എലിപ്പത്തായത്തില്‍ ഒരു പ്രസ്ഥാനം

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ  ദലിത് ഗവേഷക വിദ്യാര്‍ഥിയായ രോഹിത് വെമുല ജാതി വെറിക്കിരയായി ആത്മഹത്യ ചെയ്ത സംഭവം ഇന്ത്യയിലെ ജാതിവെറിയന്മാരുടെ തനിനിറം ഒരിക്കല്‍ക്കൂടി പൊതുസമൂഹത്തിന്‍െറ ദൃഷ്ടിപഥത്തില്‍ എത്തിച്ചിരിക്കുന്നു.   ജാതിക്കോമരങ്ങള്‍ക്ക് ദലിത്-പിന്നാക്ക വിഭാഗങ്ങളോടുള്ള അസഹിഷ്ണുത നിലനില്‍ക്കുന്നിടത്തോളംകാലം ഹിന്ദു ഐക്യം എന്ന മുദ്രാവാക്യത്തിന്  ഇന്ത്യയില്‍ എന്ത്  പ്രസക്തിയാണുള്ളത്  എന്ന ചോദ്യമാണ് ഹൈദരാബാദ് സംഭവം ഉയര്‍ത്തുന്നത്.  ഹൈദരാബാദിലെ ആത്മഹത്യ കേവലം ഒരു രാഷ്ട്രീയപ്രശ്നത്തിനപ്പുറം കേരള സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം എത്രമാത്രമുണ്ടെന്നും  ഈ അവസരത്തില്‍ ചിന്തിക്കേണ്ടതാണ്. കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങളുടെ അമരക്കാര്‍ പോലും ഹൈദരാബാദ് സംഭവത്തോട്  പുലര്‍ത്തുന്ന നിസ്സംഗത അമ്പരപ്പുളവാക്കുന്നതാണ്.

കേരളത്തിലെ നവോത്ഥാനമുന്നേറ്റങ്ങള്‍ക്ക് എക്കാലവും വഴികാട്ടിയായ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ ഈ വിഷയത്തിലുള്ള നിലപാട് ശ്രീനാരായണീയ സമൂഹത്തെ ഏറെ ദു$ഖിപ്പിക്കുന്നു. ചിലവിഷയങ്ങളില്‍ മുമ്പേ നടക്കാനായില്ളെങ്കിലും അത്തരം പുരോഗമനമുന്നേറ്റങ്ങള്‍ക്ക് താങ്ങും തണലുമായിനിന്ന മുന്‍ യോഗ നേതാക്കളുടെ ഒൗന്നത്യവും ധൈഷണിക സത്യസന്ധതയും  നിലപാടുതറകളിലുള്ള വിട്ടുവീഴ്ചയില്ലായ്മയും ഈ സാഹചര്യത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

1980കളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബ്രാഹ്മണര്‍ക്ക് മാത്രമായി നടത്തുന്ന നമസ്കാരസദ്യയില്‍ സ്വാമി ആനന്ദതീര്‍ഥന്‍ എന്ന സന്യാസി ഒരു ഷാളും പുതച്ചുകൊണ്ട് കടന്നിരുന്നു.  ദേവസ്വം ഗാര്‍ഡ് തന്‍െറ കൈയിലിരുന്ന വടികൊണ്ട്  ഷാള്‍ മാറ്റിനോക്കി.  പൂണൂല്‍ ഇല്ലാത്തവന്‍ നമസ്കാരസദ്യയില്‍ ബ്രാഹ്മണരോടൊപ്പം കയറി ഇരുന്നത് ദേവസ്വം ഗാര്‍ഡിനെ  ചൊടിപ്പിച്ചു.  ശ്രീനാരായണ ഗുരുവില്‍നിന്ന് നന്നേ ചെറുപ്പത്തില്‍ സന്യാസ ദീക്ഷ സ്വീകരിച്ച് പൂണൂല്‍ പൊട്ടിച്ചെറിഞ്ഞ ഗൗഡസാരസ്വത ബ്രാഹ്മണനായിരുന്നു സ്വാമി ആനന്ദതീര്‍ഥന്‍ എന്നതും ഇവിടെ പ്രസക്തമാണ്. ക്രുദ്ധനായ ഗാര്‍ഡ് സ്വാമി ആനന്ദതീര്‍ഥനെ സദ്യാലയത്തില്‍നിന്ന് വലിച്ചിഴച്ച്, മര്‍ദിച്ച് പുറത്താക്കി. സംഭവം കേരളത്തിന്‍െറ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചക്ക് വഴിമരുന്നിട്ടു. എസ്.എന്‍.ഡി.പി യോഗത്തിന്‍െറ കൗണ്‍സിലും ബോര്‍ഡും ഗാര്‍ഡിന്‍െറ നടപടിയെ അപലപിച്ചു.  ഗുരുവായൂര്‍ ക്ഷേത്രത്തില്‍  ബ്രാഹ്മണര്‍ക്ക് മാത്രമായി നടത്തുന്ന നമസ്കാരസദ്യയെന്ന പോയകാലത്തെ മാമൂല്‍ നിര്‍ത്തലാക്കണമെന്ന് വിവിധ സമുദായസംഘടനകള്‍ ഒറ്റസ്വരത്തില്‍ ആവശ്യമുന്നയിച്ചു. 

പക്ഷേ, ഗുരുവായൂര്‍ ഭരണസമിതി വഴങ്ങിയില്ല.  തുടര്‍ന്ന് കല്ലറ സുകുമാരന്‍ എന്ന പട്ടികജാതി സമൂഹത്തിന്‍െറ കരുത്തനായ നേതാവ് പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് ഗുരുവായൂരിലേക്ക് തന്‍െറ അനുയായികളുമായി പദയാത്ര നടത്തി. നമസ്കാരസദ്യയില്‍ വിലക്ക് ലംഘിച്ച് താനും അനുയായികളും പങ്കെടുക്കുമെന്ന്  പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പദയാത്ര.  കല്ലറ സുകുമാരന്‍െറ പദയാത്ര വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു. എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലില്‍ വിഷയം ചര്‍ച്ചക്ക് വന്ന സമയം അന്നത്തെ യോഗം പ്രസിഡന്‍റ് എം.കെ. രാഘവന്‍ വക്കീല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നുണ്ട്.  ‘ഈ ജാഥ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ നേതൃത്വത്തില്‍ നമ്മള്‍ നടത്തേണ്ടതായിരുന്നു.  അവര്‍ ഏറ്റെടുത്ത സ്ഥിതിക്ക്  അവര്‍ക്ക് എല്ലാ പിന്തുണയും നമുക്ക് കൊടുക്കാം’.  പദയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലുള്ള എസ്.എന്‍.ഡി.പി ശാഖകള്‍ പദയാത്രക്കുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്ന് കാണിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി കെ. ഗോപിനാഥന്‍ സര്‍ക്കുലര്‍ അയച്ചു.

കല്ലറ സുകുമാരന്‍െറ ജാഥ ഗുരുവായൂരിലത്തെുമ്പോഴേക്കും ഒരു സംഘര്‍ഷാവസ്ഥതന്നെ സംജാതമായി.  ക്ഷേത്രാചാരങ്ങളുടെ ഭാഗമാണ് നമസ്കാരസദ്യയെന്നും  അതില്‍ പങ്കെടുക്കാന്‍ കല്ലറ സുകുമാരനെയും  കൂട്ടരെയും അനുവദിക്കില്ളെന്നും പ്രഖ്യാപിച്ചുകൊണ്ട് ആര്‍.എസ്.എസിന്‍െറ നേതൃത്വത്തില്‍ ഒരു വലിയസംഘം ആളുകള്‍ ക്ഷേത്രസംരക്ഷണം സ്വയം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് പ്രതിരോധത്തിന് ഇറങ്ങിപ്പുറപ്പെട്ടു. ഗുരുവായൂരപ്പന്‍െറ വലിയ ഭക്തനായിരുന്ന അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍െറ നയപരമായ ഇടപെടലില്‍ സംഘര്‍ഷമൊഴിവാക്കി. അദ്ദേഹവും കല്ലറ സുകുമാരനും അനുയായികളും ഒരുമിച്ചിരുന്ന് സദ്യ ഉണ്ട് പിരിഞ്ഞു.  പില്‍ക്കാലത്ത് പ്രത്യേകമായ നമസ്കാരസദ്യയെന്ന ഏര്‍പ്പാട് അവസാനിപ്പിക്കുകയും ചെയ്തു എന്നാണറിയുന്നത്.

മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് ഒരു സാമൂഹികവിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം സ്വീകരിച്ച നിലപാടുകള്‍ അനുസ്മരിക്കാന്‍വേണ്ടിയാണ് ഈ സംഭവം ഓര്‍ത്തെടുത്തത്. ഇത്തരം നിലപാടുതറകളില്‍ ഉറച്ചുനിന്നുകൊണ്ട് മര്‍ദിത-ജാതി ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയുള്ള സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തും അത്തരം സമരങ്ങളെ പ്രചോദിപ്പിച്ചുമാണ് എസ്.എന്‍.ഡി.പി യോഗം ചരിത്രവഴികളില്‍ അതിന്‍െറ പ്രസക്തി അടയാളപ്പെടുത്തിയിട്ടുള്ളത്.
ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അധികാരികളുടെ തലതിരിഞ്ഞ മനോഭാവങ്ങളാണ് ദലിത് വിദ്യാര്‍ഥികളെ  പുറത്താക്കുന്നതിലേക്ക് വഴിതെളിച്ച സംഭവങ്ങള്‍ക്ക് ഇടയാക്കിയത് എന്ന സംഗതി ഇതിനകം വെളിപ്പെട്ടുകഴിഞ്ഞിരിക്കുന്നു.  

ദേശീയമാധ്യമങ്ങളും വിദ്യാര്‍ഥിസമൂഹങ്ങളും  സാംസ്കാരികനായകരും  എല്ലാം ദലിത് വിഭാഗങ്ങളോട് അധികാര കേന്ദ്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മനോഭാവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് മുന്നോട്ടുവന്നിട്ടും  എസ്.എന്‍.ഡി.പി യോഗം മൗനത്തിന്‍െറ വല്മീകത്തില്‍ അഭയംതേടുന്നത്  ആപ്രസ്ഥാനത്തിന്‍െറ ഇത$പര്യന്തമുള്ള നിലപാടുകളുടെ നിഷേധമായിരിക്കും -ചരിത്രം ‘അപമാനകരമായ നിലപാട്’  എന്ന് അതിനെ അടയാളപ്പെടുത്തും.
പുലയ യുവാക്കളോടൊപ്പം പന്തിഭോജനം നടത്തിയ സഹോദരന്‍             അയ്യപ്പന്‍ നയിച്ച പ്രസ്ഥാനത്തിന്‍െറ തലപ്പത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലില്‍പോലും ഒരു വരി പ്രമേയം ആ സമര്‍ഥനായ പട്ടികജാതി വിദ്യാര്‍ഥിക്കുവേണ്ടി പാസാക്കാന്‍ മിനക്കെടാത്തത് എസ്.എന്‍.ഡി.പി യോഗം  എവിടെ എത്തിനില്‍ക്കുന്നു എന്നതിന്‍െറ അടയാളമാണ്.

മര്‍ദിത-ജാതിജന വിഭാഗങ്ങളുടെ അവകാശപ്പോരാട്ടം എസ്.എന്‍.ഡി.പി യോഗത്തിന്‍െറ എക്കാലത്തെയും അജണ്ട ആയിരുന്നു എന്ന് വെള്ളാപ്പള്ളിയെ ഓര്‍മപ്പെടുത്തുന്നു. ആ അജണ്ടകളോട് നീതിപുലര്‍ത്താന്‍ കഴിയാത്ത രാഷ്ട്രീയ ബാന്ധവങ്ങള്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍െറ പ്രസക്തിതന്നെ ഇല്ലാതാക്കും.  തന്‍െറയും മകന്‍െറയും സ്ഥാനലബ്ധിക്കും കച്ചവടതാല്‍പര്യങ്ങള്‍ക്കും വേണ്ടി വെള്ളാപ്പള്ളി ശ്രീനാരായണ പ്രസ്ഥാനത്തെ എലിപ്പത്തായത്തില്‍പെടുത്തിയിരിക്കുന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.