ഒമ്പതാം ഗ്രഹത്തിന്‍െറ സാധ്യതകള്‍

സൗരയൂഥത്തില്‍ ഒരു പുതിയ ഗ്രഹത്തിന്‍െറ സാധ്യതയെക്കുറിച്ച ശാസ്ത്രലോകത്തിന്‍െറ ചര്‍ച്ച സജീവമായിക്കൊണ്ടിരിക്കുകയാണ്. പ്ളൂട്ടോക്കപ്പുറത്ത് ഒമ്പതാമതൊരു ഗ്രഹത്തെ ശാസ്ത്രജ്ഞര്‍ ‘തിരിച്ചറിഞ്ഞിരി’ക്കുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. സൗരയൂഥത്തില്‍ ഇനിയും അജ്ഞാത കോണുകളില്‍ ഗ്രഹസമാന വസ്തുക്കള്‍ സൂര്യനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന നിഗമനങ്ങളെ പുതിയ കണ്ടത്തെലുകള്‍ ശരിവെക്കുകയാണ്. അങ്ങനെയെങ്കില്‍ സൗരയൂഥത്തില്‍ ഇനിയും പുതിയ ഗ്രഹങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്നു തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടത്.

കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (കാല്‍ടെക്) മൈക് ബ്രൗണും കോണ്‍സ്റ്റാന്‍റിന്‍ ബാറ്റിഗിനുമാണ് ഒമ്പതാം ഗ്രഹത്തിന്‍െറ സാധ്യത തിരിച്ചറിഞ്ഞിരിക്കുന്നത്. നേരിട്ടുള്ള (ടെലിസ്കോപ് വഴിയോ മറ്റോ) നിരീക്ഷണത്തിലൂടെയല്ല ഇവര്‍ ഈ നിഗമനത്തിലത്തെിയിരിക്കുന്നത്. മാത്തമാറ്റിക്കല്‍ മോഡലിങ്, കമ്പ്യൂട്ടര്‍ സിമുലേഷന്‍ തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് അവര്‍ തങ്ങളുടെ കണ്ടത്തെലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പഠന ഫലം ‘എവിഡന്‍സ് ഫോര്‍ എ ഡിസ്റ്റന്‍റ് ജയന്‍റ് പ്ളാനറ്റ് ഇന്‍ ദ സോളാര്‍ സിസ്റ്റം’ എന്ന പേരില്‍ കാല്‍ടെക് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ പഠനത്തിന്‍െറ അടിസ്ഥാനത്തിലായിരിക്കും ഇനി നിരീക്ഷണങ്ങള്‍ നടക്കുക. ഗ്രഹപഠന ശാസ്ത്രത്തിന്‍െറ രീതിശാസ്ത്രംകൂടിയാണിത്.

പുതിയ ഗ്രഹത്തിന് ‘പ്ളാനറ്റ് നയന്‍’ എന്നാണ് ബ്രൗണും ബാറ്റിഗും നല്‍കിയിരിക്കുന്ന പേര്. ഭൂമിയെക്കാള്‍ പത്തുമടങ്ങ് ഭാരവും നാലിരട്ടി വലുപ്പവുമുള്ള മഞ്ഞുഗ്രഹമാണ് പ്ളാനറ്റ് നയന്‍. ഏറെ ദൈര്‍ഘ്യമുള്ള പരിക്രമണപഥത്തിലാണ് ഈ ഗ്രഹം സൂര്യനെ ചുറ്റുന്നത്. ഒരു തവണ ചുറ്റാന്‍ തന്നെ 10,000 മുതല്‍ 20,000 വരെ വര്‍ഷം വേണ്ടിവരുമെന്നാണ് കമ്പ്യൂട്ടര്‍ മാതൃകകള്‍ വ്യക്തമാക്കുന്നത്. പരിക്രമണ സമയത്ത് സൂര്യനുമായി ഗ്രഹം ഏറ്റവും അടുത്തുവരുന്ന ഘട്ടം എന്നുപറയുന്നത്, സൂര്യനും പ്ളൂട്ടോയും തമ്മിലുള്ള ദൂരത്തിന്‍െറ ഏകദേശം 15 മടങ്ങാണ്;  ഏകദേശം 9300 കോടി  മൈല്‍ വരുമിത്. പ്ളാനറ്റ് നയനിലേക്ക് സൂര്യരശ്മിയത്തൊന്‍ ഒരാഴ്ചയെങ്കിലും സമയമെടുക്കും (സൂര്യ രശ്മി ഭൂമിയിലത്തൊന്‍ എട്ടു മിനിറ്റാണ് എടുക്കുന്നത്). പുതിയ ഗ്രഹത്തിന്‍െറ സ്ഥാനത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാന്‍ ഈ കണക്കുതന്നെ ധാരാളം. എന്തുകൊണ്ടാണ് ഈ ഗ്രഹത്തെ ഗവേഷകര്‍ തിരിച്ചറിയാന്‍ വൈകിയതെന്നതിന്‍െറ കാരണവും ഈ കണക്കുകളിലുണ്ട്.

സൗരയൂഥത്തിന്‍െറ തന്നെ ഭാഗമായ കുയ്പര്‍ വലയത്തിലെ കുഞ്ഞുഗ്രഹങ്ങളെക്കുറിച്ചുള്ള പഠനത്തിലായിരുന്നു ബ്രൗണും ബാറ്റിഗും. ഒരു വലയ രൂപത്തില്‍ നിലയുറപ്പിച്ചിട്ടുള്ള ചെറു വസ്തുക്കളുടെ ശേഖരമാണ് കുയ്പര്‍ ബെല്‍റ്റ്.  ഈ വലയത്തിനകത്തുതന്നെയാണ് പ്ളൂട്ടോ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന്  കുള്ളന്‍ ഗ്രഹങ്ങളുള്ളത്. സൗരയൂഥ രൂപവത്കരണത്തിന്‍െറ അവശിഷ്ടങ്ങളാണ് ഈ വലയത്തിലുള്ളതെന്നാണ് കരുതുന്നത്. അതുകൊണ്ടുതന്നെ, കുയ്പര്‍ വസ്തുക്കളെക്കുറിച്ചുള്ള പഠനത്തിന് വലിയ പ്രാധാന്യമുണ്ട്. ഇവയെ ഒരര്‍ഥത്തില്‍ നമുക്ക് ഫോസിലുകള്‍ എന്ന് വിശേഷിപ്പിക്കാം. സൗരയൂഥത്തിന്‍െറ രൂപവത്കരണം എപ്രകാരമായിരുന്നുവെന്നതിന്‍െറ പല സൂചനകളും ഇവിടെനിന്ന് ലഭിച്ചേക്കാം. നെപ്ട്യൂണിന്‍െറ ചില ഉപഗ്രഹങ്ങള്‍ (ഉദാ: ട്രിറ്റോണ്‍) കുയ്പര്‍ വലയത്തില്‍ നിന്നാണ് ഉദ്ഭവിച്ചതെന്ന് സമര്‍ഥിക്കുന്ന പല സിദ്ധാന്തങ്ങളും ഇന്ന് നിലവിലുണ്ട്. അതുകൊണ്ടുതന്നെ കുയ്പര്‍ വലയ വസ്തുക്കളെ നിരീക്ഷണവിധേയമാക്കുന്നതോടെ ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെ പരിണാമം എപ്രകാരമായിരുന്നുവെന്നറിയാന്‍ സാധിക്കും.  ഒരു സമയത്ത് ഭൂമിയും ചൊവ്വയുമെല്ലാം പ്ളൂട്ടോയെപ്പോലെ ചെറിയതായിരിക്കണം. അതിനും മുമ്പ് അവ കുയ്പര്‍ വലയ വസ്തുക്കളുമായിരിക്കാം. കുയ്പര്‍ ബെല്‍റ്റിലെ 13 ചെറിയ മഞ്ഞുഗ്രഹങ്ങളെയാണ് കാല്‍ടെക്കിലെ ഗവേഷകര്‍ നിരീക്ഷണവിധേയമാക്കിയത്. ഈ ഗ്രഹങ്ങളുടെ ഭ്രമണപഥത്തില്‍ കണ്ട ചില അസാധാരണത്വങ്ങളാണ് അവരെ ഒമ്പതാം ഗ്രഹം എന്ന സാധ്യതയിലേക്ക് നയിച്ചത്. ആദ്യഘട്ടത്തില്‍ അവര്‍ക്ക് ചില സംശയങ്ങളുണ്ടായെങ്കിലും കമ്പ്യൂട്ടര്‍ സിമുലേഷനിലൂടെ അവര്‍ പ്ളാനറ്റ് നയനിന്‍െറ സാന്നിധ്യം സ്ഥിരീകരിച്ചു.

പുതിയ ഗ്രഹങ്ങളെക്കുറിച്ച് മുമ്പും പല ഗവേഷകരും സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും വിശദവും വ്യക്തവുമായ പഠനം ആദ്യമാണെന്ന് ഒക്സ്ഫഡ് പ്രഫസറും ബി.ബി.സിയിലെ ദ സ്കൈ അറ്റ് നൈറ്റ് എന്ന പരിപാടിയുടെ അവതാരകനുമായ ക്രിസ് ലിന്‍ടോറ്റ് സാക്ഷ്യപ്പെടുത്തുന്നു. ‘നെപ്ട്യൂണിനും ഭൂമിക്കുമിടയിലാണ് ഭൂരിഭാഗം ഗവേഷകരും പുതിയ ഗ്രഹത്തിനുള്ള സാധ്യത കല്‍പിച്ചത്. അവിടെനിന്ന് ഒരു തെളിവും ലഭിച്ചില്ല. സൗരയൂഥത്തിനു പുറത്ത് ആയിരക്കണക്കിന് ഗ്രഹങ്ങളെ ഇതിനകം കണ്ടത്തെുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ട് ഈ വലിയ ഗ്രഹത്തെ നാം കണ്ടില്ല എന്നത് വലിയ അദ്ഭുതമാണ്’ -അദ്ദേഹം പറഞ്ഞു. പുതിയ സിദ്ധാന്തത്തില്‍ ലിന്‍ടോറ്റിന് ചില സംശയങ്ങളുമുണ്ട്. പ്ളൂട്ടോക്കപ്പുറം ഇത്രയും വലിയ ഗ്രഹം എങ്ങനെ നിലനില്‍ക്കുന്നുവെന്നതാണ് അതിലൊന്ന്. ശാസ്ത്രലോകത്തിന്‍െറ നിലവിലെ ധാരണയനുസരിച്ച്, ഭീമന്‍ ഗ്രഹങ്ങള്‍ സൗരയൂഥത്തിന്‍െറ പുറംഭാഗത്തേക്ക് പോകാനുള്ള സാധ്യത ഏറെ കുറവാണ്. എങ്കിലും അങ്ങനെ ഒരു ഗ്രഹമുണ്ടെങ്കില്‍ അതിനെ നാം ടെലിസ്കോപ് വഴി തന്നെ കണ്ടത്തെുമെന്നുതന്നെയാണ് ലിന്‍ടോറ്റിന്‍െറ വിശ്വാസം.

പ്ളാനറ്റ് നയനിനെ തേടിയുള്ള ടെലിസ്കോപ് അന്വേഷണങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഹവായിയിലെ സുബാറു ഒബ്സര്‍വേറ്ററിയിലാണ് നിരീക്ഷണം നടക്കുന്നത്. ‘അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ ഗ്രഹത്തെ കണ്ടത്തെുമെന്നുതന്നെയാണ് ബ്രൗണിന്‍െറ വിശ്വാസം. പ്ളൂട്ടോക്ക് ഗ്രഹപദവി നഷ്ടപ്പെട്ടപ്പോള്‍ അരിശംകൊണ്ടവര്‍ മനസ്സിലാക്കട്ടെ, യഥാര്‍ഥ ഗ്രഹം ഇനിയും തിരിച്ചറിയപ്പെടാത്തെ കിടക്കുന്നുവെന്ന്. അതേസമയം, പ്ളാനറ്റ് നയന്‍ കൗതുകകരമായ ആശയമാണെങ്കിലും അതിപ്പോഴും സിദ്ധാന്തം മാത്രമായി തുടരുകയാണെന്നാണ് നാസയുടെ പക്ഷം. മാത്രമല്ല, ഗ്രഹം കണ്ടത്തെിയാല്‍പോലും അതിന് ‘ഗ്രഹപദവി’ ലഭിക്കണമെങ്കില്‍ ഇനിയും കടമ്പയേറെയുണ്ട്. ഇന്‍റര്‍നാഷനല്‍ ആസ്ട്രോണമിക്കല്‍ യൂനിയന്‍ (ഐ.എ.യു) നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ അവ പാലിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമായതിനുശേഷം മാത്രമായിരിക്കും പ്ളാനറ്റ് നയന്‍ ലക്ഷണമൊത്ത ഒരു ഗ്രഹമായി അംഗീകരിക്കപ്പെടുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.