ചരിത്രവീഥിയിലെ ശുക്രതാരകം

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍െറ 70ാം പിറന്നാള്‍ ദിനത്തില്‍ ഗുജറാത്തിലെ ഉനയില്‍ പതിനായിരക്കണക്കിന് ദലിതര്‍ ഒത്തുചേര്‍ന്ന് പ്രഖ്യാപിക്കുകയുണ്ടായി, ‘സ്വാതന്ത്ര്യം കാണാനും അനുഭവിക്കാനുമാണ് ഞങ്ങള്‍ ഒത്തുചേര്‍ന്നത്.’ ദേശീയ ദലിത് മുന്നേറ്റ ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട രോഹിത് വെമുലയെന്ന ഗവേഷക വിദ്യാര്‍ഥിയുടെ പ്രിയപ്പെട്ട മാതാവും പോരാട്ടവീഥികളിലെ ദലിത് യുവത്വങ്ങളുടെ പോറ്റമ്മയുമായ രാധിക വെമുല ദേശീയപതാക ഉയര്‍ത്തിയതിന്‍െറ ത്രസിപ്പിക്കുന്ന ദലിത് വിമോചന സ്വപ്നങ്ങളും ആത്മാഭിമാനവും പങ്കുവെക്കുന്ന അവസരത്തിലാണ് നവോത്ഥാന നായകരില്‍ അഗ്രഗണ്യനായ മഹാത്മാ അയ്യങ്കാളിയുടെ 153ാമത് ജന്മദിനം കടന്നുവരുന്നത്. നവോത്ഥാന നായകരായ മഹാത്മാ അയ്യങ്കാളി, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികള്‍, കാവാലികുളം കണ്ണന്‍ കുമാരന്‍, പൊയ്കയില്‍ കുമാര ഗുരുദേവന്‍, പണ്ഡിറ്റ് കെ.പി. കറുപ്പന്‍, ആറാട്ടുപുഴ വേലായുധ പണിക്കര്‍ തുടങ്ങി ചരിത്രത്തില്‍ സ്ഥാനം പിടിച്ചവരും ചരിത്രത്തില്‍ തെളിഞ്ഞുകാണാത്തതുമായ നിരവധി മഹാത്മാക്കളുടെ പോരാട്ടങ്ങളുടെ പരിണിത ഫലമായി ലഭ്യമായ സാമൂഹിക സമത്വത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ വരേണ്യതയുടെ പ്രേതങ്ങള്‍ ആവാഹിച്ച പ്രസ്ഥാനങ്ങളിലൂടെ കടന്നുവരുന്നുവെന്നതാണ് ചത്ത പശുവിന്‍െറ തോലുരിഞ്ഞുവെന്നതിന്‍െറ പേരില്‍ ദലിത് യുവാക്കളെ മര്‍ദിച്ചു മൃതപ്രായരാക്കിയ സംഘ്പരിവാര്‍കാരുടെ പ്രവൃത്തികളില്‍നിന്നും മനസ്സിലാകുന്നത്.

‘നമുക്ക് ജാതിയില്ലായെന്ന് ഗുരുദേവന്‍ പ്രഖ്യാപിച്ചതിന്‍െറ നൂറാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ സമൂഹത്തില്‍ പുതിയ തരത്തിലുള്ള ജാതിവിവേചനങ്ങള്‍ ഒരു മറയുമില്ലാതെ നിര്‍വ്യാജം തുടര്‍ന്നുകൊണ്ടിരിക്കുകയാണല്ളോ? മനുസ്മൃതിയെന്ന വരേണ്യഭരണഘടനാശാസനത്തിനു കീഴില്‍ ഇന്ത്യയിലുടനീളം വിശേഷിച്ച്, കേരളത്തില്‍ രാജഭരണം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് 1863 ആഗസ്റ്റ് 28ന് അയ്യങ്കാളി ജനിച്ചത്. തിരുവനന്തപുരത്തിന് സമീപം വെങ്ങാനൂര്‍ പെരിങ്കാറ്റുവിളയിലെ പ്ളാവിളത്തറവാട്ടില്‍ അയ്യന്‍െറയും മാലയുടെയും മകനായി അയ്യങ്കാളി ജനിച്ചു. വേദം കേള്‍ക്കുന്ന അബ്രാഹ്മണന്‍െറ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന് ഉദ്ഘോഷിക്കുന്ന മനുസ്മൃതിയുടെ ശാസനകള്‍ വാണരുളുന്ന വേളയില്‍ ‘വിദ്യ’യെക്കുറിച്ച് ചിന്തിക്കാന്‍പോലും അക്കാലത്ത് ഈഴവാദി -പിന്നാക്ക ജനവിഭാഗത്തിനു അനുവാദമില്ലായിരുന്നു. നിരക്ഷരനെങ്കിലും കര്‍മകുശലതയോടെ സാമൂഹിക പ്രശ്നങ്ങളെ നോക്കിക്കാണുവാന്‍ മഹാത്മാ അയ്യങ്കാളിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.

സാമൂഹിക ജീര്‍ണതകളുടെ മാറാപ്പുകള്‍ പേറേണ്ടി വന്ന ഒരു ജനതയെ മനുഷ്യരാക്കി മാറ്റാന്‍ മഹാത്മാ അയ്യങ്കാളി തന്‍െറ കര്‍മമണ്ഡലത്തില്‍ അശ്രാന്ത പരിശ്രമങ്ങള്‍ നടത്തി. വിദ്യകൊണ്ട് മാത്രമേ ഒരു ജനതക്ക് സമൂല  മാറ്റം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്ന തിരിച്ചറിവില്‍നിന്നാണ് തന്‍െറ വിഭാഗത്തില്‍ (സാധുജനങ്ങള്‍ക്ക്) പെട്ടവര്‍ക്ക് വിദ്യ നിഷേധിച്ചാല്‍ കാണായ പാടങ്ങളെല്ലാം തരിശിടുമെന്ന തന്‍െറ ഉഗ്ര പ്രതിജ്ഞയും 1907ലെ കാര്‍ഷിക പണിമുടക്കവും ഉടലെടുത്തത്. അധികാര ശ്രേണിയിലത്തെപ്പെടണമെങ്കില്‍ ഭൂമിയുടെ രാഷ്ട്രീയവും അധികാരവുമുണ്ടാകണമെന്ന് ചരിത്രത്തില്‍ ആദ്യമായി തിരിച്ചറിഞ്ഞതും മഹാത്മാ അയ്യങ്കാളിയാണ്. സാധുജനങ്ങള്‍ക്ക് സ്വന്തമായി അഞ്ച് ഏക്കറില്‍ കുറയാതെ പുതുവല്‍ ഭൂമി (സര്‍ക്കാര്‍ ഭൂമി) പതിച്ചുനല്‍കണമെന്ന് മഹാത്മാ അയ്യങ്കാളി ശ്രീമൂലം  പ്രജാസഭയില്‍ 1912ല്‍ ആവശ്യപ്പെട്ടു. എന്നാല്‍,  ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പാവപ്പെട്ട ദലിത് ജനവിഭാഗത്തിന് ‘കുടികിടപ്പുകള്‍’ മാത്രം നല്‍കി. കൃഷിഭൂമി അവര്‍ക്ക് അന്യമാക്കി അവരെ വെറും കുടികിടപ്പുകാരാക്കി കോളനികളില്‍ സ്ഥിരപ്പെടുത്തി അവന്‍െറ സാമൂഹിക വികസനത്തെ തകിടംമറിക്കുകയാണ് ചെയ്തത്.

അടിമത്തത്തിന്‍െറ അടയാളപ്പെടുത്തലുകളായി അധ$കൃത സ്ത്രീകള്‍ കഴുത്തില്‍ അണിഞ്ഞിരുന്ന കല്ലുമാലയെന്ന ചുവന്ന കണ്ണാടിച്ചില്ലുകള്‍ കൊണ്ടുള്ള ആഭരണം 1914ല്‍ പൊട്ടിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ പെരിനാട് നടന്ന വിപ്ളവത്തെ പെരിനാട് ലഹള എന്നാണ് വിശേഷിപ്പിക്കുന്നത്. കണ്ടാല്‍തന്നെ കീഴ്ജാതിക്കാരെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന കല്ലുമാലകള്‍ ഉപേക്ഷിച്ച സ്ത്രീകളെ അത് വീണ്ടും ധരിക്കാന്‍ നിര്‍ബന്ധിച്ച നായര്‍ പ്രമാണിമാരുടെ സമ്മര്‍ദങ്ങളെ അതിജീവിച്ച ആ വിപ്ളവം നടന്നു ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും വരേണ്യതയുടെ ചരടുകള്‍ സ്വന്തം കൈകളില്‍ കെട്ടി മനുസ്മൃതിയുടെ ശാസനകള്‍ തിരികെ കൊണ്ടുവരാന്‍ ചരിത്രബോധമില്ലാത്ത ദലിത് നേതൃത്വങ്ങള്‍ സംഘ്പരിവാര്‍ ശക്തികളുടെ കൂട്ടിക്കൊടുപ്പുകാരായി നടക്കുന്ന വിചിത്രമായ കാഴ്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിന ആഘോഷങ്ങളില്‍ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.

ദലിതര്‍ക്ക് സര്‍ക്കാര്‍ സര്‍വിസുകളില്‍ ജോലിസംവരണം, പ്രത്യേക കോടതി, വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനത്തിന് ആവശ്യമായ പശ്ചാത്തലം ഒരുക്കല്‍, സര്‍വോപരി തൊഴിലാളികള്‍ ആഴ്ചയില്‍ ഒരുദിവസം (ഞായറാഴ്ച) ശമ്പളത്തോടുകൂടി അവധി എന്നിവ നേടിയെടുക്കുന്നതിന് ട്രേഡ് യൂനിയനുകള്‍ രൂപംകൊള്ളുന്നതിനു പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ മഹാത്മ അയ്യങ്കാളി പ്രജാസഭയില്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുകയുണ്ടായി. ജനസംഖ്യാനുപാതികമായി പ്രജാസഭയില്‍ ദലിതര്‍ക്ക് അംഗത്വം നല്‍കണമെന്ന് മഹാത്മാ അയ്യങ്കാളി ആവശ്യപ്പെട്ടു. ഡോ. ബി.ആര്‍. അംബേദ്കര്‍ കമ്യൂണല്‍ അവാര്‍ഡ് പൂനാപാക്ടിലൂടെ ആവശ്യപ്പെട്ടതുപോലെ തിരുവിതാംകൂറില്‍ അയ്യങ്കാളിയുടെ നിവേദനവും വേണ്ടതരത്തില്‍ പരിഗണിക്കപ്പെട്ടില്ല.
വൈക്കം സത്യഗ്രഹവേളയില്‍ മഹാത്മാഗാന്ധി അയ്യങ്കാളിയോട് ചോദിച്ചു: മിസ്റ്റര്‍ അയ്യങ്കാളി താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമെന്താണ്? തന്‍െറ വിഭാഗത്തില്‍പെട്ട 10 ബി.എക്കാരെ കാണണമെന്നാണ് തന്‍െറ ആഗ്രഹമെന്ന് അയ്യങ്കാളി മറുപടി പറഞ്ഞു. മറിച്ച്, ക്ഷേത്രപ്രവേശമല്ല, തനിക്കും തന്‍െറ വിഭാഗത്തിനും അനിവാര്യമായിട്ടുള്ളത് എന്നാണ് അദ്ദേഹം പറഞ്ഞതിന്‍െറ അര്‍ഥം. മഹാത്മാ അയ്യങ്കാളി തന്‍െറ പോരാട്ടത്തിലെ വിവിധ മേഖലകളില്‍ വിശേഷിച്ചും അധികാരസ്ഥാനം ഉപയോഗിച്ചുകൊണ്ടു ശ്രീമൂലം പ്രജാസഭയില്‍ ഉന്നയിച്ച ദലിതരുടെ മോചന വിഷയങ്ങള്‍ ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ജനകീയ സര്‍ക്കാറുകള്‍ക്കുപോലും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ലായെന്നത് ഭരണകൂടങ്ങളുടെ വരേണ്യ താല്‍പര്യങ്ങളെയാണ് കാട്ടിത്തരുന്നത്.

ദലിതന്‍െറ മുഖ്യമായ ഭൂരാഹിത്യത്തെ വെറും കുടികിടപ്പും കോളനിയുമായി ചുരുക്കിക്കാണുന്ന ഭരണവര്‍ഗങ്ങള്‍ മാറിവന്ന സാമൂഹിക സാഹചര്യത്തില്‍ സ്വകാര്യമേഖലയില്‍ സംവരണമടക്കമുള്ള വിഷയങ്ങളെ കണ്ടില്ലായെന്നു നടിക്കുന്ന ഭരണാധികാരികള്‍, ഒരേ വേദനകള്‍ അനുഭവിക്കുന്ന ദലിത് മതന്യൂനപക്ഷ വിഭാഗങ്ങളെ വരേണ്യതാല്‍പര്യങ്ങളുടെ പേരില്‍ തമ്മിലടിപ്പിക്കുന്ന സംഘ്പരിവാര്‍ ശക്തികളും കാലികമായി ദലിത് മോചനത്തിന് തടസ്സമായി നില്‍ക്കുകയാണ്. ഈ ഒരു ദശാസന്ധിയിലാണ് ഉന്നത അക്കാദമിക് തലങ്ങളില അംബേദ്കര്‍ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് എ.എസ്.എ പോലുള്ള ബൗദ്ധിക വിദ്യാര്‍ഥി സംഘടനകള്‍ ദേശവ്യാപകമായി ദലിത് മോചനത്തിനായി ആശയപ്രചാരണങ്ങളും പ്രത്യക്ഷ പ്രക്ഷോഭങ്ങളും നടത്തിവരുന്നത്. മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനത്തില്‍ ഇത്തരം ചിന്തകളെ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയുമാണ് ദലിത് മത ന്യൂനപക്ഷ വിഭാഗങ്ങള്‍ ചെയ്യേണ്ട കടമ.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.