നരഹത്യ നിലക്കാതെ തുടരുകയാണ് കശ്മീരില്‍. ഒറ്റദിവസംകൊണ്ട് (ചൊവ്വാഴ്ച) അഞ്ച് സിവിലിയന്മാര്‍ കൊല്ലപ്പെട്ടിരിക്കുന്നു. 31 പേര്‍ക്ക് മുറിവേറ്റു. എന്നാല്‍, ഈ കടുത്ത യഥാര്‍ഥ്യത്തിനുനേരെ കണ്ണടക്കുന്ന നയം ഉപേക്ഷിക്കാന്‍ ന്യൂഡല്‍ഹിയിലെയും ശ്രീനഗറിലെയും ഭരണകര്‍ത്താക്കള്‍ തയാറല്ല. പാകിസ്താനിലെ ബലൂചിസ്താന്‍ പ്രശ്നം ആവര്‍ത്തിച്ച് ഉന്നയിക്കുന്ന തന്ത്രത്തിലൂടെ കശ്മീര്‍ പ്രതിസന്ധിയില്‍നിന്ന് ജനശ്രദ്ധ അകറ്റാനുള്ള കൗശലം നിര്‍ലജ്ജം പയറ്റുന്ന ഭരണകൂടം പൊതുജനങ്ങളെ ഒന്നടങ്കം വഞ്ചിക്കുന്നു എന്ന് പറയാതെ വയ്യ. ആഴ്ചകള്‍ പിന്നിട്ടശേഷവും അയവില്ലാത്ത പ്രക്ഷുബ്ധാന്തരീക്ഷത്തിന് പരിഹാരം കണ്ടത്തൊനുള്ള ശ്രമങ്ങള്‍ക്കുപകരം നയതന്ത്ര മലക്കം മറിച്ചിലിലൂടെ ബലൂചിസ്താന്‍ പ്രശ്നത്തിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുന്ന ഇന്ത്യയുടെ നയം പാകിസ്താന്‍ പ്രകോപന നടപടിയായേ കാണൂ. അതാകട്ടെ, കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനും നിമിത്തമാകും.
ഉഭയകക്ഷിബന്ധങ്ങളില്‍ സാധാരണനില സ്ഥാപിക്കാന്‍ സമീപകാലത്തായി നടന്ന നയതന്ത്ര നീക്കങ്ങള്‍ വിജയം വരിക്കുകയും കശ്മീരിലെ സമാധാനസ്ഥിതിക്ക് അത് ഗുണകരമായി ഭവിക്കുകയും ചെയ്ത ശുഭലക്ഷണങ്ങള്‍ പ്രതീക്ഷാജനകമായി തുടരുന്നതിനിടെയായിരുന്നു കാലുഷ്യങ്ങളുടെ കടന്നുവരവ്. ബലൂചിസ്താനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരില്‍ വാക്യുദ്ധങ്ങള്‍ നടത്തുന്നത് കശ്മീര്‍ ജനതക്ക് ഏതളവിലാണ് ഉപകരിക്കുക. കശ്മീരികളുടെ ഹൃദയത്തിലും ശരീരത്തിലും ഏറ്റുകൊണ്ടിരിക്കുന്ന മുറിവുകള്‍ ഭേദമാകാന്‍ ഒരുനിലക്കും അത് സഹായകമാകില്ളെന്ന കാര്യം തീര്‍ച്ച. കശ്മീരിലെ ക്രൂരമായ അടിച്ചമര്‍ത്തലുകളെയും കൊലകളെയും ഇത്തരം പഴിചാരലുകളിലൂടെ നമുക്ക് എത്രകാലം മൂടിവെക്കാനാകും? വേദനയാലും അമര്‍ഷത്താലും എരിയുന്ന കശ്മീരിലെ സമാധാനദൗത്യം വിജയിപ്പിക്കേണ്ടതിനുപകരം യാഥാര്‍ഥ്യങ്ങളെ പ്രച്ഛമാക്കുന്ന ലീലകള്‍ തുടരുകയാണ് ഭരണകര്‍ത്താക്കള്‍.
ബി.ജെ.പി–പി.ഡി.പി മുന്നണി
അധികാരത്തിലേറാന്‍ പി.ഡി.പി ബി.ജെ.പിയുമായി എത്തിച്ചേര്‍ന്ന രാഷ്ട്രീയസഖ്യം അവസരവാദപരമെന്ന് വിശ്വസിക്കുന്നവരാണ് കശ്മീരികള്‍. മഹ്ബൂബ മുഫ്തിയുടെ പിതാവ് മുഫ്തി മുഹമ്മദ് സഈദ് സഖ്യനീക്കത്തിന് തുടക്കം കുറിച്ച ഘട്ടത്തില്‍തന്നെ തങ്ങളുടെ എതിര്‍പ്പും രോഷവും തുറന്ന് രേഖപ്പെടുത്തുകയുണ്ടായി. കശ്മീരിനെ ആര്‍.എസ്.എസിനും സമാനമായ വലതുപക്ഷ ചിന്താഗതിക്കാര്‍ക്കും തീറെഴുതിയെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി നിലനില്‍ക്കുന്നു. അന്യസംസ്ഥാനക്കാരായ സംഘ്പരിവാര്‍ പ്രതിനിധികള്‍ തരംനോക്കി കശ്മീരില്‍ ചേക്കേറുമെന്നും സംസ്ഥാനത്തിന്‍െറ പ്രത്യേക പദവി അട്ടിമറിക്കുമെന്നുമുള്ള ആശങ്കകള്‍ക്കും ജനങ്ങള്‍ക്കിടയില്‍ വേരോട്ടമുണ്ട്. ബി.ജെ.പിയുമായി പി.ഡി.പി ഒരിക്കലും രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടേണ്ടിയിരുന്നില്ളെന്ന് വിശ്വസിക്കുന്നവരായ വിദ്യാര്‍ഥികള്‍ മുതല്‍ ഡ്രൈവര്‍മാരെവരെ കണ്ടത്തൊന്‍ എനിക്ക് കഴിയുകയുണ്ടായി. രാഷ്ട്രീയക്കാര്‍ മാത്രമല്ല, അരാഷ്ട്രീയവാദികളും ബി.ജെ.പി-പി.ഡി.പി സഖ്യത്തിനെതിരെ കടുത്ത രോഷം തുടരുകയാണ്.
ഒരു സംസ്ഥാനം ഒന്നടങ്കം എന്തുകൊണ്ട് സമരമുഖത്ത് നിലയുറപ്പിച്ചിരിക്കുന്നു? വലതുപക്ഷ ഭരണരീതികളോട് എന്തുകൊണ്ട് ജനം ഇത്രമാത്രം എതിര്‍പ്പ് ഉയര്‍ത്തുന്നു? തുടങ്ങിയ ചോദ്യങ്ങള്‍ ആഴത്തില്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു. ‘കശ്മീര്‍ ഇന്ത്യയില്‍ ഭദ്രവും സമാധാനപൂര്‍ണവുമായി’ നിലകൊള്ളും എന്ന ധാരണ മുന്‍കാലത്ത് പ്രബലമായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ ഇപ്പോള്‍ ആര്‍ക്കുണ്ട് സുരക്ഷിതത്വം? രാജ്യത്ത് ആരും സുരക്ഷിതരല്ല. പ്രധാനമന്ത്രിയും ഇതര മന്ത്രിമാരും ഒരുപോലെ പ്രകോപനപരമായ വാക്പ്രയോഗങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഏത് തൊടുന്യായവും ഉന്നയിച്ച് മുസ്ലിംകളെയും ദലിതരെയും ജയിലിലടക്കാമെന്നും വകവരുത്താമെന്നും ദിനേന തെളിയിക്കപ്പെട്ടിരിക്കുന്നു. മതന്യൂനപക്ഷങ്ങളെ മൂന്നാംതരം പൗരന്മാരായി ഗണിക്കുന്ന ഭരണവര്‍ഗം ഭീകരതാപ്രശ്നം ഉന്നയിച്ച അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുകയും ഹിന്ദുത്വ ഭീകരതയെ കണ്ടില്ളെന്ന് നടിക്കുകയും ചെയ്യുന്നു. അന്ധമായ വര്‍ഗീയ വിദ്വേഷത്താല്‍ ഉത്തേജിതരായ ജനങ്ങളെ എവിടെയും കാണാം. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഇത്തരക്കാര്‍ സംഘര്‍ഷം വിതക്കുന്നു. ഇവയോരോന്നും കശ്മീര്‍ താഴ്വരയിലും ആഴത്തില്‍ സ്വാധീനമുളവാക്കില്ളെന്ന് കരുതാനാകുമോ?
അഫ്സല്‍ ഗുരുവിനെ അനുസ്മരിക്കാന്‍ ജെ.എന്‍.യുവില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്ന പ്രചാരണം ആസൂത്രിതമായിരുന്നുവെന്ന് തെളിയിക്കപ്പെടുകയുണ്ടായി. മോര്‍ഫ് ചെയ്ത ചിത്രങ്ങളും കൃത്രിമ ശബ്ദവും ചേര്‍ത്ത വിഡിയോകള്‍ക്കുപിന്നില്‍ സംഘ്പരിവാര മസ്തിഷ്കം കുത്സിതമായി പ്രവര്‍ത്തിക്കുകയായിരുന്നു. ജെ.എന്‍.യു എപ്പിസോഡില്‍ കശ്മീരി ചേരുവകള്‍ കലര്‍ത്തി വിഘടനവാദ തീവ്രവാദമുഖം നല്‍കുന്നതിനുള്ള ശ്രമങ്ങളും നിഗൂഢമായി അണിയറകളില്‍ അരങ്ങേറി. അതേസമയം, അഫ്സല്‍ ഗുരു കേസില്‍ ശരിയായ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടില്ളെന്ന മുന്‍ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്‍െറ പ്രസ്താവന ഓര്‍മിക്കുക. പാര്‍ലമെന്‍റ് ആക്രമണഗൂഢാലോചനയില്‍ അഫ്സല്‍ ഗുരുവിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ സംശയം ശേഷിക്കുകയാണെന്നും ചിദംബരം വ്യക്തമാക്കുന്നു. അഫ്സല്‍ ഗുരു കേസിന് വര്‍ഗീയനിറം ചാര്‍ത്താന്‍ വലതുപക്ഷ കക്ഷികള്‍ നടത്തിയ ശ്രമങ്ങളെ കശ്മീരികള്‍ ശക്തമായി വിമര്‍ശിക്കുന്നു എന്ന കാര്യവും ശ്രദ്ധേയമാണ്.
കശ്മീര്‍ പ്രശ്നത്തില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പക്ഷപാതപരമായ നിലപാടുകള്‍, പ്രളയവേളയില്‍ ഹുര്‍റിയത് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ തമസ്കരിക്കുന്ന മാധ്യമതന്ത്രങ്ങള്‍ തുടങ്ങിയവ ഇരട്ടത്താപ്പിന്‍െറ ദൃഷ്ടാന്തങ്ങളായി കശ്മീരികള്‍ ഉന്നയിക്കുമ്പോള്‍ നാം അവര്‍ക്ക് എന്ത് മറുപടി നല്‍കും. സമാധാനപാത സുഗമമാക്കേണ്ടതിനുപകരം പുതിയ വിഘ്നങ്ങള്‍ വലിച്ചിഴക്കുകയാണ് നാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.