സമൂഹത്തെ അടിച്ചമര്‍ത്താനുള്ള സംഘടിതശ്രമം

നാലര പതിറ്റാണ്ടിലധികമുള്ള ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയുടെ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത സംഭവങ്ങളാണ് ഇപ്പോള്‍ അവിടെ നടക്കുന്നത്. ഇത് ജെ.എന്‍.യുവിന്‍െറ സംസ്കാരത്തിന് ചേരാത്തതാണ്. അധ്യാപകരും വിദ്യാര്‍ഥികളും തമ്മില്‍ പരാതികള്‍ ഉണ്ടെങ്കില്‍, അല്ളെങ്കില്‍ അവര്‍ക്ക് എതിരെ പരാതികള്‍ ഉണ്ടെങ്കില്‍ അത് ഭരണകര്‍ത്താക്കളുമായോ സ്വന്തം നിലക്കോ ചര്‍ച്ചചെയ്ത് പോംവഴി കാണുക എന്നതാണ് ജെ.എന്‍.യുവിന്‍െറ പാരമ്പര്യം. വിദ്യാര്‍ഥികള്‍ക്കിടയിലായാലും അധ്യാപകര്‍ക്കിടയിലായാലും ജെ.എന്‍.യു രാഷ്ട്രീയ അഭിപ്രായമുള്ളവരുടെ സര്‍വകലാശാലയാണ്. അതില്‍ ഇടതുപക്ഷ ലിബറല്‍ ആശയങ്ങളാണ് കൂടുതല്‍ സ്വാധീനം ചെലുത്തിയിരിക്കുന്നത്. മതേതര സ്വഭാവമുള്ള രാഷ്ട്രീയ, സാമൂഹിക കാഴ്ചപ്പാടാണത്. വര്‍ഗീയതയുടെയും വലതുപക്ഷ രാഷ്ട്രീയത്തിന്‍െറയും വലിയ സ്വാധീനം കാമ്പസില്‍ ഉണ്ടായിരുന്നില്ല. അവിടെ രാഷ്ട്രീയ അഭിപ്രായമുള്ളവരുടെ ഇടയില്‍, വ്യത്യസ്തമായ സാമൂഹിക ദൃഷ്ടികോണുള്ളവരുടെ ഇടയില്‍, ചര്‍ച്ചകളും സംവാദങ്ങളും ശക്തമായ രീതിയില്‍ നടക്കുന്നു. ഒരിക്കലും അതിന്‍െറ പേരില്‍ അക്രമം കാമ്പസില്‍ ഉണ്ടാകാറില്ല. ഒരിക്കല്‍ മാത്രമേ വൈസ്ചാന്‍സലറെ ഘെരാവോ ചെയ്യുക എന്ന സംഭവമുണ്ടായിട്ടുള്ളൂ. അത് ഒരു പ്രത്യേക സാഹചര്യത്തിലായിരുന്നു. അന്ന് അധ്യാപകര്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു. അതല്ലാതെ അവിടെയുള്ള സംവാദങ്ങളെല്ലാം ശാന്തിപൂര്‍വവും അന്യോന്യമുള്ള ആശയ വിനിമയത്തില്‍ അധിഷ്ഠിതവുമായിരുന്നു. അതുകൊണ്ടുതന്നെ കാമ്പസിലേക്ക് പൊലീസുകാര്‍ വരുന്ന വഴക്കങ്ങളില്ല. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് കാമ്പസില്‍ കയറിയിട്ടുണ്ട്. ഇത്തവണ പൊലീസ് വരുകമാത്രമല്ല, അവര്‍ വന്നത് സര്‍വകലാശാലയുടെ അറിവോടെയല്ളെന്ന് ഇന്ന് വൈസ്ചാന്‍സലര്‍ പറഞ്ഞിരിക്കുന്നു. അനധികൃതമായി കയറിവന്ന പൊലീസ് കുട്ടികളെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തിരിക്കുന്നത്. ഇത് രണ്ടും സര്‍വകലാശാലയുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ല.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍.എസ്.എസ്) പിന്തുടര്‍ന്നുപോന്ന ആസൂത്രിതമായ പദ്ധതി, ഇന്ത്യയിലെ വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങളെ പിടിച്ചടക്കുക എന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നാണ് സാമൂഹിക, രാഷ്ട്രീയ ആശയസംഹിതകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയെന്ന രാഷ്ട്രത്തിന്‍െറ സ്വഭാവം മാറ്റണമെന്ന ആര്‍.എസ്.എസിന്‍െറ പദ്ധതിക്ക് വിജയം വരിക്കാന്‍ സാധിക്കണമെങ്കില്‍ ഈ ആശയോല്‍പാദന കേന്ദ്രങ്ങളെ അടക്കിപ്പിടിക്കണം. ഇത് വളരെ മുമ്പേ തുടങ്ങിയ കാര്യമാണ്. വാജ്പേയി സര്‍ക്കാറിന്‍െറ കാലത്ത് തുടങ്ങിയ ശ്രമങ്ങള്‍ പൂര്‍ണമാക്കാന്‍ കഴിഞ്ഞില്ല. അതിനു ശേഷം നിശ്ശബ്ദരായി ആര്‍.എസ്.എസുകാരും അവരുടെ മറ്റു സംഘടനകളും വിദ്യാഭ്യാസ, സാംസ്കാരിക സ്ഥാപനങ്ങളില്‍ കൈയടക്കാനും നുഴഞ്ഞുകയറാനും പ്രസിദ്ധീകരണങ്ങളെ സ്വാധീനിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രക്രിയയെ എതിര്‍ക്കാന്‍ ശക്തിയുള്ള രണ്ടു ധാരകളാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയിലുള്ളത്. മിക്കവാറും എല്ലാ സര്‍വകലാശാലകളിലും അംബേദ്കര്‍ സൊസൈറ്റികള്‍ വന്നുകൊണ്ടിരിക്കുന്നു. ദലിതരായ വിദ്യാര്‍ഥികള്‍ അതിന്‍െറ ഭാഗമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ആര്‍.എസ്.എസിന്‍െറ ഹിന്ദുത്വ ആശയങ്ങളുമായും അജണ്ടകളുമായും ഒത്തുപോകുന്നവരല്ല അവര്‍. അതുകൊണ്ടാണ് ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റിയിലെ സംഭവങ്ങള്‍. അവിടെ ദലിത് സംഘടന ശക്തമാണ്. അതുകൊണ്ട് അവര്‍ ദലിതരെ ലക്ഷ്യംവെക്കുന്നു. രണ്ടാമത്തെ ധാര ഹിന്ദുത്വത്തെ ആശയതലത്തില്‍ എതിര്‍ക്കുന്ന ഇടതുപക്ഷ സ്വഭാവമുള്ള വിദ്യാര്‍ഥി സംഘടനകളാണ്. ജെ.എന്‍.യുവിലെ ആക്രമണം ഇടതുപക്ഷത്തെ ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഹൈദരാബാദില്‍ നടന്നതും ജെ.എന്‍.യുവില്‍ നടന്നതും രണ്ടു പദ്ധതികളുടെ ഭാഗമാണ്. ഇത് എല്ലാ സര്‍വകലാശാലകളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം. അതിന് ആര്‍.എസ്.എസ് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഹൈദരാബാദ് സെന്‍ട്രല്‍ സര്‍വകലാശാലയിലെയും ജെ.എന്‍.യുവിലെയും പ്രശ്നങ്ങളില്‍ ഒരു പൊതുഘടകമുണ്ട്. അതില്‍ ഭരണകൂടത്തിന്‍െറ ഇടപെടലുണ്ട്. രണ്ടു സ്ഥലത്തും പ്രശ്നങ്ങളുടെ രാസത്വരകമായി പ്രവര്‍ത്തിച്ചത് വര്‍ഗീയ പാര്‍ട്ടിയുടെ യുവവിഭാഗമായ എ.ബി.വി.പിയാണ്. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിത്. സര്‍വകലാശാലകളുടെ സ്വയംഭരണത്തെ തകര്‍ക്കുന്നതാണ് ഭരണകൂട ഇടപെടല്‍.

അഫ്സല്‍ ഗുരു വിഷയത്തില്‍ മൗലികമായ പ്രശ്നം വധശിക്ഷ ആകാമോ പാടില്ലയോ എന്നതാണ്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള ഒരുപാട് ബുദ്ധിജീവികളും എഴുത്തുകാരും ആക്ടിവിസ്റ്റുകളുമൊക്കെ വധശിക്ഷയെ എതിര്‍ക്കുന്നവരാണ്. ഞാന്‍ വധശിക്ഷയെ എതിര്‍ത്തയാളാണ്. അതിനെക്കുറിച്ച് ഞാന്‍ ഫേസ്ബുക്കില്‍ എഴുതുകയും ചെയ്തിട്ടുണ്ട്. വധശിക്ഷ നിരോധിക്കണമെന്ന് അഭിപ്രായമുള്ള ഒരുപാട് പേരുണ്ട്. ജീവന്‍ കൊടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ജീവനെടുക്കാന്‍ അവകാശമില്ല. അഫ്സല്‍ ഗുരുവിന്‍െറ കാര്യത്തില്‍ ഒരു സംവാദം നടന്നാല്‍ അത് രാഷ്ട്രത്തിന് എതിരാണെന്നോ നിയമങ്ങള്‍ക്ക് എതിരാണെന്നോ പറയാനാകില്ല. സുപ്രീംകോടതിയെ വിമര്‍ശിക്കാന്‍ രാജ്യത്തെ ഏത് പൗരനും അവകാശമുണ്ട്. അതുകൊണ്ട് അത്തരത്തിലുള്ള സംവാദമോ യോഗമോ നടന്നു എന്നതുകൊണ്ട് പൊലീസിന് ഇടപെടേണ്ട കാര്യമില്ല. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരാണ്. സര്‍വകലാശാലകളില്‍ നടക്കുന്ന സംവാദങ്ങള്‍ ഒരിക്കലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍വെച്ചുകൊണ്ടുള്ളതല്ല. അറിവിന്‍െറ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള സംവാദങ്ങളാണ് നടക്കുന്നത്. അതില്‍ രാഷ്ട്രീയത്തെക്കുറിച്ച് സംവദിക്കുകയാണെങ്കില്‍ കൂടി രാഷ്ട്രീയ അറിവ് എങ്ങനെ ഗുണാത്മകമാക്കാം എന്നതാണ് ചര്‍ച്ചയുടെ കാതല്‍. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ഉള്ളവര്‍ തമ്മില്‍ സംവാദമുണ്ടാകുമ്പോള്‍ കൂടുതല്‍ ശക്തമായി ആശയങ്ങള്‍ പുറത്തുവരാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ട് വെറും രാഷ്ട്രീയ ചര്‍ച്ചയല്ല, അക്കാദമിക്കായ ഭാഗം കൂടിയുള്ള സംവാദങ്ങളാണ് സര്‍വകലാശാലകളില്‍ നടക്കുന്നത്.
ജെ.എന്‍.യു വിദ്യാര്‍ഥികളുടെ സമരത്തെ രണ്ടുതലത്തിലാണ് ഞാന്‍ നോക്കിക്കാണുന്നത്. അതില്‍ ഒന്നാമത്തെതും പ്രധാനപ്പെട്ടതും മുപ്പതോളം വര്‍ഷം അവിടെ പഠിപ്പിച്ച ഒരു അധ്യാപകന്‍ എന്ന നിലയിലാണ്. ജെ.എന്‍.യുവിലെ അധ്യാപകര്‍ അവരുടെ അക്കാദമിക് സ്വാതന്ത്ര്യത്തിനു വേണ്ടി ശക്തമായി പ്രതികരിച്ചവരാണ്. അടിയന്തരാവസ്ഥക്കാലത്തു പോലും ഒരുതലത്തിലും സന്ധിചെയ്യാത്തവരായിരുന്നു അവര്‍. അത്തരത്തിലുള്ള ധൈഷണിക സംസ്കാരം ജെ.എന്‍.യുവിലുണ്ട്. സര്‍വകലാശാല എന്ന സ്വയംഭരണ സ്ഥാപനത്തില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്വതന്ത്രമായ ഇടമുണ്ട്. ആ ഇടത്തില്‍ നടത്തിയ കൈയേറ്റമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ എന്ന് തിരിച്ചറിയണം. പൊതുജനങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം ഈ കടന്നുകയറ്റം മറ്റുപല കാര്യങ്ങളെയും സൂചിപ്പിക്കുന്നു. സമൂഹത്തില്‍ പൗരനുണ്ടായിരിക്കേണ്ട സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റത്തിന്‍െറ നാന്ദിയാണ് ഇതെന്നാണ്. ഇത് ഇന്ന് ജെ.എന്‍.യുവിലും ഡല്‍ഹി സര്‍വകലാശാലയിലും നടക്കാന്‍ സാധ്യമാണെങ്കില്‍ സമൂഹത്തില്‍ ആകെ പരക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പല സ്ഥാപനങ്ങളും ആ ഗണത്തില്‍പെട്ടിരിക്കുന്നു. അത് പതിയെ സമൂഹത്തില്‍ വ്യക്തികളുടെ സ്വാതന്ത്ര്യത്തെകൂടി ബാധിക്കും. ഇതാണ് ഫാഷിസം നമുക്ക് കാണിച്ചുതരുന്നത്. ജര്‍മനിയില്‍ സംഭവിച്ചതും അതാണ്. സ്ഥാപനങ്ങളെയും ബുദ്ധിജീവികളെയും ടാര്‍ഗറ്റ് ചെയ്തു. പിന്നീട് സാധാരണ ജനങ്ങളെ ടാര്‍ഗറ്റ് ചെയ്തു. അങ്ങനെയുള്ള ഒരു പ്രക്രിയയുടെ ഭാഗമായി വേണം പൊതുജനം ഇതിനെ കാണാന്‍. അല്ലാതെ വിദ്യാര്‍ഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലല്ല. സംഘടിതമായ രൂപത്തില്‍ സമൂഹത്തെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമാണിത്.

ജെ.എന്‍.യു രാജ്യത്തിനു മുന്നില്‍ രണ്ട് ആശയങ്ങളാണ് പ്രധാനമായും ഉയര്‍ത്താന്‍ ശ്രമിച്ചത്. സാമൂഹിക നീതിയും മതേതരത്വവുമാണവ. അവിടെയുള്ള പഠന സമ്പ്രദായത്തിലും പദ്ധതികളിലും വളരെ തുറന്ന രീതിയാണ് ഉപയോഗിക്കുന്നതെങ്കിലും ആര്‍ക്കും അതില്‍ അഭിപ്രായങ്ങള്‍ ആകാം. എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നത് ശാസ്ത്രീയമായ രീതിയിലാണ്. ആ രീതി സ്വാഭാവികമായി മതേതരത്വത്തെ മുന്നോട്ടുവെക്കുന്നു. അത് രാഷ്ട്രത്തിന്‍െറ ആശയങ്ങളുമായി ബന്ധപ്പെട്ടതാണ്. സര്‍വകലാശാലയുടെ ലക്ഷ്യങ്ങളില്‍ ഒന്നുതന്നെ രാഷ്ട്രനിര്‍മിതിയാണ്. ഇതൊക്കെ സംഘ്പരിവാറും ആര്‍.എസ്.എസും ശ്രമിക്കുന്ന എല്ലാ പദ്ധതികള്‍ക്കും എതിരാണ് എന്നതുകൊണ്ട് ജെ.എന്‍.യുവിന്‍െറ സ്വാധീനം അവര്‍ക്ക് അത്ര പിടിക്കുന്നില്ല. അവിടെനിന്ന് വിദ്യാഭ്യാസം ലഭിച്ചുവന്ന വിദ്യാര്‍ഥികള്‍ ഇന്ന് രാഷ്ട്രത്തിന്‍െറ ഉന്നത സ്ഥാനങ്ങളിലിരിക്കുന്നു. അത് ജെ.എന്‍.യുവിന്‍െറ പരിശീലനത്തിന്‍െറ മികവാണ്. എല്ലാ പാര്‍ട്ടികളിലും ജെ.എന്‍.യുവില്‍ പഠിച്ചവരുണ്ട്. വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ ജെ.എന്‍.യുവില്‍ പഠിച്ചവരാണ്. ഇന്നത്തെ പല ഭരണാധികാരികളും ഉദ്യോഗസ്ഥരും ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളായിരുന്നവരാണ്. വലിയ സ്വാധീനമുള്ള സ്ഥാപനമായി ഇത് മാറിയിരിക്കുന്നു. അതിനെ പിടിച്ചടക്കുക അല്ളെങ്കില്‍ തകര്‍ക്കുക എന്ന കാഴ്ചപ്പാടിന്‍െറ ഭാഗമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ജെ.എന്‍.യു അടച്ചുപൂട്ടണമെന്ന് ആര്‍.എസ്.എസ് പറയാന്‍ തുടങ്ങിയിട്ട് കുറെ കാലമായി.  ഒരു മന്ത്രി കത്തെഴുതി കാര്യങ്ങള്‍ നടത്തേണ്ട സ്ഥാപനമല്ല സര്‍വകലാശാല. ഒരു മന്ത്രാലയത്തിന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനവുമല്ല. അവിടെ മന്ത്രിക്ക് ഒരു സ്ഥാനവുമില്ല. ഭരണകൂടത്തിന്‍െറ കൈകടത്തല്‍ പാടില്ളെന്നതാണ് ജെ.എന്‍.യു ആക്ടിന്‍െറ കാഴ്ചപ്പാട്.

ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ അവരുടെതായ സ്വത്വവും സംസ്കാരവും വിദ്യാഭ്യാസ പദ്ധതിയുമുണ്ട്. അത് ചരിത്രപരമായി വളര്‍ന്നുവന്ന ഒന്നാണ്. അലീഗഢ് സര്‍വകലാശാലയുടെയും ജാമിഅ മില്ലിയയുടെയും ന്യൂനപക്ഷ പദവിയുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ അത് നിഷേധിക്കാനുള്ള ഒരു മതവീക്ഷണം അതില്‍ അടങ്ങിയിട്ടുണ്ട്. ന്യൂനപക്ഷ സ്ഥാപനങ്ങളില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അവരെ കടിഞ്ഞാണിടേണ്ടതുമാണെന്ന സംഘ്പരിവാര്‍ നിലപാടിന്‍െറ ഭാഗമാണത്. അത് ഈ സ്ഥാപനങ്ങളുടെ പാരമ്പര്യത്തെയും ചരിത്രത്തെയും നിഷേധിക്കുന്നതാണ്. രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ ഏത് സ്രോതസ്സില്‍നിന്നായാലും എതിര്‍ക്കപ്പെടേണ്ടതുതന്നെ. പക്ഷേ, ഏതാണ് രാജ്യദ്രോഹപ്രവര്‍ത്തനം എന്നതു സംബന്ധിച്ച് ഒരു വ്യക്തത ആവശ്യമാണ്. രാഷ്ട്രീയലാഭത്തിനു വേണ്ടി ഭരണകൂടം ഇതിനെ ഉപയോഗിക്കുകയാണെങ്കില്‍ അത് നാശത്തിലേ കലാശിക്കൂ.
(പ്രമുഖ ചരിത്രകാരനും ജെ.എന്‍.യുവിലെ മുന്‍ അധ്യാപകനുമാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.