയര്‍ത്തി നില്‍ക്കാനാകാതെപോയ അഫ്ഗാന്‍ സംഘര്‍ഷഭൂമിയിലൂടെ പ്രയാണങ്ങളാണ് കൃതിയിലെ പ്രധാന പ്രതിപാദ്യം.
സഹാറ ഗ്രൂപ് ചെയര്‍മാന്‍ സുബ്രതാ റോയിയുടെ ‘ലൈഫ് മന്ത്രാസും’ വായനക്കാരില്‍ കൗതുകമുണര്‍ത്താതിരിക്കില്ല. നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാത്തതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട റോയ് തിഹാര്‍ ജയിലിലെ ദിനങ്ങള്‍ പാഴാക്കിയില്ളെന്നതിന്‍െറ സാക്ഷ്യം കൂടിയാണ് ഈ രചന.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.