ഇന്ത്യൻ സാമൂഹിക യാഥാർഥ്യങ്ങളെ ഏറ്റവും കൃത്യമായി മനസ്സിലാക്കിയിരുന്ന, ആ വെല്ലുവിളികളെ എപ്രകാരം നേരിടണമെന്നതു സംബന്ധിച്ച ആശയ വ്യക്തതയും ദൃഢതയുമുണ്ടായിരുന്ന അതീവ ധീരനായ ധിഷണാശാലി വി.ടി. രാജശേഖർ വിടപറഞ്ഞിരിക്കുന്നു. അംബേദ്കർ ചിന്തകളെ ആഴത്തിൽ പഠനവിധേയമാക്കി തെളിമയാർന്ന വ്യാഖ്യാനങ്ങളിലൂടെ അംബേദ്കർ അനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ ദലിത് ബഹുജൻ പ്രസ്ഥാനങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ സമഗ്രത പകരാൻ സാധിച്ചു എന്നതാണ്...
ഇന്ത്യൻ സാമൂഹിക യാഥാർഥ്യങ്ങളെ ഏറ്റവും കൃത്യമായി മനസ്സിലാക്കിയിരുന്ന, ആ വെല്ലുവിളികളെ എപ്രകാരം നേരിടണമെന്നതു സംബന്ധിച്ച ആശയ വ്യക്തതയും ദൃഢതയുമുണ്ടായിരുന്ന അതീവ ധീരനായ ധിഷണാശാലി വി.ടി. രാജശേഖർ വിടപറഞ്ഞിരിക്കുന്നു. അംബേദ്കർ ചിന്തകളെ ആഴത്തിൽ പഠനവിധേയമാക്കി തെളിമയാർന്ന വ്യാഖ്യാനങ്ങളിലൂടെ അംബേദ്കർ അനന്തര കാലഘട്ടത്തിൽ ഇന്ത്യയിലെ ദലിത് ബഹുജൻ പ്രസ്ഥാനങ്ങൾക്ക് പ്രത്യയശാസ്ത്രപരമായ സമഗ്രത പകരാൻ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്.
മാർക്സിയൻ ആശയധാര വഴികളിലൂടെയാണ് വി.ടി.ആർ വളർന്നുവരുന്നതും മാധ്യമപ്രവർത്തനത്തിലേക്ക് എത്തിപ്പെടുന്നതും. ഇടതുപക്ഷ പത്രമായ പേട്രിയറ്റിലായിരുന്നു പത്രപ്രവർത്തനത്തിന്റെ തുടക്കം. പിന്നീട് രണ്ട് പതിറ്റാണ്ട് ഇന്ത്യൻ എക്സ്പ്രസിൽ പ്രവർത്തിച്ചു. 1981ൽ ആരംഭിച്ച ദലിത് വോയ്സ് ദ്വൈവാരിക രാജ്യമൊട്ടുക്കുള്ള ദലിതരുടെ ബൗദ്ധിക ഉണർവിനും മർദിത ജനസമൂഹങ്ങളുടെ സാഹോദര്യം കെട്ടിപ്പടുക്കുന്നതിനുമുള്ള ശക്തമായ മാധ്യമമായി മാറി.
ഇന്ത്യൻ ജനാധിപത്യം നേരിടുന്ന ഭീഷണിയെന്തെന്ന് മറ്റാരേക്കാളും നന്നായി തിരിച്ചറിയുകയും അതിനെ ഇല്ലായ്മ ചെയ്യേണ്ടതിന്റെ ആവശ്യകത വിളിച്ചു പറയുകയും ചെയ്തു വി.ടി.ആർ. എന്ന വിപ്ലവകാരി. ഇന്ത്യയുടെ പുരോഗതിക്ക് ഏറ്റവും വലിയ തടസ്സം സൃഷ്ടിക്കുന്നത് അതിനെ താങ്ങിനിർത്തുന്നത് അസമത്വം അനുഭവിക്കുന്നവർക്കിടയിലെ തട്ടുതട്ടായ അസമത്വമാണെന്നും ബ്രാഹ്മണ്യത്തിലധിഷ്ഠിതമായ ദൈവശാസ്ത്രമാണ് അതിന് ലെജിറ്റിമസി നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തൊരിടത്തും മതദർശനങ്ങൾ വംശീയതയെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, കഠിനമായി നിരാകരിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ അതിന് പവിത്രത കൽപ്പിക്കപ്പെടുന്നതാണ് പ്രശ്നമെന്ന് അദ്ദേഹം പറഞ്ഞു.
മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിലൂന്നി ഇന്ത്യൻ സമൂഹത്തിന് സമത്വത്തിലേക്ക് മുന്നേറാനാവില്ലെന്നത് അദ്ദേഹം കാര്യകാരണ സഹിതം വിശദീകരിച്ചു. ഉള്ളവരും ഇല്ലാത്തവരും തമ്മിലെ സാമ്പത്തിക വൈരുധ്യത്തെക്കാൾ തീവ്രവും ശക്തവുമാണ് ഇല്ലാത്ത മേൽജാതിക്കാരും ഇല്ലാത്ത ദലിത് ജാതിക്കാരും തമ്മിൽ നിലനിൽക്കുന്നത് എന്നായിരുന്നു വി.ടി.ആർ തുറന്നു പറഞ്ഞത്. വഴി തെറ്റിപ്പോയ ഒരു തലമുറക്ക് കൃത്യമായ മാർഗനിർദേശനം നൽകി സാഹോദര്യ പിന്നാക്ക രാഷ്ട്രീയത്തിലേക്ക് വഴി കാണിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ പീഡിതരും സഹപീഡിതരും തമ്മിലെ ഐക്യത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ദലിതുകളും മുസ്ലിംകളും ഐക്യപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന മുസ്ലിം വിരുദ്ധതയെ തുറന്നു കാണിക്കുന്നതിലും അദ്ദേഹം ധീരമായ പങ്കുവഹിച്ചു. ഏക സിവിൽ കോഡ്, ശാബാനു കേസ് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിന് പിന്നിൽ സമത്വത്തോടുള്ള താൽപര്യമല്ല, മുസ്ലിം വിരുദ്ധ രാഷ്ട്രീയമാണ് എന്ന് പറഞ്ഞിരുന്ന അദ്ദേഹം ദലിത് വോയിസിന്റെ പത്രാധിപക്കുറിപ്പുകളിൽ ഇക്കാര്യം തുറന്നെഴുതി.
അയ്യങ്കാളിയെ മഹാത്മാ എന്ന് ആദ്യം വിളിച്ചതും വി.ടി.ആർ. ആയിരുന്നു. ഞങ്ങൾ നേതൃത്വം നൽകിയിരുന്ന കേരള ദലിത് പാന്തേഴ്സിന്റെ ചങ്ങനാശ്ശേരിയിൽ നടന്ന പ്രഥമ സംസ്ഥാന സമ്മേളനത്തിൽ വെച്ചായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.