മണ്ഡലം തോറും സൂക്ഷ്മതലത്തിൽ തന്ത്രങ്ങൾ പയറ്റുന്ന ബി.ജെ.പിയെ എങ്ങനെ നേരിടണമെന്നറിയാതെ, ‘ഇൻഡ്യ’യെ നയിക്കുന്ന കോൺഗ്രസ്
ക്ഷേമ പദ്ധതികൾ അവതരിപ്പിച്ച സർക്കാറുകൾക്ക് രണ്ടു സംസ്ഥാനങ്ങൾ ഭരണത്തുടർച്ച നൽകിയതാണ് മഹാരാഷ്ട്രയും ഝാർഖണ്ഡും നൽകുന്ന ആദ്യപാഠം. ദേശീയ രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഈ ഫലങ്ങൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ബി.ജെ.പിക്കെതിരായ പോരാട്ടം ഞൊടിയിടകൊണ്ട് ലക്ഷ്യം നേടുന്ന ഒന്നല്ലെന്നും ബി.ജെ.പിയെയും എൻ.ഡി.എയെയും വെല്ലാൻ കോൺഗ്രസും ‘ഇൻഡ്യ’യുമൊക്കെ ഇനിയുമൊരുപാടു ദൂരം താണ്ടാനുണ്ടെന്നുമാണ് മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പുകളുടെയും ഉപതെരഞ്ഞെടുപ്പുകളുടെയും ഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ബി.ജെ.പിയെ എതിരിടേണ്ടത് എങ്ങനെയെന്ന് കോൺഗ്രസിന് സഖ്യകക്ഷികളിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്ന് ഝാർഖണ്ഡ് മുക്തി മോർച്ചയും കാണിച്ചുതന്നു. ആർ.എസ്.എസിന്റെ കേഡർ ബലത്തിൽ മണ്ഡലം തോറും സൂക്ഷ്മതലത്തിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പയറ്റുന്ന ബി.ജെ.പിയെ രാഷ്ട്രീയമായി എങ്ങനെ നേരിടണമെന്ന് പോലുമറിയാതെ ഇൻഡ്യയെ നയിക്കുന്ന കോൺഗ്രസ് അന്ധാളിച്ചുപോയ കാഴ്ചക്കാണ് നിയമസഭ തെരഞ്ഞെടുപ്പുകൾ സാക്ഷ്യം വഹിച്ചത്.
ആത്മവിശ്വാസത്തോടെ ബി.ജെ.പി ഡൽഹിയിലേക്ക്
എൻ.ഡി.എ സർക്കാറിനും നരേന്ദ്ര മോദിക്കും കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് മഹാരാഷ്ട്ര ഫലം. ഇനി നടക്കാനിരിക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര വിജയം ബി.ജെ.പിക്ക് നൽകുന്ന ഊർജം ചെറുതല്ല. മഹാരാഷ്ട്രയിൽ മോദിയെ ഗുജറാത്തിയായി അവതരിപ്പിച്ചതും അംബാനിക്കും അദാനിക്കുമെതിരെ രാഹുൽ ഗാന്ധി ആക്രമണം നടത്തിയതും ഫലം കണ്ടില്ലെന്ന ആശ്വാസത്തിലാണ് ബി.ജെ.പി.
പ്രതിപക്ഷത്തിന്റെ ‘രേവ്ഡി’ ബി.ജെ.പിക്ക് ക്ഷേമപദ്ധതി
ക്ഷേമപദ്ധതികളെ ‘രേവ്ഡി കൾച്ചർ’(സൗജന്യങ്ങളുടെ സംസ്കാരം) എന്ന് വിമർശിച്ച ബി.ജെ.പി രേവ്ഡിയിലൂടെ പിടിക്കുന്ന രണ്ടാമത്തെ വലിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. തങ്ങൾ രേവ്ഡി (സൗജന്യങ്ങൾ) എന്ന് വിളിക്കുന്ന അതേ പദ്ധതികൾകൊണ്ടാണ് മഹാരാഷ്ട്രയിൽ ബി.ജെ.പി ഭരണവിരുദ്ധ വികാരം മറികടന്നത്. മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാന്റെ സർക്കാർ കടുത്ത ഭരണവിരുദ്ധ വികാരം നേരിട്ടപ്പോൾ അതിനെ മറികടക്കാനുള്ള അവസാന അടവെന്ന നിലയിൽ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെ തുടങ്ങിയതാണ് സ്ത്രീകളുടെയും പെൺകുട്ടികളുടെയും അക്കൗണ്ടിലേക്ക് നേരിട്ട് പണമിട്ടു കൊടുത്ത ‘ലാഡ്ലി ബഹൻ യോജന’. ക്ഷേമപദ്ധതികളെ ‘രേവ്ഡി’ എന്ന് വിളിച്ചു പരിഹസിക്കുന്ന ബി.ജെ.പി മഹാരാഷ്ട്രയിൽ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൊടുക്കുന്ന ‘ലഡ്കി ബഹൻ’ യോജന തുടങ്ങിയപ്പോൾ എങ്ങനെ പ്രതികരിക്കണമെന്ന് പോലുമറിയാത്ത നിസ്സഹായതയിലായി ഇൻഡ്യ.
ബി.ജെ.പി ചേരുവകളെല്ലാം ചേർന്ന മഹാരാഷ്ട്ര വിജയം
ആർ.എസ്.എസ് 60,000 യോഗങ്ങൾ നടത്തിയ സംസ്ഥാനത്ത് 80 ലക്ഷം വീട്ടുകാരെ നേരിൽ ബന്ധപ്പെട്ടുള്ള അടിത്തട്ടിലുള്ള പ്രചാരണം അജിത് പവാറിന്റെ എൻ.സി.പി സ്വന്തം നിലക്ക് നടത്തി. ബി.ജെ.പിയുടെ മുന്നേറ്റത്തിന്റെ ചേരുവകളെല്ലാം ചേർന്ന മഹാരാഷ്ട്ര വൻവിജയത്തിൽ ഹരിയാനയിലേത് പോലെ വോട്ടുയന്ത്രത്തിനെതിരായ പരാതിയുമുയർന്നു. 16 റൗണ്ടുകളിലും ലീഡ് നില നിർത്തിയ ശരദ് പവാറിന്റെ എൻ.സി.പി സ്ഥാനാർഥിയും നടി സ്വര ഭാസ്കറിന്റെ ഭർത്താവുമായ ഫഹദിന്റെ വോട്ടെണ്ണൽ 99 ശതമാനം ബാറ്ററി ചാർജ് കാണിച്ച വോട്ടുയന്ത്രങ്ങൾ തുറന്ന അവസാന മൂന്ന് റൗണ്ടിൽ കുത്തനെ കീഴ്മേൽ മറിഞ്ഞുവെന്നാണ് കമീഷന് മുന്നിലെത്തിയ പരാതി. അവസാന മൂന്ന് റൗണ്ടുകളിലെ അസാധാരണമായ വോട്ടുവ്യത്യാസം ശ്രദ്ധിച്ചപ്പോഴാണ് ഫഹദിന്റെ കൗണ്ടിങ് ഏജന്റുമാർ ആ വോട്ടുയന്ത്രങ്ങളിലെ ബാറ്ററി 99 ശതമാനമാണെന്ന് കണ്ടെത്തിയതെന്ന് സ്വര ഭാസ്കർ പറഞ്ഞു. ഈ മൂന്ന് റൗണ്ടുകളിലെ വോട്ടുയന്ത്രങ്ങളിലെ വോട്ടുകൾ വിവിപാറ്റുമായി ഒത്തുനോക്കാൻ കമീഷന് അപേക്ഷ നൽകിയിരിക്കുകയാണെന്ന് അവർ പറഞ്ഞു.
അജണ്ട ഒരുക്കാതെ ദുർബലമായ ഇൻഡ്യ
ഭരണഘടന മാറ്റുമെന്നും സംവരണം എടുത്തുകളയുമെന്നുമുള്ള പ്രചാരണത്തിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയെ ബലാബലത്തിൽ പിടിച്ചുകെട്ടാൻ കഴിഞ്ഞ ഇൻഡ്യ സഖ്യം നിയമസഭാ തെരഞ്ഞെടുപ്പുകളിൽ അജണ്ട എന്തെന്ന് നിശ്ചയിക്കാൻ കഴിയാതെ ദുർബലമായി. സീറ്റുവിഭജനം പൂർത്തിയാക്കാൻ ഏറെ വൈകി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേവലം 0.6 ശതമാനം മാത്രമായിരുന്നു ഇൻഡ്യ സഖ്യവും എൻ.ഡി.എയും തമ്മിലുള്ള വോട്ടുവ്യത്യാസം. മാസങ്ങൾ കൊണ്ടാണ് ഇത് 16 ശതമാനത്തിലേറെയായത്. രണ്ടുമാസം മുമ്പെങ്കിലും പ്രചാരണത്തിനിറങ്ങാൻ ഇൻഡ്യക്ക് കഴിയേണ്ടതായിരുന്നു.
അസ്തിത്വ ഭീഷണിയിൽ ഇൻഡ്യ സഖ്യ കക്ഷികൾ
ഇൻഡ്യ സഖ്യത്തിന്റെ രാഷ്ട്രീയ ഭാവിക്ക് മുന്നിൽ ചോദ്യചിഹ്നമായി മാറുകയാണ് മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ രൂപം നൽകിയ ഇൻഡ്യ സഖ്യത്തിലെ മുതിർന്ന രണ്ട് നേതാക്കളുടെയും അവരുടെ പാർട്ടികളുടെയും നിലനിൽപാണ് തുലാസിലായത്. അധികാരത്തിന്റെ ബലത്തിൽ ബി.ജെ.പി പിളർത്തിയെടുത്തുണ്ടാക്കിയ എൻ.സി.പിക്കും ശിവസേനക്കും മുന്നിൽ ശരദ് പവാറിന്റെ എൻ.സി.പിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും നിഷ്പ്രഭരായി.
പഠിക്കാതെ കോൺഗ്രസ്
ഓരോ സംസ്ഥാനത്തും നിയമസഭ തെരഞ്ഞെടുപ്പ് വരുമ്പോൾ എത്ര സീറ്റുകൾ ജയിക്കാൻ കഴിയുമെന്നല്ല കോൺഗ്രസ് നോക്കുന്നത്. സഖ്യകക്ഷിളോട് ശണ്ഠകൂടി എത്ര സീറ്റുകൾ കൂടുതലായി മത്സരിക്കാൻ കിട്ടുമെന്നാണ് കോൺഗ്രസിന്റെ ചിന്ത. വോട്ടർമാരിലിറങ്ങുന്നതിനെക്കാൾ അതിനാണ് കോൺഗ്രസ് നേതാക്കൾ സമയവും ഊർജവും ഏറെ ചെലവഴിക്കുന്നത്. എത്രം പണം ചെലവിട്ടാലും പ്രചാരണത്തിനായി നഷ്ടപ്പെട്ടു പോയ സമയം വീണ്ടെടുക്കാനാവില്ലെന്നും എത്ര നേരത്തേയിറങ്ങുന്നോ അത്രയും സമയം കൊണ്ട് ബി.ജെ.പിയുടെ മണി പവറിനെ മറികടക്കാൻ കഴിയുമെന്നും കോൺഗ്രസ് ഇനിയും പഠിച്ചില്ല.
കോൺഗ്രസ് വാശി പിടിച്ച് ചോദിച്ചു വാങ്ങിയ സീറ്റുകളിൽ അതിദയനീയമായ പരാജയമേറ്റുവാങ്ങിയത് ഇൻഡ്യ തോറ്റ മഹാരാഷ്ട്രയിൽ മാത്രമല്ല ഇൻഡ്യ ജയിച്ച ഝാർഖണ്ഡിൽകൂടിയാണ്.
തമ്മിലടിച്ചുണ്ടാക്കുന്ന തോൽവികൾ
ഹരിയാനയിൽ നിന്നേറ്റ കനത്ത തോൽവിയിൽനിന്ന് ഒരു പാഠവും പഠിക്കാതെയാണ് തൊട്ടുടനെ വന്ന നിയമസഭ തെരഞ്ഞെടുപ്പിനെയും കോൺഗ്രസ് നേരിട്ടത്. പാർട്ടി സംസ്ഥാനത്ത് തകർന്നടിയാൻ പോകുന്നതറിയാതെയാണ് ബാലാസാഹിബ് തോറോട്ടും നാനാ പടോളും മഹാരാഷ്ട്രയിൽ സ്വയം മുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ചത്. സീറ്റ് ധാരണയായശേഷവും രമേശ് ചെന്നിത്തലക്ക് മുന്നിൽ മുഖ്യമന്ത്രിപദം അവകാശപ്പെടാൻ മത്സരിക്കുകയായിരുന്നു മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ. നേതാക്കളുടെ തമ്മിലടിയിൽ ഹരിയാനയിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല.
ഊർജമത്രയും പ്രിയങ്കയുടെ ഭൂരിപക്ഷത്തിന്
വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം കൂട്ടാൻ നടത്തിയ പരിശ്രമം രാഹുൽ ഗാന്ധിപോലും മഹാരാഷ്ട്രയിൽ നടത്തിയില്ല. ഝാർഖണ്ഡിൽ ഇത്തവണ ജനങ്ങളെ ആകർഷിച്ച ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ 40 റാലികൾ ഇൻഡ്യ സഖ്യത്തിനായി നടത്തിയപ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ ആകെ നടത്തിയത് എട്ട് റാലികളാണ്.
പ്രിയങ്ക ഗാന്ധി ജയം ഉറപ്പായ വയനാട്ടിൽ അവരെ മുഖം കാണിക്കാൻ തമ്പടിച്ച കോൺഗ്രസിന്റെ ദേശീയ നേതാക്കൾ അത്തരമൊരു പരിഗണന മഹാരാഷ്ട്രക്ക് നൽകിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.