എക്കാലത്തെയും മികച്ച സ്പീക്കര്‍

ബല്‍റാം ഝാക്കര്‍ വിടവാങ്ങുമ്പോള്‍ ഓര്‍മകളില്‍ പഴയകാലം നിറയുന്നു. എനിക്ക് പലതായിരുന്നു ബല്‍റാം ഝാക്കര്‍. ഞാന്‍ കണ്ട ഏറ്റവും മികച്ച സ്പീക്കര്‍, പാര്‍ലമെന്‍േററിയന്‍, മനുഷ്യസ്നേഹി, കരുതലും സ്നേഹവും തന്ന ജ്യേഷ്ഠന്‍...ഇതെനിക്ക് വ്യക്തിപരമായ നഷ്ടമാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റായിരുന്ന വേളയില്‍ ഡല്‍ഹിയില്‍ തങ്ങുന്ന സാഹചര്യം ഏറെയായിരുന്നു. അക്കാലത്ത് അടുത്തുനിന്ന് അറിയാന്‍ കഴിഞ്ഞു, അദ്ദേഹത്തിലെ സംഘടനാപാടവവും മറ്റും. ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വിശ്വസ്തനായിരുന്ന ഝാക്കര്‍ എന്‍െറ വ്യക്തിജീവിതത്തിന്‍െറ ഭാഗമായി മാറുന്നത് എട്ടാം ലോക്സഭയില്‍ കന്നിമെംബറായി കണ്ണൂര്‍ ജില്ലയില്‍നിന്ന് എത്തിയപ്പോഴാണ്. ആ സര്‍ക്കാറിന്‍െറ പ്രത്യേകത ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നു എന്നതാണ്. അന്ന്, സ്പീക്കറാണ് അദ്ദേഹം. ബോഫോഴ്സ് ആയുധ ഇടപാടിനെ ചൊല്ലി പാര്‍ലമെന്‍റ് പ്രക്ഷുബ്ധമാവുന്ന കാലം, തന്മയത്വത്തോടെ അത് കൈകാര്യം ചെയ്യുന്നതില്‍ കാണിച്ച പാടവം അനുകരണീയമായിരുന്നു. സഭയില്‍ എണ്ണത്തില്‍ ശുഷ്കമെങ്കിലും ശക്തരായ പ്രതിപക്ഷ അംഗങ്ങളാണുണ്ടായിരുന്നത്.

ഇന്ദ്രജിത്ത് ഗുപ്ത, ജോര്‍ജ് ഫെര്‍ണാണ്ടസ്, കെ.പി. ഉണ്ണികൃഷ്ണന്‍, കിഷോര്‍ ചന്ദ്രദേവ് എന്നിങ്ങനെ  മികച്ച പാര്‍ലമെന്‍േററിയന്മാര്‍ ഉണ്ടായിരുന്നു. ഈ പ്രതിപക്ഷത്തെ പ്രതിരോധിക്കാന്‍ എളുപ്പമായിരുന്നില്ല. ഇന്ദ്രജിത്ത് ഗുപ്തയെ പോലുള്ളവരോട് ഇടപെടുമ്പോള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.  പ്രകോപിതനാവാറില്ല. പറയേണ്ടത് കൃത്യമായി പറയും. ഓര്‍മശക്തി, അറിവ് എല്ലാം അപാരമായിരുന്നു. എന്നാല്‍, ഈ സഭയെ അനായാസമായി തന്‍െറ വരുതിയില്‍ നിര്‍ത്താന്‍ ഝാക്കര്‍ക്ക് കഴിഞ്ഞു. പഞ്ചാബികളുടെ സ്വത$സിദ്ധമായ ശൈലി അദ്ദേഹത്തിനുണ്ടായിരുന്നു. ആറടിയിലേറെ പൊക്കമുള്ള അദ്ദേഹം സഭയെ തന്‍െറ അംഗചലനങ്ങള്‍കൊണ്ടുതന്നെ നിയന്ത്രിച്ചിരുന്നു. എന്നെപ്പോലുള്ള ജൂനിയര്‍ മെംബര്‍മാര്‍ക്ക് അക്കാലത്ത് പാര്‍ലമെന്‍റില്‍ അവസരം ലഭിക്കുമായിരുന്നില്ല. എന്നാല്‍, യുവപ്രതിനിധികള്‍ക്ക് ഏറെ പറയാനുണ്ടെന്ന് പറഞ്ഞ് അവസരം നല്‍കുമായിരുന്നു ഝാക്കര്‍.

കേരളത്തില്‍നിന്ന് ഞാനും സുരേഷ് കുറുപ്പുമൊക്കെയാണ് ചെറുപ്പക്കാരായിട്ടുണ്ടായിരുന്നത്. ഒരുഘട്ടത്തില്‍ പ്രക്ഷുബ്ധമായ ലോക്സഭയില്‍നിന്ന് ഒരു അംഗത്തെ പുറത്താക്കുമ്പോള്‍ സഭയൊന്നടങ്കം സ്തംഭിച്ചു. സ്പീക്കര്‍ എന്നനിലയില്‍ അന്താരാഷ്ട്രവേദികളില്‍ ഏറെ തിളങ്ങിനിന്ന വ്യക്തിത്വമായിരുന്നു. 91ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൃഷിമന്ത്രിയായിരുന്നു ഝാക്കര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കെ. കരുണാകരന്‍ നിറഞ്ഞുനിന്ന കാലഘട്ടം. എം.പിയായിരുന്നു ഞാന്‍. സ്വപ്നത്തില്‍ പോലും കേന്ദ്രമന്ത്രിപദം പ്രതീക്ഷിച്ചിരുന്നില്ല. അക്കാലത്ത് കരുണാകരന്‍െറ അപ്രീതിക്ക് ഞാന്‍ ഇരയായിരുന്നു. എന്നാല്‍, രാത്രി ഉറങ്ങിക്കിടന്നപ്പോഴാണ് എനിക്ക് ഫോണ്‍ വരുന്നത്, കൃഷി സഹമന്ത്രിയായി സ്ഥാനമേല്‍ക്കണമെന്ന്. ശരിക്കും ഞെട്ടിപ്പോയ സന്ദര്‍ഭം. ബല്‍റാം ഝാക്കറെന്ന പ്രതിഭയുടെ കൂടെ രണ്ടുവര്‍ഷത്തോളം മന്ത്രിയായി പ്രവര്‍ത്തിച്ചു. എക്കാലത്തെയും മികച്ച പരിശീലനമാണ്  ഇക്കാലയളവില്‍ എനിക്ക് ലഭിച്ചത്. ഝാക്കര്‍ സഞ്ചാരപ്രിയനായിരുന്നു. ഞാനാണെങ്കില്‍ ഓഫിസില്‍തന്നെ കാണും. എല്ലാ ഫയലുകളും എന്‍െറ മുന്നിലൂടെയാണ് അദ്ദേഹം കൈകാര്യംചെയ്തിരുന്നത്. അത്രയേറെ വിശ്വാസമായിരുന്നു. അന്നെനിക്ക് മലയാളിയായ കെ.എസ്. മണിയെ പ്രൈവറ്റ് സെക്രട്ടറിയായി കിട്ടി. മിടുക്കനായിരുന്നു. രാത്രിയുടെ അവസാനം വരെ ജോലിചെയ്ത് എല്ലാ ഫയലുകളും തീര്‍ത്ത് മണി എന്നെ സഹായിച്ചു. ഉന്തരേന്ത്യയിലെ കാര്‍ഷിക രീതിയോടും മറ്റുമായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. അതുകൊണ്ട്, ഹോര്‍ട്ടികള്‍ചര്‍, മത്സ്യമേഖലയുള്‍പ്പെടെ എന്നോട് കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെടുക പതിവാണ്. ആ വേളയിലാണ് കൃഷിവിജ്ഞാന്‍ കേന്ദ്രയെന്ന ആശയം ജനിച്ചത്. കേരളത്തിലെ എല്ലാ ജില്ലകളിലും കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറുത്തുപറയാതെ അനുവദിച്ചു. അതേപോലെ ഇത്രയേറെ ഹാര്‍ബറുകള്‍ നിലവില്‍വന്നത് ആ സമയത്താണ്. അന്ന് നാളികേര മേഖലയില്‍ വലിയ വിലയിടിവ് ഉണ്ടായപ്പോള്‍ നാഫെഡിനെക്കൊണ്ട് കൊപ്ര സംഭരണം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ആകസ്മികമായാണ് അന്നെനിക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. ഞാന്‍ പോലും അറിയാതെയെന്നുവേണം പറയാന്‍. മന്ത്രിയെന്ന നിലയില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണത്. ഇതില്‍ ഝാക്കര്‍ വലിയ വേദന പ്രകടിപ്പിച്ചിരുന്നു. നരസിംഹ റാവുവിനോട് എന്തിനാണ് മാറ്റിയതെന്ന് കാരണം അറിയണമെന്നും മറ്റും വളരെ ക്ഷോഭത്തോടെ തിരക്കി (കരുണാകരന്‍െറ അതൃപ്തിയായിരുന്നു കാരണം, പിന്നീട് കരുണാകരന്‍തന്നെ താനാണ് മാറ്റിയതെന്ന് പറഞ്ഞിരുന്നു). ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഝാക്കര്‍ പറഞ്ഞ മറുപടി വലിയ അംഗീകാരമായിരുന്നു: ‘കുത്തബ് മിനാറിന്‍െറ മുകളില്‍ കയറിനിന്ന് ഞാന്‍ പറയും, എന്‍െറ ജൂനിയര്‍ മിനിസ്റ്റര്‍ മിടുക്കനും കഴിവുള്ളവനുമായിരുന്നു.’ ഈ വാക്കുകള്‍ ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത ഗൃഹാതുരത. നൂറുകണക്കിന് ഏക്കര്‍ കൃഷിഭൂമിയുടെ ഉടമസ്ഥനായിരുന്നു. നാട്ടിലത്തെിയാല്‍ കര്‍ഷകനെപ്പോലെ ഒരു മണിക്കൂറെങ്കിലും ട്രാക്ടര്‍ ഓടിക്കും. ഒടുവില്‍ സര്‍ക്കാര്‍ നല്‍കിയ സൗത് അവന്യൂവിലെ വസതിയിലേക്ക് എന്നെ ക്ഷണിക്കുമായിരുന്നു. എല്ലാ കാര്യങ്ങളും തിരക്കും. വലിയ മനുഷ്യസ്നേഹി, തോളില്‍ കൈയിട്ട് നടക്കാന്‍ മടിയില്ലാത്ത ആള്‍, കര്‍ഷകരുടെ പ്രശ്നങ്ങള്‍ തൊട്ടറിഞ്ഞ നേതാവ് -ഇതൊക്കെയായിരുന്നു ഝാക്കര്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍തന്നെ പകരംവെക്കാനില്ലാത്ത അസുലഭ വ്യക്തിത്വങ്ങളില്‍ ഒരാള്‍.
തയാറാക്കിയത്: അനൂപ് അനന്തന്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.