അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെടുത്തിയ നിരവധി കുഞ്ഞുങ്ങളെ ഇതിനു മുമ്പ് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ ഈ കുട്ടി, അവന്‍െറ നിഷ്കളങ്കതകൊണ്ട് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലായിരുന്നു. മുഖത്ത് കൈവെച്ചപ്പോള്‍ ചോരയാണ് അവന്‍ കണ്ടത്. എന്താണ് തനിക്ക് സംഭവിച്ചതെന്നുപോലും അവന് അറിയില്ലായിരുന്നു. അലപ്പോ പട്ടണത്തിനുനേരെ നടക്കുന്ന നിരവധി ബോംബാക്രമണത്തിന്‍െറ ചിത്രം മുമ്പ് ഞാന്‍ പകര്‍ത്തിയിട്ടുണ്ട്. പക്ഷേ , ഇവന്‍െറ മുഖത്തെ കാഴ്ച ഒന്നു വേറെ ത്തന്നെയായിരുന്നു. ചോരയും പൊടിയും കൂടിക്കലര്‍ന്നിരിക്കയാണ്. അതും ഈ പ്രായത്തില്‍’ -തകര്‍ത്തെറിയപ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ‘വൈറ്റ് ഹെല്‍മറ്റ്’ എന്ന ജീവകാരുണ്യപ്രവര്‍ത്തകര്‍ വലിച്ചെടുത്ത ഇംറാന്‍ ദഖ്നീശ് എന്ന അഞ്ചുവയസ്സുകാരനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരു രാജ്യം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ദാരുണദുരന്തങ്ങളുടെ എണ്ണമറ്റ ചിത്രം വീഡിയോയില്‍ പകര്‍ത്തിയ മുസ്തഫ അല്‍ സറൂത് എന്ന കാമറാമാന്‍െറ സ്വരം ഇടറുകയാണ്.
ഇതിനകം നാലുലക്ഷം മനുഷ്യജീവനുകളെ അപഹരിക്കുകയും 40 ലക്ഷം മനുഷ്യരെ അഭയാര്‍ഥികളായി പെരുവഴിയില്‍ വലിച്ചെറിയുകയും ചെയ്ത സിറിയന്‍ പ്രക്ഷുബ്ധതയുടെ പ്രതീകമായി ലോകം മനസ്സിലേറ്റിയ ഇംറാന്‍െറ ദാരുണമുഖം മന$സാക്ഷി മരവിച്ച ലോകസമൂഹത്തിന്‍െറ കണ്ണ് തുറപ്പിക്കുമോ എന്ന ചോദ്യത്തിന് ആരും ഉത്തരം തരില്ളെന്നറിയാം. സ്വന്തം ഭരണാധികാരിയുടെ (പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിന്‍െറ) പോര്‍വിമാനങ്ങളാണ് ഈ പൈതലിനെ മനുഷ്യക്രൂരതയുടെ ഘോരമുഖം കാണിച്ചുകൊടുത്തത്. ഇംറാനെ ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടര്‍ നല്‍കുന്ന ചില വിശദീകരണങ്ങളുണ്ട്: ‘ഈ കുട്ടി എന്തുമാത്രം സംഭ്രാന്തിയിലകപ്പെട്ടിരിക്കയാണെന്ന് കണ്ട് ഞാന്‍ തരിച്ചുനിന്നുപോയി. മാതാപിതാക്കളുടെ പരിലാളനയേറ്റതിന്‍െറ അടയാളമായി ചിത്രങ്ങള്‍ നിറഞ്ഞ കുഞ്ഞുടുപ്പുകള്‍ ധരിക്കുകയും മുടി മനോഹരമായി ചീകിവെക്കുകയും ചെയ്ത ആ പൈതല്‍ ഉറങ്ങിക്കിടക്കുമ്പോഴായിരിക്കണം അവന്‍െറമേല്‍ വീട് തകര്‍ന്നുവീണിട്ടുണ്ടാവുക.’ അസദിന്‍െറയും പുടിന്‍െറയും പട്ടാളം വര്‍ഷിച്ച ബോംബില്‍ വീട് ധൂമപടലങ്ങളായി പതിഞ്ഞത് അവന്‍െറ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മേലെയായിരുന്നു. കരള്‍പിളര്‍ത്തുന്ന ഈ അപൂര്‍വചിത്രം മുന്നില്‍വെച്ച് ലോകം കുറെ നാളത്തേക്ക് ഗാലന്‍ കണക്കിനു കണ്ണീര്‍ പൊഴിക്കാതിരിക്കില്ല.
വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട ഒരു കുസൃതിപ്പൈതലിന്‍െറ വേഷത്തില്‍, തുര്‍ക്കി കടലോരത്തെ മണലില്‍ മുഖംകുത്തിക്കിടന്ന ഐലാന്‍ കുര്‍ദി എന്ന മൂന്നുവയസ്സുകാരന്‍െറ ചേതനയറ്റ ശരീരം ഒരുവേള ലോകമന$സാക്ഷിയെ പിടിച്ചുലച്ചപ്പോള്‍ സിറിയന്‍ ദുരന്തത്തിനും അഭയാര്‍ഥിപ്രശ്നത്തിനും പരിഹാരം കാണാന്‍ ആഗോളസമൂഹം മുന്നോട്ടുവരുമെന്ന് മന$സാക്ഷിയുള്ളവര്‍ തെറ്റിദ്ധരിച്ചിരുന്നു. ഐലാന്‍ കുര്‍ദി നേരിട്ട ദുരന്തം പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ നാഴികക്കല്ലാവുമെന്ന് പലരുമന്ന് സ്വപ്നംകണ്ടതാണ്. ചില ചിത്രങ്ങള്‍ക്ക് അങ്ങനെയൊരു നിയോഗമുണ്ട്. വിയറ്റ്നാം യുദ്ധത്തിന്‍െറ ഭീകരത ലോകസമൂഹത്തോട് വിളിച്ചുപറഞ്ഞ് പൂര്‍ണനഗ്നയായി പാതമധ്യത്തിലൂടെ ഓടിയ സംഭ്രാന്തയായ പെണ്‍കുട്ടിയുടെയും, സുഡാനെ പട്ടിണിക്കിട്ടുകൊന്ന കൊടുംവരള്‍ച്ചയുടെ ബീഭത്സത ഒരു ഷോട്ടില്‍ പകര്‍ത്താന്‍ പാകത്തില്‍ കഴുകന്‍െറ മുന്നില്‍ മരണം കാത്ത് ജീവച്ഛവമായി ഇരുന്ന ആ കറുത്തകുട്ടിയുടെയും കരള്‍ പിളര്‍ത്തിയ ചിത്രങ്ങളും ആ ഗണത്തില്‍പെടുന്നതായിരുന്നല്ളോ.
ഇംറാന്‍ ദഖ്നീശിന്‍െറ ചോരയില്‍ കുതിര്‍ന്ന കവിള്‍ത്തടവും പൊടിപിടിച്ച തലമുടിയും നമ്മുടെ കാലഘട്ടത്തിലെ ഒരു മഹാദുരന്തത്തിലേക്ക് ബോധത്തിന്‍െറ കിളിവാതില്‍ തുറന്നുവെച്ചെങ്കില്‍ അത് ചില്ലറകാര്യമല്ല. ‘സിറിയയില്‍ സംഭവിക്കുന്നതിന്‍െറ യഥാര്‍ഥ മുഖം’ എന്നാണ് ഈ ചിത്രം കണ്ടപ്പോള്‍ യു.എസ് വിദേശകാര്യമന്ത്രാലയം വിളിച്ചുപറഞ്ഞത്. യു.എസ് അടക്കമുള്ള ആഗോളശക്തികള്‍ ലോകത്തിന്‍െറ കണ്‍മുന്നില്‍നിന്ന് മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കുന്നതാവും സത്യസന്ധത. അതും ലോക മനുഷ്യത്വദിനത്തില്‍ (ആഗസ്റ്റ് 19നാണ് വേള്‍ഡ് ഹുമാനിറ്റേറിയന്‍ ഡേ ആചരിക്കുന്നത്) ലോകം തീരുമാനിച്ചാല്‍ ഒരു രാജ്യത്തെയും അവിടത്തെ ജനതയെയും എങ്ങനെ പൂര്‍ണമായി നശിപ്പിക്കാം എന്നതിന്‍െറ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മുന്തിയ ഉദാഹരണമാണ് സിറിയയുടേത്. ‘അറബ് വസന്തം’ കൊണ്ടുവന്ന മുല്ലപ്പൂ വിപ്ളവം ബശ്ശാര്‍ അല്‍അസദിന്‍െറ സ്വേച്ഛാഭരണത്തെ തൂത്തെറിയാനുള്ള സുവര്‍ണാവസരം ഒരുക്കിയിരിക്കയാണെന്ന പ്രചാരണത്തോടെ അങ്കിള്‍സാമും അറബ് ശൈഖുമാരും തുടങ്ങിവെച്ച യുദ്ധമാണ് ഒരു രാജ്യത്തെ ഇമ്മട്ടില്‍ നാമാവശേഷമാക്കിയത്. ആര് ആര്‍ക്കെതിരെ യുദ്ധം ചെയ്യുന്നുവെന്ന് തിട്ടപ്പെടുത്താന്‍ സാധിക്കാത്തവിധം സങ്കീര്‍ണമായ പോര്‍മുഖങ്ങളില്‍ ലക്ഷക്കണക്കിന് സിറിയക്കാര്‍, പിടഞ്ഞുമരിക്കുമ്പോള്‍ ജീവിതദുരിതങ്ങള്‍ കൈയേറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് ജീവനോടെ ബാക്കിയാകുന്നത്; ഇംറാനെപ്പോലെ. ഭക്ഷണമോ മരുന്നോ കുടിവെള്ളമോ കിട്ടാതെ, പോര്‍വിമാനങ്ങളുടെ ഇരമ്പലില്‍ ഞെട്ടിവിറച്ച്, അഭയാര്‍ഥിക്യാമ്പുകളിലും മരുഭൂമിയിലും ജീവിതം നയിക്കേണ്ടിവരുന്ന ഹതഭാഗ്യരുടെ എത്രയോ ചിത്രങ്ങള്‍ പുറത്തുവന്നിട്ടും ലോകത്തിന്‍െറ മന$സാക്ഷി അശ്ശേഷം ഉണര്‍ന്നില്ല.
ഡമസ്കസിനടുത്ത്, യര്‍മൂക് അഭയാര്‍ഥി ക്യാമ്പില്‍ ജീവിതത്തിനും മരണത്തിനുമിടയില്‍ നെട്ടോട്ടമോടുന്ന ഒന്നരലക്ഷത്തോളം സിറിയന്‍ പൗരന്മാരുടെ ഭീതിജനകമായ ചിത്രം 2014ല്‍തന്നെ പ്രത്യക്ഷപ്പെട്ടിട്ടും ആരും അങ്ങോട്ടേക്ക് തിരിഞ്ഞുനോക്കിയില്ല. നിരന്തര ബോംബാക്രമണത്തില്‍ പൊട്ടിപ്പൊളിഞ്ഞുവീണ നഗരാവശിഷ്ടങ്ങള്‍ക്കിടയില്‍ തണുത്തൊരു പുലരിയില്‍ ഭക്ഷണപ്പൊതിക്കായി കാത്തുനില്‍ക്കുന്ന വലിയൊരു മനുഷ്യസഞ്ചയത്തിന്‍െറ പടം പകര്‍ത്തി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് ‘അസോസിയേറ്റഡ് പ്രസ്’ ഫോട്ടോഗ്രഫറായിരുന്നു. യര്‍മൂക്കിലെ ജീവിതം എങ്ങനെയാണെന്നറിയാന്‍ ആ മനുഷ്യസ്നേഹി ഒരു ഉപായം പറഞ്ഞുതന്നു: ‘നിങ്ങള്‍ വൈദ്യുതി വിച്ഛേദിക്കുക, വെള്ളവും. ഒരു ദിവസം ഒരു നേരം മാത്രം വല്ലതും കഴിക്കുക. കൊള്ളിക്കഷണങ്ങള്‍ മാത്രം കത്തിച്ച് ഇരുട്ടില്‍ കഴിയുക. നിങ്ങളുടെ സങ്കല്‍പത്തിലുള്ള ദുരിതജീവിതത്തിന്‍െറ പത്തിരട്ടി ദുഷ്കരമായ ദിനരാത്രങ്ങളെക്കുറിച്ച് സങ്കല്‍പിക്കുക.’ വന്‍ശക്തികളോ ജീവകാരുണ്യപ്രവര്‍ത്തകരോ ഈ ജീവച്ഛവങ്ങളുടെ യാതന മാറ്റാന്‍ മുന്നോട്ടുവരുന്നില്ല എന്ന് കണ്ടപ്പോള്‍ യുനൈറ്റഡ് നേഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്സ് ഏജന്‍സിയുടെ ചില പ്രവര്‍ത്തകര്‍ യര്‍മൂക് ക്യാമ്പില്‍ ഭക്ഷണപ്പൊതിക്കായി കടിപിടികൂടുന്ന സ്ത്രീപുരുഷന്മാരുടെ ചിത്രം സോഷ്യല്‍ മീഡിയയിലിട്ട് ഒരു കാമ്പയിന്‍ തുടങ്ങി. ന്യൂയോര്‍ക്കിലെ ‘ദി ടൈംസ്’ സ്ക്വയറിലും ടോക്യോവിലെ ‘ഷിബിയ’ ആസ്ഥാനത്തും പ്രദര്‍ശിപ്പിച്ച ബില്‍ബോര്‍ഡിനു മുന്നില്‍ സെല്‍ഫി എടുത്ത് നരകിക്കുന്ന ജനതയോട് പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അങ്ങനെ ലോക മന$സാക്ഷിയുടെ വാതിലില്‍ അധികമൊന്നും കേള്‍ക്കാത്ത ഒരു ദുരന്തം പെട്ടെന്ന് മുട്ടിവിളിച്ചപ്പോള്‍ പ്രശസ്ത രാഷ്ട്രീയനിരീക്ഷകന്‍ ജൊനാഥന്‍ സ്റ്റീല്‍ ‘ദി ഗാര്‍ഡിയനില്‍ എഴുതി: ‘ഭൂമുഖത്തെ ഏറ്റവും മോശമായ ഇടം. സിറിയയിലെ ഗസ്സ എന്ന് വിളിക്കാം. ഗസ്സയെക്കാള്‍ ഭയാനകമാണ് അവസ്ഥ. രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലാത്ത ജയില്‍. ’
അതേ, ചരിത്രവും നാഗരികതകളും നൃത്തമാടിയ അലപ്പോയും നിശാപൂരും ഡമസ്കസുമൊക്കെ ഇന്ന് ജയിലുകളാണ്. മനുഷ്യനു ജീവിക്കാന്‍കൊള്ളാത്ത ഇടങ്ങള്‍. ഒരു ഭാഗത്ത് ബശ്ശാര്‍ അല്‍അസദിന്‍െറയും പുടിന്‍െറയും സൈന്യം. മറുഭാഗത്ത് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍. മറ്റൊരു ഭാഗത്ത് അമേരിക്കയുടെയും അറബ് രാജ്യങ്ങളുടെയും സഖ്യസേന. ഇവര്‍ക്കുപുറമെ വിവിധ വിമത മിലീഷ്യകള്‍. തോക്കുകള്‍ക്കും പീരങ്കികള്‍ക്കും മിസൈലുകള്‍ക്കും നടുവില്‍ ഹതാശരായ ഒരു ജനത. സ്വാസ്ഥ്യവും സമാധാനവും അന്നപാനീയങ്ങളും നിഷേധിക്കപ്പെട്ട ഹതഭാഗ്യര്‍. നഷ്ടപ്രതാപത്തിന്‍െറ മധുരോദാരമായ ഓര്‍മകളെ താലോലിച്ച് ജീവിക്കുന്ന സിറിയക്കാരുടെ ഗതകാലത്തെക്കുറിച്ച് ലോകം മന$പൂര്‍വം മറവി നടിക്കുകയാണ്. റോമാസാമ്രാജ്യത്തിനു കീഴിലും പിന്നീട് മുസ്ലിംഭരണത്തിലും ശാം എന്നറിയപ്പെട്ട ഒരു ഭൂപ്രദേശം സമ്പദ്സമൃദ്ധിയുടെയും ധൈഷണിക ഒൗന്നത്യത്തിന്‍െറയും പ്രതീകമായിരുന്നു നൂറ്റാണ്ടുകളോളം. അലപ്പോ എന്ന് കേള്‍ക്കുമ്പോള്‍ കേവലമൊരു പട്ടണമാണെന്ന് തെറ്റിദ്ധരിക്കേണ്ട. മധ്യകാലഘട്ടത്തില്‍ വിജ്ഞാനത്തിന്‍െറയും വാണിജ്യത്തിന്‍െറയും സമ്പത്തിന്‍െറയും ആസ്ഥാനമായിരുന്നു. നഗരത്തിലെ ഗ്രന്ഥാലയം ലോക പണ്ഡിതരുടെ വിഹാരകേന്ദ്രമായിരുന്നു. ആ പണ്ഡിതനഗരിയുടെ ഒൗജ്ജ്വല്യവും ഗരിമയും തിരിച്ചറിഞ്ഞ് താര്‍ത്താരികള്‍പോലും ആക്രമിക്കാതെ തിരിച്ചുപോയി എന്ന് ചരിത്രം. ആ ചരിത്രത്തിന്മേലെയാണ് അഭിനവ താര്‍ത്താരികളായ ഒബാമയുടെയും പുടിന്‍െറയും ബശ്ശാറിന്‍െറയും സൈന്യങ്ങള്‍ ഇക്കണ്ട നാശങ്ങള്‍ മുഴുവനും വിതച്ചുകൊണ്ടിരിക്കുന്നത്. ഇംറാന്‍ ദഖ്നീശിന്‍െറ ചോരയും പൊടിപടലവും പരന്ന മുഖം വര്‍ത്തമാനകാല സിറിയയുടെ യഥാര്‍ഥ മുഖം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.